എല്ലാ വിഷയത്തിലും എ-പ്ലസ് കിട്ടാത്ത കുട്ടികളോട് പറയാന്‍ ഒരേയൊരു 'ഡയലോഗ്'...

By Web TeamFirst Published May 6, 2019, 8:22 PM IST
Highlights

എല്ലാ വിഷയങ്ങളിലും എ-പ്ലസ് തന്നെ വാങ്ങിച്ചില്ലെങ്കില്‍ 'നീ തീര്‍ന്നെടാ, തീര്‍ന്ന്' എന്നാണ് നമ്മള്‍ കുട്ടികളോട് പറയാതെ പറയുന്നത്. എന്നിട്ട് ഏതെങ്കിലും ഒരു വിഷയത്തിന് എ-പ്ലസ് പോയാല്‍ തല കറങ്ങിവീഴുന്ന മട്ടില്‍ കുട്ടിയുടെ മാനസികാവസ്ഥയെ നമ്മള്‍ തളര്‍ത്തിയെടുക്കുന്നു. 'മിനിമം' എന്ന പ്രശ്‌നമുദിക്കുന്നില്ല, എല്ലാം 'മാക്‌സിമം' വേണം- നമ്മുടെ ഈ  വാശിക്ക് മുന്നില്‍ തോല്‍ക്കാതിരിക്കാതിരിക്കാന്‍ ഓരോ കുട്ടിയും കടന്നുപോകുന്നത് എത്രയോ ഭാരപ്പെട്ട സമ്മര്‍ദ്ദങ്ങളിലൂടെയാണ്

എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നതോടെ മുഴുവന്‍ വിഷയത്തിലും എ-പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ആഘോഷത്തിന്റെ തിരക്കിലാണ്. തീര്‍ച്ചയായും അത് സന്തോഷം തന്നെയാണ്. എന്നാല്‍ അളവിലധികം ഇത് ആഘോഷിക്കുമ്പോള്‍ നമ്മള്‍ സ്വയമറിയാതെ മറ്റൊരു കുറ്റം കൂടി ചെയ്യുന്നുണ്ട്. അതെന്താണെന്ന് വിശദീകരിക്കാം. 

ഇക്കുറി പരീക്ഷ എഴുതിയവരില്‍ നാല് ലക്ഷത്തിലധികം കുട്ടികള്‍ പാസായി. എന്നാല്‍ അവരില്‍ 37,334 കുട്ടികള്‍ക്ക് മാത്രമാണ് എല്ലാ വിഷയത്തിലും എ-പ്ലസ് കിട്ടിയത്. ഒരു വിഷയത്തിലെങ്കിലും എ-പ്ലസ് നഷ്ടമായ കുട്ടിക്ക് ഈ ലിസ്റ്റില്‍ ഇടമില്ല എന്നര്‍ത്ഥം. 

എല്ലാ വിഷയത്തിലും എ-പ്ലസ് കിട്ടിയ കുട്ടിയെ സംബന്ധിച്ച് തുടര്‍ന്നുള്ള പടവുകള്‍ എളുപ്പമാണ്. എന്നാല്‍ അതില്‍ക്കുറവ് ഗ്രേഡ് കിട്ടിയവരുടെ കാര്യമോ? ഒരുപക്ഷേ തോറ്റവരെക്കാള്‍ കഷ്ടമാണ് ചില വിഷയങ്ങളില്‍ മാത്രം എ-പ്ലസ് കിട്ടാതായവരുടെ കാര്യം. തോറ്റവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം. പാസാകാം, എന്നാല്‍ ജയിച്ചിട്ടും വയറുനിറയെ മാര്‍ക്ക് കിട്ടാത്തവരുടെ കാര്യം അങ്ങനെയല്ല. അവര്‍ക്ക് ചിലപ്പോള്‍ പ്ലസ് വണ്‍- പ്രവേശനത്തിന് ബുദ്ധിമുട്ട് കാണില്ല. പ്രവേശനം കിട്ടുകയും ചെയ്‌തേക്കാം. എന്നാല്‍ അവര്‍ നേരിടുന്ന മാനസികപ്രശ്‌നങ്ങളെ കുറിച്ച് നമ്മളോര്‍ക്കുന്നുണ്ടോ?

