മന്ത്രി മണിക്ക് എന്തും പറയാമെന്ന് മാണി സി കാപ്പൻ; പ്രസ്താവനയോട് പ്രതികരിക്കേണ്ടതില്ലെന്ന് പീതാംബരൻ മാസ്റ്റർ

By Web TeamFirst Published Jan 31, 2021, 10:23 AM IST
Highlights

പാലാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയേക്കുമെന്നത് വാർത്തകളിൽ മാത്രമാണ് ഉള്ളതെന്ന് പീതാംബരൻ മാസ്റ്റർ പറഞ്ഞു. സീറ്റ് സംബന്ധിച്ച തർക്കങ്ങൾ നല്ല രീതിയിൽ പരിഹരിക്കാമെന്ന് കരുതുന്നു

തിരുവനന്തപുരം: പാലാ സീറ്റ് വിവാദം തുടരുന്നതിനിടെ മന്ത്രി എംഎം മണിയുടെ ഭാഗത്ത് നിന്നുണ്ടായ വിമർശനത്തോട് പ്രതികരിച്ച് എൻസിപി നേതാവ് മാണി സി കാപ്പൻ. എംഎം മണിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പരോക്ഷമായി വിമർശിച്ചു. മണിയുടെ പ്രസ്താവനയോടെ പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് ടിപി പീതാംബരൻ മാസ്റ്റർ സ്വീകരിച്ചത്. 

പാലാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയേക്കുമെന്നത് വാർത്തകളിൽ മാത്രമാണ് ഉള്ളതെന്ന് പീതാംബരൻ മാസ്റ്റർ പറഞ്ഞു. സീറ്റ് സംബന്ധിച്ച തർക്കങ്ങൾ നല്ല രീതിയിൽ പരിഹരിക്കാമെന്ന് കരുതുന്നു. കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളിലും മത്സരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് മന്ത്രി എംഎം മണി കരുതിക്കോട്ടെയെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. ജോസ് കെ മാണിയെ സിപിഎം അനുകൂലിക്കുകയോ പ്രതികൂലിക്കൂകയോ ചെയ്തോട്ടെ. തന്റെ തീരുമാനം ദേശീയ അധ്യക്ഷനെ കണ്ടതിന് ശേഷം പറയുമെന്ന് അദ്ദേഹം പറഞ്ഞു.

മാണി സി കാപ്പൻ വിഭാഗത്തോടും ശശീന്ദ്രൻ വിഭാഗത്തോടും നാളെ ദില്ലിയിലേക്ക് എത്താൻ ശരദ് പവാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് നാളെ എത്താനാവില്ലെന്നും ഫെബ്രുവരി മൂന്നിന് എത്താമെന്നുമാണ് എകെ ശശീന്ദ്രൻ അറിയിച്ചിരിക്കുന്നത്. യുഡിഎഫിൽ പോയാൽ അർഹമായ പ്രാതിനിധ്യം ലഭിക്കുമോയെന്ന ആശങ്ക ഇപ്പോൾ ടിപി പീതാംബരൻ മാസ്റ്റർക്കും മാണി സി കാപ്പനുമുണ്ട്. ഇതിന്റെ പ്രധാന കാരണം ജില്ലാ കമ്മിറ്റികളുടെ നിലപാടാണ്. പത്തിലധികം ജില്ലാ കമ്മിറ്റികളും ഇടതുമുന്നണിയിൽ തുടരണം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 

പാലാ സീറ്റിനെ മാത്രം ചൊല്ലി പാർട്ടിയിൽ പിളർപ്പുണ്ടാവുകയും മുന്നണി വിടുകയും ചെയ്താൽ മുന്നോട്ടുള്ള കാര്യങ്ങൾ എന്താവുമെന്നാണ് ആശങ്ക. മാണി സി കാപ്പൻ പാലായുടെ കാര്യത്തിൽ നിർബന്ധ ബുദ്ധി തുടരുമോ മറ്റേതെങ്കിലും സ്ഥാനമെന്ന നിർദ്ദേശത്തോട് യോജിക്കുമോയെന്ന കാര്യമാണ് ഇനി അറിയാനുള്ളത്.

click me!