നഗരജീവിതത്തിലെ തലവേദന; മാലിന്യ സംസ്‌കരണത്തെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പ്

By Web TeamFirst Published Oct 1, 2021, 5:48 PM IST
Highlights

''മിക്കവരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം പുഴു ശല്ല്യം ആണ്. അഴുകിയ വസ്തുക്കളില്‍ വളരുന്ന ബ്ലാക് സോള്‍ജിയര്‍ ഫ്‌ലൈ എന്ന കാളീച്ച ലാര്‍വകള്‍, സാധാരണ ഈച്ചകളുടെ ലാര്‍വകള്‍, പഴ ഈച്ച ലാര്‍വകള്‍ എല്ലാമാണ് ഈ പറഞ്ഞ പുഴുക്കള്‍. എത്രയൊക്കെ അടച്ച് സൂക്ഷിച്ചാലും എങ്ങിനെയൊക്കെ ശ്രദ്ധിച്ചാലും ഈ പറഞ്ഞ ഈച്ചകളുടെ ലാര്‍വകളെ ഒഴിവാക്കുക വിഷമമാണ്..''

നഗരജീവിതത്തിലെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ് മാലിന്യ സംസ്‌കരണം. വീട്ടിലെ മാലിന്യങ്ങള്‍ ( Bio waste )  സംസ്‌കരിക്കുന്നതിന് നഗരസഭകള്‍ കേന്ദ്രീകരിച്ചും മറ്റും നല്‍കിവരുന്ന 'ബയോ ബിന്‍'  ( Bio bin ) ഉണ്ടാക്കുന്ന ശല്യങ്ങളെ കുറിച്ചും എങ്ങനെ ഇത് ഒരു പരിധി വരെയെങ്കിലും പരിഷ്‌കരിച്ച് പരിഹരിച്ചെടുക്കാമെന്നതിനെ കുറിച്ചും യൂട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ സുജിത് കുമാര്‍ പങ്കുവച്ച കുറിപ്പ് ഫേസ്ബുക്കില്‍ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. 

ബയോ ബിന്നില്‍ നിന്നുള്ള പുഴു ശല്യവും അത് പ്രായോഗികമായി ഉപയോഗിക്കുന്നതിനുള്ള പരിമിതികളുമാണ് പ്രധാനമായും സുജിത് കുമാര്‍ വിശദീകരിക്കുന്നത്. വലിയ ചര്‍ച്ചയാണ് ഇപ്പോള്‍ സുജിത്തിന്റെ കുറിപ്പുമായി ബന്ധപ്പെട്ട് ഉയരുന്നത്.

കുറിപ്പ് പൂര്‍ണമായി വായിക്കാം...

'നിങ്ങളുടെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്തം'' എന്ന മുദ്രാവാക്യമൊക്കെ മുഴക്കി  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണം എന്ന നിയമപരമായ ഭാരിച്ച ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതിന്റെ ഭാഗമായി പ്രമോട്ട് ചെയ്യുന്നതും  പരോക്ഷമായി അടിച്ചേല്‍പ്പിക്കുന്നതുമായ ഒന്നാണ്  'ബയോ ബിന്‍' എന്ന പേരിലുള്ള എയ്‌റോബിക് കമ്പോസ്റ്റിംഗ്. രണ്ടോ മൂന്നോ ബക്കറ്റുകളും  ചീയല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന  ബാക്റ്റീരിയകള്‍ അടങ്ങിയ ചകിരിച്ചോര്‍ ഇനോക്കുലവും  ആണ് ബയോ ബിന്‍ എന്ന പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്‍ ജി ഓകളും മറ്റ് ഏജന്‍സികളുമെല്ലാം വിതരണവും വിപണനവുമെല്ലാം ചെയ്യുന്നത്. 

 ''ഇത്തിരി  കടലപ്പിണ്ണാക്ക്..  ഇത്തിരി പരുത്തിക്കുരു... പാലു ശറ ശറോന്ന്  പോരും''- എന്ന് ശങ്കരാടി സിനിമയില്‍ പറഞ്ഞതുപോലെയാണ്  ഇതൊക്കെ പ്രമോട്ട്  ചെയ്യുന്നവര്‍ പറയുക. അതായത് ''ബക്കറ്റില്‍ കൊറച്ച്  കിച്ചണ്‍ വേസ്റ്റിട്ട് കൊറച്ച് ഇനോക്കുലം അതിനു മുകളില്‍ വിതറിയാല്‍ മാത്രം മതി ഒന്നാം തരം കമ്പോസ്റ്റ് റെഡി. അടുക്കള മാലിന്യ പ്രശ്‌നത്തിനു ശാശ്വത പരിഹാരം, ബോണസ് ആയി ചെടികള്‍ക്ക്  വളവും.. '  

സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതായതിനാലും നഗരസഭകള്‍ ബയോ വേസ്റ്റ് എടുക്കുന്നത് നിര്‍ത്തിയിരിക്കുന്നതിനാലും വേറേ മാര്‍ഗ്ഗമൊന്നുമില്ലാത്തതിനാല്‍  ഇങ്ങനെ സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തുന്നതുപോലെയുള്ള ഒരു സൊലൂഷന്‍ ആകര്‍ഷണീയമായി തോന്നുകയും ചെയ്യുമല്ലോ. പക്ഷേ ഉപയോഗിക്കാന്‍ തുടങ്ങുമ്പോഴാണ് പ്രശ്‌നങ്ങള്‍ മനസ്സിലാകൂ. 

മിക്കവരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം പുഴു ശല്ല്യം ആണ്. അഴുകിയ വസ്തുക്കളില്‍ വളരുന്ന ബ്ലാക് സോള്‍ജിയര്‍ ഫ്‌ലൈ എന്ന കാളീച്ച ലാര്‍വകള്‍, സാധാരണ ഈച്ചകളുടെ ലാര്‍വകള്‍, പഴ ഈച്ച ലാര്‍വകള്‍ എല്ലാമാണ് ഈ പറഞ്ഞ പുഴുക്കള്‍. എത്രയൊക്കെ അടച്ച് സൂക്ഷിച്ചാലും എങ്ങിനെയൊക്കെ ശ്രദ്ധിച്ചാലും ഈ പറഞ്ഞ ഈച്ചകളുടെ ലാര്‍വകളെ ഒഴിവാക്കുക വിഷമമാണ്.  

കൂടുതല്‍ ചകിരിച്ചോറ്, പേപ്പര്‍ കഷണങ്ങള്‍ തുടങ്ങിയവ നിക്ഷേപിച്ച് ജലാംശം കുറച്ചുകൊണ്ട് ഒരു പരിധിവരെ ഇവയെ നിയന്ത്രിക്കാമെന്നേ ഉള്ളൂ. ജലാംശം കുറഞ്ഞാല്‍ വേണ്ട രീതിയില്‍ കമ്പോസ്റ്റിംഗ് നടക്കില്ല, അധികമായാല്‍ ദുര്‍ഗന്ധമുണ്ടാകും എന്നതിനാല്‍ കൃത്യമായ ഒരു അനുപാതം പാലിക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ പുഴുക്കള്‍ ദോഷമൊന്നും ഉണ്ടാക്കുന്നില്ല എന്ന് മാത്രവുമല്ല കമ്പോസ്റ്റിംഗിനെ സഹായിക്കുക കൂടി ചെയ്യുന്നുണ്ടെങ്കിലും കാഴ്ചയില്‍ വളരെ അറപ്പ് തോന്നുന്നവയും ഒട്ടുമിക്ക ആളുകള്‍ക്കും പുഴു നുരയ്ക്കുന്ന കാഴ്ച്ച സഹിക്കാന്‍ കഴിയാത്തതും ആണ്.  

അതുകൊണ്ട് തന്നെ ഈ പണി പലരും തുടക്കത്തിലേ ഉപേക്ഷിക്കുന്നു. വളരെ മോട്ടിവേറ്റഡ് ആയവര്‍ മാത്രം സ്വയം അപ്‌ഡേറ്റ് ആയിക്കൊണ്ട് വിവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചുകൊണ്ടും പുഴുക്കളുമായി പൊരുത്തപ്പെട്ടുകൊണ്ടുമൊക്കെ ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ വക്താക്കള്‍ ആയി മാറുന്നു. ഈ പുഴുക്കളെ വളര്‍ത്തിയെടുത്ത് കോഴിയ്ക്കും മീനിനുമൊക്കെ തീറ്റയായി കൊടുക്കുന്ന ബയോ പോഡുകള്‍ എന്നറിയപ്പെടുന്ന മറ്റൊരു ബക്കറ്റ് സംവിധാനം കൂടി ഉണ്ട്. പുഴുക്കള്‍ പ്രശ്‌നമില്ലാത്തവര്‍ക്കും കോഴി വളര്‍ത്തലുകാര്‍ക്കുമൊക്കെ പരീക്ഷിക്കാവുന്നതുമാണ്. അതും നേരത്തേ പറഞ്ഞതുപോലെ സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തുന്നതുപോലെ ഒന്നാണെന്ന് കരുതരുത്. ഉപയോഗിച്ച് തുടങ്ങുമ്പോഴേ പലവിധ പ്രശ്‌നങ്ങളും മനസ്സിലാകൂ.  

