ഇവിടെ റെയിന്‍ ഡോവ് എന്ന യുവതി ആണായും പെണ്ണായും വസ്ത്രധാരണം ചെയ്യുന്ന ഒരു അമേരിക്കന്‍ മോഡലാണ്. തന്റെ മാറിടം മറയ്ക്കാനായി 'binder' എന്ന അടിവസ്ത്രമാണ് ഇവര്‍ ഉപയോഗിക്കുന്നത്.
പിറന്നത് സ്ത്രീയായാണ് എങ്കിലും മനസ്സുകൊണ്ട് പുരുഷനായി ജീവിക്കുന്നവരും തിരിച്ചുളളവരും നമ്മുടെ സമൂഹത്തിലുണ്ട്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നവരും ഇവരാണ്. ജെന്‍ഡര്‍ , ലൈംഗികത എന്നിവയൊക്കെ പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുമ്പോഴും ഇതിന്റെയൊക്കെ പേരില്‍ ഇവര്‍ നേരിടുന്നത് വിവേചനവും അതിക്ഷേപവുമാണ്.
ഇവിടെ റെയിന്‍ ഡോവ് എന്ന യുവതി ആണായും പെണ്ണായും വസ്ത്രധാരണം ചെയ്യുന്ന ഒരു അമേരിക്കന്‍ മോഡലാണ്. തന്റെ മാറിടം മറയ്ക്കാനായി 'binder' എന്ന അടിവസ്ത്രമാണ് ഇവര്‍ ഉപയോഗിക്കുന്നത്. അതിന്റെ ചിത്രങ്ങള്‍ ഇവര്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. റെയിന്‍ ഡോവിന്റെ ഇന്‍സ്റ്റഗ്രാമില്‍ മുഴുവനും ഇത്തരത്തില്‍ സ്ത്രീയായും പുരുഷനായും വസ്ത്രം ധരിച്ചിട്ടുള്ള ഫോട്ടോകളാണ്. ഇതുകൊണ്ട് തന്നെ റെയിന്‍ ഡോവ് പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ഒരു പരിഹാസ കഥാപാത്രമാകാറുമുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ താന്‍ നേരിട്ട അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് റെയിന്‍ ഡോവ്. കഴിഞ്ഞ ആഴ്ച ഏതോ ഒരു കുട്ടിയുടെ രക്ഷിതാവ് തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ ചില സന്ദേശങ്ങള്‍ അയച്ചതിനെ കുറിച്ചാണ് റെയിന്‍ പറയുന്നത്. ' അവരുടെ മകള്‍ക്ക് binder വേണമെന്ന് അവള് പറയുന്നു..ഞാന്‍ കാരണമാണ് അവള് അത് ചോദിക്കുന്നത് എന്നാണ് അവരുടെ വാദം. വളരെയധികം ദേഷ്യപ്പെട്ടുകൊണ്ടാണ് അവര്‍ ഇത് എന്നോട് പറഞ്ഞത്. മകളായി ജനിച്ച അവള്‍ക്ക് പുരുഷനാകണം എന്നാണ് പറയുന്നത് എന്നും അവര്‍ പറഞ്ഞു'- റെയിന്‍ ഡോവ് പറയുന്നു.
എന്നാല്‍ തിരിച്ചുദേഷ്യപ്പെടാതെ ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാനാണ് ശ്രമിച്ചത്. അവരുടെ മകള്‍ കടന്നുപോകുന്ന മാനസികാവസ്ഥയെ കുറിച്ചും ഞാന്‍ അവരോട് പറഞ്ഞു. അവര്‍ക്ക് പതുക്കെ കാര്യങ്ങള്‍ മനസ്സിലാകാനും തുടങ്ങി. ബിന്‍ഡര്‍ വാങ്ങുന്നതിനെ കുറിച്ച് മകളോട് സംസാരിക്കാനും അവര്‍ തീരുമാനിച്ചു.
പല കുട്ടികള്‍ക്കും ഇതൊന്നും വീട്ടില്‍ തുറന്നുസംസാരിക്കാനുള്ള ധൈര്യമില്ല. അവര്‍ക്ക് അത് എങ്ങനെ പറയണമെന്നുപോലും അറിയില്ല. അതിന്റെ ഫലമായി കത്രിക കൊണ്ട് തന്റെ മാറിടം മുറിച്ച് കളഞ്ഞ പെണ്‍കുട്ടിയെ പോലും തനിക്കറിയാമെന്നും റെയിന്‍ കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയയിലൂടെ മാറിടം മുറച്ചുകളയണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് പതിനഞ്ചുവയസ്സുകാരിയെയും താന്‍ കണ്ടിട്ടുണ്ട്. വീട്ടുകാരോട് തുറന്നപറയാന്‍ പറ്റാത്ത ഇത്തരം പ്രശ്നങ്ങള്‍ പലതും അവര്‍ എന്നോട് പറയാറുണ്ട് എന്നും റെയിന്‍ പറയുന്നു.
ഒരാളുടെ ജെന്‍ഡര്‍ നിശ്ചയിക്കാനും ലൈംഗിക താല്പര്യമെങ്ങനെയാകണമെന്ന് തീരുമാനിക്കാനുമുള്ള അവകാശം അയാളുടേതാണ്. അതില്‍ ഇടപ്പെടാന്‍ മാതാപിതാക്കള്‍ക്ക് പോലും അവകാശമില്ല എന്നും റെയിന്‍ ഡോവ് പറഞ്ഞു.
'എന്റെ കുടുംബവും എന്നെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ എന്നെ തിരിച്ചറിയുന്നു. എനിക്ക് ഇഷ്ടമുളള രീതിയില്‍ ഞാന്‍ ജീവിക്കുന്നു. അതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്'-റെയിന്‍ ഡോവ് പറഞ്ഞുനിര്‍ത്തി.