ഇവിടെ വച്ച് അദ്ദേഹം പറഞ്ഞു: 'ഇതാ നിങ്ങളുടെ ദൈവം....!'

By പ്രശോഭ് പ്രസന്നന്‍First Published Aug 8, 2016, 9:11 AM IST
Highlights

ഒരു നട്ടുച്ചയ്ക്കായിരുന്നു ഇറക്കം. തിരുവനന്തപുരത്തു നിന്നും വെള്ളായണി നെയ്യാറ്റിന്‍കര വഴി ബൈക്കില്‍. നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷനില്‍ നിന്നും ഇടത്തേക്കു തിരിയുമ്പോഴുള്ള തിരക്കൊഴിച്ചാല്‍ പിന്നെ റോഡ് ശാന്തം. നാമമാത്രമായ ബസ് സര്‍വ്വീസുകള്‍ക്കു സമാന്തരമായി മനുഷ്യരെ ചേര്‍ത്തു നിറച്ച ട്രക്കര്‍ സര്‍വ്വീസുകള്‍. പെരുമ്പഴുതൂരിലേക്കുള്ള വഴിമധ്യേ തട്ടുകടയിലെ ചായയും വാഴയ്ക്കാ അപ്പവും. അരുവിപ്പുറത്തേക്കാണെന്നു കേട്ടപ്പോള്‍ ചായക്കടക്കാരനും സഹചായകുടിയന്മാര്‍ക്കും ആയിരം നാവ്. മുന്നോട്ടു പോകുന്തോറും നെയ്യാറിന്റെ മണമുള്ള കാറ്റ്. ജലമണം. നനവ്.

പെരുമ്പഴുതൂരിലെ നാല്‍ക്കവലയില്‍നിന്ന് വലതു തിരിഞ്ഞു. പോളിടെക്‌നിക്കിനു മുന്നിലെ റോഡിലും ബസ്‌റ്റോപ്പിലും നിറയെ വിദ്യാര്‍ത്ഥികള്‍. രണ്ടു വളവിലൊന്നു കൂടി തിരിഞ്ഞപ്പോള്‍ മുന്നില്‍, നീണ്ടു നിവര്‍ന്ന് നെയ്യാര്‍. പാലം കടക്കുമ്പോള്‍ ഉള്ളില്‍ അലയടിച്ച വികാരങ്ങള്‍ വെറുംവാക്കിലൊതുങ്ങില്ല. സ്വന്തമായി ദൈവം പോലുമില്ലാതിരുന്ന മനുഷ്യരുടെ ദുരിതം നിറഞ്ഞ ഇന്നലകളെക്കുറിച്ചോര്‍ത്തപ്പോള്‍ കരച്ചില്‍ വന്നു. ഒഴുകിപ്പോയ ചരിത്രത്തിന്റെ ദുഷിച്ച ഓര്‍മ്മകള്‍ പേറുന്നതിനാലാവണം പാലത്തിനു കീഴില്‍ പച്ചനിറത്തില്‍ പുഴ കെട്ടിക്കിടന്നു. അരികിലെ മണ്‍തിട്ടയിലെ നീളന്‍ മൈതാനിയില്‍ അപ്പോള്‍ ഇറങ്ങിവന്ന പോലെ ഒരു സംഘം ചെറുപ്പക്കാര്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ടായിരുന്നു.

മാതൃകാസ്ഥാനത്ത്
പ്രധാന റോഡില്‍ നിന്നും വലതുതിരിഞ്ഞുകയറിയ പോക്കറ്റ് റോഡിനും വലതു വശത്ത്, ഒന്നേകാല്‍ നൂറ്റാണ്ടിന്റെ ചരിത്രവും ഉള്ളിലൊതുക്കി അരുവിപ്പുറം മഠം കാത്തുനിന്നു. പ്രധാന കവാടം പതിയെ കടന്നു. മഠത്തിന്റെ ഭാഗമായ വിദ്യാലയം വിട്ട് വിദ്യാര്‍ത്ഥികളില്‍ മിക്കവരും മടങ്ങിയിരിക്കുന്നു. ചില രക്ഷിതാക്കളും കുട്ടികളും അപ്പോഴും അവിടെ അവശേഷിച്ചു. പ്രതിഷ്ഠ നടത്തിയ ശേഷം ഗുരു സ്ഥാപിച്ച സംസ്‌കൃത വിദ്യാലയമാണ് ഇന്നു സിബിഎസ്ഇ സ്‌കൂളായി വളര്‍ന്നിരിക്കുന്നത്. അറിവു നേടുന്ന അരികുചേര്‍ക്കപ്പെട്ടവന്റെ കാതില്‍ ഈയ്യം ഉരുക്കിയൊഴിച്ചിരുന്ന പഴയകാലം ഓര്‍മ്മകളിലേക്ക് ഇരമ്പി വന്നു.

