ജോലി ചെയ്യാൻ മടിയാണോ, ആവശ്യമില്ലാതെ ടെൻഷനടിക്കാറുണ്ടോ; പ്രധാനപ്പെട്ട കാരണങ്ങൾ

By Priya VargheseFirst Published Jun 16, 2019, 10:47 AM IST
Highlights

ഭാവിയെക്കുറിച്ച് സ്വപ്നങ്ങളും ലക്ഷ്യവും ഇല്ലാത്തതാണ് ഒരു പ്രധാന കാരണം. ഓരോ ജോലികള്‍ ചെയ്തു തീര്‍ത്താല്‍ അതില്‍ നിന്നും ഉണ്ടാകുന്ന ഗുണഫലങ്ങളെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടെങ്കില്‍ ഒരിക്കലും അതു മാറ്റിവയ്ക്കുന്ന രീതി ഒരാള്‍ സ്വീകരിക്കില്ല. ജീവിതത്തില്‍ ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി.
 

ഇന്നു തന്നെ ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ നാളത്തേക്ക് മാറ്റിവയ്ക്കുന്ന ശീലമുള്ള ആളാണോ നിങ്ങള്‍? നിരന്തരമായി ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യാതെ ഒഴിഞ്ഞുമാറാറുണ്ടോ? അങ്ങനെ ചെയ്തുതീര്‍ക്കാത്ത ജോലിയെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍ ടെന്‍ഷനുണ്ടാക്കുന്നുണ്ടോ? ചെയ്തു തീര്‍ക്കാം എന്ന് ആത്മവിശ്വാസമുള്ള ജോലികളില്‍ മാത്രം ശ്രദ്ധിച്ച് മറ്റുള്ളവ വൈകിപ്പിക്കാറുണ്ടോ? ഇതു പൊതുവേ ആളുകള്‍ നേരിടുന്ന ഒരു പ്രശ്നമാണ്. എന്നാല്‍ ഇതു വളരെ ദോഷകരവുമാണ്‌.

ടെന്‍ഷനാണിവിടെ വില്ലന്‍. ഒരു ജോലി തുടങ്ങുന്നതില്‍ ടെന്‍ഷന്‍ നേരിടുന്ന ആളുകള്‍ ആ ടെന്‍ഷനില്‍ നിന്നും രക്ഷപെടാനായി അതിനെ ഒഴിവാക്കുന്നു. എന്നാല്‍ എന്താണോ ടെന്‍ഷനും ഭയവും ഉണ്ടാക്കുന്നത്, അതിനെ നേരിടാത്തിടത്തോളം കാലം ആ ഭയം മാറാതെ അങ്ങനെ തന്നെ നിലനില്‍ക്കും.

ഈ ശീലത്തിന്റെ കാരണങ്ങൾ...

1.    ലക്ഷ്യമില്ലായ്മ

ഭാവിയെക്കുറിച്ച് സ്വപ്നങ്ങളും ലക്ഷ്യവും ഇല്ലാത്തതാണ് ഒരു പ്രധാന കാരണം. ഓരോ ജോലികള്‍ ചെയ്തു തീര്‍ത്താല്‍ അതില്‍ നിന്നും ഉണ്ടാകുന്ന ഗുണഫലങ്ങളെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടെങ്കില്‍ ഒരിക്കലും അതു മാറ്റിവയ്ക്കുന്ന രീതി ഒരാള്‍ സ്വീകരിക്കില്ല. ജീവിതത്തില്‍ ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി.

2.    ഭയം

പരാജയ ഭീതിയാണ് മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നം. ഏറ്റവും കൃത്യമായി കാര്യങ്ങള്‍ ചെയ്യണം എന്നാഗ്രഹിക്കുകയും അത്രയും ഭംഗിയായി തനിക്കു ചെയ്യാനാവില്ല എന്ന തോന്നലും ജോലികള്‍ ചെയ്തു തുടങ്ങാനുള്ള ബുദ്ധിമുട്ടു നേരിടുന്നവര്‍ക്കുണ്ട്. അതിനാല്‍ ഇഷ്ടപെട്ടതും ആത്മവിശ്വാസമുള്ളതുമായ ജോലികളില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുകയും ബുദ്ധിമുട്ടെന്നു സ്വയം കരുതുന്നവയെ മാറ്റി വയ്ക്കുകയും ചെയ്യുന്നു. ഈ രീതി തുടരുന്നതു വ്യക്തിയില്‍ കുറ്റബോധവും നാണക്കേടും ഉളവാക്കുന്നു.

3.    ശ്രദ്ധ പതറിപ്പോകുക

അമിത ഫോണ്‍ ഉപയോഗവും, അനാവശ്യ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതും ജോലി കൃത്യമായി ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കും. ഇന്റർനെറ്റ് അടിമത്വം, മദ്യാസക്തി എന്നിവ ജോലിയെ ദോഷകരമായി ബാധിക്കും. ജോലി ചെയ്യുന്ന വേളയില്‍ നേരിടേണ്ട മാനസിക സമ്മര്‍ദ്ദത്തേക്കാള്‍ വളരെ അധികമാണ് ജോലി ചെയ്യാതെ ഓരോ ദിവസവും മാറ്റിവയ്ക്കുമ്പോള്‍ അനുഭവപ്പെടുക. 

