പത്രപ്രവർത്തനത്തിൽ മൂന്ന് പതിറ്റാണ്ട്, നേരായ പത്രധർമ്മം; വിടപറഞ്ഞത് മാധ്യമ രം​ഗത്തെ അതുല്യപ്രതിഭ

By Web TeamFirst Published Feb 18, 2020, 10:52 AM IST
Highlights

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായും ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമരംഗത്തെ മികവിന് 2018ലാണ് അദ്ദേഹത്തിന് സ്വദേശാഭിമാനി- കേസരി പുരസ്‌കാരം ലഭിച്ചത്.  അംബേദ്കര്‍, കേസരി  എന്നീ പുരസ്‌കാരങ്ങളും എംഎസ് മണിക്ക് ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: അവാര്‍ഡുകള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും അപ്പുറമാണ് ചില വ്യക്തിത്വങ്ങള്‍. അതില്‍ ഒരാളായിരുന്നു സ്വദേശാഭിമാനി കേസരി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട കലാകൗമുദി പത്രാധിപര്‍ എംഎസ് മണി. പത്രാധിപരുടെയും കൗമുദി ബാലകൃഷ്ണന്റെയും പാതയിലൂടെ ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തോടൊപ്പം സഞ്ചരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം എസ് മണിയുടെ വിയോ​ഗം വലിയ വേദനയാണ് മാധ്യമലോകത്ത് സൃഷ്ടിക്കുന്നത്. കേരളകൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദിയുടെ ചീഫ് എഡിറ്ററുമായിരുന്ന എം എസ് മണി ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്. 79 വയസ്സായിരുന്നു.

1961ല്‍ കേരളകൗമുദിയിലൂടെയാണ് എംഎസ് മണി മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയില്‍നിന്ന് കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായും ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമരംഗത്തെ മികവിന് 2018ലാണ് അദ്ദേഹത്തിന് സ്വദേശാഭിമാനി- കേസരി പുരസ്‌കാരം ലഭിച്ചത്.  അംബേദ്കര്‍, കേസരി  എന്നീ പുരസ്‌കാരങ്ങളും എംഎസ് മണിക്ക് ലഭിച്ചിട്ടുണ്ട്.

പത്താം വയസില്‍ എംഎസ് മണിയെ കംപോസിംഗ് മുറിയിലേക്ക് പറഞ്ഞുവിട്ടത് അച്ഛന്‍ പത്രാധിപര്‍ കെ സുകുമാരനായിരുന്നു. വര്‍ത്തമാന പത്രത്തിന്റെ ആദ്യാക്ഷരങ്ങള്‍ മനസിലാക്കിയ ആ യുവാവ് പിന്നീട് കേരള കൗമുദിയുടെ പത്രാധിപരും കലാകൗമുദിയുടെ സ്ഥാപക പത്രാധിപരുമായി വളരുകയായിരുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തെ രണ്ടായി വിഭജിച്ചാല്‍ അടിയന്തിരാവസ്ഥക്ക് മുന്‍പുള്ള കാലമെന്നും ശേഷമുള്ള കാലമെന്നും പറയാം. ഈ രണ്ട് കാലഘട്ടങ്ങളിലും ദില്ലി പത്രപ്രവര്‍ത്തനത്തിലും സംസ്ഥാന പത്രപ്രവര്‍ത്തനത്തിലും ഒരുപോലെ തിളങ്ങാന്‍ എംഎസ് മണിക്ക് കഴിഞ്ഞു.

ശിവറാമും വികെഎന്നും ഒവി വിജയനും സിപി രാമചന്ദ്രനും അടക്കമുള്ള പ്രഗത്ഭരായ പത്രാധിപന്‍മാരുടെ ദില്ലി സദസിലെ അംഗമായിരുന്നു തുടക്കക്കാരനായ എംഎസ് മണി. പാര്‍ലമെന്റ് റിപ്പോര്‍ട്ടിംഗില്‍ തുടങ്ങി ദില്ലി രാഷ്ട്രീയത്തിലെ ഉയര്‍ച്ച താഴ്ചകളെല്ലാം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരുപക്ഷേ സിപി രാമചന്ദ്രനും വികെഎന്നും ഒവി വിജയനും അടക്കമുള്ള പ്രഗത്ഭരുടെ സദസുകളില്‍ നിന്നാകണം എംഎസ് മണി എന്ന പത്രാധിപര്‍ വളര്‍ന്നത്.

