അതിഥികളെന്ന് പേര്, അടിമകളെ പോലെ ജോലി; അപകടം പറ്റിയാൽ അവഗണന, തിരിഞ്ഞു നോക്കാതെ പൊലീസും തൊഴിൽ വകുപ്പും

By Web TeamFirst Published Nov 17, 2022, 9:54 PM IST
Highlights

ജോലിക്കിടെ തൊഴിലാളികൾ മരിച്ച കേസുകളിൽ പൊലീസും തൊഴിൽ വകുപ്പും നടപടിയെടുക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും നോക്കുകുത്തികളാവുകയാണ്

കൊച്ചി: പുതിയ കേരളത്തെ നിർമിക്കാൻ വിയർപ്പൊഴുക്കുന്ന അതിഥി തൊഴിലാളികൾക്ക് മരണാനന്തരവും നേരിടുന്നത് അവഗണന. നിർമ്മാണ മേഖലയിലും മറ്റും പ്രവർത്തിക്കുന്നവർ അപകടങ്ങളിൽ മരിച്ചാൽ മിക്കപ്പോഴും കുടുംബങ്ങൾക്ക് ധനസഹായം പോലും കിട്ടാറില്ല. പരിക്കേറ്റവർക്കോ നഷ്ടപരിഹാരത്തിന് സ്വന്തം ചെലവിൽ നിയമപ്പോരാട്ടം നടത്തേണ്ട ഗതികേടാണെന്നത് മറ്റൊരു യാഥാർത്ഥ്യം. സംസ്ഥാനത്തെ പൊലീസ് സംവിധാനവും തൊഴിൽ വകുപ്പും ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. 

ജോലിക്കിടെ തൊഴിലാളികൾ മരിച്ച കേസുകളിൽ പൊലീസും തൊഴിൽ വകുപ്പും നടപടിയെടുക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും നോക്കുകുത്തികളാവുകയാണ്. കിൻഫ്ര പാർക്കിൽ തൊഴിലാളികൾ മരിച്ച കേസിൽ പൊലീസ് കുറ്റപത്രം നൽകിയില്ല. മണ്ണിടിഞ്ഞ് നാല് തൊഴിലാളികൾ കഴിഞ്ഞ മാർച്ചിൽ മരിച്ചിട്ടും പൊലീസുകാർ ഈ കേസിൽ വരുത്തുന്നത് ഗുരുതര അനാസ്ഥയാണ്. തൊഴിൽ വകുപ്പ് ഇടപെടാത്തതോടെ അപകടങ്ങൾ തുടരുന്ന സ്ഥിതിയുമാണ്. ഇതേ തുടർന്ന് ജോലിക്കിടയിൽ പരിക്കേൽക്കുന്ന തൊഴിലാളികൾക്ക് നിയമപ്രകാരം നഷ്ടപരിഹാരം കിട്ടുന്നില്ല.

കളമശേരിയിൽ ഈ വർഷം മാർച്ച് 18 ന് നടന്ന അപകടത്തിലാണ് ബിബി നായ്‌ക് എന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചത്. ഇനി താൻ എന്ത് ചെയ്യുമെന്നും എവിടേക്ക് പോകുമെന്നും അദ്ദേഹത്തിന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിന് മുന്നിൽ നിറകണ്ണുകളോടെ ചോദിച്ചു. ഒഡീഷയിലെ എക്ലാപൂർ സ്വദേശിയായിരുന്നു സുശാന്ത് നായ്‌ക് എന്ന 37 കാരൻ. മരടിൽ പഴയ വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണായിരുന്നു സുശാന്തിന്റെയും ഒപ്പമുണ്ടായിരുന്ന ശങ്കറിന്റെയും മരണം. ശങ്കറിന് വയസ് 24 മാത്രമായിരുന്നു. സുശാന്തിന്റെ ഭാര്യയുടെ കണ്ണീരിന് കേരളമാണ് ഉത്തരവാദിയെന്ന് പറയാതെ പറ്റില്ല. ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവന് വില നൽകാത്ത നമ്മുടെ തൊഴിലിടങ്ങളിലെ ഒടുവിലത്തെ രക്തസാക്ഷിയുടെ കുടുംബമാണിത്.

