അഭയ കേസിൽ നിർണായക വെളിപ്പെടുത്തൽ: ഫാ. തോമസ് കോട്ടൂരിനെ മുഖ്യസാക്ഷി തിരിച്ചറിഞ്ഞു

By Web TeamFirst Published Aug 29, 2019, 12:57 PM IST
Highlights

മുൻ അന്വേഷണ സംഘത്തിനെതിരായ നിർണ്ണായക വെളിപ്പെടുത്തലും രാജു ഇന്ന് കോടതിയിൽ നടത്തി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കുറ്റം ഏറ്റെടുക്കാൻ രണ്ട് ലക്ഷം രൂപയും, കുടുംബത്തിലുളളവർക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നുവെന്ന് രാജു. 

തിരുവനന്തപുരം: അഭയ കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ മുഖ്യസാക്ഷി രാജു കോടതിയിൽ തിരിച്ചറിഞ്ഞു. സംഭവ ദിവസം രാത്രി ഫാദർ തോമസ് കോട്ടൂർ കോൺവന്‍റിന്‍റെ പടികൾ കയറി മുകളിലേക്ക് പോകുന്നത് കണ്ടുവെന്ന് രാജു മൊഴി നൽകി. 

മുൻ അന്വേഷണ സംഘത്തിനെതിരായ നിർണ്ണായക വെളിപ്പെടുത്തലും രാജു ഇന്ന് കോടതിയിൽ നടത്തി. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കുറ്റം ഏറ്റെടുക്കാൻ തനിക്ക് രണ്ട് ലക്ഷം രൂപയും, കുടുംബത്തിലുളളവർക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് രാജു കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്. 

മോഷണം നടത്താറുണ്ടായിരുന്ന രാജു ഇതിന് വേണ്ടി തന്നെയാണ് അന്ന് കോൺവെന്‍റിൽ എത്തിയതെങ്കിലും അഭയ കേസിൽ ഏറെ നിർണ്ണായകമാണ് രാജുവിന്‍റെ മൊഴി. 

ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് അഭയ കേസിലെ പ്രതികൾ. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ്പി കെടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.    

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് കേസിൽ വിചാരണ നടക്കുന്നത്. 2009ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. തുടക്കത്തിൽ വിസ്തരിച്ച കേസിലെ നിലവിലെ ഒന്നാം സാക്ഷി സിസ്റ്റർ അനുപമയും, നാലാം സാക്ഷി സഞ്ജു പി മാത്യുവും കൂറുമാറിയിരുന്നു. 

സിസ്റ്റർ അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും കിണറിന് അരികിലും കണ്ടിരുന്നുവെന്ന് സിസ്റ്റർ അനുപമ മുമ്പ് മൊഴി നൽകിയിരുന്നു. പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും തിരുത്തി. അസ്വാഭാവികമായി ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ലെന്നാണ് സിസ്റ്റർ അനുപമ കോടതിയിൽ പറഞ്ഞത്.

കേസിലെ പ്രതിയായ വൈദികന്റെ വാഹനം അഭയകൊല്ലപ്പെട്ട ദിവസം രാത്രിയിൽ മഠത്തിന് മതിലിന് സമീപം കണ്ടുവെന്ന മൊഴിയാണ് സഞ്ജു പി മാത്യു തിരുത്തിയത്. കേസിൽ രഹസ്യമൊഴി നൽകിയിരുന്ന സാക്ഷിയാണ് സഞ്ചു. പയസ് ടെന്ത് കോൺവെന്റിന് സമീപമാണ് സഞ്ചു താമസിച്ചിരുന്നത്. 

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. 

കേസിലെ പ്രതികൾ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തിൽ നടപടികൾ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ഹർജികൾ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയും നിരസിച്ചതോടെയാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. 

 

click me!