'ഞാനും കുത്തി!'; ഖല്‍ബ് നിറയ്ക്കുന്ന ചിരിയുമായി ഒരു കന്നിവോട്ടര്‍!

By hyrunneesa AFirst Published Apr 23, 2019, 6:11 PM IST
Highlights

മലപ്പുറം അരീക്കോട് കിഴുപറമ്പ് പഞ്ചായത്തിലാണ് ബാസിലിന്റെ വീട്. ബാസില്‍ ഉള്‍പ്പെടെ കിടപ്പിലായ ഒമ്പത് ഭിന്നശേഷിക്കാരാണ് ഇങ്ങനെ കിഴുപറമ്പില്‍ മാത്രം ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. അങ്ങനെ ഓരോ പഞ്ചായത്തിലും, ഓരോ ജില്ലയിലുമായി എത്രയോ പേര്‍ ഇന്ന് വോട്ട് ചെയ്തിരിക്കും!

ബാസിലിന്റെ വീട്ടിലിന്ന് പെരുന്നാളിന്റെ ആഘോഷമാണ്. രാവിലെ എഴുന്നേറ്റ് കുളിച്ച്, സുന്ദരനായി, ജീവിതത്തിലെ ആദ്യവോട്ട് കുത്താനായി അവനൊരുങ്ങി. പിന്നെ, പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോകാന്‍ സാമൂഹ്യനീതി വകുപ്പിന്റെ വണ്ടി വരുന്നതും നോക്കിയിരുന്നു.

കാത്തിരുന്ന് കണ്ണ് കെടും മുമ്പ് അവരെത്തി. അടുത്തുള്ള അംഗന്‍വാടികളിലെ അധ്യാപകരായ രണ്ട് മൈമൂനത്തുമാര്‍ ഒരുമിച്ചാണ് ബാസിലിനെ കൊണ്ടുപോകാനായി വന്നത്. മറ്റുള്ളവരുടെ സഹായത്തോടെ അവര്‍ ബാസിലിനെ കിടക്കയില്‍ നിന്ന് കോരിയെടുത്തു വണ്ടിയില്‍ കയറ്റി. പോളിംഗ് ബൂത്തിലെത്തിയ ഉടന്‍ അവര്‍ ബാസിലിന്റെ തിരിച്ചറിയല്‍ രേഖകളും മറ്റും പ്രിസൈഡിംഗ് ഓഫീസറെ കാണിച്ചു. 

രേഖകളെല്ലാം പരിശോധിച്ച് ഉറപ്പിച്ച് കഴിഞ്ഞ് വോട്ട് രേഖപ്പെടുത്താനുള്ള ഊഴമായി. വരി നില്‍ക്കുന്നവരെയെല്ലാം വെട്ടിച്ച് ബാസിലിന് വേണ്ടി വോട്ട് രേഖപ്പെടുത്താന്‍ ഉമ്മ മുന്നോട്ടുനീങ്ങി. ഓപ്പണ്‍ വോട്ടിംഗ് രീതിയാണ് ബാസിലിനെ പോലെയുള്ളവര്‍ക്ക്. അതായത് കിടപ്പിലായ ആളുകള്‍ക്ക് വേണ്ടി ഏറ്റവും അടുപ്പമുള്ള ഒരാള്‍ വോട്ട് രേഖപ്പെടുത്തും. എങ്കിലും സമ്മതിദായകനായതിന്റെ അടയാളമായി വിരലില്‍ മഷി പുരട്ടും. 

അങ്ങനെ ബാസിലിന്റെ ചൂണ്ടുവിരലിലും മഷി പുരണ്ടു. ജീവിതത്തിലാദ്യമായി താനും ഒരു രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പങ്കാളിയായിരിക്കുന്നു! താനും ഒരിന്ത്യന്‍ പൗരനാണെന്ന് ഉറപ്പിച്ചിരിക്കുന്നു. മഷി പുരണ്ട കൈ ഉയര്‍ത്തിക്കാണിച്ച് അപ്പോള്‍ മുതല്‍ ബാസില്‍ ചിരിയാണെന്നാണ് ടീച്ചര്‍മാര്‍ പറയുന്നത്. 