ഇന്ദിരാഗാന്ധിയുടെ പ്രസ് സെന്‍സര്‍ഷിപ്പിന്റെ കാലം. സഞ്ജയ് ഗാന്ധി അധികാരം കയ്യിലെടുത്ത് എല്ലാവരെയും പേടിപ്പിച്ചിരുന്ന നാളുകള്‍. അന്ന് കേരള കൗമുദി പത്രാധിപരായിരുന്ന എംഎസ് മധുസൂദനന്‍ സഞ്ജയ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു. അടിയന്തരാവസ്ഥയെ ന്യായീകരിച്ചുകൊണ്ട് സഞ്ജയ് ഗാന്ധിയുമായി പത്രാധിപര്‍ മധുസൂദനന്‍ നടത്തിയ അഭിമുഖം കേരള കൗമുദിയുടെ ഒന്നാം പേജില്‍ മുഴുനീള ചിത്രം സഹിതം അച്ചടിച്ചു. പക്ഷേ ആ പത്രം പുറത്തിറങ്ങിയില്ല. അച്ചടി പൂര്‍ത്തിയാക്കി വിതരണത്തിന് പോകാന്‍ അടുക്കിവച്ചിരുന്ന കെട്ടുകള്‍ ജ്യേഷ്ഠ സഹോദരനായ എംഎസ് മണി ബലമായി എടുപ്പിച്ച് ഗോഡൗണിലിട്ട് പൂട്ടി താക്കോലുമായി പോയി.

പിറ്റേദിവസം എഡിറ്റര്‍ എംഎസ് മധുസൂദനന്‍ കണ്ടത് അഭിമുഖമില്ലാത്ത മറ്റൊരു പത്രം. അടിയന്തിരമായി ഡയറക്ടര്‍ ബോര്‍ഡ് വിളിച്ച് എംഎസ് മണിക്കെതിരെ നടപടി ആവശ്യപ്പെട്ടു. പത്രാധിപ സമിതിയില്‍ നിന്ന് രാജിവെച്ച എംഎസ് മണി തന്റെ സഹ പത്രാധിപന്‍മാരായ എന്‍ആര്‍എസ് ബാബുവിനോടും എസ് ജയചന്ദ്രന്‍ നായരോടുമൊപ്പം കേരള കൗമുദി വിട്ടു. ത്രിമൂര്‍ത്തികളായ മൂവരും ചേര്‍ന്ന് കലാകൗമുദി എന്ന വാരിക മാസങ്ങള്‍ക്കകം പുറത്തിറക്കി.

Read More: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംഎസ് മണി അന്തരിച്ചു

കാട്ടുകള്ളന്‍മാര്‍ എന്ന റിപ്പോര്‍ട്ടിലൂടെ എന്‍ആര്‍എസും ജയചന്ദ്രന്‍ നായരും പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ പുതിയ അധ്യായം എഴുതി. മന്ത്രിയായിരുന്ന ഡോ.അടിയോടിയുടെ രാജിയിലാണ് ആ വാര്‍ത്ത പര്യവസാനിച്ചത്. തുടർന്ന് കെ കരുണാകരന്റെ നേതൃത്വത്തില്‍ കേരള കൗമുദിക്കും കലാകൗമുദിക്കുമെതിരെ സര്‍ക്കാര്‍ കേസ് കൊടുത്തു. ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അടിയോടി കേസാണ് മലയാള പത്രപ്രവര്‍ത്തനത്തിന്റെ ആദ്യത്തെ അന്വേഷണാത്മക റിപ്പോര്‍ട്ട്. അതിന്റെ പേരില്‍ കരുണാകരന്‍ സര്‍ക്കാരും സഞ്ജയ് ഗാന്ധിയും അടക്കമുള്ളവര്‍ വര്‍ഷങ്ങളോളം എംഎസ് മണിയെ ശത്രുപക്ഷത്താണ് കണ്ടത്. ഇത്തരത്തില്‍ എടുത്തുപറയാവുന്ന ഒട്ടനവധി വാര്‍ത്തകള്‍ കേരള കൗമുദിയിലും കലാകൗമുദിയിലും പ്രസിദ്ധപ്പെടുത്താന്‍ കാരണക്കാര്‍ ഈ ത്രിമൂര്‍ത്തികള്‍ തന്നെ.

