'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്!'; പുകവലിപ്പരസ്യങ്ങളുടെ പിന്നിലെ കഥ!

By Web TeamFirst Published Oct 29, 2018, 9:15 PM IST
Highlights

രസകരമായ വിവിധ ഘട്ടങ്ങളിലൂടെയാണ് ഗവേഷകസംഘം ഇതിന് പിന്നിലെ കഥ കണ്ടെത്തിയിരിക്കുന്നത്. ഇതിനായി മുന്നൂറോളം പുകവലിപ്പരസ്യങ്ങളാണ് ഇവര്‍ തെരഞ്ഞെടുത്തത്
 

തിയേറ്ററുകളിലും മറ്റും പുകവലിപ്പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ മുറുമുറുപ്പുകള്‍ ഉയരും. എന്തുകൊണ്ടാണ് ഇത്തരം പരസ്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ അസ്വസ്ഥരാകുന്നത്? തീര്‍ച്ചയായും അത്തരം പരസ്യങ്ങളിലെ ഉള്ളടക്കം തന്നെയാണ് ഇതിന് കാരണമെന്ന് പറയേണ്ടി വരും. സാധാരണക്കാരുടെ മനസ്സിനെ ഇത്രയധികം അസ്വസ്ഥതപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിക്കാന്‍ കാരണമെന്തായിരിക്കും!

ഈ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള ഉത്തരമാണ് പെന്‍സില്‍വാനിയ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകസംഘം കണ്ടുപിടിച്ചിരിക്കുന്നത്. രസകരമായ വിവിധ ഘട്ടങ്ങളിലൂടെയാണ് ഇവര്‍ ഇതിന് പിന്നിലെ കഥ കണ്ടെത്തിയിരിക്കുന്നത്. ഇതിനായി മുന്നൂറോളം പുകവലിപ്പരസ്യങ്ങള്‍ ഇവര്‍ തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയ, കാനഡ, ന്യുസീലന്‍ഡ്, യു.കെ എന്നീ രാജ്യങ്ങളില്‍ നിന്നായി ചിത്രങ്ങളിലും, ദൃശ്യങ്ങളിലും, വാക്യങ്ങളിലുമുള്ള പരസ്യങ്ങളാണ് തെരഞ്ഞെടുത്തത്. 

ഈ പരസ്യങ്ങളുടെയെല്ലാം പ്രത്യേകതകളും ഇവര്‍ വെവ്വേറെ രേഖപ്പെടുത്തി. അതായത്, ചിത്രത്തിന്റെയോ ദൃശ്യത്തിന്റെയോ നിറമോ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്ന ആളുകളോ ഒക്കെ പോലെയുള്ള പ്രത്യേകതകള്‍. തുടര്‍ന്ന് പുകവലിക്കാരായ 1,400ഓളം പേരെ വച്ച് പഠനം തുടങ്ങി. 

ഓരോ പരസ്യവും എന്ത് ചിന്തയാണ് ഓരോരുത്തരിലുമുണ്ടാക്കുന്നതെന്നായിരുന്നു സംഘത്തിന് കണ്ടെത്തേണ്ടിയിരുന്നത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ഇത്തരം പരസ്യങ്ങള്‍ കാണുമ്പോള്‍ പുകവലി നിര്‍ത്തണമെന്ന തോന്നല്‍ തന്നെയാണ് ഉണ്ടാകുന്നതെന്ന് സംഘം പഠനത്തിനൊടുവില്‍ കണ്ടെത്തി. മിക്കവാറും ആളുകള്‍ക്ക് വ്രണപ്പെട്ട ശ്വാസകോശങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും അല്ലെങ്കില്‍ അത്തരത്തില്‍ അസ്വസ്ഥതപ്പെടുത്തുന്ന ഉള്ളടക്കവും കാണുമ്പോള്‍ പുകവലി അവസാനിപ്പിക്കണമെന്ന ചിന്ത വരുന്നുവത്രേ. ഇതേ ചിന്ത നിരന്തരം പുകവലിക്കാരില്‍ ഉണ്ടാക്കാന്‍ ഇതുപോലുള്ള പരസ്യങ്ങള്‍ സഹായിക്കുമെന്ന് തന്നെയാണ് പഠനം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെയാണ് പുകവലിപ്പരസ്യങ്ങൾ ഇത്രമാത്രം 'മോശം' രീതിയിൽ ഒരുക്കിയിരിക്കുന്നത്രേ!

അതേസമയം അമേരിക്കയുള്‍പ്പെടെ പല രാജ്യങ്ങളിലും ഇപ്പോഴും വാക്കുകളിലൂടെ മാത്രമേ പ്രധാനമായും പുകവലിപ്പരസ്യങ്ങള്‍ ചെയ്യുന്നുള്ളൂ. എത്രയും പെട്ടെന്ന് ഈ രീതി മാറ്റാന്‍ തങ്ങളുടെ പഠനറിപ്പോര്‍ട്ട് സഹായകമാകുമെന്നാണ് ഗവേഷകസംഘം ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.
 

click me!