പണം കണ്ടാൽ സുധാകരൻ വീഴുമെന്ന് പ്രശാന്ത് ബാബു; ബ്രണ്ണൻ കോളേജ് വിവാദത്തിന്‍റെ തുടർച്ചയാണ് അന്വേഷണമെന്ന് സതീശന്‍

By Web TeamFirst Published Oct 2, 2021, 11:22 AM IST
Highlights

മറയൂരിൽ നേരിട്ടെത്തി മറ്റൊരു കേസിൽ പിടിച്ച ചന്ദനതൈലം കെ സുധാകരൻ കടത്തികൊണ്ടു പോയി എന്നും ഇതിൽ അന്വേഷണം ഉണ്ടായില്ലെന്നുമാണ് പ്രശാന്ത് ബാബുന്റെ ആരോപണം.

കോഴിക്കോട്/ തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബ്രണ്ണൻ കോളേജ് വിവാദത്തിൻ്റെ തുടർച്ചയാണ് അന്വേഷണമെന്നും സതീശൻ വിമർശിച്ചു. അതേസമയം, വനം മന്ത്രിയായിരിക്കെ കെ സുധാകരൻ അഴിമതി നടത്തിയെന്ന് മുൻ ഡ്രൈവറും പരാതിക്കാരനുമായ പ്രശാന്ത് ബാബു ആരോപിച്ചു. മറയൂരിൽ നേരിട്ടെത്തി മറ്റൊരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയി എന്നും ഇതിൽ അന്വേഷണം ഉണ്ടായില്ലെന്നുമാണ് പ്രശാന്ത് ബാബുന്റെ ആരോപണം.

കെ സുധാകരനെതിരെയുള്ള അന്വേഷണം രാഷ്ട്രീയമായി ഉപയോഗിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്ന് വി ഡി സതീശൻ പ്രതികരിച്ചു. മോൻസൺ തട്ടിപ്പിൽ ചെന്നിത്തലക്കെതിരെ ആരോപണം ഉന്നയിച്ച ആളുടെ പശ്ചാത്തലം അന്വേഷിക്കണം. ആർക്കെതിരെയും എന്തും പറയാം എന്ന സ്ഥിതിയാണ്. അടിസ്ഥാനമില്ലാത്ത ആരോപണം രാഷ്ട്രീയത്തെ മലീമസമാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. തട്ടിപ്പിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട എല്ലാ തെളിവും വിജിലൻസിന് കൈമാറിയെന്ന് പ്രശാന്ത് ബാബു പറഞ്ഞു. 32 കോടിയുടെ അഴിമതിയാണ് സുധാകരൻ നടത്തിയത്. കരുണാകരൻ ട്രസ്റ്റിന് വേണ്ടി പിരിച്ച 32 കോടിയിൽ 16 കോടി മാത്രമാണ് ചെലവാക്കിയത്. ബാക്കി സുധാകരൻ അനധികൃതമായി ചെലവാക്കി. ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രി എ കെ ആൻ്റണിയെ ധരിപ്പിച്ചിരുന്നുവെന്നും പ്രശാന്ത് പറയുന്നു. പണം കണ്ടാൽ കെ സുധാകരൻ വീഴുമെന്നും പ്രശാന്ത് ബാബു ആരോപിച്ചു.

click me!