ശിവപ്രതിഷ്ഠയ്ക്ക് പിറകിലായി കെട്ടിയുണ്ടാക്കിയ വലിയ തറയില്‍ നില്‍ക്കുന്ന ഒരു കൂറ്റന്‍ പ്ലാവായിരുന്നു അകത്തെ ആദ്യകാഴ്ച. എസ്എന്‍ഡിപി യോഗം രൂപീകരിക്കുന്നതിന്റെ ഭാഗമായി 1903 ജനുവരി 7ന് ഗുരുവിന്റെ അധ്യക്ഷതയില്‍ ആദ്യയോഗം ചേര്‍ന്നത് ഈ പ്ലാവിന്റെ ചുവട്ടിലായിരുന്നു. മതില്‍ക്കെട്ടിന്റെ ഒരുവശത്ത് പ്രധാന മന്ദിരം. ഗുരു വിശ്രമിക്കുകയും ഭക്തരെ കാണുകയും ചെയ്തിരുന്ന മുറി ഇവിടെയാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന കട്ടില്‍, കസേര, വടി തുടങ്ങിയ വസ്തുക്കള്‍ മുറിയില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു. അരികില്‍ ചില്ലു ഫ്രെയിമിനുള്ളില്‍ ഗുരു ഇരിക്കുന്നു; ദൈവത്തിന്റെ നാട്യങങ്ങളേതുമില്ലാതെ. ചുമരുകളിലും വൃക്ഷശരീരങ്ങളിലും ജാതിഭേദവും മതദ്വേഷവുമില്ലാതെ മാതൃകാസ്ഥാനത്തിന്റെ ഒട്ടനവധി സന്ദേശങ്ങള്‍ തൂങ്ങിക്കിടന്നു.

ഗണപതിക്ഷേത്രവും ശിവപ്രതിഷ്ഠയും പിന്നിട്ട് മുന്നോട്ട് നടക്കുമ്പോഴും 'ശങ്കരന്‍കുഴി' എന്ന നാമം ഉള്ളില്‍ ജ്വലിച്ചു നിന്നു. ഉയരത്തില്‍ കെട്ടിയ ക്ഷേത്രാങ്കണത്തിന്റെ വിളുമ്പിലെ വേലിയില്‍ പിടിച്ച് ആകാംക്ഷയോടെ താഴേക്കു നോക്കി. അങ്ങ് താഴെ നെയ്യാറില്‍ ആഴമൊളിപ്പിച്ച് ശങ്കരന്‍കുഴി കിടക്കുന്നു.


ശങ്കരന്‍കുഴി
നെയ്യാര്‍, അരുവിപ്പുറത്തെത്തുമ്പോള്‍ ഒരു കയവും ചുഴിയുമായി മാറും. പേര് 'ശങ്കരന്‍കുഴി'. പാഞ്ഞു വരുന്ന പുഴ അവിടെയൊന്നു വട്ടം കറങ്ങിയാണ് മുന്നോട്ട് ഒഴുകുന്നത്. ആ കയത്തില്‍പ്പെടുന്ന യാതൊന്നും പിന്നീട് ഉയര്‍ന്നു വരാറില്ലെന്നാണ് നാട്ടുഭാഷ്യം. ജലം നൂലുപോലെ ചുറ്റിവരഞ്ഞ് ആഴങ്ങളിലേക്ക് വലിച്ചടുപ്പിക്കുമെന്നാണ് പറച്ചില്‍.

