താരങ്ങളുടെ വിവാഹമോചനവും അവയുടെ കാരണങ്ങളും...

By Web TeamFirst Published May 2, 2019, 4:11 PM IST
Highlights

വിവാഹവും വിവാഹ മോചനവും വെള്ളിത്തിരയില്‍ പുത്തരിയല്ല. മലയാള സിനിമയിലെ പ്രശസ്ത യുവ ഗായിക വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി എന്ന വാര്‍ത്തയാണ് ഇന്ന് കേരളം കേട്ടത്. 

വിവാഹവും വിവാഹ മോചനവും വെള്ളിത്തിരയില്‍ പുത്തരിയല്ല. മലയാള സിനിമയിലെ പ്രശസ്ത യുവ ഗായിക വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി  എന്ന വാര്‍ത്തയാണ് ഇന്ന് കേരളം കേട്ടത്. 

2011ലെ കണക്ക് പ്രകാരം കേരളത്തില്‍ 13.6 ലക്ഷം സ്ത്രീകളാണ് ഒറ്റയ്ക്ക് ജീവിക്കുന്നത് അതില്‍ വിവാഹമോചനം നേടിയവരുമുണ്ട്. പുത്തന്‍ തലമുറയില്‍ വിവാഹ മോചനം വര്‍ദ്ധിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ചിലപ്പോള്‍ ഒന്നിനേയും പക്വതയോടെ സമീപിക്കാത്തതാണ് ഇത്തരത്തില്‍ പിരിയുന്നതിന് കാരണമാകുന്നത്. എന്നാല്‍ ചിലപ്പോള്‍ പരസ്പരം ഒത്തുപോകാന്‍ കഴിയില്ല എന്ന തിരിച്ചറിവായിരിക്കാം വേര്‍പിരിയലിന് കാരണമാകുന്നത് എന്നും തിരുവനന്തപുരം ശാസ്തമംഗലത്തെ മനശാസ്ത്രഞ്ജന്‍ ഡോ. എസ് കെ വിജയചന്ദ്രന്‍ പറയുന്നു. താരങ്ങളുടെ ജീവിതത്തില്‍ അത് സംഭവിക്കുമ്പോള്‍ അതും ആഘോഷിക്കപ്പെടുന്നു എന്ന് മാത്രം.   സിനിമയും ജീവിതവും രണ്ടും രണ്ടു തന്നെയാണ്. എന്നാല്‍ മനുഷ്യന്റെ താല്‍പ്പര്യങ്ങളും സ്വപ്‌നങ്ങളും എല്ലായ്‌പ്പോഴും ഒരുപോലെയാണ്. 

ഈ അടുത്ത കാലത്തായി വിവാഹബന്ധം വേര്‍പെടുത്തുന്ന താരങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ വിവാഹമോചനം നേടിയ നടിമാരില്‍ പലരും തങ്ങളുടെ അഭിനയ ജീവിതത്തിന്റെ ഏറ്റവും മികച്ച സമയങ്ങളില്‍ സിനിമയില്‍ നിന്ന് വിടവാങ്ങി വിവാഹ ജീവിതത്തിലേയ്ക്ക് കടന്നവരായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മലയാള സിനിമാ ലോകത്ത് സ്വരച്ചേര്‍ച്ചയില്ലാതെ പിരിയേണ്ടി വന്ന നിരവധി താരങ്ങളുണ്ട്. അത്തരം ചില താരങ്ങളുടെ ജീവിതം നമ്മളെ പലതും പഠിപ്പിക്കും. 

1990 കളില്‍ മലയാള സിനിമാലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒന്നാണ് നടി ലിസിയും സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള പ്രണയ വാര്‍ത്തകള്‍. ഗോസിപ്പുകള്‍ക്കവസാനമെന്നോണം 1990 ഡിസംബര്‍ 13ാം തിയതി ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം ലിസി അഭിനയത്തോട് വിട പറയുകയും ചെയ്തു. 24 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2014 ഓടുകൂടി വീണ്ടും ഇവരെക്കുറിച്ചുള്ള പല വാര്‍ത്തകളും പുറത്തുവന്നുതുടങ്ങി. പക്ഷേ, അത്തരം വാര്‍ത്തകളോട് പ്രതികരിക്കാന്‍ പ്രയദര്‍ശന്‍ തയാറായിരുന്നില്ല. എന്നാല്‍ 2014 ഡിസംബര്‍ ഒന്നാം തീയതി ലിസി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയെ സമീപിച്ചതോടെ വാര്‍ത്തകള്‍ സത്യമായിരുന്നെന്ന് ഏവര്‍ക്കും ബോധ്യമായി. പിന്നീട് 2016 സെപ്റ്റംബര്‍ ഒന്നാം തിയതി ഇരുവരും നിയമപരമായി വിവാഹമോചനം നേടി.

അഭിനയ ജീവിതത്തിന്‍റെ നല്ല സമയത്താണ് നടി ദിവ്യാ ഉണ്ണിയും വിവാഹിതയായത്. 2002ലായിരുന്നു അത്.  പിന്നീട് ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖരനൊപ്പം അമേരിക്കയിലേയ്ക്ക് പോയി. അഭിനയം നിര്‍ത്തിയെങ്കിലും തന്റെ ഇഷ്ട കലയായ നൃത്തം ദിവ്യാ ഉണ്ണി തുടര്‍ന്നിരുന്നു. കൂടാതെ അമേരിക്കയില്‍ തന്നെ ഒരു ഡാന്‍സ് സ്‌കൂളും തുടങ്ങി.  പിന്നീട് 2016 ഓഗസ്റ്റില്‍ താന്‍ വിവാഹമോചനം നേടാനൊരുങ്ങുകയാണെന്ന വെളിപ്പെടുത്തലുമായി ദിവ്യ തന്നെ രംഗത്തെത്തി. ഭര്‍ത്താവിന്റെ സ്വാര്‍ത്ഥത നിറഞ്ഞ സ്വഭാവമാണ് തന്നെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നടി പറഞ്ഞത്. 2018ല്‍ ദിവ്യ മറ്റൊരു വിവാഹവും ചെയ്തു. 

