ഇണയെത്തേടി 14000 കിലോമീറ്റര്‍ അലഞ്ഞു; ഒടുവില്‍ മൃഗസ്നേഹികളെ കണ്ണീരിണിയിച്ച് പെണ്‍ചെന്നായ

By Web TeamFirst Published Feb 16, 2020, 9:03 PM IST
Highlights

വംശനാശം നേരിടുന്ന ചാരനിറമുള്ള ചെന്നായക്കൂട്ടത്തിലെ 54ാമത്തെ ചെന്നായയായിരുന്നു ഒ ആര്‍ 54 എന്ന പേരില്‍ വിളിച്ചിരുന്ന ഈ ചെന്നായ. 2017 ഒക്ടോബറിലാണ് ഈ ചെന്നായയുടെ കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിട്ടത്. 

കാലിഫോര്‍ണിയ: ഇണയെത്തേടി രണ്ടുവര്‍ഷത്തിനുള്ളില്‍ 8700 മൈലുകളിലേറെ അലഞ്ഞ വംശനാശം നേരിടുന്ന ചാരനിറമുള്ള ചെന്നായ ചത്തു. നാലുവയസോളം പ്രായം വരുന്ന പെണ്‍ ചെന്നായയെയാണ് ഫെബ്രുവരി അഞ്ചിന് ചത്ത നിലയില്‍ കണ്ടെത്തിയത്. ഒആര്‍ 54 എന്ന് പേരിട്ട ചെന്നായയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നാണ് ചെന്നായ സഞ്ചരിച്ച ദൂരത്തിന്‍റെ കണക്ക് മനസിലായത്.

വംശനാശം നേരിടുന്ന ചാരനിറമുള്ള ചെന്നായക്കൂട്ടത്തിലെ 54ാമത്തെ ചെന്നായയായിരുന്നു ഒ ആര്‍ 54. 2017 ഒക്ടോബറിലാണ് ഈ ചെന്നായയുടെ കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിട്ടത്. ഈ റേഡിയോ കോളര്‍ കഴിഞ്ഞ ഡിസംബറില്‍ പ്രവര്‍ത്തനം നിലച്ചതിനാല്‍ മരണകാരണം കൃത്യമായി കണ്ടെത്താനായില്ലെന്നാണ് കാലിഫോര്‍ണിയയിലെ വനംവകുപ്പ് വിശദമാക്കുന്നത്.

ചെന്നായക്കൂട്ടത്തില്‍ നിന്ന് വേര്‍പെട്ട് ഒആര്‍ 54 തനിച്ചുള്ള സഞ്ചാരം ആരംഭിക്കുന്നത് 2018 ജനുവരിയിലാണ്. അമേരിക്കയിലെ ഓറിഗോണ്‍ മേഖലയിലുള്ള കൂട്ടത്തില്‍ നിന്നും കാലിഫോര്‍ണിയ മേഖലയിലേക്കാണ് ഒആര്‍ 54 എത്തിയത്. ഇണയെ തേടിയാണ് ഒആര്‍ 54 അലഞ്ഞതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഡിസംബറില്‍ 8712 മൈല്‍  ഏകദേശം പതിനാലായിരം കിലോമീറ്ററുകള്‍ ഈ ചെന്നായ സഞ്ചരിച്ചിരുന്നു.

ഒരു ദിവസം ഏകദേശം 21 കിലോമീറ്റർ എന്ന കണക്കിലായിരുന്നു ഈ തനിച്ചുള്ള സഞ്ചാരം. ചെന്നായ ചത്തതെങ്ങനെയാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് വിശദമാക്കി. വേട്ടയാടലിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യകാലം തൊട്ട് അമേരിക്കയില്‍ വലിയ തോതില്‍ വംശനാശ ഭീഷണി നേരിട്ട ജീവി വര്‍ഗമാണ് ചാര നിറമുള്ള ചെന്നായകള്‍. 
 

click me!