ഈ സ്ഥലം പൊന്നാകുന്നത് പേരുകൊണ്ട് മാത്രമല്ല

By പ്രശോഭ് പ്രസന്നന്‍First Published Aug 28, 2016, 1:05 PM IST
Highlights

ഒന്നാമത്തെ ഹെയര്‍പിന്‍ വളവ് ചുരുണ്ടു നിവരുന്നിടത്ത് വീരനല്ലൂര്‍ക്കോട്ടയിലെ വീരപ്പനരയനും എഴുപത്തിരണ്ടു കാണിപ്പറ്റുകളിലെ മറ്റരയന്മാരും ആറ്റിങ്ങല്‍ തമ്പുരാനെ മുഖം കാണിക്കാന്‍ ഒരുങ്ങി നിന്നു. നീളേയും നെടുകേയും കാറാനും കോറാനും തമ്പുരാന്‍ വരച്ചുകൊടുത്തയച്ച കല്‍പ്പനയ്ക്കനുസരിച്ചുള്ള വനവിഭവങ്ങള്‍ സമര്‍പ്പിക്കാനെത്തിയതാണവര്‍. ആനക്കൊമ്പും മൂങ്കില്‍ക്കുലയും വെരുകിന്‍ ചട്ടവും തേന്‍കുംഭവും കടുവാത്തോലും പുലിത്തോലുമൊക്കെയായി കാണിക്കാര്‍ കാത്തിരിക്കുന്ന നേരത്ത് അഞ്ചാമത്തെ ഹെയര്‍പിന്‍ വളവിലേക്കു ബൈക്ക് ഇരമ്പിക്കയറി. അവിടെ, ചെറിയൊരു വെള്ളച്ചാട്ടത്തിനരികില്‍ ദീര്‍ഘയാത്ര ചെയ്തു വരുന്ന ഒരു കുടുംബവും കാറും വിശ്രമിക്കുന്നതു കണ്ടു.

സെല്‍ഫികള്‍ക്കപ്പുറം
ഓരോരോ വളവുകളിലും മലഞ്ചെരിവുകളിലും യുവമിഥുനങ്ങളും സൗഹൃദസംഘങ്ങളും സെല്‍ഫിയെടുത്തു രസിച്ചു നടന്നു. വനം അവസാനിച്ചെന്നു തോന്നിക്കുന്ന ഇടങ്ങളില്‍ തേയിലത്തോട്ടങ്ങള്‍ കണ്ടു തുടങ്ങി. തേയിലച്ചെടികള്‍ക്കിടയില്‍ ഉയര്‍ന്നു താഴുന്ന തോര്‍ത്തു മൂടിയ തലകള്‍. കൊളുന്തു നുള്ളുന്ന സ്ത്രീകളാണ്. അവരുടെ മുഷിഞ്ഞ വസ്ത്രങ്ങളും പ്ലാസ്റ്റിക്ക് സഞ്ചികളും സഞ്ചാരികളുടെ സെല്‍ഫികളില്‍ പെടാതെ വഴിയരികിലും കാട്ടുപൊന്തകളിലും ചിതറിക്കിടന്നു.

തുണിഭാണ്ഡങ്ങളില്‍ കെട്ടിയൊതുക്കിവച്ചിരിക്കുന്ന തേയിലക്കൊളുന്തുകളില്‍പ്പറ്റിപ്പിടിച്ചിരുന്നു, മൂടല്‍മഞ്ഞു പോലെ ജീവിതങ്ങള്‍.

