കുട്ടികളിൽ പരീക്ഷപ്പേടി എങ്ങനെ മറികടക്കാം; സൈക്കോളജിസ്റ്റ് പറയുന്നത്

By Web TeamFirst Published Jan 23, 2020, 4:49 PM IST
Highlights

പല കുട്ടികളിലും പഠനവൈകല്യം, ശ്രദ്ധിക്കുറവ്, വിഷാദം, ടെൻഷൻ എന്നിങ്ങനെ തിരിച്ചറിയാതെ പോയ പല പ്രശ്നങ്ങളുമാകാം പഠനത്തില്‍ പിന്നോക്കം പോകുന്ന അവസ്ഥയുടെ യഥാർത്ഥ കാരണം. ഇവ മന:ശാസ്ത്ര പരിശോധനയിലൂടെ തിരിച്ചറിയുന്നതിലൂടെ മാത്രമേ ഇതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കഴിയൂ.

പഠനവും പരീക്ഷയുമായി ബന്ധപ്പെട്ട ഭയം ഇന്നു കുട്ടികളില്‍ കൂടിവരികയാണ്. എപ്പോഴും പഠിക്കാന്‍മാത്രം നിര്ബൊന്ധിക്കുകയും കുട്ടികള്ക്കു കളിക്കാന്‍ സമയം അനുവദിക്കാതെ ഇരിക്കുകയും ചെയ്യുന്ന രീതി കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

പല കുട്ടികളിലും പഠനവൈകല്യം, ശ്രദ്ധിക്കുറവ്, വിഷാദം, ടെൻഷൻ എന്നിങ്ങനെ തിരിച്ചറിയാതെ പോയ പല പ്രശ്നങ്ങളുമാകാം പഠനത്തില്‍ പിന്നോക്കം പോകുന്ന അവസ്ഥയുടെ യഥാർത്ഥ കാരണം. ഇവ മന:ശാസ്ത്ര പരിശോധനയിലൂടെ തിരിച്ചറിയുന്നതിലൂടെ മാത്രമേ ഇതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കഴിയൂ.

കൂടുതല്‍ മാർക്ക്  കരസ്തമാക്കാന്‍ കുട്ടികൾക്ക്  അമിത സമ്മ‌ർദ്ദം ഉണ്ടാകുന്നുണ്ടോ?. മാനസിക സമ്മര്‍ദ്ദം, ഗുണകരമായ മാനസിക സമ്മർദ്ദം, ദോഷകരമായ മാനസിക സമ്മർദ്ദം  എന്നിങ്ങനെ രണ്ടു തരത്തിലാണ് ഉള്ളത്. ആദ്യത്തേത് മികച്ച വിജയം കൈവരിക്കാന്‍ കുട്ടികളെ സഹായിക്കും എങ്കില്‍ രണ്ടാമത്തേത് പഠനത്തെ ദോഷകരമായി ബാധിക്കും. ലക്ഷ്യബോധം ഇല്ലാത്ത അവസ്ഥ, അമിത ടെൻഷൻ എന്നീ രണ്ടവസ്ഥകളും ഒഴിവാക്കേണ്ടത് നല്ല വിജയം കരസ്ഥമാക്കാന്‍ അനിവാര്യമാണ്.

ചിലരില്‍ പരീക്ഷ അടുക്കുമ്പോള്‍ തലവേദന, വയറിന് അസ്വസ്ഥത എന്നിങ്ങനെ പല ശാരീരിക അസ്വസ്ഥതകളുടെ രൂപത്തിലാവും പരീക്ഷ പേടിപ്രകടമാവുക. പരിശോധനയില്‍ കാരണങ്ങള്‍ കണ്ടെത്താനാവാതെ വരുന്ന അവസ്ഥ വരുന്നു എങ്കില്‍ കുട്ടിക്കു ടെൻഷൻ ഉണ്ടോ എന്നു കൂടി കണ്ടത്തേണ്ടതായുണ്ട്. മറ്റു ചില കുട്ടികള്‍ പരാജയഭയം, പ്രതീക്ഷയില്ലായ്മ, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ആത്മവിശ്വാസക്കുറവ് എന്നീ ലക്ഷണങ്ങളാവും പ്രകടമാക്കുക.