എല്ലാ വിഷയങ്ങളിലും എ-പ്ലസ് എന്ന സ്വപ്‌നം നഷ്ടമായിരിക്കുന്നു, അയല്‍വക്കത്ത് അതേ സ്വപ്‌നം നേടിയ കൂട്ടുകാരന്റെ/കൂട്ടുകാരിയുടെ അച്ഛനമ്മമാര്‍ ആഘോഷിക്കുന്നു, എന്റെ അച്ഛനമ്മമാര്‍ക്ക് ഞാന്‍ കാരണം ആ ആഘോഷങ്ങള്‍ ഇല്ലാതായിരിക്കുന്നു. എന്റെയാണ് പ്രശ്‌നം, എന്റെ പോരായ്മ കൊണ്ടാണിത് സംഭവിച്ചത്. ഇനി ഞാനെന്ത് ചെയ്തിട്ടും കാര്യമില്ല. എന്നെ വിഷമിപ്പിക്കണ്ട എന്നോര്‍ത്താണ് അച്ഛനും അമ്മയും ഒന്നും പറയാത്തത്...

എന്തുമാത്രം സമ്മര്‍ദ്ദങ്ങളാണ് ഒരു പതിനഞ്ചുകാരിക്കോ പതിനഞ്ചുകാരനോ നമ്മുടെ സമൂഹം നല്‍കുന്നത്? 

എസ്എസ്എല്‍സി പരീക്ഷാഫലമെന്നത് കേവലം ഒരു പരീക്ഷയുടെ ഫലം മാത്രമല്ല നമുക്ക്. എത്രയോ കാലങ്ങളായി ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണമായകമായ ആദ്യത്തെ ഘട്ടമെന്ന നിലയില്‍ നമ്മള്‍ എസ്എസ്എല്‍സിയെ കണക്കാക്കിപ്പോരുന്നു. തുടര്‍ന്ന് മരണം വരെ എങ്ങനെ ജീവിക്കണം? ആരായിത്തീരണം? അതിന് എന്തെല്ലാം ചെയ്യണം? എന്നിങ്ങനെയുള്ള എടുത്താല്‍ പൊങ്ങാത്തയത്രയും ഗൗരവമുള്ള ചോദ്യങ്ങളാണ് സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയോട് നമ്മള്‍ ചോദിക്കുന്നത്.

ഗ്രേഡിംഗ് സമ്പ്രദായം വരുന്നതിന് മുമ്പ് മാര്‍ക്കിനായിരുന്നുവല്ലോ പ്രാധാന്യം, ഇരുന്നൂറ്റിപ്പത്ത് എന്ന പാസ്മാര്‍ക്കിലേക്ക് ഓടിക്കയറലാണ് മിക്ക കുട്ടികളുടെയും ലക്ഷ്യം. പിന്നീട് മാര്‍ക്കിന്റെ പ്രാധാന്യം കൂടിവന്നു. അതില്‍ മത്സരം മുറുകിയപ്പോള്‍ ഒരു അയവിന് വേണ്ടി ഗ്രേഡിംഗ് കൊണ്ടുവന്നു. മുമ്പ് അറന്നൂറില്‍ അഞ്ഞൂറ്റിത്തൊണ്ണൂറ് മാര്‍ക്കും വാങ്ങിയ ഒന്നോ രണ്ടോ ആളോടായിരുന്നു മത്സരമെങ്കില്‍ ഇപ്പോളത് മുഴുവന്‍ വിഷയങ്ങളിലും എ-പ്ലസ് വാങ്ങിയ മുപ്പതിനായിരം പേരോടായി എന്നുമാത്രം. 