 

ഇക്കാണുന്ന പ്രദേശങ്ങളിലെ തദ്ദേശവാസികളെക്കുറിച്ചു ചിന്തിച്ചപ്പോള്‍ കാണിപ്പാട്ടും മലമ്പാട്ടുമൊക്കെ വീണ്ടും മുഴങ്ങി. വീരപ്പനരയനും മറ്റരയന്മാരും ഓര്‍മ്മകളില്‍ കുത്തിയിരിപ്പ് തുടര്‍ന്നു. കൊട്ടാരത്തിലെത്തി അഞ്ചുദിവസം കഴിഞ്ഞിട്ടും തിരുമേനിയെ കാണാന്‍ കഴിയാത്ത അവര്‍ കാഴ്ചവയ്ക്കുവാന്‍ കൊണ്ടുചെന്ന ഏത്തക്കുലയും മറ്റും ചുട്ടുതിന്നാന്‍ തുടങ്ങി. വെരുകിന്‍ ചട്ടം തീയിലിട്ടു. ആ ഗന്ധം മൂക്കിലടിച്ച രാജാവിനു കോപം വന്നു. എല്ലാവര്‍ക്കും കനത്തശിക്ഷ നല്‍കാന്‍ ഉത്തരവിട്ടു.

ഒപ്പമുള്ള എഴുപത്തിരണ്ടു കാണിപ്പേരും എലിക്കുഞ്ചുവിനെപ്പോലെ വിറച്ചുതുടങ്ങി. വീരപ്പന്‍ മാത്രം കുലക്കമില്ലാതെ നില്‍ക്കുമ്പോള്‍ പൊന്മുടി എന്ന് ബോര്‍ഡ് വച്ചൊരു കെ എസ് ആര്‍ ടി സി ബസ് ഉള്ളുനിറയെ യാത്രക്കാരെയും കൊണ്ട് അനായാസേന കുന്നുകയറിപ്പോയി.

 

കറുപ്പസ്വാമിയുടെ ക്ഷേത്രവും പിന്നിട്ട് ബൈക്കും കുന്നുകയറിക്കൊണ്ടിരുന്നു. വഴിയുടെ വശങ്ങളില്‍ പലയിടങ്ങളിലും ചെറിയ ക്ഷേത്രങ്ങളും കോവിലുകളും. പലതിനും അരയാള്‍ പൊക്കം. മണ്‍കട്ട കൊണ്ടുള്ള കുഞ്ഞു നിര്‍മ്മിതികള്‍. അതിലൊക്കെ മാടനും മറുതയും ഉള്‍പ്പെടെയുള്ള മലദൈവങ്ങള്‍ മഴയും വെയിലുമേറ്റ് ഭക്തരെ കാത്തിരുന്നു. ചിലയിടങ്ങളില്‍ പഴങ്ങളും മിഠായികളും വില്‍ക്കുന്ന പെട്ടിക്കടകള്‍.

പാട്ടക്കാലാവധി തീരാത്ത ജന്മങ്ങള്‍
നാലഞ്ചു ചെറിയ കടകളും മറ്റുമായി അങ്ങാടിയെന്നു തോന്നിക്കുന്ന ഒരിടം കണ്ട് ചായ കുടിക്കാമെന്നു കരുതി ബൈക്ക് നിര്‍ത്തി. കടകളൊന്നും തുറന്നിരുന്നില്ല. അപ്പോഴാണ് തങ്കച്ചന്‍ മുന്നിലെത്തുന്നത്. വനസംരക്ഷണ സമിതിയുടെ വേഷമിട്ട വയോധികന്‍. കടകളൊക്കെ പുലര്‍ച്ചെ തുറക്കും. 9 മണി ആകുമ്പോഴേക്കും അടയ്ക്കും. തൊഴിലാളികളെ ലക്ഷ്യമിട്ടു കൊണ്ടുള്ള കച്ചവടങ്ങളാണ്. ഇനി ഉച്ചയോടെ വീണ്ടും തുറക്കും. തങ്കച്ചന്‍ പറഞ്ഞു.

തദ്ദേശവാസികളെക്കുറിച്ച് ചോദിച്ചു. ഇത് കൊളച്ചിക്കര എസ്റ്റേറ്റെന്നും പാട്ടഭൂമിയാണെന്നും ഒഴുക്കന്‍ മറുപടി. 'ആ മല തൊട്ട് ഈ മല വരെയെന്നാണ് പാട്ടഭൂമിയുടെ അളവു കണക്ക്'. ആകാശത്തേക്ക് കൈ വീശി ആംഗ്യവിക്ഷേപങ്ങളോടെ അയാള്‍ തുടര്‍ന്നു.