നമ്മള്‍ പരീക്ഷപ്പേടി എന്ന വാക്കാണ്‌ സാധാരണയായി ഉപയോഗിക്കാറുള്ളത് എങ്കിലും യഥാർത്ഥത്തില്‍ അത് പരീക്ഷയെപ്പറ്റിയുള്ള അമിത ഉത്‌ക്കണ്‌ഠ/ ആകുലത ആണ്. ഇപ്പോള്‍ നിലവില്‍ ഇല്ലാത്തതും കുറച്ചു ദിവസങ്ങൾക്ക് ശേഷം മാത്രം എഴുതാന്‍ പോകുന്നതുമായ പരീക്ഷയുടെ ഫലതെപ്പറ്റി അമിതമായി ചിന്തിച്ച് ആകുലതപ്പെടുന്ന അവസ്ഥ.

ഭാവില്‍ വരാന്‍ പോകുന്ന കാര്യങ്ങളെപ്പറ്റി അമിതമായി ഉത്‌ക്കണ്‌ഠപ്പെടുകയല്ല മറിച്ച് ഈ നിമിഷം എന്തുചെയ്യാം എന്നു ചിന്തിക്കുകയാണ് വേണ്ടത്. പരീക്ഷയ്ക്കു നല്ല മാർക്ക്  നേടാന്‍ കഴിയുമോ എന്ന് ആകുലപ്പെടുന്നതുകൊണ്ട് പഠിക്കാനുള്ള സമയം നഷ്ടമാകുക മാത്രമേ ഉള്ളൂ.

 സമയം ക്രമീകരിച്ചു പാഠഭാഗങ്ങള്‍ പഠിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. കുട്ടികളിൽ ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് പരീക്ഷയെപ്പറ്റിയുള്ള ആകുലതകള്‍ കൂടുന്നത്. ചിലപ്പോള്‍ മുൻ ഏതെങ്കിലും പരീക്ഷയില്‍ തോൽവി സംഭവിച്ചതും അവരുടെ മനസ്സിലെ ഉത്‌ക്കണ്‌ഠയ്ക്കു കാരണമാകാം. ഇതു മനസ്സിലാക്കി എങ്ങനെ ഇനിയുള്ള സമയം ഫലപ്രദമായി ഉപയോഗിക്കാം എന്നു ചിന്തിക്കാന്‍ കുട്ടികളെ സഹായിക്കുക എന്നതാണ് നമുക്കു ചെയ്യാനുള്ളത്.

തോൽവി സംഭവിച്ചാല്‍ എന്തു ചെയ്യും എന്ന രീതിയില്‍ അമിതമായ നെഗറ്റീവ് ചിന്തകളെ അവസാനിപ്പിക്കാനുള്ള മാർ​ഗ നിർദേശങ്ങളാണ് പരീക്ഷ അടുക്കുന്ന സമയത്ത് അവർക്കത് വേണ്ടത്. ഉത്‌ക്കണ്‌ഠ കുറയ്ക്കാന്‍ റിലാക്സേഷന്‍ ട്രെയിനിങ്ങ് ഫലപ്രദമാണ്. മനസ്സു ശാന്തമല്ല എങ്കില്‍ നന്നായി ഉറങ്ങാന്‍ കഴിയാതെ വരികയും, വിശപ്പില്ലായ്മയും ഒക്കെ അനുഭവപ്പെടും.

നെഗറ്റീവ് ആയി സ്വയം സംസാരിക്കുന്ന രീതി ഒഴിവാക്കി വളരെ പോസിറ്റീവ് ആയി ചിന്തിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാം. പഠിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് പരീക്ഷാഹാളില്‍ എത്തിയതിനുശേഷവും അല്പസമയം ശാന്തമായി ശ്വാസത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ച് മനസ്സിനെ ശാന്തമാക്കാന്‍ കുട്ടികളെ ശീലിപ്പിക്കാം. പരീക്ഷാഫലത്തെപ്പറ്റി അമിതമായി ചിന്തിച്ചു മനസ്സു വിഷമിപ്പിക്കാതെ ധൈര്യമായി ഇനിയുള്ള സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കുട്ടികൾക്ക് ധൈര്യം പക‌ർന്നു കൊടുക്കുക.

കടപ്പാട്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI Registered)
റാന്നി, പത്തനംതിട്ട
For consultation and awareness classes
Call: 8281933323

 

 

click me!