വാഴ്ത്തിപ്പാടലുകൾക്കപ്പുറത്ത് അവശേഷിക്കുന്നത് കല്ലുകളും വടികളും വേദനയും; വൈറലായി ഡോക്ടറുടെ കുറിപ്പ്

By Web TeamFirst Published Apr 20, 2020, 8:37 PM IST
Highlights

കോവിഡ് എന്ന മഹാമാരിയിലേക്ക് വീണൊടുങ്ങാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പൊരുതാനിറങ്ങുകയാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ. കൊറോണ വൈറസിനെതിരെ അവർ പലപ്പോഴും നിരായുധരുമാണ്. അവർക്ക് എതിരെ കൂർത്ത വാക്കുകളും ആയുധങ്ങളും പ്രയോഗിക്കാതിരിക്കാനുള്ള മനുഷ്യത്വമെങ്കിലും ഈ സമൂഹം ബാക്കി വെക്കേണ്ടതുണ്ട്. 

കൊച്ചി: കൊവിഡ് 19 മൂലം മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാന്‍ ചെന്ന ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട ദുരനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വൈറലായി ഡോക്ടറുടെ കുറിപ്പ്. വേണ്ടത്ര സുരക്ഷാ ഉപാധികളില്ലാതെ പേരിന് ഒരു ടൂ ലയർ മാസ്ക് മാത്രം ധരിച്ച്, കോവിഡാണോ അല്ലയോ എന്നൊന്നും വേർതിരിച്ചറിയാൻ കഴിയാത്ത എത്രയെത്ര രോഗികളെ കാണേണ്ടി വരുന്നു ഡോക്ടർമാരും നേഴ്സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക്. എന്നിട്ടും ഒടുക്കം അവർക്ക് ബാക്കിയാവുന്നതെന്താണെന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറായ സുനില്‍ പി കെ ചോദിക്കുന്നു.

ദൈവങ്ങളെന്നും മാലാഖമാരെന്നുമുള്ള വാഴ്ത്തിപ്പാടലുകൾക്കപ്പുറത്ത് അവശേഷിക്കുന്നത് കല്ലുകളും വടികളും വേദനയുമാണ്. തീയിലേക്ക് പറന്നു വീണ് എരിഞ്ഞടങ്ങുന്ന ഈയാംപാറ്റകളെപ്പോലെ കോവിഡ് എന്ന മഹാമാരിയിലേക്ക് വീണൊടുങ്ങാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പൊരുതാനിറങ്ങുകയാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ. കൊറോണ വൈറസിനെതിരെ അവർ പലപ്പോഴും നിരായുധരുമാണ്. അവർക്ക് എതിരെ കൂർത്ത വാക്കുകളും ആയുധങ്ങളും പ്രയോഗിക്കാതിരിക്കാനുള്ള മനുഷ്യത്വമെങ്കിലും ഈ സമൂഹം ബാക്കി വെക്കേണ്ടതുണ്ടെന്ന് ഡോ സുനില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

കഴിഞ്ഞ ദിവസം കൊവിഡ് 19 മൂലം മരിച്ച  55 കാരനായ ന്യൂറോ സർജൻ ഡോ.സൈമണിന്റെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ പ്രതിഷേധവും അക്രമവുമുണ്ടായിരുന്നു. രണ്ട് ശ്മശാനങ്ങളെ സമീപിച്ചിട്ടും സമാന അനുഭവമായതിനെ തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷയില്‍ മരിച്ച ഡോക്ടറുടെ സഹപ്രവര്‍ത്തകനാണ് ഡോ സൈമണിനായി മണ്‍വെട്ടിയെടുത്ത് കുഴിയെടുത്തത്. അക്രമം ഭയന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ ജീവനുംകൊണ്ട് ഓടിയതിനെ തുടര്‍ന്ന് മണ്‍വെട്ടി കൊണ്ടാണ് കുഴിയെടുത്തത്. ഈ അനുഭവത്തേക്കുറിച്ച് ഡോ സൈമണിന്‍റെ സഹപ്രവര്‍ത്തകനായ പ്രദീപ് കുമാറിന്‍റെ വൈകാരിക കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന അവഗണന ചൂണ്ടിക്കാണിച്ച് ഡോ സുനില്‍ പി കെയുടെ കുറിപ്പ് ചര്‍ച്ചയാവുന്നത്. 

ഡോ സുനില്‍ പി കെയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അത്ര ദൂരെയൊന്നുമല്ല.

നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടിൽ ..

ഇന്നലെ നടന്നത്!

കോവിഡ് ബാധ മൂലം മരണമടഞ്ഞ 55 കാരനായ ന്യൂറോ സർജൻ ഡോ.സൈമണിന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി ചെന്നൈ കോർപ്പറേഷൻ ശ്‌മശാനത്തിലേക്ക് കൊണ്ടുപോയതാണ്.

അടുത്ത ബന്ധുക്കളും സഹപ്രവർത്തകരുമടക്കം കുറച്ച് പേർ മാത്രമേ മൃതദേഹത്തെ അനുഗമിച്ചിരുന്നുള്ളൂ.