സര്‍ക്കാരിന്റെയും മുതലാളിമാരുടെയും ഈ കണക്കുകള്‍ക്കും മലയിടുക്കള്‍ക്കും ഇടയില്‍പ്പെട്ടു പോകുന്ന മനുഷ്യജീവിതങ്ങളെ ആര്‍ക്കറിയാം..? തങ്കച്ചന്റെ മുഖത്തൊരു കുസൃതിച്ചിരി. കല്ലാറായി പരിണമിക്കുന്ന കൊളച്ചിക്കരത്തോടിന്റെ വശങ്ങളിലെ കൈയ്യേറ്റം ചൂണ്ടിക്കാണിച്ച് തങ്കച്ചന്‍ പതം പറഞ്ഞുകൊണ്ടിരുന്നു. അവിടമാകെ അടിക്കാടുകള്‍ വെട്ടിത്തെളിച്ചിട്ടിരിക്കുന്നു. തോട്ടിലെ വെള്ളക്കുറവിനു കാരണം മാനേജ്മെന്‍റിന്‍റെ ഈ പണിയാണെന്നാണ് അയാളുടെ പരാതി.

കൊളച്ചിക്കര എന്ന് തങ്കച്ചന്‍ വിശേഷിപ്പിച്ച ഇടങ്ങളിലൊക്കെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ ബോര്‍ഡുകള്‍ കണ്ടു.

അപ്പോള്‍, 'കിടുങ്ങാതേ നിപ്പിനെടാ' എന്നും പറഞ്ഞ് വീരപ്പന്‍ ഒപ്പമുള്ളവരെ സമാധാനിപ്പിച്ചത് ഓര്‍ത്തു. ആനപ്പുറത്തു കയറി ആനയുടെ തല വെട്ടിയും പിന്നെ മരുന്നു പുരട്ടി അതേ ആനയ്ക്കു  ജീവന്‍ വയ്പിപ്പിച്ചും അയാള്‍ തമ്പുരാനെ വിസ്മയിപ്പിച്ചു. ഒടുവില്‍ തമ്പുരാനില്‍ നിന്നും വീരമാര്‍ത്താണ്ഡനരയന്‍ എന്ന സ്ഥാനപ്പേരും ഏഴേകാലും കോപ്പും പതിച്ചു വാങ്ങി വീരപ്പനും കൂട്ടരും യാത്രയായി. അപ്പോള്‍ തങ്കച്ചനെ വഴിയിലുപേക്ഷിച്ച്, ഇരുപത്തിരണ്ടാമത്തെ ഹെയര്‍പിന്‍ വളവും കടന്ന് കേവലം സഞ്ചാരികളായി ഞങ്ങളും യാത്ര തുടര്‍ന്നു.

ആരുടേതാണ് പൊന്മുടി
റോഡ്, പൊന്മുടി എസ്റ്റേറ്റ് പരിധിയിലേക്കു കടന്നപ്പോള്‍ സംഘകാലത്തു നിന്നും മലകയറി ബുദ്ധരും ജൈനരും ഒപ്പം വന്നു. സ്ഥലനാമചരിത്രമോര്‍ത്തു. ആദിയില്‍ ബുദ്ധമത കേന്ദ്രമായിരുന്നു ഇവിടം എന്നു കേട്ടിരുന്നു. പൗരാണിക കാലത്തെ ഈ ബുദ്ധജൈന സംസ്‌കാരത്തിനു തെളിവാണ് പൊന്മുടി എന്ന പേരെന്നു ചില ചരിത്രകാരന്മാര്‍. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവന്‍, പൊന്നെയിര്‍ കോന്‍ എന്നും മറ്റുമാണ് വിളിച്ചിരുന്നതെന്നും പൊന്‍മുടി, പൊന്നമ്പലമേട്, പൊന്നാമല, പൊന്‍മന തുടങ്ങിയ പേരുകളും ഇങ്ങനെ ഉരുത്തിരിഞ്ഞതാണെന്നുമാണ് ഇവരുടെ ഭാഷ്യം.

