കണ്ടില്ലെന്നു നടിക്കരുത് മൂക്കത്ത് കാണുന്ന പാടുകൾ, ചിലപ്പോൾ അത്

By Web TeamFirst Published May 2, 2019, 6:24 AM IST
Highlights

എന്റെ മൂക്കിൽ കണ്ട ആ പാടിനെ ഞാൻ അവഗണിച്ചിരുന്നു എങ്കിൽ.. ഡോക്ടറെ കാണാൻ മടിച്ചു ഞാനിരുന്നിരുന്നു എങ്കിൽ.. ഇന്ന് ചിലപ്പോൾ നിങ്ങളീ കാണുന്ന മൂക്ക് നിങ്ങൾക്കിവിടെ കാണാൻ കഴിയില്ലായിരുന്നു.  ഒരുപക്ഷേ, ഇത് പറയാൻ ഈ ഞാനും..!

മൂക്കിന്റെ അറ്റത്ത് ഒരു കുഞ്ഞു കുരു. മുഖക്കുരു എന്ന് വിളിക്കണോ, അതോ മൂക്കുരു എന്ന് വിളിക്കണോ..? ആദ്യം തമാശയാണ് തോന്നിയത്. കണ്ണാടി നോക്കിയപ്പോൾ ചിരിയും സങ്കടവും ഒന്നിച്ചാണ് ലോറന് വന്നത്. അതിന്റെ ഒരു ചിത്രമെടുത്ത് അവൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. " കുറേ ദിവസം ഒന്നും ചെയ്യാതിരുന്നു.. ഒടുക്കം കുത്തിപ്പൊട്ടിച്ചു.. എന്നിട്ടും ഈ മുഖക്കുരു പോവുന്നില്ലല്ലോ.. " എന്ന തലക്കെട്ടോടെ.

പിന്നെ അതിനെപ്പറ്റി മറന്നു ലോറെൻ.മാസം ഒന്ന് പിന്നിട്ടു. ആ കുരു ഇപ്പോൾ ഒരു ധാന്യമണിയുടെ അത്രയുമുണ്ട്. ജോലിയുടെ തിരക്കുപിടിച്ച ഷെഡ്യൂളുകൾക്കിടയിൽ ഡോക്ടറെക്കാണാൻ നേരം കിട്ടിയില്ല. പോവേണ്ട കാര്യമുണ്ട് എന്ന് കരുതിയില്ല എന്നതാണ് വാസ്തവം. അത് വല്ല അരിമ്പാറയും ആയിരിക്കും എന്ന് കരുതി അങ്ങനെ ഇരുന്നു ലോറെൻ. ഒരു മാസം കഴിഞ്ഞൊരു ദിവസം, ആദ്യമായി അതിൽ നിന്നും ചെറുതായി ചോര വന്നു തുടങ്ങിയപ്പോഴാണ് അവൾ അകെ പരിഭ്രമിച്ചത്. തുടച്ചാലും തുടച്ചാലും പിന്നെയും ഇത്തിരി ഇത്തിരിയായി പൊടിഞ്ഞിറങ്ങുന്നു, ചലം കലർന്ന ചോര. 

പിന്നെ കാത്തുനിന്നില്ല. നേരെ ഒരു സ്കിൻ സ്പെഷലിസ്റ്റിന്റെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തു. അപ്പോഴേക്കും അവളുടെ മൂക്കിന്റെ തുമ്പത്ത് ചാപ്പ കുത്തിയ കണക്കിന് വട്ടത്തിലൊരു പാടുപോലെ വളർന്നു കഴിഞ്ഞിരുന്നു അത്. ഡെർമറ്റോളജിസ്റ്റ് അവളെ വിശദമായി പരിശോധിച്ചു. ആ പാട് ആവാൻ സാധ്യതയുള്ള പരശ്ശതം ത്വക് രോഗങ്ങളുടെ ഒരു പട്ടിക നിരത്തി. ഏതിനും നമുക്ക് ഒരു ചെറിയ ബയോപ്സി നടത്തിയേക്കാം എന്ന് ലോറെനോട് പറഞ്ഞു. 

"ബയോപ്സിയോ..? " ലോറെൻ ഞെട്ടി. ബയോപ്സി എന്ന വാക്ക് അവൾക്ക് എന്നും ഞെട്ടിക്കുന്ന ഓർമ്മകൾ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്.  അമ്മ, അമ്മൂമ്മ, കൂട്ടുകാരി അങ്ങനെ പലരും അവളെ തനിച്ചാക്കി ഈ ലോകം വിട്ടു പോയിട്ടുള്ളത് ഈ ഒരു വാക്കിന്റെ നൂലിൽ പിടിച്ചു കേറിയിട്ടാണ്. അതുകൊണ്ടുതന്നെ അവളുടെ ശബ്ദത്തിൽ ഒരു പതർച്ച പ്രകടമായിരുന്നു. 