എല്ലാ വിഷയങ്ങളിലും എ-പ്ലസ് തന്നെ വാങ്ങിച്ചില്ലെങ്കില്‍ 'നീ തീര്‍ന്നെടാ, തീര്‍ന്ന്' എന്നാണ് നമ്മള്‍ കുട്ടികളോട് പറയാതെ പറയുന്നത്. എന്നിട്ട് ഏതെങ്കിലും ഒരു വിഷയത്തിന് എ-പ്ലസ് പോയാല്‍ തല കറങ്ങിവീഴുന്ന മട്ടില്‍ കുട്ടിയുടെ മാനസികാവസ്ഥയെ നമ്മള്‍ തളര്‍ത്തിയെടുക്കുന്നു. 'മിനിമം' എന്ന പ്രശ്‌നമുദിക്കുന്നില്ല, എല്ലാം 'മാക്‌സിമം' വേണം- നമ്മുടെ ഈ  വാശിക്ക് മുന്നില്‍ തോല്‍ക്കാതിരിക്കാതിരിക്കാന്‍ ഓരോ കുട്ടിയും കടന്നുപോകുന്നത് എത്രയോ ഭാരപ്പെട്ട സമ്മര്‍ദ്ദങ്ങളിലൂടെയാണ്. അല്ലെങ്കില്‍ പതിനഞ്ച് വയസ്സുള്ള ഒരു കുട്ടിയോട് 'നീ ഇപ്പോ തീരുമാനിക്കണം നിന്റെ ജീവിതം എങ്ങനെയാകണമെന്ന്...' എന്ന ഭീഷണി നമ്മളുയര്‍ത്തില്ല!

സ്‌കൂളും വീടും, അത്യാവശ്യം ചുറ്റുപാടുകളും മാത്രം പരിചയിച്ച് ജീവിക്കുന്ന അത്രയും ചെറിയ പ്രായത്തിലുള്ള ഒരു കുട്ടിയോട് ഇങ്ങനെ ചോദിക്കുന്നതിലെയും ഭീഷണികളുയര്‍ത്തുന്നതിലേയും അര്‍ത്ഥമില്ലായ്മയെ പറ്റി ചിന്തിക്കാന്‍ നമുക്ക് കഴിയുന്നില്ല. ലോകം മത്സരങ്ങളുടേതാണ്, അവള്‍/അവന്‍ മാറിനിന്നാല്‍ പിന്നിലായിപ്പോകും- എന്ന ഭയമായിരിക്കാം ഒരുപക്ഷേ നമ്മളെക്കൊണ്ട് ഈ കടുംകൈ ചെയ്യിക്കുന്നത്. അങ്ങനെ പേടിപ്പിച്ചും സമ്മര്‍ദ്ദത്തിലാക്കിയും പരീക്ഷാഫലം പുറത്തുവരുന്ന ദിവസങ്ങളില്‍ നമ്മളെത്രയോ കുഞ്ഞുങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിരിക്കുന്നു?

അതുപോലെ പിന്നീടൊരിക്കലും ക്രിയാത്മകമായ തെരഞ്ഞെടുപ്പുകള്‍ നടത്താനാവാത്ത വിധം, അഭിരുചികളെ പാടെ നശിപ്പിച്ച് നമ്മളെത്ര കുട്ടികളെ ഡോക്ടറും എഞ്ചിനീയറുമാക്കി പടച്ചുവച്ചിരിക്കുന്നു. അവര്‍ ആ ജോലിയില്‍ ആനന്ദിക്കുന്നുണ്ടോ? അവര്‍ യഥാര്‍ത്ഥത്തില്‍ ഡോക്ടറോ എഞ്ചിനീയറോ ആയോ? ഒരിക്കലെങ്കിലും ഇങ്ങനെയൊരു മാറിയ ചിന്ത നമുക്കുള്ളില്‍ ഉണ്ടാകാത്തതെന്തേ?

'മിക്ക കുട്ടികള്‍ക്കും തുടര്‍ന്ന് എന്ത് പഠിക്കണം, എന്ത് തെരഞ്ഞെടുക്കണം എന്നറിയില്ല. അവരുടെ തെരഞ്ഞെടുപ്പ് മിക്കപ്പോഴും മാതാപിതാക്കളുടെ തീരുമാനമായി മാറുന്നു. അതുകൊണ്ടാണല്ലോ ഇപ്പോഴും ഭാവിയിലെ ആഗ്രഹങ്ങള്‍ പറയുമ്പോള്‍ ഭൂരിഭാഗം കുട്ടികളും മെഡിസിനും എഞ്ചിനീയറിംഗും ചൂണ്ടിക്കാണിക്കുന്നത്'- കുട്ടികളുടെ മനശാസ്ത്രജ്ഞയായ നിമ്മി ജോര്‍ജ് പറയുന്നു. 