അവിടെ ചെന്നപ്പോഴേക്കും കഥ മാറി. പരിസരവാസികളടക്കം ഇരുനൂറോളം പേർ സംഘടിച്ചെത്തി. പോലിസ് സ്ഥലത്തുണ്ടായിരുന്നിട്ടും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് അണ്ണാനഗറിലെ ശ്മശാനത്തിലേക്ക് പോകേണ്ടി വന്നു.

അവിടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായിരുന്നു..

പ്രതിഷേധക്കാർ 50 - 60 പേർ മാത്രം. പക്ഷേ അവരെല്ലാം ചേർന്ന് കല്ലെറിഞ്ഞും വടിയെടുത്ത് ആക്രമിച്ചും ആശുപത്രി സ്റ്റാഫ് അടക്കമുള്ളവരെ ആക്രമിച്ചു. ആംബുലൻസ് ഡ്രൈവന്മാർക്ക് പരിക്കേറ്റു. ആംബുലൻസിന്റെ വിൻഡ് ഗ്ലാസുകൾ തകർന്നു.

ജീവനും കൊണ്ടോടി അവർ അവിടെ നിന്നും. സമയം രാത്രി പതിനൊന്നര. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർമാർക്ക് മുഖത്ത് മൂന്നാല് തുന്നൽ വീതം ഇടേണ്ടി വന്നു.

തുടർന്ന് കൂടുതൽ പോലീസ് ബന്തവസിൽ മൃതദേഹം സംസ്കരിക്കാൻ ഏർപ്പാടാക്കിയപ്പോൾ ഓടിക്കാൻ ആംബുലൻസ് ഡ്രൈവറില്ല. പരിക്ക് പറ്റാത്ത, ഓടിക്കാൻ ശേഷിയുള്ള ഒരാൾ വേണമല്ലോ!

വണ്ടി ഓടിക്കാനറിഞ്ഞാൽ മാത്രം പോര. വ്യക്തിഗത സുരക്ഷാ ഉപാധികൾ ശരിയായി ഉപയോഗിക്കാനും അറിയുന്ന ആളാവണം.

ഒടുവിൽ ആംബുലൻസ് ഓടിച്ചത് മരിച്ച സൈമൺ ഡോക്ടറിന്റെ സഹപ്രവർത്തകനായിരുന്ന ഡോ.പ്രദീപ് കുമാർ. അദ്ദേഹം അതേ ആശുപത്രിയിലെ ആർത്രോസ്കോപിക് സർജനാണ്.

ഒടുവിൽ രാത്രി ഒന്നരയോടെ മൃതദേഹം സംസ്കരിച്ചു.

മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററും ആത്മരക്ഷാർത്ഥം ഓടിപ്പോയതുകൊണ്ട് കയ്യിൽ കിട്ടിയ മൺവെട്ടിയെടുത്ത് സഹപ്രവർത്തകന്റെ അന്ത്യവിശ്രമത്തിനായി കുഴിയെടുത്തതും ഡോ.പ്രദീപ് കുമാറും ആശുപത്രിയിലെ ഒരു അറ്റന്ററും ചേർന്നാണ്.

ഹൃദയം തകർന്ന് ഡോ.പ്രദീപ് കുമാർ എഴുതിയ വരികൾ വായിക്കുമ്പോഴും ഇതു സംബന്ധിച്ച ഹിന്ദു വാർത്ത വായിക്കുമ്പോഴും പറഞ്ഞറിയിക്കാനാവാത്ത വേദനയും നിരാശയുമുണ്ട്.

ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്ന ഒരു കോവിഡ് രോഗിയുടെ മൃതദേഹം രോഗം പരത്താൻ ഏറ്റവും സാധ്യത കുറഞ്ഞ ഒന്നാണ്.

വേണ്ടത്ര സുരക്ഷാ ഉപാധികളില്ലാതെ പേരിന് ഒരു ടൂ ലയർ മാസ്ക് മാത്രം ധരിച്ച്, കോവിഡാണോ അല്ലയോ എന്നൊന്നും വേർതിരിച്ചറിയാൻ കഴിയാത്ത എത്രയെത്ര രോഗികളെ കാണേണ്ടി വരുന്നു ഡോക്ടർമാരും നേഴ്സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക്.

എന്നിട്ടും ഒടുക്കം അവർക്ക് ബാക്കിയാവുന്നതെന്താണ് ?

ദൈവങ്ങളെന്നും മാലാഖമാരെന്നുമുള്ള വാഴ്ത്തിപ്പാടലുകൾക്കപ്പുറത്ത് അവശേഷിക്കുന്നത് ഈ കല്ലുകളും വടികളും വേദനയുമാണ്.

തീയിലേക്ക് പറന്നു വീണ് എരിഞ്ഞടങ്ങുന്ന ഈയാംപാറ്റകളെപ്പോലെ കോവിഡ് എന്ന മഹാമാരിയിലേക്ക് വീണൊടുങ്ങാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പൊരുതാനിറങ്ങുകയാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ.

കൊറോണ വൈറസിനെതിരെ അവർ പലപ്പോഴും നിരായുധരുമാണ്.

അവർക്ക് എതിരെ കൂർത്ത വാക്കുകളും ആയുധങ്ങളും പ്രയോഗിക്കാതിരിക്കാനുള്ള മനുഷ്യത്വമെങ്കിലും ഈ സമൂഹം ബാക്കി വെക്കേണ്ടതുണ്ട്.

ഡോ.സുനിൽ. പി.കെ

 

click me!