ലോറെന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവും ഡോക്ടർ ആശ്വസിപ്പിച്ചു, " ഹേ.. ഡോണ്ട് വറി.. ഇത് വെറുമൊരു സാംമ്പ്ലിങ്ങ് ടെസ്റ്റു മാത്രം. ഈ രോഗം എന്തുമാവാമല്ലോ.. അപ്പോൾ അതിന്റെ ഒരു കുഞ്ഞു കഷ്ണം എടുത്ത് മൈക്രോസ്കോപ്പിന്റെ ചുവട്ടിൽ വെച്ച് അവർ വിശദമായി ഒന്ന് നോക്കും. അത്രയേ ഉള്ളൂ.. ബയോപ്സി എന്ന പേരുകേട്ട് നേരെ കാൻസറിലേക്ക് കാടുകേറേണ്ട.. മിക്കവാറും കേസിലും കാര്യമായ ഒന്നും കാണില്ല. വല്ല സ്കിൻ ഇൻഫെക്ഷനും ആവും. ഇറ്റ് ഈസ് ജസ്റ്റ് എ ഫോർമാലിറ്റി. നിങ്ങളുടെ ഡോക്ടർ എന്ന നിലയ്ക്ക് ഇതിൽ മാലിഗ്നൻസി ഒന്നുമില്ല എന്ന് സ്ഥിരീകരിക്കേണ്ട ചുമതല എനിക്കുണ്ട്.. അത് ചെയ്യുന്നു എന്ന് മാത്രം.. നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട ലോറെൻ. എവരി തിങ്ങ് വിൽ ബി ഓൾ റൈറ്റ്..." 

ഡോക്ടറുടെ ആശ്വാസവാക്കുകൾ ഒക്കെ ലോറെന്റെ തലയ്ക്കു മുകളിലൂടെയാണ് പോയത്. അവളുടെ ഹൃദയം പടപടാ മിടിച്ചു കൊണ്ടിരുന്നു. ആ മിടിപ്പ് ക്ലിനിക്ക് വിട്ടിറങ്ങിയിട്ടും അവളെ വിട്ടുമാറിയില്ല. റിസൾട്ടിനായി കാത്തിരുന്ന രണ്ടാഴ്ച അവൾക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. 

അവളുടെ മനസ്സിൽ ആദ്യം മുതലേ ഉണ്ടായിരുന്ന അകാരണമായ ഭീതി ഒടുവിൽ ബയോപ്സിയുടെ റിസൾട്ട് വന്ന നാൾ സ്ഥിരീകരിക്കപ്പെട്ടു. ബയോപ്സി പോസിറ്റീവ് ആയിരുന്നു. തന്റെ ഇരുപത്തേഴാമത്തെ വയസ്സിൽ അവളെത്തേടി വന്ന രോഗം  'സ്കിൻ കാൻസർ' ആയിരുന്നു. മാലിഗ്നന്റ് ആവും മുമ്പ് ആ ഭാഗം മുറിച്ചു കളഞ്ഞില്ലെങ്കിൽ ആകെ കുഴപ്പമാവും എന്ന് ഡോക്ടർ. 

സ്കിൻ കാൻസർ എന്നത്  അർബുദങ്ങളിൽ ഏറ്റവും കൂടുതൽ പേർക്ക് വരുന്ന ഒന്നാണ്. രണ്ടുതരത്തിൽ  ഉണ്ടത്.മെലനോമയും നോൺ മെലനോമയും. നോൺ മെലനോമ ബ്രിട്ടനിൽ മാത്രം വർഷത്തിൽ ഒരു ലക്ഷത്തിലധികം പേരെ ബാധിക്കുന്ന ഒരു കാൻസറാണ്. ലക്ഷണങ്ങളിലൂടെ വളരെ പതുക്കെ മാത്രം പുരോഗമിക്കുന്ന ഒരു അസുഖമാണിത്.  പൂർണ്ണ ലക്ഷണങ്ങളിൽ എത്താൻ ഒരു വർഷം വരെ എടുത്തെന്നുവരും. എന്നാൽ ഇത് മെലാനോമയേക്കാൾ ഗ്രേഡ് ഇത്തിരി കുറവാണ്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ മാറുകയും ചെയ്യും. ഒറ്റ നോട്ടത്തിൽ രണ്ടും തമ്മിൽ വേറിട്ടറിയുക പ്രയാസമാകും. ബയോപ്സിയാണ് കൃത്യമായി അറിയാനുള്ള ഒരേയൊരുപാധി. 