ഇതൊന്നും സ്വന്തം തെരഞ്ഞെടുപ്പ് അല്ലാത്തത് കൊണ്ടുതന്നെ പിന്നീട് ഉന്നതവിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങളില്‍ അവര്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും ഡിഗ്രി- ക്ലാസുകളിലെ കുട്ടികളുടെ വ്യാപകമായ കൊഴിഞ്ഞുപോക്ക് ഇതാണ് സൂചിപ്പിക്കുന്നതെന്നും നിമ്മി ചൂണ്ടിക്കാണിക്കുന്നു. 

'കുട്ടികളെ ഏത് പരീക്ഷയുടെ പേരിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏത് ഘട്ടത്തിലും അമിതമായി സമ്മര്‍ദ്ദത്തിലാക്കരുത്. നമ്മള്‍ കരുതുന്നതിനേക്കാള്‍ എത്രയോ അപകടം പിടിച്ച കാര്യമാണത്. ഒരു വ്യക്തിയുടെ മാനസികനിലയെ തകര്‍ക്കുന്ന പ്രവര്‍ത്തിയാണത്. പ്രഷര്‍ കുക്കര്‍ സമൂഹം എന്നൊരു വിശേഷണം കേട്ടിട്ടില്ലേ? അതിലെ പ്രഷര്‍ അല്‍പം കൂടി കൂട്ടാനേ ഇതുപകരിക്കൂ'- ലണ്ടനില്‍ വിദ്യാഭ്യാസ വിദഗ്ധനായ റോഡ് ബ്രിസ്‌റ്റോ പറയുന്നു. 

പരീക്ഷയെന്നത് ഭാവിയിലേക്ക് ജോലി കണ്ടെത്താനും ജീവിതം സുരക്ഷിതമാക്കാനുമുള്ള ഒരെളുപ്പ മാര്‍ഗം മാത്രമാണെന്നും, എത്ര തവണ പരാജയപ്പെട്ടാലും വീണ്ടും ശ്രമിച്ച് നേടാവുന്നതേയുള്ളൂ ഈ വിജയമെന്നും കുട്ടികളെ പറഞ്ഞുമനസിലാക്കണമെന്നും മാതാപിതാക്കളോട് റോഡ് ബ്രിസ്‌റ്റോ നിര്‍ദേശിക്കുന്നു. 

കുട്ടികളെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതിന്റെയും അവരുടെ മനസ് തകര്‍ക്കുന്നതിന്റെയും അപകടങ്ങളെ കുറിച്ച് ഇങ്ങനെ എത്രയോ വിദഗ്ധര്‍ ഓരോ പരീക്ഷാക്കാലത്തും നമ്മളോട് സംസാരിക്കുന്നുണ്ട്. എന്നിട്ടും അവയൊന്നും നമുക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. ഏതെങ്കിലും ഒന്നോ രണ്ടോ മൂന്നോ വിഷയത്തില്‍ എ-പ്ലസ് കിട്ടിയില്ലെങ്കില്‍ 'പോട്ടെടോ അതിലാണോ നിന്റെ മുഴുവന്‍ ജീവിതോം കെടക്കുന്നത്' എന്നൊരു 'ഡയലോഗ്' ആര്‍ജ്ജവത്തോടെ അവരോട് കാച്ചാന്‍ ഇനിയും നമുക്ക് കഴിയുന്നില്ല! തോറ്റ കുട്ടിയോടും ഈ പരിഗണനയാകാം. വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട ഘടകം തന്നെയാണ്. എന്നാല്‍ അതല്ല എല്ലാറ്റിന്റെയും ഒടുക്കം എന്നും മുന്നോട്ട് ഇനിയെങ്ങനെ പോകാമെന്നും സ്‌നേഹത്തോടെയും സ്വതന്ത്രമായ മനസോടെയും നമുക്ക് കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാം. 

click me!