ഓൺ ആകാതെ കെ ഫോൺ: സ്വപ്ന പദ്ധതി അനിശ്ചിതത്വത്തിൽ, ജൂണിൽ കണക്ഷൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്കും പാളി

By Web TeamFirst Published Sep 9, 2022, 7:13 AM IST
Highlights

കോടികൾ മുടക്കിയ പദ്ധതിക്ക് ലാഭകരമായി നടപ്പാക്കാനുള്ള മാര്‍ഗ രേഖ തയ്യാറാക്കുന്നതിൽ തുടങ്ങി സൗജന്യ കൺക്ഷന് അര്‍ഹരായവരുടെ പട്ടിക ശേഖരിക്കുന്നതിൽ വരെ കനത്ത ആശയക്കുഴപ്പം തുടരുകയാണ്

തിരുവനന്തപുരം  :  എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് കണക്ഷനെന്ന് കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഭിമാന പദ്ധതി കെ ഫോൺ അനിശ്ചിതത്വത്തിൽ. പണി 83 ശതമാനം പൂര്‍ത്തിയായെന്നും 2022 ജൂണിൽ ഗാര്‍ഹിക കണക്ഷൻ നൽകി തുടങ്ങുമെന്നും മുഖ്യമന്ത്രി പറയുമ്പോഴും നാളിതുവരെ നടപടികൾ പ്രായോഗിക തലത്തിലേക്ക് എത്തിയിട്ടില്ല . കോടികൾ മുടക്കിയ പദ്ധതിക്ക് ലാഭകരമായി നടപ്പാക്കാനുള്ള മാര്‍ഗ രേഖ തയ്യാറാക്കുന്നതിൽ തുടങ്ങി സൗജന്യ കൺക്ഷന് അര്‍ഹരായവരുടെ പട്ടിക ശേഖരിക്കുന്നതിൽ വരെ കനത്ത ആശയക്കുഴപ്പം തുടരുകയാണ്

കേരളത്തിന്‍റെ മുക്കിലും മൂലയിലുമായി 30000 കിലോമീറ്ററിൽ ഒപ്റ്റിക്കൽ ഫൈബര്‍ കേബിൾ ശൃംഖല, നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ എല്ലാവര്‍ക്കും അതിവേഗ ഇന്‍റര്‍നെറ്റ് എത്തിക്കാൻ ഡാറ്റാ ഹൈവേ . സാര്‍വത്രികവും സൗജന്യവുമായ ഇന്‍റര്‍നെറ്റ് സര്‍ക്കാര്‍ മേഖലയിൽ എന്ന പ്രഖ്യാപനത്തിനും അതിന് ഒപ്പം നിൽക്കുന്ന പി ആര്‍ പ്രചാരണത്തിനും അപ്പുറം എന്താണ് കെ ഫോൺ എന്നറിയണം

പദ്ധതി ചെലവ് 1516.76 കോടി രൂപ , നടത്തിപ്പ് കരാര്‍ ഭാരത് ഇലട്രോണിക്സ് ലിമിറ്റഡിന്‍റെ നേതൃത്വത്തിൽ കൺസോഷ്യത്തിന് , 20 ലക്ഷം ബി പി എൽ കുടുംബങ്ങളിലേക്ക് സൗജന്യ നെറ്റ്, സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രികളും സ്കൂളുകളും കണക്റ്റിവിറ്റി പരിധിയിൽ

49 ശതമാനം ഓഹരി കെ എസ് ഇ ബിക്ക് . 49 ശതമാനം കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്, രണ്ട് ശതമാനം ഓഹരി സര്‍ക്കാരിന്. കേരളമാകെ കേബിൾ വലിച്ചിടുമെന്നും അത് വഴി സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഡാറ്റാ കണക്ഷൻ എത്തിക്കാമെന്നും പശ്ചാത്തല സൗകര്യം സര്‍ക്കാര്‍ നൽകുന്നത് കൊണ്ട് കുറഞ്ഞ ചെലവിൽ ഇന്‍റര്‍നെറ്റ് ജനത്തിന് കിട്ടുമെന്നുമാണ് തുടക്കത്തിൽ പറഞ്ഞത്.

ആദ്യഘട്ടം കേബിളിടൽ പൂര്‍ത്തിയായതോടെ പൊടുന്നനെ നിലപാട് മാറ്റിയ സര്‍ക്കാര്‍ ഇപ്പോൾ പറയുന്നത് ഡാറ്റായും കൊടുക്കുമെന്നാണ്. ബി കാറ്റഗറിയിൽ പെടുന്ന ഐ എസ് പി ലൈസൻസ് വച്ച് കേരളമാകെ കണക്ഷൻ നൽകണമെങ്കിൽ പക്ഷെ സര്‍ക്കാരിന് മുന്നിൽ കടമ്പകളേറെയാണ്സര്‍വ്വീസ് പ്രൊവൈഡര്‍മാരിൽ നിന്ന് ടെണ്ടർ വിളിച്ച് ഡാറ്റാ വാങ്ങണം, ഇന്റര്‍നെറ്റ് ഭീമൻമാരോട് മത്സരിച്ച് വിപണി പിടിക്കണം

24,357 സര്‍ക്കാര്‍ ഓഫീസിൽ കണക്ഷനെത്തിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ വെറും നാലായിരം ഓഫിസിൽ മാത്രമാണ് നിലവിൽ ഡാറ്റാ എത്തിക്കുന്നത്. അതാകട്ടെ പവര്‍ഗ്രിഡിൽ നിന്ന് കിട്ടുന്ന ഡാറ്റ പരീക്ഷണാടിസ്ഥാനത്തിലും . വീടുകളിലേക്കും ഓഫീസുകളിലേക്കും കണക്ഷനെത്തിക്കണമെങ്കിൽ അതിന് സേവന മാനദണ്ഡങ്ങളും നടപടി ക്രമങ്ങളുമുണ്ടാകണം. 

കണക്ഷൻ നൽകാൻ കേരളാ വിഷനേയും ഡാറ്റാ വാങ്ങാൻ ബി എസ് എൻ എല്ലിനേയും തെരഞ്ഞെടുത്തെങ്കിലും എത്ര ഡാറ്റ എന്ത് ചെലവിൽ എങ്ങനെ വാങ്ങുമെന്നോ ലാഭകരമായി പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നോ ഉള്ള കാര്യത്തിൽ യാതൊരു വ്യക്തതയും ആയിട്ടില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതി പരിശോധിക്കുന്നു എന്ന് മാത്രമാണ് സര്‍ക്കാരിന്റെ മറുപടി.

പദ്ധതി പ്രഖ്യാപിച്ചിട്ടിപ്പോൾ അഞ്ച് വര്‍ഷമായി. നാട് 5 ജി വിപ്ലവത്തിന്റെ വക്കിലാണ്. അതിവേഗം വളരുകയും അതിനനുസരിച്ച് മാറുകയും ചെയ്യുന്ന മേഖലയിലെ കോടികളുടെ മുതൽമുടക്ക് മാത്രമല്ല ഇനിയും വൈകിയാൽ സ്വപ്ന പദ്ധതിയുടെ പ്രസക്തി കൂടിയാണ് തുലാസിൽ ആകുന്നത് 

 

 

കെ ഫോണിൻ്റെ ലാഭകരമായ നടത്തിപ്പ് ഉറപ്പാക്കാൻ സര്‍ക്കാര്‍: പഠനത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു

click me!