ലോറെന്റെ തൊലിപ്പുറമേക്ക് കാര്യമായ ആഘാതങ്ങളൊന്നും ദൃശ്യമല്ലായിരുനെങ്കിലും തൊലിക്കടിയിൽ വളരെ ഗുരുതരമായ ആക്രമണം കാൻസർ നടത്തുന്നുണ്ടായിരുന്നു. അതുകൊണ്ട് ഒട്ടും സമയം കളയാതെ അവൾ നേരെ സർജറിയിലേക്ക് കടന്നു. മൂക്കിന്റെ കാൻസർ ബാധിതമായ ഒരു ഭാഗം അവർ നീക്കം ചെയ്തു. അതിനു ശേഷം മുഖത്തെ അതിന്റെ കേടുപാടുകൾ കുറയ്ക്കാൻ പ്ലാസ്റ്റിക് സർജൻ ഒരു റീ കൺസ്ട്രക്റ്റീവ് സർജറിയും ചെയ്തു. 

കാൻസറുമായുള്ള അവിചാരിതമായ  ഏറ്റുമുട്ടൽ തന്നെ മാനസികമായി ഏറെ തളർത്തിയെങ്കിലും, അതിനെയൊക്കെ സധൈര്യം അതിജീവിക്കാൻ ദൈവസഹായത്താൽ തനിക്കായെന്ന് ലോറെൻ സാക്ഷ്യപ്പെടുത്തുന്നു. ഭാഗ്യവശാൽ കാര്യമായ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ലോറെന് ഈ ഓപ്പറേഷൻ കൊണ്ട് ഉണ്ടായില്ല. 

കാൻസറാണ് എന്ന് തിരിച്ചറിഞ്ഞ ദിവസം ലോറെൻ ഏറെ നേരം കരഞ്ഞു. പിന്നെ ഒടുക്കം ആശ്വസിച്ചു.. നേരത്തെ കണ്ടെത്താൻ കഴിഞ്ഞല്ലോ.. ചികിത്സിക്കാനും. ഒരു ഓപ്പറേഷനിൽ തീരുമല്ലോ. പൂർണ്ണമായും ഭേദമാവുമല്ലോ അസുഖം.. അങ്ങനെ സ്വയം ആശ്വസിക്കാൻ അവൾക്കു കഴിഞ്ഞു. 

ഇൻസ്റ്റാഗ്രാമിലൂടെ ഇതേപ്പറ്റി തന്റെ ഫോളോവേഴ്‌സിനെ ബോധവൽക്കരിക്കുകയാണ് ലോറെൻ ഇപ്പോൾ. ശരീരത്തിൽ എവിടെയും പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഏതൊരു പാടിനെയും കുരുവിനെയും  മറുകിനെയും ഒന്നും അവഗണിക്കരുത് എന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ലോറെൻ പറയുമ്പോൾ അത് കേൾക്കാൻ ഫോളോവേഴ്സ് ഏറെയാണ്. സ്കിൻ സ്പെഷലിസ്റ്റിന് കൊടുക്കാൻ മടിക്കുന്ന ഇരുപത് പൗണ്ട് ചിലപ്പോൾ നിങ്ങൾക്ക് വളരെ വലിയ നഷ്ടങ്ങളാവും സമ്മാനിക്കുക. തുടക്കത്തിൽ തന്നെ, തുടങ്ങിയേടത്തു നിന്നും നാലുപാടും പരക്കുന്നതിനു മുമ്പ് കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുക എന്നതാണ് കാൻസറിനെ അതിജീവിക്കാനുള്ള ഒരേയൊരു വഴി എന്ന് അവർ അഭിപ്രായപ്പെടുന്നു. 

" എന്റെ മൂക്കിൽ കണ്ട ആ പാടിനെ ഞാൻ അവഗണിച്ചിരുന്നു എങ്കിൽ.. ഡോക്ടറെ കാണാൻ മടിച്ചു ഞാനിരുന്നിരുന്നു എങ്കിൽ.. ഇന്ന് ചിലപ്പോൾ നിങ്ങളീ കാണുന്ന മൂക്ക് നിങ്ങൾക്കിവിടെ കാണാൻ കഴിയില്ലായിരുന്നു.  ഒരുപക്ഷേ, ഇത് പറയാൻ ഈ ഞാനും..!" - ലോറെൻ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി. 

കടപ്പാട് : ദി സൺ.

click me!