സെക്‌സിനിടെ ഹൃദയാഘാതം വന്ന് മരണം; ബിസിനസ് ട്രിപ്പിലായതിനാല്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

By Web TeamFirst Published Sep 12, 2019, 1:47 PM IST
Highlights

സേവ്യർ മരിച്ചത് ജോലിക്കിടയിൽ അല്ലെന്നും അതുകൊണ്ടുതന്നെ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത തങ്ങൾക്കില്ലെന്നും കമ്പനിയുടെ അഭിഭാഷകൻ വാദിച്ചു. 

2013 -ൽ സേവ്യറിനെ കമ്പനി ഒരു ബിസിനസ് ട്രിപ്പിന് ഫ്രാൻസിലെ ഒരു നഗരത്തിലേക്ക് പറഞ്ഞയച്ചു. ട്രിപ്പ് കഴിഞ്ഞ് മടങ്ങിവരുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം ഉച്ചയോടെ സേവ്യറിനെ അവിടത്തെ ഒരു ബിസിനസ് ക്‌ളാസ് ഹോട്ടലിലെ കട്ടിലിൽ ഹൃദയം നിലച്ച് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി. TSO എന്ന പ്രസിദ്ധമായ ഫ്രഞ്ച് കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു സേവിയർ. കമ്പനിയുടെ കൺസ്ട്രക്ഷൻ വർക്ക് നടക്കുന്ന ലോയിറെറ്റ് അപ്പാർട്ട്മെൻറ്സിൽ മേൽനോട്ടത്തിനായി ചെന്ന അദ്ദേഹം അവിടെ വെച്ച് ഒരു യുവതിയെ കാണുകയും, സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയുമായിരുന്നു. സംഭാഷണം പരസ്പരാകർഷണത്തിലേക്ക് വഴുതിവീണപ്പോൾ  അവരിരുവരും കൂടി സേവിയർ താമസിച്ചിരുന്ന മ്യുങ്ങ് സൊ ലോയിറിലെ ഹോട്ടലിലേക്ക് തിരികെ പോന്നു. 

അവിടെ വെച്ച് ഇരുവരും ബന്ധപ്പെടുന്നതിനിടെയായിരുന്നു അവിചാരിതമായി സേവ്യറിന് ഹൃദയസ്തംഭനമുണ്ടാകുന്നതും അദ്ദേഹം മരിച്ചുപോകുന്നതും. മരണാനന്തരം സേവ്യറിന്റെ കമ്പനി പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കമ്പനിയുടെ നിയമങ്ങൾ പ്രകാരം ലഭിക്കാൻ  അർഹതയുണ്ടായിരുന്ന വർക്ക് പ്ലേസ് ആക്സിഡന്റ് ഇൻഷുറൻസ് നൽകാൻ വിസമ്മതിച്ചു. സേവ്യറിന് സംഭവിച്ചതിനെ ഒരു വർക്ക് പ്ലേസ് ആക്സിഡന്റായി കാണാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് കമ്പനിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചത്. 

എന്നാൽ ഈ വാദങ്ങൾ  തള്ളിക്കളഞ്ഞ കോടതി സേവ്യറിന്റെ ആശ്രിതർക്ക് എല്ലാവിധ ഇൻഷുറൻസ് ആനുകൂല്യങ്ങളും നഷ്ടപരിഹാരങ്ങളും ലഭിക്കാനുള്ള പൂർണ്ണ അർഹതയുണ്ടെന്ന് വിധിക്കുകയായിരുന്നു.  

സേവ്യർ മരണസമയത്ത് ജോലിയിൽ ആയിരുന്നില്ല. ജോലിസ്ഥലത്തുനിന്നു മുൻ‌കൂർ അനുവാദം വാങ്ങാതെ അപ്രത്യക്ഷനായി, സെക്സിലേർപ്പെകൊണ്ടിരിക്കുകയായിരുന്നു. അതുമായി കമ്പനിയ്ക്ക് യാതൊരു ബന്ധവുമില്ല. മരണത്തിനു കാരണമായ ഹൃദയാഘാതം ജോലിചെയ്യുമ്പോഴോ, ജോലിയുടെ സമ്മർദ്ദം കാരണമോ ഉണ്ടായതല്ല എന്നൊക്കെ TSO  കമ്പനി പരമാവധി വാദിച്ചു. അതിനാൽ തന്നെ നഷ്ടപരിഹാരം കൊടുക്കേണ്ട ബാധ്യത കമ്പനിക്കില്ലെന്നും കമ്പനിയുടെ ലീഗൽ അഡ്വൈസർ വാദിച്ചു. 

എന്നാൽ 'സെക്സ്' എന്നത് ഭക്ഷണം കഴിക്കുകയോ,  കുളിക്കുകയോ ഒക്കെ ചെയ്യുന്ന പോലെ വളരെ സ്വാഭാവികമായ പ്രക്രിയയാണെന്നും, ഏതൊരു സാഹചര്യത്തിൽ ആരുമൊത്താണ് സേവ്യർ അതിലേർപ്പെട്ടത് എന്നതന്വേഷിക്കേണ്ട കാര്യം കമ്പനിക്കില്ല എന്ന് സേവ്യറിന്റെ അഭിഭാഷകൻ വാദിച്ചു. ജീവനക്കാരൻ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മരിച്ചതെങ്കിൽ, കുളി കമ്പനിക്കു വേണ്ടിയുള്ള  ജോലി അല്ലായിരുന്നു, അതിനിടെ മരിച്ചതിനാൽ നഷ്ടപരിഹാരത്തിന് അർഹതയില്ല എന്ന് കമ്പനി പറഞ്ഞു കളയുമോ എന്നും  അദ്ദേഹം ചോദിച്ചു. ആറുവർഷം  നീണ്ടുനിന്ന വിശദമായ വാദപ്രദിവാദങ്ങൾക്കുശേഷമാണ് ഇപ്പോൾ  സേവ്യറിന്റെ കുടുംബത്തിന് അനുകൂലമായി ഏറെ നിർണ്ണായകമായ ഈ വിധി ഉണ്ടായിരിക്കുന്നത്. 

click me!