അശാസ്ത്രീയമായ നിർമ്മാണരീതികൾ, സുരക്ഷ മുൻകരുതൽ ഒന്നും എടുക്കാത്ത കോൺട്രാക്ടർമാർ, ഇതൊക്കെയാണ് സാഹചര്യമെങ്കിലും തൊഴിലാളികളുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പണി തീർത്തെന്ന് വരുത്തുന്ന പൊലീസ് സംവിധാനം.ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടിൽ തൊഴിൽ വകുപ്പും. കഴിഞ്ഞ ഏഴ് വർഷത്തിനിടെ മാത്രം സംസ്ഥാനത്ത് 150 ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്കിടയിലെ അപകടങ്ങളിൽ മരിച്ചെന്നാണ് സർക്കാർ കണക്കുകൾ. കാരണങ്ങൾ പുറത്തുവന്നിട്ടും തൊഴിൽ വകുപ്പോ പൊലീസോ തൊഴിലുടമയ്ക്കെതിരെ ഒരു കേസിലും ഒന്നും ചെയ്തിട്ടില്ലെന്നത് ഈ സംഭവങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു.

പശ്ചിമ ബംഗാളിൽ നിന്നുള്ള സാക്കിർ ഹുസൈൻ,തമിഴ്നാട്ടുകാരൻ കമലാഹാസൻ. പെരുമ്പാവൂരിലെ കണ്ടന്തറയിലാണ് ഞങ്ങളവരെ കാണുന്നത്. സൂപ്പർവൈസർ പറഞ്ഞപ്പോൾ പ്ലൈവുഡ് കമ്പനിയിലെ പീലിംഗ് മെഷിൻ വൃത്തിയാക്കിയതാണ് സാക്കിർ. ഇതറിയാതെ മറ്റൊരാൾ മെഷിൻ സ്വിച്ച് ഓൺ ചെയ്യുകയായിരുന്നു. മെഷിനിൽ വിരൽ കുടുങ്ങി.സൂപ്പർവൈസർ മെഷീൻ വൃത്തിയാക്കാൻ പറഞ്ഞു. അയാൾ മലയാളിയാണ്. ആ സമയത്ത് സൂപ്പർവൈസറുടെ ചെവിയിൽ ഇയർഫോൺ ഉണ്ടായിരുന്നു. പിന്നാലെ അയാൾ മെഷീൻ ഓൺ ആക്കിയതാണ് അപകടകാരണമെന്ന് സാക്കിർ പറയുന്നു. സമാനമായ മറ്റൊരു അപകടത്തിലാണ് കമലഹാസന് തന്റെ വിരലുകൾ നഷ്ടമായത്. 

നിയമപ്രകാരം കുറഞ്ഞത് അഞ്ചര ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടേണ്ടതാണ് ഇരുവർക്കും. എന്നാൽ ഇരുപതിനായിരം രൂപ നൽകി കമലാഹാസനെയും 1 ലക്ഷം രൂപ നൽകി സാക്കിറിനെയും ഉടമ ജോലിയിൽ നിന്ന് പുറത്താക്കി. ഇനി സാധാരണ പോലെ മറ്റൊരു ജോലിയും ചെയ്യാനും ഇവർക്ക് കഴിയില്ല. എന്നാൽ 2015 ജനുവരി മുതൽ ഇത് വരെ 13 തൊഴിലാളികൾക്ക് മാത്രമാണ് ജോലി സ്ഥലത്ത് വെച്ച് പരിക്കേറ്റതെന്നാണ് തൊഴിൽ വകുപ്പിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ വിവരാവകാശ രേഖ.തൊഴിലവകാശങ്ങളെ കുറിച്ച് ബോധ്യമുണ്ടെങ്കിലും നിസ്സഹായവസ്ഥ കൊണ്ട് നിശബ്ദരാകേണ്ടി വരുന്നവരാണ് ഇതരസംസ്ഥാന തൊഴിലാളികൾ. കേരളം മുന്നോട്ട് എന്നാണ് ഖ്യാതി. ഈ തൊഴിലാളികളെ ചൂഷണം ചെയ്ത്, അവരുടെ ചോരയിലും കണ്ണീരിലും ചവിട്ടി നിന്നുകൊണ്ടാകരുത് കേരളം മുന്നോട്ട് നടക്കേണ്ടത്.

click me!