വര്‍ഷം 1888. തീയ്യതി മാര്‍ച്ച് 11. ചതയം നക്ഷത്രത്തിലെ ശിവരാത്രി ദിവസം. പുഴയുടെ നടുവിലെ ആ കയത്തിലേക്കിറങ്ങിപ്പോയ ഗുരുവിനെ കാത്ത് അക്ഷമരായി നില്‍ക്കുകയാണ് ജനക്കൂട്ടം. അരുവിപ്പുറത്ത് ഒരു ആരാധനാലയം എന്ന ആശയം ഗുരു തന്റെ പല ഭക്തന്മാരുമായി അക്കാലത്ത് ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരുദിവസം, നദിക്കു അഭിമുഖമായൊരു പാറ ചൂണ്ടിക്കാണിച്ച്, ശിവരാത്രി ദിവസം ഇവിടെയാകാം പ്രതിഷ്ഠ എന്ന് ഗുരു പറയുന്നത്. പക്ഷേ കൂടുതലൊന്നും പറഞ്ഞുമില്ല. എന്തായാലും സ്വന്തമായൊരു ദൈവത്തെ ലഭിക്കുന്ന ആഹ്‌ളാദത്തില്‍ നിരവധി ആളുകള്‍ അന്നവിടെ എത്തിച്ചേര്‍ന്നു.

 

 

അവരുടെ ഇടയില്‍ മൗനിയായി ഗുരു ഇരുന്നു. സഹായികളായ ശിവലിംഗ ദാസ സ്വാമികള്‍, നാണിയാശാന്‍, ഭൈരവന്‍ ശാന്തി  തുടങ്ങിയവര്‍ക്കും അജ്ഞാതമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. എങ്കിലും ചൂണ്ടിക്കാട്ടിയ പാറയുടെ ചുറ്റും ഭക്തര്‍ ചെത്തി വെടിപ്പാക്കി. കുരുത്തോലയും മാവിലയും കോര്‍ത്ത് തോരണം തൂക്കിയ പന്തല്‍ കെട്ടിയുണ്ടാക്കി. മരോട്ടിക്കായ മുറിച്ച് നിലവിളക്കുണ്ടാക്കി. എണ്ണയൊഴിച്ചു തിരികളിട്ടു. ഓലമടലുകളില്‍ അവ നാട്ടിവച്ചു. ഇതിനിടയിലാണ് മൗനവ്രതത്തിലായിരുന്ന ഗുരു പുഴയിലേക്ക് ഇറങ്ങിപ്പോകുന്നത്.

നിശബ്ദമായിക്കിടക്കുന്ന കയത്തിലേക്കു നോക്കി ജനം ശ്വാസമടക്കിപ്പിടിച്ചു നിന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വലതു കൈയ്യില്‍ ഒരു പാറക്കല്ലുമായി ശങ്കരന്‍കുഴിയില്‍ നിന്നും ഗുരു പൊങ്ങി വന്നു. കുതിച്ചു പായുന്ന പുഴയിലെ പാറക്കെട്ടുകളില്‍ പിടിച്ച് കരയിലേക്ക് കയറി. ഒരുക്കിവച്ചിരുന്ന പരന്ന ശിലയുടെ മുകളിലേക്ക് ആ കല്ലിനെ ചേര്‍ത്തുവച്ചു. അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മനൊമ്പരങ്ങള്‍ തിളയ്ക്കുന്ന കണ്ണുനീരായിരുന്നു അഷ്ടബന്ധം. മന്ത്രങ്ങള്‍ വിപ്ലവസൂക്തങ്ങളും. പില്‍ക്കാലത്ത് ചരിത്രം ആ പ്രതിഷ്ഠയെ ഈഴവശിവനെന്ന് പേരിട്ടു വിളിച്ചു.

പാറയിടുക്കിലെ ഗുഹ
ശ്രീനാരായണ ഗുരു 'ഈഴവശിവനെ' കുറിച്ച് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും ചോദ്യങ്ങളില്‍ നിന്ന് കെട്ടിയുണ്ടാക്കുന്ന കേവലം വിചിത്രകഥകളുടെ ഭാഗം മാത്രമാണോ ഈ പ്രയോഗവുമെന്നുള്ള ചിന്ത ഈ നേരത്താണ് ഉള്ളിലുടക്കുന്നത്. ചില ജീവചരിത്രകാരന്മാര്‍ ഗുരു ഈഴവശിവനെന്നു പരാമര്‍ശിച്ചതായി വാദിക്കുമ്പോള്‍ മറ്റു ചിലര്‍ ഗുരു അങ്ങനെ പറഞ്ഞിട്ടില്ലെന്നു വാദിച്ചു. ഇപ്പോഴും തര്‍ക്ക വിഷയമായി തുടരുന്ന ഈ പ്രയോഗത്തെക്കുറിച്ച് എവിടെയൊക്കെയോ വായിച്ചത് ഓര്‍ത്തു. ബ്രാഹ്മണ്യത്തിന്റെ ഹുങ്കിനെ ഗുരു പരിഹസിക്കുകയായിരുന്നുവെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍, നിരപരാധിയായ ഗുരുവില്‍ ഈഴവ പക്ഷപാതം ചാര്‍ത്തുന്നതിനു വേണ്ടി കെട്ടിച്ചമച്ചതാണ് ഈ പ്രയോഗം എന്നായിരുന്നു രണ്ടാമത്തെ കൂട്ടരുടെ വാദം.

