'റിസർച് സ്കോർ ചുരുക്കപ്പട്ടിക തയ്യാറാക്കാന്‍ മാത്രം , റാങ്ക് പട്ടിക അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തില്‍'

By Web TeamFirst Published Aug 16, 2022, 1:25 PM IST
Highlights

സർവ്വകലാശാലാ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച ആറു പേരുടെയും 75പോയിന്‍റ് വരെയുള്ള അവകാശവാദങ്ങൾ പരിശോധിച്ചിട്ടുണ്ട്. 2018ലെ യു. ജി. സി റെഗുലേഷൻ പ്രകാരം അതേ ചെയ്യേണ്ടതുള്ളൂവെന്നും പ്രിയവര്‍ഗ്ഗീസ്.

കണ്ണൂർ സർവകലാശാലയിലെ മലയാളം പഠന വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി കെ.കെ.രാഗേഷിന്‍റെ  ഭാര്യ പ്രിയ വർഗീസ് വീണ്ടും രംഗത്തെത്തി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം..'എന്‍റെ  156ഉം അപരന്‍റെ  651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്.' എന്ന കഴിഞ്ഞ ദിവസത്തെ ഫേസ് ബുക്ക് പോസ്റ്റിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്ന് അവര്‍ ആരോപിക്കുന്നു.പുതിയ പോസ്റ്റിലെ വിശദീകരണം ഇങ്ങിനെ..

1. സർവ്വകലാശാലാ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച ആറു പേരുടെയും 75പോയിന്‍റ് വരെയുള്ള അവകാശവാദങ്ങൾ പരിശോധിച്ചിട്ടുണ്ട്. 2018 യു. ജി. സി റെഗുലേഷൻ പ്രകാരം അതേ ചെയ്യേണ്ടതുമുള്ളൂ.

2. പരിശോധിച്ച പ്രബന്ധങ്ങൾ ഇന്റർവ്യൂ ബോർഡ് അംഗങ്ങൾക്ക്‌ അയച്ചു കൊടുത്തിട്ടും ഉണ്ട്.അഭിമുഖ പരീക്ഷയിൽ എന്നോട് അവ സംബന്ധിച്ച ചോദ്യങ്ങൾ ചിലർ ചോദിച്ചതിന്‍റെ  കൂടി വെളിച്ചത്തിൽ ആണ് ഞാൻ ഇതു പറയുന്നത്.

3. എന്നാൽ 75നു മുകളിൽ അവകാശപ്പെട്ട സ്കോറിന്‍റെ  കാര്യത്തിൽ അത് ഉണ്ടായിട്ടില്ല എന്നാണ് ഞാൻ ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞത്.

 


4. ഒരു സെനറ്റ് മാഷ് ചാനലിൽ വന്നിരുന്നു തള്ളിമറിക്കുന്നത് കേട്ടു ഇന്റർവ്യൂമാർക്ക് നിർണയത്തിലെ റിസർച്ച്,പബ്ലിക്കേഷൻ എന്നീ കോമ്പോണനന്റ്സ് മേൽപ്പറഞ്ഞ സ്കോർ അവകാശവാദങ്ങളെ മുൻനിർത്തിയാണ് ഇടേണ്ടത് എന്ന്! ഈ മഹാന് എത്ര ഇന്റർവ്യൂ ബോർഡുകളിൽ വിഷയവിദഗ്ധനായി ഇരുന്ന പരിചയം ഉണ്ടെന്ന് ചാനൽ ചിങ്കങ്ങൾ ഒന്നും ഇയാളോട് ചോദിക്കും എന്ന് നമുക്ക് മോഹിക്കാൻ വയ്യല്ലോ. ഈ സെനറ്റ് ഏമാൻ പറയുന്ന പോലെ ആണെങ്കിൽ ഈ രണ്ടു ഘടകങ്ങൾക്ക്‌ മാർക്കിടാൻ അഞ്ചെട്ടു പേരെ യൂണിവേഴ്സിറ്റി ടി. എ &ഡി. എ കൊടുത്തു കൊണ്ടുവരേണ്ട കാര്യമുണ്ടോ? നേരിട്ട് ഈ അവകാശവാദത്തിന്‍റെ  ശതമാനക്കണക്ക്‌ എടുത്തു വെച്ച് അങ്ങ് മാർക്ക് കൊടുത്താൽ പോരെ? ഈ മഹാനൊക്കെ നാളെ വലതുപക്ഷ സർക്കാർ വന്നാൽ വി. സി ആവുകയും ചെയ്യും പരീക്ഷാ വിഭാഗത്തിൽ മൊത്തം കമ്പ്യൂട്ടർ മാത്രം മതി എന്നും അധ്യാപകർക്ക് പകരം ക്ലാസ്സ്‌ വീഡിയോകൾ പിള്ളേർക്ക്‌ നല്ല കാശ് വാങ്ങി വിറ്റ് സർവ്വകലാശാലക്ക്‌ ലാഭമുണ്ടാക്കാം എന്ന് തീരുമാനിക്കുകയും ചെയ്യും. അത്രക്കുണ്ട് പരീക്ഷാ പ്രക്രിയയെക്കുറിച്ചും ബോധന ശാസ്ത്രത്തെക്കുറിച്ചും ഒക്കെ ധാരണ. 


