
തിരുവനന്തപുരം: മാർക്ക് ദാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയെ സമീപിക്കും. പരീക്ഷാഫലം പ്രസിദ്ധീകരിച്ച ശേഷം മാർക്ക് നൽകാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നിയമനടപടിക്ക് ഒരുന്നത്.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിനുശേഷവും മോഡറേഷൻ നൽകാമെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിന്റെ വിശദീകരണം. ബിടെക് കോഴ്സിൽ ഏതെങ്കിലും ഒരു വിഷയത്തിന് ഒന്ന് മുതൽ അഞ്ചുവരെ മാർക്ക് കുറവുണ്ടെങ്കിൽ മോഡറേഷൻ നൽകാമെന്ന് എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ സാബു തോമസും വ്യക്തമാക്കിയിരുന്നു.
Read More:'ഒരുവിഷയത്തിന് മാര്‍ക്ക് കുറവുണ്ടെങ്കില്‍ മോഡറേഷന്‍ നല്‍കാം'; ചെന്നിത്തലയെ തള്ളി വിസി
എന്നാൽ മാർക്ക് മാറ്റി നൽകാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്നാണ് ആക്ഷേപം. യൂണിവേഴ്സിറ്റി ആക്ടിലോ പരീക്ഷാ മാന്വലിലെയോ ഏതെങ്കിലും ഭാഗത്ത് സിൻഡിക്കേറ്റിന് മാർക്ക് ദാനം ചെയ്യാനുള്ള അംഗീകരാമോ അധികാരമോ ഇല്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അംഗം ആർഎസ് ശശികുമാർ പറഞ്ഞു.
അദാലത്തിൽ തന്നെ മാര്‍ക്കുദാനത്തിന് തീരുമാനമെടുത്തിരുന്നുവെന്ന് ഈ മാസം അഞ്ചാം തീയതി പുറത്തുവന്ന സർവകലാശാല തന്നെ നൽകിയ വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ട്. എംജി സർവകലാശാല മാർക്കുദാന വിവാദത്തിൽ മന്ത്രി കെടി ജലിലീന്റെയും വൈസ് ചാന്‍സിലറുടെയും വാദങ്ങൾ തള്ളുന്നതായിരുന്നു വിവരാവകാശരേഖ. ഒരു വിഷയത്തിന് ഒരു മാർക്ക് കുറഞ്ഞ കുട്ടിക്ക് അധികമാർക്ക് നൽകാൻ സർവകലാശാല സിൻഡിക്കേറ്റാണ് തീരുമാനിച്ചതെന്നായിരുന്നു മന്ത്രി കെ ടി ജലീലിന്‍റെ വിശദീകരണം. മന്ത്രിയെ പിന്തുണച്ചെത്തിയ വൈസ് ചാൻസലർ സിൻഡിക്കേറ്റിന്‍റെ തീരുമാനത്തിൽ ആർക്കും സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Read Moreമാർക്കുദാന വിവാദം; തീരുമാനം അദാലത്തിൽ തന്നെ, മന്ത്രിയെയും വി സിയെയും തള്ളി വിവരാവകാശരേഖ
ഇതിന് പിന്നാലെ, അദാലത്തിന് അധികാരമില്ലാത്തതിനാൽ മാർക്ക് കൂട്ടിനൽകാനുള്ള തീരുമാനം റദ്ദാക്കിയിരുന്നെന്ന് സിൻഡിക്കേറ്റ്ംഗം പരസ്യമായി സമ്മതിച്ചിരുന്നു. പിന്നീട് സിൻഡിക്കേറ്റിൽ ഈ വിഷയം കൊണ്ടുവന്ന് വീഴ്ച പരിഹരിക്കുകയായിരുന്നുവെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. ഇത് വിവരാവകാശരേഖ പ്രകാരം നൽകിയ മറുപടിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ അതോറിറ്റിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മാർക്ക് ദാനത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഗവർണറെ സമീപിച്ചതിന് പിന്നാലെ സമാന്തരമായി ജുഡീഷ്യൽ നടപടികളിലേക്ക് കടക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
Read More:കെടി ജലീൽ ഇടപെട്ട വിവാദ മാർക്ക് ദാനം; വിശദീകരണം തേടി ഗവർണ്ണർ
അതിനിടെ മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരായ കെ എസ് യു മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കെഎസ് യു പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി കെ ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് കെ എസ് യു സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. 26 കെ.എസ്.യു പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ജലപീരങ്കിക്കിടെ തെന്നി വീണ് രണ്ട് കെഎസ്‍യു പ്രവർത്തകർക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം എംജി സർവകലാശാലയിലും മന്ത്രി കെ ടി ജലീലിനെതിരെ കെ എസ് യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.