എന്നാല്‍ കാണിക്കാരാണ് പൊന്മുടിയിലെ ആദിമവാസികളെന്നു പ്രാദേശിക ചരിത്രം. മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന മലയായതിനാല്‍ പൊന്‍മുടി എന്ന പേരു വന്നതെന്ന് ഇവരുടെ വിശ്വാസം. സംഘകാല മനുഷ്യരുടെ ആരാധനാക്രമം ഇപ്പോഴും പിന്തുടരുന്നവരാണ് കാണിക്കാര്‍. മല്ലന്‍തമ്പുരാന്‍, എല്ലക്കയ്യല്ലിസാമി, തിരുമുത്തുപാറകുഞ്ചന്‍, കാലാട്ടുമുത്തന്‍ തുടങ്ങിയവര്‍ കുലദൈവങ്ങള്‍. കൂടാതെ മാടന്‍, മറുത, ഊര, വള്ളി, കരിങ്കാളി, ആയിരവല്ലി, രസത്ത് തുടങ്ങിയ വരവേറ്റ മൂര്‍ത്തികളായ മലദൈവങ്ങളെയും ആരാധിക്കുന്നവര്‍. കാണിപ്പാട്ടും ചാറ്റു പാട്ടും മലമ്പാട്ടുമൊക്കെ പാടി നടക്കുന്നവര്‍.

ചീത കുളിച്ചേടം എന്ന് പ്രാദേശിക നാമത്തില്‍ അറിയപ്പെടുന്ന ഒരു ഇടമുണ്ട് പൊന്മുടിയുടെ നെറുകയില്‍. വനവാസകാലത്ത് രാമലക്ഷ്മണന്മാര്‍ സീതയ്‌ക്കൊപ്പം ഇവിടെ എത്തിയെന്നാണ് വിശ്വാസം. സീതയുടെ കാല്‍പ്പാദം പതിഞ്ഞു എന്നു കരുതപ്പെടുന്ന ഇവിടെ മകരസംക്രാന്തി ദിവസം വന്‍ ആഘോഷം പതിവാണ്.

വരുന്ന വഴിയില്‍ കണ്ട ചെറിയ കോവിലുകളൊക്കെ കാണിക്കാരുടെതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ കാണിക്കാര്‍ ആരാധനയ്ക്കായി പ്രത്യേകം ക്ഷേത്രങ്ങളോ ദേവാലയങ്ങളോ പണിയാറില്ലല്ലോയെന്ന് ഓര്‍ത്തു. എന്നാല്‍ ഈ സംശയത്തിനുള്ള ഉത്തരങ്ങളുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള രത്‌നവും സെല്‍വമണിയുമൊക്കെ വഴിയില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.

വെള്ളക്കാരന്‍ പോയി; കൊള്ളക്കാര്‍ വന്നു
കമ്പിമൂട്. പൊന്മുടി എക്കോ പോയിന്റിന്റെ തൊട്ടുമുമ്പുള്ള ബസ് സ്റ്റോപ്പ്. അവിടെയാണ് പരസ്പരം വഴക്കടിച്ചും സ്‌നേഹിച്ചും രത്‌നം എന്ന അമ്മൂമ്മ ചായപ്പൊടി വിറ്റും സെല്‍വമണി എന്ന മനുഷ്യന്‍ ചായയും പലഹാരങ്ങളും വിറ്റും ഉപജീവനം നടത്തുന്നത്. തേയിലത്തോട്ടങ്ങളിലെ പണിക്കായി തമിഴ്‍നാട്ടിലെ നാഗര്‍കോവിലില്‍ നിന്നും ഏതോകാലത്തു പൊന്മുടിയിലെത്തിയ തലമുറയിലെ കണ്ണികളില്‍ ചിലര്‍.