4.    സമയം കിട്ടുന്നില്ല എന്ന ന്യായം

പലപ്പോഴും ഇങ്ങനെ ഒരു കാരണമാണ് മിക്കവരും പറയാറുള്ളത്. എന്നാല്‍ സ്ഥിരമായി ഇങ്ങനെ സമയം കിട്ടാതെ വരുന്നുണ്ട് എങ്കില്‍ നിങ്ങള്‍ സമയം ക്രമീകരിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. 

5.    പ്രതിഷേധം

നിര്‍ബന്ധപൂര്‍വ്വം ഒരു ജോലി ചെയ്യിക്കാന്‍ ആരെങ്കിലും ശ്രമിക്കുമ്പോള്‍ അവരോടുള്ള പ്രതിഷേധം പ്രകടമാക്കാനും ആ പ്രവര്‍ത്തി നിഷേധിക്കുന്ന രീതി ചിലര്‍ സ്വീകരിക്കാറുണ്ട്. ആ ജോലി എന്‍റെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്ന തോന്നലിനു പകരം എനിക്ക് അതു ചെയ്തു തീര്‍ക്കണം എന്ന തരത്തില്‍ ചിന്താഗതിയില്‍ മാറ്റം വരുത്തിയെടുക്കാന്‍ കഴിയണം. അതിനുവേണ്ടി ആ ജോലി ചെയ്താലുള്ള ഗുണഫലങ്ങളെപ്പറ്റി ചിന്തിക്കുക. ഒരു തരത്തിലും ഇഷ്ടപ്പെടാന്‍ കഴിയാത്ത ജോലിയാണോ എന്നും ചിന്തിക്കുക. അങ്ങനെയെങ്കില്‍ എന്താണ് നിങ്ങളുടെ താല്പര്യമെന്ന് തിരിച്ചറിയുക. അതു കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുക.
 
ജീവിതത്തില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ വൈകിക്കുന്നത് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകാന്‍ കാരണമാകും. ഒരുപാടു വര്‍ഷങ്ങള്‍ മുന്നോട്ടു പോയതിനുശേഷം അതിനെപറ്റി ഓര്‍ത്തു ദു:ഖിക്കുന്നവര്‍ നിരവധിയാണ്. പാരമ്പര്യവും ഈ ശീലത്തിനൊരു കാരണമാണ്.

ഒരു പ്രവര്‍ത്തി തുടങ്ങി വയ്ക്കുക എന്നുള്ളതാണ് ഏറ്റവും എളുപ്പം എന്ന് തോന്നുന്നതും എന്നാല്‍ ഏറെ ആളുകള്‍ പ്രയാസം നേരിടുന്നതും. ഒരു ജോലിയെ പല ഭാഗങ്ങളാക്കി തിരിക്കുക. ആദ്യം ചെയ്തു തീര്‍ക്കേണ്ടതിനു മുന്‍ഗണന നല്‍കുക. ജോലികള്‍ ചെയ്തു തുടങ്ങാതെ മാറ്റി വയ്ക്കുന്ന ശീലം ജീവിത വിജയം നേടുന്നതിന് തടസ്സം സൃഷ്ടിക്കും. ഈ നിമിഷം അപര്യാപ്തതകളില്‍ നിന്നുകൊണ്ടുതന്നെ എന്തു ചെയ്യാം എന്ന ചിന്തയാണ് വിജയത്തിലേക്കു നമ്മെ നയിക്കുന്നത്.

ജീവിത വിജയം കൈവരിച്ചവരുടെ പ്രത്യേകതകള്‍

•    ജോലി ചെയ്യാന്‍ അവര്‍ ഉടന്‍ തയ്യാറാകും
•    സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായി എല്ലാ പ്രശ്നങ്ങളും മാറാന്‍ കാത്തിരിക്കാതെ ഈ നിമിഷം എന്തുചെയ്യാം എന്നവര്‍ ചിന്തിക്കും
•    ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ട ജോലികളെപ്പറ്റി മുന്‍കൂട്ടി ലിസ്റ്റ് തയ്യാറാക്കും
•    ജോലികള്‍ക്കിടയില്‍ ചെറിയ ഇടവേളകള്‍ എടുക്കാനും തിരിച്ചു ജോലിയിലേക്ക് ശ്രദ്ധിക്കാനും കഴിയുക
•    കഴിഞ്ഞതിനെപ്പറ്റി ദു:ഖിക്കാതെ മുന്നോട്ടു പോകാന്‍ അടുത്തതെന്തു ചെയ്യാം എന്ന ചിന്ത
•    ശ്രദ്ധ വിട്ടുപോകാനുള്ള അനാവശ്യ കാര്യങ്ങളില്‍ നിന്നും പൂര്‍ണ്ണമായും അകന്നു നില്‍ക്കുക
•    ജീവിത വിജയം നേടിയ മറ്റാളുകളുടെ ശീലങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കും
•    പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളെപ്പറ്റി വ്യക്തമായ ധാരണ അവര്‍ക്കുണ്ടാകും
•    സമയത്തിന്‍റെ വിലയെ പറ്റിയും, നഷ്ടപെട്ട സമയം തിരിച്ചു കിട്ടില്ല എന്നുമുള്ള ഉത്തമ ബോദ്ധ്യം അവര്‍ക്കുണ്ട്
•    അവര്‍ സമയം ചിലവഴിക്കുന്നവരല്ല ഉപയോഗപ്പെടുത്തുന്നവരാണ്.

എഴുതിയത്:

പ്രിയ വര്‍ഗീസ് 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com
PH: 8281933323

click me!