ജന്മനാ കിടപ്പിലാണ് ബാസില്‍. അരയ്ക്ക് താഴെ ചലനമില്ല. എന്നാല്‍ ബുദ്ധിക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നും തന്നെയില്ല. ഇത്തരത്തില്‍ കിടപ്പിലായ ഭിന്നശേഷിക്കാരെ ആരെങ്കിലും മുന്‍കയ്യെടുത്ത് പോളിംഗ് ബൂത്ത് വരെയെത്തിക്കണം. അത് കുടുംബാംഗങ്ങളോ, ബന്ധുക്കളോ, നാട്ടുകാരോ, പാര്‍ട്ടിക്കാരോ ചെയ്യണം. വോട്ട് ചെയ്യാനും വേണം പരസഹായം. ഈ ബുദ്ധിമുട്ടുകളെല്ലാം തരണം ചെയ്യാനുള്ള മടി കൊണ്ടും സാഹചര്യമില്ലാഞ്ഞിട്ടും മിക്കപ്പോഴും കിടപ്പിലായ ഭിന്നശേഷിക്കാര്‍ക്ക് വോട്ട് നിഷേധിക്കപ്പെടാറാണ് പതിവ്. 

എന്നാല്‍ ഇക്കുറി ഇതാദ്യമായി സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ കിടപ്പിലായ ഭിന്നശേഷിക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേകം സൗകര്യമൊരുക്കി. സാമൂഹ്യനീതി വകുപ്പ് ഓരോ പഞ്ചായത്തിലും ഇതിന് പ്രത്യേകം വാഹനസൗകര്യം ഏര്‍പ്പെടുത്തി. സഹായത്തിനായി അംഗന്‍വാടി ടീച്ചര്‍മാരെ നിയോഗിച്ചു. വീട്ടില്‍ വന്ന് ഇവര്‍ കൂട്ടിക്കൊണ്ടുപോയി, വോട്ട് രേഖപ്പെടുത്തി സുരക്ഷിതമായി തിരിച്ചെത്തിക്കും. 

മലപ്പുറം അരീക്കോട് കിഴുപറമ്പ് പഞ്ചായത്തിലാണ് ബാസിലിന്റെ വീട്. ബാസില്‍ ഉള്‍പ്പെടെ കിടപ്പിലായ ഒമ്പത് ഭിന്നശേഷിക്കാരാണ് ഇങ്ങനെ കിഴുപറമ്പില്‍ മാത്രം ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. അങ്ങനെ ഓരോ പഞ്ചായത്തിലും, ഓരോ ജില്ലയിലുമായി എത്രയോ പേര്‍ ഇന്ന് വോട്ട് ചെയ്തിരിക്കും! കിടക്കയില്‍ കിടന്ന് കണ്ട സ്വപ്‌നമായിരിക്കും ഇവരില്‍ പലര്‍ക്കും ഇതെല്ലാം. അല്ലെങ്കില്‍ ഒരിക്കലും ഓര്‍ക്കാതിരുന്ന ഒരു ചടങ്ങ്, തങ്ങള്‍ക്ക് അന്യമായ മറ്റേതോ ലോകത്തിലെ ഇടപാട്. ഇന്ന് അവരെല്ലാം മറ്റുള്ളവരെ പോലെ തന്നെ, അവര്‍ക്കൊപ്പമോ അവരെക്കാള്‍ ഒരു പടി മുകളിലായോ പരിഗണിക്കപ്പെട്ടിരിക്കുന്നു. 

വിശേഷങ്ങള്‍ പറഞ്ഞുനിര്‍ത്തുമ്പോള്‍ 12 വര്‍ഷമായി അംഗന്‍വാടി അധ്യാപികയായി ജോലി ചെയ്യുന്ന മൈമൂനത്ത് ടീച്ചറുടെ വാക്കുകളില്‍ നിറവ്. മനസ് നിറയുന്ന ഒമ്പത് ചിരികള്‍ ഇന്ന് കണ്ടുവെന്ന് അവര്‍ പറഞ്ഞില്ലെങ്കിലും, അവര്‍ക്കത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂവെന്ന് തോന്നി.

click me!