കാസര്‍കോട്ടെ അരമന ആശുപത്രിയില്‍ ഓക്സിജന്‍ എത്തിച്ചു; വൈകിട്ടോടെ കൂടുതല്‍ സിലിണ്ടറുകള്‍ എത്തിക്കും

By Web TeamFirst Published May 11, 2021, 3:55 PM IST
Highlights

കണ്ണൂർ ബാൽക്കോയിൽനിന്നും കൂടുതൽ സിലിണ്ടറുകൾ വൈകിട്ടോടെ എത്തും. ഇവിടെ 10 കൊവിഡ് രോഗികളാണ് ചികിൽസയിലുള്ളത്. 

കാസര്‍കോട്: ഓക്സിജന്‍ ക്ഷാമം നേരിടുന്ന കാസര്‍കോട്ടെ അരമന ഹോസ്‍പിറ്റല്‍ ആൻഡ് ഹാർട്ട്‌ സെന്‍ററിലേക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഓക്സിജൻ എത്തിച്ചു. ഓക്സിജന്‍റെ നാല് വലിയ സിലിണ്ടറുകളാണ്  എത്തിച്ചത്. കണ്ണൂർ ബാൽക്കോയിൽനിന്നും കൂടുതൽ സിലിണ്ടറുകൾ വൈകിട്ടോടെ എത്തും. ഇവിടെ 10 കൊവിഡ് രോഗികളാണ് ചികിൽസയിലുള്ളത്. ഇവരിൽ ഏഴുപേർക്കാണ്  ഓക്സിജൻ പിന്തുണ ആവശ്യമായി ഉള്ളത്. എന്നാൽ ഓക്സിജൻ ആവശ്യമുള്ള രോഗികളെ  പ്രവേശിപ്പിക്കുന്നത് ആശുപത്രി അധികൃതർ താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.

ഇകെ നായനാർ ആശുപത്രിയിലും ഓക്സിജൻ ക്ഷാമം തുടരുകയാണ്. സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടുന്ന മുറക്ക് വാർ റൂമിൽ നിന്ന് കണ്ണൂരിലെ ഓക്സിജൻ പ്ലാന്‍റിലേക്ക് ശുപാർശ നൽകുന്നുണ്ടെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ പ്ലാന്‍റിൽ നിന്ന് ആവശ്യത്തിന് എത്തുന്നില്ല. നിലവിൽ ജില്ലയിൽ ഒരു ദിവസം ആവശ്യമുള്ളത് കുറഞ്ഞത് 300 ഓക്സിജൻ സിലിണ്ടറുകളാണ്. എന്നാൽ ഇപ്പോൾ  എത്തുന്നത് 200 എണ്ണം മാത്രമാണ്. 

 മംഗളൂരുവിലെ ഏജൻസികളിൽ നിന്നും വിതരണം നിലച്ചതോടെ കണ്ണൂരിലെ ബാൽകോ പ്ലാന്‍റ് മാത്രമായി ആശ്രയം. മൂന്നൂറ് ഓക്സിജൻ സിലിണ്ടറാണ് കണ്ണൂർ പ്ലാന്‍റിന്‍റെ പരമാവധി ഉത്പ്പാദന ശേഷി. അടിയന്തര ആവശ്യം പരിഗണിച്ച് ആശുപത്രികൾ പരസ്പരം സിലിണ്ടറുകൾ കൈമാറിയാണ്  മുന്നോട്ട് പോകുന്നത്.  ഏത് സമയവും  താളം തെറ്റാം.  ആരോഗ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം .  

click me!