രത്‌നത്തിന്  പ്രായം എണ്‍പതിലധികം. തേയിലപ്പണിക്കു ശേഷം വനസംരക്ഷണസമിതിയിലും ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നു രത്നം. മൂന്നു വര്‍ഷം മുമ്പ് പിരിഞ്ഞു. ഇപ്പോള്‍ മകളുടെ കൂടെ കാട്ടരികില്‍ താമസം. തീരെ വയ്യ. കണ്ണിനു കാഴ്ച കുറവാണ്. പക്ഷേ ചായപ്പൊടിയും പേരക്കയും മാതളനാരങ്ങകളുമൊക്കെ വിറ്റാണ് ഉപജീവനം.

ചീറിപ്പായുന്ന വാഹനങ്ങളുടെ നേരെ തേയിലപ്പാക്കറ്റുകള്‍ നീട്ടി വിലപിക്കും രത്നം. ചിലര്‍ വാഹനം നിര്‍ത്തും. വിലപേശും. കുട്ടികള്‍ക്കൊക്കെ പേരക്കകള്‍ വെറുതെ കൊടുക്കും രത്‌നം. കരടിയും പുലിയുമൊക്കെയുള്ള സ്ഥലമാണിതെന്ന് തമിഴ് ചുവയുള്ള മലയാളത്തില്‍ അവര്‍ പറഞ്ഞു.

കാട്ടുമാമ്പഴക്കാലത്ത് കരടിയിറങ്ങും. മാമ്പഴം പെറുക്കി ഞെക്കിപ്പിഴിഞ്ഞ് ജ്യൂസു കുടിക്കുമ്പോലെ കരടി കുടിക്കും. കുട്ടിക്കരടികളുള്ള പെണ്‍കരടികളാണ് അക്രമകാരികള്‍. താഴെയുള്ള അഞ്ചും ആറും നമ്പര്‍ വളവുകള്‍ കരടിത്താവളങ്ങളായിരുന്നു ഒരുകാലത്ത്. ഒമ്പതാം നമ്പര്‍ വളവില്‍ ഒരു പുലിയുണ്ടായിരുന്നു. ഇണയോടൊപ്പം നാടുവിറപ്പിച്ചിരുന്ന വന്‍പുലി. എന്നാല്‍ ഇണ ചത്തതിനു ശേഷം ആ പുലി അക്രമസ്വഭാവം കാണിച്ചിട്ടില്ലത്രെ. വൈകുന്നേരങ്ങളില്‍ ഒമ്പതാം വളവിലെ ഒരു കരിമ്പാറപ്പുറത്ത് അകലങ്ങളിലേക്കു നോക്കി അതിങ്ങനെ വെറുതെ കിടക്കുമായിരുന്നു.

ആദിവാസികളും തോട്ടം തൊഴിലാളികളുമൊക്കെ ദൈനംദിന ചെലവുകള്‍ക്കു വക കണ്ടെത്തുന്നത് നാടന്‍ പഴങ്ങള്‍ വിറ്റിട്ടാണ്. പൊന്‍മുടി അപ്പര്‍ സാനിറ്റേറിയം മുതല്‍ കല്ലാര്‍ വരെ റോഡരികില്‍ പഴവര്‍ഗങ്ങളുമായി സ്ഥലവാസികള്‍ ഇരിപ്പുറക്കും.  എസ്റ്റേറ്റില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന പേരക്കകള്‍ രത്‌നത്തിനും പ്രദേശവാസികള്‍ക്കും മാത്രമല്ല കുരങ്ങന്മാര്‍ക്കും വയറ്റില്‍പ്പിഴപ്പായിരുന്നു.  എന്നാല്‍ ഇനിമുതല്‍ പേരക്കകളില്‍ തൊട്ടു പോകരുതെന്നാണ് പൊന്മുടി എസ്‌റ്റേറ്റ് മാനേജ്‌മെന്റിന്റെ  പുതിയ ഉത്തരവ്. അതിനെപ്പറ്റി പറഞ്ഞപ്പോള്‍ രത്‌നത്തിന്റെ കണ്ണുകളില്‍ നൊമ്പരം. പേരക്കകള്‍ മുഴുവന്‍ മാനേജ്‌മെന്റ് സ്വകാര്യവ്യക്തിക്ക് പാട്ടം നല്‍കിയത് അടുത്തദിവസങ്ങളിലാണ്.