ഈ ചിന്തകള്‍ ശങ്കരന്‍കുഴിയിലെ ചുഴി പോലെ ഉള്ളില്‍ക്കിടന്നങ്ങനെ ചുറ്റിത്തിരിയുന്ന നേരത്താണ് പാറയിടുക്കുകളുടെ ഇടയില്‍ നിന്നും പുഴകയറി ഒരു വയോധികന്‍ അരികിലെത്തിയത്. കുളിച്ചുകയറിയുള്ള വരവാണ്. 'ഈ കയത്തിലേക്കാണ് പണ്ട് ഗുരു ഇറങ്ങിപ്പോയത്..' അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു. ആഴത്തക്കുറിച്ചു ചോദിച്ചു.'അന്നിതൊന്നുമല്ലായിരുന്നു ആഴം. കാലക്രമേണ മണ്ണംകല്ലുമൊക്കെ വന്നുവീണ് ഒരുപാട് നികന്നു..' ശബ്ദത്തില്‍ നൊമ്പരമുണ്ടെന്നു തോന്നി. കല്ലുകള്‍ക്കിടയിലൂടെ ആയാസപ്പെട്ട് നടന്നു മറയുന്ന അയാളെ നോക്കി നില്‍ക്കുമ്പോള്‍ തിരിച്ചറിയാനാവത്ത ഒരു വേദന ഉള്ളിലുടക്കി.

' ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളുകളൊടുങ്ങിയാ'ലെന്നും ചൊല്ലി പുഴയോരത്തു കൂടി പിന്നെയും താഴേക്ക് നടന്നു. മുന്നില്‍ വലിയ പാറക്കല്ലുകളാല്‍ ചുറ്റപ്പെട്ട ഇടം. ഇവിടെ പുഴ കല്ലുകളില്‍ തട്ടി, ചിന്നിച്ചിതറി ഒഴുകുന്നു.  ഗുരു ധ്യാനത്തിനുപയോഗിച്ചിരുന്ന ഗുഹകളിലൊന്ന് ഇവിടെയാണ്. പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള നടപ്പ് ദുഷ്‌കരമാണ്. അതിനാല്‍ പ്രധാന കവാടത്തിനരികില്‍ നിന്നും മറ്റൊരു വഴി ഇങ്ങോട്ട് കെട്ടിയൊരുക്കിയിട്ടുണ്ട്. പടവുകളിറങ്ങിച്ചെന്നാല്‍ കാണാം കല്ലുകള്‍ക്കിടയില്‍ ഒരു കൊച്ചു ഗുഹ. അരുവിപ്പുറത്ത് വരുമ്പോഴൊക്കെ ഗുരു ഇവിടെയാണത്രെ താമസിച്ചിരുന്നത്. പ്രഥമ ശിഷ്യന്‍ ശിവലിംഗസ്വാമി ഗുരുവിനെ ദര്‍ശിക്കുന്നതും ഇവിടെ വച്ചായിരുന്നു. ശിവലിംഗ സ്വാമി മന്ദിരവും ക്ഷേത്രത്തിലെ പ്രഥമ പൂജാരി ഭൈരവന്‍ സ്വാമിയുടെ സമാധിയും ഈ നദീ തീരത്ത് സ്ഥിതി ചെയ്യുന്നു.

കൊടിതൂക്കിമല
നദീതീരത്ത് നിന്നും 600 മീറ്റര്‍ ഉയരത്തില്‍ കൊടിതൂക്കിമല. ഏകദേശം ഇരുപത് മിനിട്ടോളം എടുക്കുന്ന മലകയറ്റം വേറിട്ട അനുഭവം. മലയിലേക്കുള്ള വഴിയുടെ പാതിവരെ ജനവാസമേഖലയാണ്. പിന്നീടങ്ങോട്ട് വനത്തിലൂടെ മുകളിലോട്ടു കയറുന്ന പ്രതീതി. കൂട്ടിന് മരക്കാടുകളും വാട്ടര്‍ അതോറിറ്റിയുടെ കൂറ്റന്‍പൈപ്പ് ലൈനും മാത്രം. പുഴയും ഒപ്പം നടക്കുന്നതായി തോന്നും, ഈണത്തില്‍ പൈപ്പിലൂടെ കുതിച്ചൊഴുകുന്ന ജലശബ്ദം കേട്ടാല്‍.

