ആവര്‍ത്തിച്ച് കൈ കഴുകുന്നതും വാതില്‍ പൂട്ടിയില്ലേയെന്ന് സംശയിക്കുന്നതും എന്തുകൊണ്ട്?

By Web DeskFirst Published Jul 15, 2018, 3:32 PM IST
Highlights
  • പല തരത്തിലുള്ള ഘടകങ്ങളാണ് ഒ.സി.ഡിയെ നിര്‍ണ്ണയിക്കുന്നത്
  • ഫലപ്രദമായ പരിഹാരമുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍

ഓഫീസിലേക്കോ പുറത്തേക്കോ ഇറങ്ങുമ്പോള്‍ വീടിന്റെ വാതില്‍ പൂട്ടിയില്ലേയെന്ന് സംശയിക്കാറുണ്ടോ? ഗ്യാസ് ഓഫാക്കിയില്ലെന്നോ, ടാപ്പ് അടച്ചിട്ടില്ലെന്നോ ആവര്‍ത്തിച്ച് ആശങ്കപ്പെടാറുണ്ടോ? ഇത്തരക്കാരെ പൊതുവേ ഒ.സി.ഡി (ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍) ഉള്ളവരായാണ് ചിത്രീകരിക്കാറ്. എന്നാല്‍ ഇത്തരം ആശങ്കകളാണോ യഥാര്‍ത്ഥത്തില്‍ ഒ.സി.ഡി?

പ്രശസ്ത തെറാപിസ്റ്റ് ലിന്‍ ക്രിലി പറയുന്നത് ഇത്തരം തോന്നലുകള്‍ സാധാരണമാണെന്നാണ്. ഓരോരുത്തരുടേയും ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് അവരുടെയുള്ളില്‍ ആശങ്കകള്‍ ഉണ്ടാകുന്നു. ജോലിയുടെ സ്വഭാവം, കുടുംബ പശ്ചാത്തലം, ആരോഗ്യ സ്ഥിതി തുടങ്ങി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും പ്രധാനമായും ഈ തോന്നലുകള്‍ ഉണ്ടാവുക.

എന്നാല്‍ ഇതേ തോന്നലുകള്‍ അല്‍പം കൂടി ഉയര്‍ന്ന തോതിലാണെങ്കില്‍ നിങ്ങള്‍ ഒ.സി.ഡിയുടെ പിടിയിലാണെന്ന് സംശയിക്കാമെന്നും ലിന്‍ പറയുന്നു. ഉദാഹരണത്തിന് ഗ്യാസ് ഓഫ് ചെയ്തില്ലേയെന്ന സംശയം തോന്നി, തിരിച്ചുപോയി പരിഹരിച്ചതിന് ശേഷം വീണ്ടും അതേ സംശയം വരികയും, തുടര്‍ന്ന് വീടിന് തീ പിടിക്കുമോയെന്ന തരത്തില്‍ ചിന്തകള്‍ കാട് കയറാറുണ്ടെങ്കില്‍ ഒ.സി.ഡിയുടെ സാധ്യത കൂടുതലത്രേ. 

എത്തരത്തിലാണോ ശാരീരികമായ ഒരസുഖത്തെ ചികിത്സിക്കുന്നത്, അതുപോലെ തന്നെ ഒ.സി.ഡിയും പരിഗണിക്കണമെന്നാണ് മനഃശ്ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത്

ഇത്തരം ആളുകള്‍ക്ക് സാധാരണ നമ്മള്‍ ചിന്തകളെ വേര്‍തിരിച്ചെടുക്കുന്നത് പോലെ വേര്‍തിരിച്ചെടുക്കാനാകില്ലെന്നും, കൂടുതല്‍ സങ്കീര്‍ണ്ണമായ ഒരു മാനസികാവസ്ഥയാണിതെന്നും ലിന്‍ പറയുന്നു. ചിന്തകളില്‍ മാത്രമല്ല പെരുമാറ്റത്തിലും ക്രമേണ ജീവിതത്തിലെ എല്ലാ തലത്തിലും ആശങ്കകള്‍ വന്നു നിറയും. 

എത്തരത്തിലാണോ ശാരീരികമായ ഒരസുഖത്തെ ചികിത്സിക്കുന്നത്, അതുപോലെ തന്നെ ഒ.സി.ഡിയും പരിഗണിക്കണമെന്നാണ് മനഃശ്ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത്. പ്രത്യക്ഷമായി കാണാനാകാത്ത അസുഖമായതിനാല്‍ പലപ്പോഴും ഒ.സി.ഡിയുള്ളവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാതെ പോകുന്നു. അസുഖമുള്ളയാള്‍ക്കുള്ള ചികിത്സയേക്കാള്‍ അയാള്‍ക്ക് ചുറ്റുമുള്ളവരുടെ പെരുമാറ്റമാണ് പ്രധാനം. എത്തരത്തിലാണ് ഇവരുടെ ആശങ്കകള്‍ നിത്യജീവിതത്തെ ബാധിക്കുന്നതെന്ന് മനസ്സിലാക്കി പെരുമാറാന്‍ ശ്രമിക്കുക. 

പല തരത്തിലുള്ള വൈകാരികാവസ്ഥകളെ അടിസ്ഥാനപ്പെടുത്തി വിദഗ്ധര്‍ ഒ.സി.ഡിയെ അഞ്ച് തരത്തില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ക്ക് ഭക്ഷണവുമായി ബന്ധപ്പെട്ടായിരിക്കും ആശങ്കകളും സങ്കീര്‍ണ്ണതകളുമുണ്ടാവുക. ചിലര്‍ക്ക് അത് ഏറ്റവും പ്രയിപ്പെട്ട ആളുകളെക്കുറിച്ചുള്ള തോന്നലില്‍ നിന്നായിരിക്കും. മറ്റ് ചിലര്‍ക്ക് വൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരിക്കും പ്രശ്‌നം. സാമൂഹികമായ അവസ്ഥകളും ഒ.സി.ഡിക്ക് കാരണമാകുന്നുണ്ട്. അതിന് ഉദാഹരണമാണ് മതം. മതപരമായ ചിട്ടകളിലും ഇതേ അനാവശ്യ നിഷ്‌കര്‍ഷത പുലര്‍ത്താറുണ്ട്. പല തരത്തിലുള്ള ഭയങ്ങളും ഫോബിയകളുമാണ് മറ്റൊരു തരം ഒ.സി.ഡി.

പലപ്പോഴും ഇവയില്‍ ഒന്നില്‍ കൂടുതല്‍ തരം ഒ.സി.ഡികള്‍ ഒരാള്‍ക്ക് തന്നെയുണ്ടാകാം. എന്നാല്‍ ഏതവസ്ഥയിലുള്ള ഒ.ഡി.സിയ്ക്കും പരിഹാരമുണ്ടെന്ന് തന്നെയാണ് ആദ്യം മനസ്സിലാക്കേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജിവിതത്തില്‍ വരുത്താന്‍ കഴിയുന്ന ചില ചെറിയ മാറ്റങ്ങളിലൂടെ ഇതിനെ മറികടക്കാം. അല്ലെങ്കില്‍ ആവശ്യമായ തെറാപ്പിയോ അതുമല്ലെങ്കില്‍ മരുന്നോ എടുക്കാവുന്നതാണ്.
 

click me!