5. റിസർച്ചും പബ്ലിക്കേഷനും ഒക്കെ പരിശോധിക്കാൻ എന്തിനാ ഒരു അഭിമുഖപരീക്ഷ? അവിടെയാണ് ഈ റിസർച്ച് സ്കോർ അവകാശവാദങ്ങളെ കുറച്ചുകൂടി ആഴത്തിൽ പരിശോധിക്കേണ്ടതിന്‍റെ  ആവശ്യകത.2016റെഗുലേഷൻ മുതൽക്കാണ് പി. എച്. ഡി പ്രബന്ധം സമർപ്പിക്കുന്നതിന് മുൻപ് ഒരു പ്രസിദ്ധീകരണമെങ്കിലും വേണം തുടർന്ന്, അസി. പ്രൊഫസർ, അസോ. പ്രൊഫസർ, പ്രൊഫസർ തസ്തികളിലേക്കുള്ള എല്ലാ പ്രൊമോഷനുകൾക്കും /നിയമനങ്ങൾക്കും നിശ്ചിത എണ്ണം പ്രബന്ധങ്ങൾ വേണമെന്നും ഉള്ള നിഷ്കർഷ വരുന്നത്. യു. ജി. സി ചില നല്ല ഉദ്ദേശങ്ങളോടെ കൊണ്ടുവന്ന ഈ റെഗുലേഷൻ 'പ്രിഡേറ്ററി ജേർണലുകളുടെ കൊള്ളക്കും കാപട്യത്തിനും കൂടി കളമൊരുക്കി.

രാജ്യത്തു തഴച്ചു വളർന്ന ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവട വിദ്യാഭ്യാസസ്ഥാപനങ്ങളും ഗവേഷകരുടെ ഇടയിലെ ധാർമികച്യുതിയും എല്ലാം ചേർന്ന് കാര്യങ്ങൾ കൂടുതൽ വഷളാക്കി. നിങ്ങളുടെ പ്രൊമോഷൻ വർഷം മുൻകൂട്ടി പറഞ്ഞു പൈസ ഏല്പിച്ചാൽ പ്രസിദ്ധീകരണങ്ങളും സെമിനാർ അവതരണങ്ങളും എന്തിന് അവാർഡ് ഉൾപ്പടെ റെഡിയാക്കി തരുന്ന സ്വകാര്യ കൺസൽട്ടൻസികൾ രംഗത്ത്‌ വന്നു. ഇതിന്‍റെ  ഇരകളായത് യഥാർത്ഥമായി പണിയെടുത്ത പാവം ഗവേഷകരായിരുന്നു. അവർ കഷ്ടപ്പെട്ട് ഒരു വർഷം അധ്വാനിച്ച് ഒരു ഗവേഷണപ്രബന്ധവുമായി പോകുമ്പോൾ കൺസൽറ്റൻസി വക 10എണ്ണവുമായി ചില അവതാരങ്ങൾ വരും. മണ്ണും ചാരി നിന്നവൻ..... എന്നൊക്കെ പറയും പോലെ അങ്ങ് കൊണ്ടുപോകും. ഗവേഷണ വിദ്യാർത്ഥികളുടെ അധ്വാനത്തിന്‍റെ  പങ്ക് ഉളുപ്പില്ലാതെ ചൂഷണം ചെയ്യുന്ന ഗൈഡുമാരും ലേഖന സമാഹരണം എന്ന പേരിൽ സ്കോർ കൂട്ടുന്ന പരസ്പര സഹായ സഹകരണ സംഘങ്ങളും ഒക്കെയായി വ്യാജന്മാരുടെ പെരുപ്പം വല്ലാതെ കൂടിയപ്പോഴാണ് 2018 റെഗുലേഷനിൽ യു. ജി. സി പറഞ്ഞത് നിങ്ങൾ അധികം പെരുപ്പിച്ചുകൊണ്ടിങ്ങു വരണ്ട ഒരു മിനിമം ലെവലിൽ ഒക്കെ മതി എന്ന്.

റിസർച് സ്കോർ ചുരുക്കപ്പട്ടിക തയ്യാർ ചെയ്യാൻ മാത്രം പരിഗണിച്ചാൽ മതി. റാങ്ക് പട്ടിക അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം മതി എന്ന യു. ജി. സി റെഗുലേഷൻ വരാനുണ്ടായ ചരിത്ര പശ്ചാത്തലം ഇതാണ്. ഇതൊന്നും മനസ്സിലാക്കാതെ ഭാര്യമാരെ തിരുകി കയറ്റാൻ ഉള്ള സൂത്രം എന്നൊക്കെ വിപ്ലവവിടുവായത്തം പറയുന്നവരെക്കുറിച്ച് എന്ത് പറയട്ടെയെന്നും  ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു

click me!