ഇവിടെ പ്രധാന പ്രശ്‌നം ഇതൊക്കെ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നവര്‍ ഏതൊരു ഉപകരണവും സാങ്കേതിക വിദ്യയും മാര്‍ക്കറ്റ് ചെയ്യുന്നതുപോലെ അതിന്റെ ഗുണങ്ങള്‍ മാത്രം പെരുപ്പിച്ച് കാണിച്ച് ചിത്രീകരിക്കുകയും പ്രായോഗിക തലത്തിലെ പ്രശ്‌നങ്ങളെ തികച്ചും നിസ്സാരവത്കരിക്കുകയും ചെയ്യുന്നു എന്നതാണ്. നല്ല വായു സഞ്ചാരത്തിനായി ഇടയ്ക്കിടെ നന്നായി ഇളക്കിക്കൊടുക്കണം, ജലാംശം  കൃത്യ അനുപാതത്തില്‍ ക്രമീകരിക്കണം, ജലാംശമില്ലാത്തതോ അല്ലെങ്കില്‍ ജലാംശം പരമാവധി നീക്കം ചെയ്തതോ ആയ മാലിന്യങ്ങള്‍ മത്രമേ നിക്ഷേപിക്കാവൂ തുടങ്ങിയ കാര്യങ്ങളെല്ലാം തുടങ്ങിയ കാര്യങ്ങളൊന്നും  ഇത് ഉപയോഗിക്കാന്‍ തുടങ്ങുന്നവര്‍ക്ക്  അറിവുണ്ടാകില്ല. അല്ലെങ്കില്‍  അതിന്റെയൊക്കെ അര്‍ഹമായ പ്രാധാന്യം നല്‍കാതെ വളരെ ലാഘവത്തോടെ എടുക്കും. ഫലമോ? വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെ ദുര്‍ഗന്ധം വമിക്കുന്നതും പുഴുവരിക്കുന്നതും വെള്ളമൊലിക്കുന്നതുമൊക്കെയായ ഒരു വേസ്റ്റ് ബിന്‍ ആയി ബയോ ബിന്‍ മാറാം. 

എയ്‌റോബിക് കമ്പോസ്റ്റിംഗിന്റെ അടിസ്ഥാനം തന്നെയായ വായു സഞ്ചാരത്തിനായി ഇളക്കിക്കൊടുക്കുന്നത് വളരെ എളുപ്പമാക്കുന്ന റോട്ടറി  ബയോ ബിന്നുകള്‍ ഒക്കെയുണ്ടെങ്കിലും  അതൊന്നും ഇവിടെ ലഭ്യമല്ല. 

എന്റെ വീട്ടിലും ഉണ്ട് ബയോ ബിന്‍ (സബ്‌സിഡി നിരക്കില്‍ കിട്ടിയതല്ല). നേരത്തേ പറഞ്ഞ മോട്ടിവേഷന്‍ ഒന്നുകൊണ്ടും മാലിന്യം കവറില്‍ കെട്ടി എവിടെയെങ്കിലും കൊണ്ടുപോയി ഇടാന്‍ മനസ്സ് അനുവദിക്കാത്തതുകൊണ്ടും 'എന്റെ ഐഡിയ' ആയതുകൊണ്ടും മാത്രം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഒരുവിധം ഇത് ഉപയോഗപ്പെടുത്തിപ്പോരുന്നു എന്നുമാത്രം.  അതുകൊണ്ട് തന്നെ മാലിന്യ സംസ്‌കരണത്തിനുള്ള ഒരു ഈസി ടു യൂസ് സൊലൂഷന്‍ ആയി ഞാന്‍ ആര്‍ക്കും ഇത്  നിര്‍ദ്ദേശിക്കില്ല. 

മാലിന്യ സംസ്‌കരണത്തിനുമപ്പുറമായി കമ്പോസ്റ്റ് ഉണ്ടാക്കി ചെടികള്‍ക്ക്  വളമായി ഇട്ടുകൊടുത്തേ അടങ്ങൂ എന്ന വാശിയോടെ പഠിക്കാനും പരീക്ഷണ നിരീക്ഷണങ്ങള്‍ ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്കും പുഴുക്കളുമായി കോമ്പ്രമൈസ് ചെയ്ത് പോകുന്നതിലൊന്നും പ്രശ്‌നമില്ലാത്തവര്‍ക്കുമെല്ലാം ബയോ ബിന്നുകള്‍ പ്രാക്റ്റീസ് ചെയ്യാവുന്നതാണ്.

 

Also Read:- ചവറ്റുകുട്ടയ്ക്കുള്ളിൽ പതുങ്ങിയിരുന്നത് ഉഗ്രവിഷമുള്ള പാമ്പ്; വീഡിയോ വൈറല്‍

click me!