 

തേയില ഫാക്ടറികളില്‍ ടണ്‍കണക്കിന് തേയില കെട്ടിക്കിടക്കുമ്പോഴാണ് മാനേജ്‌മെന്റിന്റെ ഈ തൊട്ടിത്തരം.വിരമിച്ച തൊഴിലാളി സെല്‍വമണിയുടെ ശബ്ദത്തില്‍ രോഷം.

തൊഴിലാളികള്‍ക്ക് പണിയില്ല. പലരും മറ്റു ഗതിയൊന്നുമില്ലാത്തതിനാല്‍ ഇവിടെത്തന്നെ തുടരുന്നു. തമ്മില്‍ ഭേദം വെള്ളക്കാരായിരുന്നു. അയാള്‍ പറഞ്ഞു.  ബ്രിട്ടീഷുകാരാണ് പൊന്മുടിയിലെ തേയിലത്തോട്ടങ്ങളുടെ ശില്‍പ്പികള്‍. സ്വാതന്ത്ര്യത്തിനു ശേഷവും അവരില്‍ പലരും ഇവിടെ തുടര്‍ന്നു. എഴുപതുകളില്‍ പുതിയ നിയമം വന്നപ്പോള്‍ അവസാന  വെള്ളക്കാരനും പാട്ടഭൂമിയായ തോട്ടം ഉപേക്ഷിച്ചു മലയിറങ്ങി. പിന്നീട് കുറേക്കാലം ബിര്‍ലയുടെ കൈവശമായിരുന്നു ഭൂമി. ഇപ്പോള്‍ മലയാളികളായ മുതലാളിമാരുടെ കൈയ്യിലാണ്. പാട്ടഭൂമി കൈവശപ്പെടുത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് സ്വദേശി മുതലാളിമാര്‍ ശ്രമിച്ചതെന്ന് സെല്‍വമണി പറയുന്നു. തേയില കൃഷിയിലൊന്നും അവര്‍ക്ക് ഒരു താല്‍പര്യവുമില്ല. അദ്ഭുതം തോന്നി. എത്ര ഭംഗിയായിട്ടാണ് ഈ മനുഷ്യന്‍ സംസാരിക്കുന്നത്.

പരിസ്ഥിതി പ്രവര്‍ത്തകരും നിയമങ്ങളുമൊന്നും ഇല്ലായിരുന്നെങ്കില്‍ ഈ പ്രദേശം ബാക്കി ഉണ്ടാകുമായിരുന്നില്ലെന്നു കൂടി ഗ്ലാസിലേക്കു ചായ പകരുന്നതിനിടയില്‍ അയാള്‍ ഓര്‍മ്മിപ്പിച്ചു.

ബ്ലഡി മലയാളീസ്
വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രധാന ഗേറ്റിന്റെ പുറത്തുവച്ചാണ് ഗോപിയെയും ശശിയെയും കാണുന്നത്. തദ്ദേശവാസികള്‍; വിഎസ്എസ് പ്രവര്‍ത്തകര്‍. പെറുക്കിക്കൂട്ടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ചാക്കില്‍കെട്ടി ഉന്തുവണ്ടിയില്‍ കയറ്റുന്ന തിരക്കിലായിരുന്നു അവര്‍. വനസംരക്ഷണ സമിതിയിലെ ജോലികൊണ്ട് ഉപജീവനം.

ആളുകള്‍ മല കയറുന്നത് തന്നെ ഭക്ഷണം കഴിക്കാനും മാലിന്യങ്ങള്‍ തള്ളാനും മാത്രമാണെന്ന് ഇരുവരുടെയും അനുഭവത്തിന്റെ വെളിച്ചം. പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും ഉപേക്ഷിക്കരുതെന്നു പറഞ്ഞാല്‍ പലരും ചീത്ത വിളിക്കും. പിന്നെ നിങ്ങള്‍ക്കെന്താണ് പണിയെന്നാവും മറുചോദ്യം. മലയാളികളാണ് മോശമായി പെരുമാറുന്നതില്‍ മിടുക്കര്‍