കലാകൗമുദിയിലൂടെയും കേരള കൗമുദിയിലൂടെയും നിലവിലുണ്ടായിരുന്ന വ്യവസ്ഥാപിത പത്രപ്രവര്‍ത്തനത്തെ തന്നെ എംഎസ് മണി പലപ്പോഴും ചോദ്യം ചെയ്തു. സാഹിത്യത്തിലും രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും ഇന്ന് കാണുന്ന പ്രഗത്ഭരായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഈ ത്രിമൂര്‍ത്തികളുടെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. എം ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ആധുനിക സാഹിത്യത്തിലുണ്ടായ പുതിയ സൃഷ്ടികളെല്ലാം വെളിച്ചം കണ്ടത് കലാകൗമുദിയിലൂടെയാണ്. അതിന് കാരണക്കാര്‍ എം ഗോവിന്ദനും എംവി ദേവനും എംപി നാരായണ പിള്ളയും കോവിലനും അടക്കമുള്ള സാഹിത്യകാരന്‍മാരായിരുന്നു. ഡോ. അയ്യപ്പപ്പണിക്കരുടെയും കടമ്മനിട്ടയുടെയും എ അയ്യപ്പന്റെയും ആധുനിക കവിതകള്‍ കലാകൗമുദിയിലൂടെയാണ് പുറത്തുവന്നത്.  

ആഢ്യത്വം പുലര്‍ത്തിയിരുന്ന വ്യവസ്ഥാപിത പത്രപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി വളര്‍ന്ന കലാകൗമുദിയുടെ കോപ്പികള്‍ ലക്ഷം കടന്നത് ആ കാലത്താണ്. എംടിയുടെ രണ്ടാമൂഴം വായിക്കാനായി കലാകൗമുദി മലയാളികളെല്ലാം കാത്തിരുന്ന കാലം. ഒവി വിജയന്റെ കിളിവാതിലും കാര്‍ട്ടൂണുകളും, കോവിലന്റെ പുതിയ കഥകള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും ഡി വിനയചന്ദ്രന്റെയും നരേന്ദ്ര പ്രസാദിന്റെയും വിപി ശിവകുമാറിന്റെയും കഥകളും കവിതകളുമെല്ലാം കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചു.

സാഹിത്യത്തിലുണ്ടാക്കിയ ഈ വിപ്ലവം തന്നെ രാഷ്ട്രീയ രംഗത്തും ഉണ്ടാക്കി. എ കെ ആന്റണി മുതല്‍ വിഎം സുധീരന്‍ വരെയുള്ള പുതുനിര നേതാക്കളുടെ കാര്യത്തിലും എംഎസ് മണിയുടെ ഇടപെടലുകള്‍ ആരും നിഷേധിക്കില്ല. നേരത്തെ പറഞ്ഞ എന്‍ആര്‍എസിന്റെയും ജയചന്ദ്രന്‍ നായരുടേയും സ്‌നേഹ വാത്സല്യങ്ങള്‍ ഏറ്റുവാങ്ങിയ ഒരു തലമുറയാണ് ഇന്ന് എല്ലാ പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും സാരഥികളായി ഇരിക്കുന്നത്. സ്വന്തം പത്രത്തില്‍ തന്റെ ചിത്രവും പേരും അച്ചടിക്കരുത് എന്ന് വാശി പിടിച്ച എംഎസ് മണിക്ക് പലപ്പോഴും അവാര്‍ഡുകളോട് പുച്ഛമായിരുന്നു. അദ്ദേഹം അത് വേണ്ടെന്ന നിലപാടാണ് ഏതുകാലത്തും സ്വീകരിച്ചിരുന്നത്.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി അദ്ദേഹം വീട്ടില്‍ത്തന്നെ ചികിത്സയിലായിരുന്നു. ഭാര്യ. ഡോ.കസ്തൂരിബായി (ഫാര്‍മക്കോളജി മുന്‍ അസോഷ്യേറ്റ് പ്രൊഫസര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്), മക്കള്‍. വത്സാ മണി, സുകുമാരന്‍ മണി. കേരളകൗമുദി മുന്‍ റെസിഡന്റ് എഡിറ്റര്‍ എസ്. ഭാസുര ചന്ദ്രന്‍ മരുമകനാണ്. 

കേരളകൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്റെയും മാധവിയുടെയും മകനാണ്. 1941 നവംബര്‍ നാലിന് കൊല്ലത്താണ് ജനനം. പേട്ട ഗവണ്‍മെന്റ് സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. 
 

click me!