കുറ്റകൃത്യ വാസനയും സ്വഭാവ വൈകല്യവും; ചെറുപ്രായത്തിലെ ലക്ഷണങ്ങൾ പ്രകടമാക്കുന്നു

By Priya VargheseFirst Published Apr 15, 2019, 11:16 PM IST
Highlights

സാധാരണ കുട്ടികളില്‍ കാണുന്ന വികൃതികള്‍ക്കും കൗമാരക്കാരില്‍ കാണുന്ന എതിര്‍ മനോഭാവത്തിനും അപ്പുറമാണ് ചെറുപ്പ കാലം മുതലേ ഇവരുടെ പ്രവൃത്തികള്‍. മനുഷ്യരോടും മൃഗങ്ങളോടുമുള്ള അതിക്രൂരമായ പെരുമാറ്റം, നശീകരണ പ്രവണത, തീ വയ്ക്കുക, നിരവധി നുണകള്‍ പറയുക, മോഷണം നടത്തുക, അനുസരണക്കേട്‌, അനാദരവ്, സ്കൂളില്‍ മറ്റു കുട്ടികളെ ഉപദ്രവിക്കുക, സ്കൂളില്‍ പോകാതെ ഇരിക്കുക എന്നിവ തുടര്‍ച്ചയായി അവരുടെ പെരുമാറ്റത്തില്‍ കാണാനാവും.

തൊടുപുഴയില്‍ ഏഴു വയസ്സുകാരന്‍ ക്രൂര മര്‍ദ്ദനത്തിനിരയായി മരണപ്പെട്ട സംഭവം, തിരുവനന്തപുരത്ത് ലഹരിയുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍, ഒരാളെ മരണം ഉറപ്പാക്കും വരെ മൃഗീയമായി മര്‍ദ്ദിക്കാന്‍ മടിയില്ലാത്ത യുവാക്കള്‍, സ്വന്തം കുഞ്ഞിനെ ചൂഷണം ചെയ്യാന്‍ സമ്മതം മൂളുന്ന അമ്മമാര്‍, പ്രണയം അവസാനിപ്പിച്ചാല്‍ കാമുകിയെ ചുട്ടു കൊല്ലുന്നവര്‍- ഇങ്ങനെ മനസ്സാക്ഷി ഇല്ലാത്ത, എന്തും ചെയ്യാന്‍ മടിക്കാത്ത കുറേപ്പേര്‍. ഇവര്‍ മനുഷ്യരാണോ? 

ഇവര്‍ക്കിതൊക്കെ ചെയ്യുമ്പോള്‍ ഒരു കുറ്റബോധവും തോന്നിയില്ലേ?. ഇല്ല, എന്നതു തന്നെ പറയാം. കാരണം, മനസ്സാക്ഷിയോ കുറ്റബോധമോ തോന്നാത്തതരം വ്യക്തിത്വ വൈകല്യമുള്ള കൂട്ടരാണ് അവര്‍. സാധാരണ ഒരു വ്യക്തിക്ക് തന്‍റെ സഹജീവികളോട് തോന്നുന്ന ‘സഹാനുഭൂതി’ എന്നത് ഇവര്‍ക്ക് തീരെ അനുഭവപ്പെടില്ല. 

ഒരു കൊച്ചുകുട്ടി നിര്‍ത്താതെ കരയുമ്പോള്‍ അതുകേട്ട് നമുക്ക് സങ്കടം തോന്നാറില്ലേ? അപകട വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അതിലൂടെ കടന്നുപോയവരുടെ അവസ്ഥ എത്ര കഷ്ടമാണെന്ന് തോന്നാറില്ലേ? എന്നാല്‍ ഒരാളെ ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍, അയാള്‍ വേദന സഹിക്കാനാവാതെ വാവിട്ടു കരയുന്നത് കേള്‍ക്കുമ്പോള്‍ ഹൃദയം കല്ലായ ഇത്തരക്കാര്‍ ആ നിലവിളികേട്ട് ആനന്ദിക്കുകയാണ് ചെയ്യുന്നത്. 

ഇവര്‍ക്കൊക്കെ ഇരയാകുന്നവരും മനുഷ്യരാണ്, “അയാളുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍” എന്നുള്ള സാധാരണ മനുഷ്യന്‍റെ ചിന്തകളൊന്നും തന്നെ അവരുടെ മനസ്സിലേക്കു വരില്ല. ഇവര്‍ പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തു പോകുന്നതല്ല ഇതൊന്നും. ഇത്തരക്കാര്‍ ചെറുപ്പം മുതലേ അവരുടെ സ്വഭാവത്തില്‍ അതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. കുട്ടികളുടെ സ്വഭാവത്തില്‍ ഇത്തരം കുഴപ്പങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാക്കിയാലും ‘കുട്ടികളല്ലേ സാരമില്ല’ എന്നു ചിന്തിച്ചാല്‍ വലുതാകുമ്പോള്‍ സാമൂഹ്യ വിരുദ്ധരായി എന്തും ചെയ്യാന്‍ മടിയില്ലാത്ത കൂട്ടരായി അവര്‍ മാറും.