 

ഗോള്‍ഡന്‍വാലിയില്‍ തുടങ്ങി എക്കോപോയിന്റിന്റെ വിവിധ സ്‌പോട്ടുകളില്‍ വനംവകുപ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഇത്തരം നൂറിലധികം  വനസംരക്ഷണസമതി പ്രവര്‍ത്തകരുണ്ട്. വനിതകളും വയോധികരും യുവാക്കളും ഉള്‍പ്പെടെയുള്ളവര്‍. ഭൂരിഭാഗം തദ്ദേശവാസികളുടെയും ഉപജീവനം  ഈ തൊഴിലാണ്. ഓരോരുത്തര്‍ക്കും പത്തു ദിവസം വീതമുള്ള തൊഴില്‍ ദിനങ്ങളാണ് കിട്ടുക. 350 രൂപ ദിവസക്കൂലി. പത്തു ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ അവസാനിച്ചാല്‍ വീണ്ടും ലഭിക്കണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം.

ഇവിടുന്നൊന്ന് രക്ഷപ്പെട്ടാല്‍ മതി
തിരിച്ചു വരുമ്പോഴാണ് പൊന്മുടി എസ്റ്റേറ്റിന്റെ സെറ്റില്‍മെന്റിലേക്കിറങ്ങിയത്. മനോഹരമായ താഴ്‍വാരം. പ്രധാന റോഡില്‍ നിന്നും താഴോട്ടു സഞ്ചരിച്ചാല്‍ ഇരുന്നൂറു വര്‍ഷത്തിലധികം പഴക്കമുള്ള തേയില ഫാക്ടറി. അകത്തുകയറി. പഴയരീതിയിലുള്ള യന്ത്രങ്ങള്‍. ഓരോന്നിന്റെയും പ്രവര്‍ത്തന രീതികള്‍ മാനേജര്‍ ഷാജി വിശദീകരിച്ചു. പുറത്തിറങ്ങി. വരാന്തയുടെ ചുവരില്‍ പേരമരങ്ങള്‍ പാട്ടം കൊടുത്തുവെന്നും പറിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമുള്ള അറിയിപ്പ് ഒട്ടിച്ചു വച്ചിരിക്കുന്നതു കണ്ടു. രത്‌നത്തിന്റെ കണ്ണുകളിലെ നൊമ്പരം ഓര്‍മ്മ വന്നു.

വീണ്ടും താഴേക്ക്. വഴിയുടെ വശങ്ങളില്‍ തൊഴിലാളികളുടെ ലയങ്ങള്‍. മിക്കതും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ആളുകള്‍ ഉപേക്ഷിച്ചു പോയതാണ്. പലരും വിതുര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. പുതുതായി ആരും ഈ സെറ്റില്‍മെന്റിലേക്കു വരുന്നില്ലെന്നും വിവാഹങ്ങളൊന്നും നടക്കുന്നില്ലെന്നുമൊക്കെ ചായക്കടക്കാരന്‍ സെല്‍വമണി പറഞ്ഞത് ഓര്‍ത്തു. എന്നിട്ടും അറുപതോളം കുടുംബങ്ങള്‍ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട്. ക്രിസ്ത്യന്‍ പള്ളിയിലും പരിസരപ്രദേശങ്ങളിലും വിജനത മുറ്റി നിന്നു.

ഫാക്ടറി ബംഗ്‌ളാവിനു സമീപത്തെ തോടിനപ്പുറം ഏഴാംക്ലാസ്സ് വരെയുള്ള സ്‌കൂള്‍. വിദ്യാര്‍ത്ഥികളുടെ എണ്ണം കേട്ടപ്പോള്‍ ഞെട്ടി. വെറും ഏഴു പേര്‍.