1998 ലാണ് ദിലീപും മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച അഭിനേത്രിയായ മഞ്ജു വാര്യരും വിവാഹിതരായത്. അഭിനയത്തിലെ തന്റെ കഴിവുകളെയെല്ലാം മാറ്റി വച്ച് മഞ്ജു പൂര്‍ണ്ണമായും ഒരു വീട്ടമ്മയായി ഒതുങ്ങുകയായിരുന്നു. 2013ന്‍റെ പകുതിയോടെയാണ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണതായി വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. 2014 ഇവര്‍ വിവാഹമോചനത്തിനപേക്ഷ നല്‍കുകയും 2015 ല്‍ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു. ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്തായിരുന്നെന്ന് വ്യക്തമല്ലെങ്കിലും ഇവരുടെ ഏകപുത്രി മീനാക്ഷി ഇപ്പോഴും ദിലീപിനൊപ്പമാണ് കഴിയുന്നത്. കാന്‍സറിനെപ്പോലും പൊരുതി തോല്‍പ്പിച്ച ആളാണ് മംമ്ത മോഹന്‍ദാസ്. എന്നാല്‍ തന്റെ വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അവര്‍ പരാജയപ്പെട്ടു. 2011ലാണ് ബിസിനസുകാരനായ പ്രജിത് പത്മനാഭനെ മംമ്ത വിവാഹം ചെയ്തത്. ഒരു വര്‍ഷം തികയുന്നതിന് മുമ്പ് പിരിഞ്ഞ ഇവര്‍ 2014 ല്‍ നിയമപരമായും വേര്‍പിരിഞ്ഞു. തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു തന്റെ വിവാഹമെന്നാണ് മംമ്ത ഇതേക്കുറിച്ച് പറഞ്ഞത്.

മഞ്ജുവിന് ശേഷം ജനപ്രിയ നായികയായി തിളങ്ങിയ കാവ്യാ മാധവന്‍ 2009 ലാണ് വിവാഹിതയായത്. ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്‌ക്കൊപ്പം കുവൈറ്റിലായിരുന്നു കാവ്യ പിന്നീട്. വെറും നാല് മാസത്തെ ജീവിതത്തിനുശേഷം കാവ്യ നാട്ടിലേയ്ക്ക് തിരിച്ചു പോന്നു. നിഷാലും വീട്ടുകാരുമായും തനിക്ക് ഒത്തുപോകാനാവില്ലെന്നാണ്് കാവ്യ അന്ന് കാരണമായി അറിയിച്ചത്. 2011 ല്‍ വിവാഹമോചനം നേടുകയും ചെയ്തു. മലയാള സിനിമാലോകത്തെ ഏറ്റവും അധികം ഞെട്ടിച്ച വിവാഹമോചനമായിരുന്നു അത്. പിന്നീട് ദിലീപും കാവ്യയും 2017ല്‍ വിവാഹം ചെയ്യുകയും ചെയ്തു. 

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2000ത്തില്‍ വിവാഹിതരായവരാണ് മനോജ് കെ ജയനും ഉര്‍വ്വശിയും. വിവാഹ ശേഷം ഉര്‍വ്വശി അഭിനയം നിര്‍ത്തുകയും ചെയ്തു. 2007 ല്‍ ഇവരും വേര്‍പിരിഞ്ഞു. എന്നാല്‍ ഏകമകള്‍ കുഞ്ഞാറ്റയുടെ അവകാശത്തെച്ചൊല്ലി ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു. ഉര്‍വ്വശിയും മനോജും പുനര്‍വിവാഹിതരാവുകയും ചെയ്തു.

മുകേഷ് സരിത ബന്ധത്തിന് കാലങ്ങളുടെ കെട്ടുറപ്പായിരുന്നു ഉണ്ടായിരുന്നിട്ടും അവരും പിരിഞ്ഞു. വിവാഹം കഴിഞ്ഞ് അധിക നാളാവുന്നതിനു മുന്‍പേ പിരിഞ്ഞ് വ്യക്തികളാണ് മംമ്തയും പ്രഗിതും. മലയാള-തമിഴ് സിനിമകളെ ഒരുപോലെ ഞെട്ടിച്ച ഒന്നാണ്  നടി അമലാ പോളിന്റെയും തമിഴ് സംവിധായകന്‍ വിജയ്‌യുടെയും വിവാഹമോചന വാര്‍ത്ത.

2011 ല്‍ വിജയ് സംവിധാനം നിര്‍വ്വഹിച്ച ദൈവത്തിരുമകള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. ആദ്യമൊക്കെ ഇരുവരും ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ചെങ്കിലും പിന്നീട് 2014 ജൂണ്‍ 12 ന് ഇവര്‍ വിവാഹിതരായി. മറ്റ് നടിമാരില്‍ നിന്ന് വ്യത്യസ്തമായി അമല തന്റെ അഭിനയ ജീവിതം തുടര്‍ന്നു പോന്നു. എന്നാല്‍ 2016 ഓഗസ്റ്റ് ആറിന് വിവാഹമോചനത്തിന് അമല അപേക്ഷ സമര്‍പ്പിച്ചു. വളരെ നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നെന്ന് ഇവരുടെ സുഹൃത്തുക്കള്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു.


 

click me!