മലയുടെ നെറുകയില്‍ ഗണപതി ക്ഷേത്രവും സ്മാരകമന്ദിരവും. കയറിച്ചെല്ലുന്നതിന്റെ നടുവില്‍ നിന്നും വലത്തേക്കൊരു ഇടവഴി. അതിലൂടെ കീഴ്ക്കാംതൂക്കായി താഴേക്കിറങ്ങിയാല്‍ ഗുരു തപസ് അനുഷ്ഠിച്ചിരുന്ന മറ്റൊരു ഗുഹയിലെത്താം. മരങ്ങള്‍ക്കിടയിലൂടെയിറങ്ങി പാറക്കൂട്ടങ്ങളില്‍ ചവിട്ടി ഗുഹയില്‍ കയറുന്നത് സാഹിസികാനുഭവം. ഗുഹാമുഖത്തെമ്പാടും ചെറുപ്രാണികള്‍. മലഞ്ചെരിവില്‍ നിന്നും നോക്കുമ്പോള്‍ പൂമരത്തലപ്പുകള്‍ക്കു മുകളിലൂടെ അങ്ങുതാഴെ ശങ്കരന്‍കുഴിയെ നെഞ്ചിലൊതുക്കി നെയ്യാര്‍ കിടക്കുന്നതു കാണാം.

മലയുടെ മറുചെരിവിലാണ് കിണ്ണിക്കിണര്‍. ഒരു കരിമ്പാറയുടെ ഇടയിലെ തെളിനീരുറവ. ഗുരു കൈകൊണ്ട് കുഴിച്ചെടുത്തതെന്നു കരുതപ്പെടുന്ന ഈ ഉറവയിലെ ശുദ്ധജലമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഉറവ വറ്റാത്ത കിണ്ണിക്കിണര്‍ കരുണതുളുമ്പുന്ന വലിയൊരു കണ്ണുപോലെ മലയുടെ നെറുകില്‍ ഇപ്പോഴും അവശേഷിക്കുന്നു.

 

മടക്കം
മലയിറങ്ങി താഴെയെത്തി മടങ്ങൊനൊരുങ്ങമ്പോള്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്കു കണ്ടു. മരങ്ങളില്‍ തൂങ്ങിയാടുന്ന ഗുരുവചനങ്ങള്‍ക്ക് കാറ്റുമാത്രമാണ് കൂട്ടെന്നു തോന്നി. ബൈക്കിലിരിക്കുമ്പോള്‍ പുറപ്പെടുമ്പോഴുണ്ടായിരുന്ന സന്ദേഹങ്ങളില്‍ പാതിയും തല്‍ക്കാലത്തേക്കെങ്കിലും ഒഴിയുന്നതറിഞ്ഞു. മനസ്സിന്റെയും ബൈക്കിന്റെയും റിയര്‍വ്യൂമിററുകളില്‍ ദൈവങ്ങളുടെ നാട്യങ്ങളേതുമില്ലാതെ കേവലമൊരു പച്ചമനുഷ്യനായി ശ്രീനാരായണന്‍ ചിരിച്ചു നിന്നു. അപ്പോഴോര്‍മ്മ വന്നത് ദൈവദശകം. ചൊല്ലി നോക്കിയപ്പോള്‍ അത് 'ഗുരുദശക'മായി മാറുന്നതിന്റെ അദ്ഭുതം, കൗതുകം;

ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും...
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാവണം..!

 

 

അരുവിപ്പുറത്തെക്കുറിച്ചുള്ള നിങ്ങളുടെ യാത്രാനുഭവങ്ങളും ഓര്‍മ്മച്ചിത്രങ്ങളും prashobh@asianetnews.in എന്ന വിലാസത്തില്‍ അയക്കുക. സബ്ജക്ടില്‍ 'സഞ്ചാരി' എന്ന് സൂചിപ്പിക്കുക. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഫോട്ടോ ഗാലറി സന്ദര്‍ശിക്കുക

click me!