സ്‍കൂളു വിട്ടു വരുന്ന നിതിനും അരുണും ബൈക്കിനെ ഓടിത്തോല്‍പ്പിക്കാന്‍ ശ്രമിച്ചു. നിതിന്‍ ആറിലും അരുണ്‍ അഞ്ചിലും പഠിക്കുന്നു. അരുണിന് അച്ഛനില്ല. അമ്മയും ചേട്ടനുമുണ്ട്. ചേട്ടന്‍ പ്ലസ്‍ടു കഴിഞ്ഞ് പണിക്കു പോകുന്നു. അരുണിന്‍റെ ശബ്ദത്തില്‍ എന്തോ ഒരു വിഷമം കുടുങ്ങിക്കിടന്നു. താന്‍ ഉടന്‍ ഇവിടം വിടുമെന്ന് പറഞ്ഞപ്പോള്‍ അവന്റെ ശബ്ദത്തില്‍ ആത്മവിശ്വാസം. നവോദയ സ്‌കൂളിലെ അഡ്‍മിഷന്‍ പെട്ടെന്നു നടക്കുമെന്നുള്ള വിശ്വാസത്തിലാണ് അരുണ്‍. ഇവിടെ നിന്നു പോകാന്‍ വിഷമമില്ലേ എന്ന് അവനോട് അജിന്‍ ചോദിച്ചു. 'എന്റെ പൊന്നുചേട്ടന്മാരേ എങ്ങനെങ്കിലും ഇവിടെ നിന്നൊന്ന് രക്ഷപ്പെട്ടാല്‍ മതി' എന്നായിരുന്നു അവന്‍റെ മറുപടി.

 

തകര്‍ന്ന ലയങ്ങളിലൊന്നിന്റെ തിണ്ണയില്‍ കയറി നിന്നു മുകളിലേക്കു നോക്കി. വിനോദ സഞ്ചാര കേന്ദ്രവും എക്കോപോയിന്റും നിരീക്ഷണ ടവറുമൊക്കെ അങ്ങുയരത്തില്‍ കണ്ടു. അവിടങ്ങളിലൊക്കെ ചെറിയപൊട്ടുകള്‍ പോലെ മനുഷ്യര്‍ പുളച്ചുനടക്കുന്നു.

ചിലര്‍ സെല്‍ഫിയെടുക്കുകയാവും. ചിലര്‍ സൊറപറഞ്ഞും മഞ്ഞാസ്വദിച്ചും വെറുതെ താഴേയ്‍ക്കു നോക്കി നില്‍ക്കുകയാവും. ഭക്ഷണപ്പൊതികള്‍ പങ്കുവച്ച് അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലാവും ചിലര്‍. പൊന്മുടിയുടെയും താഴ്‍വരകളുടെയും മനോഹാരിതയെപ്പറ്റി പലരും വാചാലരാകുന്നുണ്ടാവും. അക്കാണുന്നത് പനയന്‍പൊന്‍മുടിയെന്നും അതിനുമപ്പുറം ഇല്‍വര്‍ക്കാടെന്നും പിന്നെക്കാണുന്നത് പുതുക്കാടെന്നുമൊക്കെ ഒപ്പമുള്ളവര്‍ക്ക് വിശദീകരിച്ചു കൊടുക്കുകയാവും മറ്റുചിലര്‍. ഇടയില്‍ ചില കൂവല്‍ ശബ്ദങ്ങള്‍ നിലത്തു വന്നടിച്ച് തിരിച്ചു പോയി. അല്‍പ്പം മുമ്പ് അവിടെ നില്‍ക്കുമ്പോള്‍ ഇതൊക്കെത്തന്നെയാണല്ലോ ഞങ്ങളും ചെയ്തതെന്ന് ഓര്‍ത്തു.

 

 

പൊന്മുടിയിക്കുറിച്ചുള്ള നിങ്ങളുടെ യാത്രാനുഭവങ്ങളും ഓര്‍മ്മച്ചിത്രങ്ങളും ഞങ്ങള്‍ക്ക് അയക്കുക. തെരെഞ്ഞെടുക്കുന്നവ സഞ്ചാരിയില്‍ പ്രസിദ്ധീകരിക്കും. വിലാസം prashobh@asianetnews.in കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഫോട്ടോ ഗാലറി സന്ദര്‍ശിക്കുക

click me!