സ്വാഭാവ വൈകല്യം (കണ്‍ടക്ട് ഡിസോര്‍ഡര്‍)...

മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാതെ ഇരിക്കുക, നിയമങ്ങള്‍ ലംഘിക്കുക എന്നീ പ്രശ്നങ്ങള്‍ കുട്ടിയായിരിക്കുമ്പോഴോ കൗമാരകാലത്തിലോ പലതവണയായി ഇത്തരക്കാര്‍ പ്രകടിപ്പിച്ചു തുടങ്ങും. 18 വയസ്സാകുമ്പോഴേക്കും ഒരാളുടെ വ്യക്തിത്വം രൂപപ്പെട്ടു കഴിയും. അതിനാല്‍ അതിന് മുന്‍പേ തന്നെ ഈ ലക്ഷണങ്ങള്‍
​ഗൗരവത്തോടെ കണ്ട് ചികിത്സ നല്‍കേണ്ടത് വളരെ പ്രധാനമാണ്. 

സാധാരണ കുട്ടികളില്‍ കാണുന്ന വികൃതികള്‍ക്കും കൗമാരക്കാരില്‍ കാണുന്ന എതിര്‍ മനോഭാവത്തിനും അപ്പുറമാണ് ചെറുപ്പകാലം മുതലേ ഇവരുടെ പ്രവൃത്തികള്‍. മനുഷ്യരോടും മൃഗങ്ങളോടുമുള്ള അതിക്രൂരമായ പെരുമാറ്റം, നശീകരണ പ്രവണത, തീ വയ്ക്കുക, നിരവധി നുണകള്‍ പറയുക, മോഷണം നടത്തുക, അനുസരണക്കേട്‌, അനാദരവ്, സ്കൂളില്‍ മറ്റു കുട്ടികളെ ഉപദ്രവിക്കുക, സ്കൂളില്‍ പോകാതെ ഇരിക്കുക എന്നിവ തുടര്‍ച്ചയായി അവരുടെ പെരുമാറ്റത്തില്‍ കാണാനാവും. ചില കുട്ടികള്‍ വീട്ടില്‍ മാത്രമായും ഇത്തരം പെരുമാറ്റങ്ങള്‍ കാണിക്കാറുണ്ട്. ഭാവിയില്‍ ഇവര്‍ മദ്യത്തിനും മയക്കു മരുന്നിനും അടിമകളാകാനും ക്രിമിനലുകളായി മാറാനുമുള്ള സാധ്യത വളരെ കൂടുതലാണ്.

ഇവരില്‍ ചിലര്‍, ആളുകളെ കയ്യില്‍ എടുക്കാന്‍ സാമര്‍ത്ഥ്യമുള്ളവരാണ്. അതുകൊണ്ട് തന്നെ അസാധാരണമായ മാന്യത അഭിനയിച്ച് ആളുകളെ പറ്റിക്കാനുള്ള പ്രവണത ചെറുപ്പം മുതലേ ഇവര്‍ക്കുണ്ടാവും. മാതാപിതാക്കള്‍ക്കും ഇത്തരം സ്വഭാവ രീതികള്‍ ഉള്ള അവസ്ഥ, മോശം കുടുംബ സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍, ലഹരിക്ക്‌ അടിമകളായവര്‍ കുടുംബത്തില്‍ ഉള്ളവര്‍, വീട്ടില്‍ അക്രമം കണ്ടുവളരുന്ന കുട്ടികള്‍, മാതാപിതാക്കള്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കാതെ വളര്‍ത്തുന്ന കുട്ടികള്‍ എന്നിവരിലാണ് കണ്‍ടക്ട് ഡിസോര്‍ഡറിനു സാധ്യത കൂടുതല്‍. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളില്‍ ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നു. 

കുട്ടികളുടെ സ്വഭാവത്തില്‍ കുഴപ്പങ്ങള്‍ കാണുമ്പോള്‍ പരസ്പരം പഴിക്കുന്നതിന് പകരം അവരെ വളര്‍ത്തുന്ന പ്രക്രിയയില്‍ മാതാപിതാക്കള്‍ ഒരേപോലെ പങ്കുചേരുന്ന രീതിയാണ് ഇത്തരം പ്രശ്നങ്ങള്‍ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. കുടുംബത്തില്‍ പരസ്പര സ്നേഹവും ബഹുമാനവും നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയണം. കുട്ടികള്‍ വളരുന്ന പ്രായത്തില്‍ സ്നേഹവും ശാസനയും ഒരേ അളവില്‍ അവര്‍ക്കു കൊടുത്തേ മതിയാവൂ.

എഴുതിയത്:

പ്രിയ വര്‍ഗീസ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com

click me!