എടുത്ത തീരുമാനങ്ങളെല്ലാം തെറ്റായി പോയെന്ന് തോന്നാറുണ്ടോ; മനസ്സിൽ കുറ്റബോധം അലട്ടുന്നുണ്ടോ...?

By Web TeamFirst Published Jan 9, 2020, 4:31 PM IST
Highlights

തീരുമാനം മറ്റൊന്നായിരുന്നു എങ്കില്‍ ജീവിതം കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് എത്തുമായിരുന്നു എന്നുള്ള ചിന്ത ദുഃഖത്തിനു കാരണമാകാറുണ്ടോ? ഇങ്ങനെ അമിതമായി ചിന്തിക്കുന്നതുമൂലം കുറ്റബോധം, നിരാശ, സ്വയം-കുറ്റപ്പെടുത്തല്‍ എന്നിവ നേരിടുകയാണോ നിങ്ങള്‍?.

നമ്മുടെ മനസ്സിലേക്കു കടന്നു വരുന്ന നെഗറ്റീവ് ചിന്തകളില്‍ ഏതാണ് അധികവും എന്നു ചോദിച്ചാല്‍ മുമ്പെടുത്ത തീരുമാനങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ എന്നാവും മിക്ക ആളുകളും പറയുക. പഠനം, ജോലി, വിവാഹം എന്നിങ്ങനെ പല കാര്യങ്ങളിലും എടുത്ത തീരുമാനങ്ങള്‍ തെറ്റായി പോയെന്നുള്ള ചിന്തകൂടെ കൂടെ മനസ്സിനെ അലട്ടുന്ന അവസ്ഥ പലരും നേരിടുന്നതാണ്.

 തീരുമാനം മറ്റൊന്നായിരുന്നു എങ്കില്‍ ജീവിതം കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് എത്തുമായിരുന്നു എന്നുള്ള ചിന്തദുഃഖത്തിനു കാരണമാകാറുണ്ടോ? ഇങ്ങനെ അമിതമായി ചിന്തിക്കുന്നതുമൂലം കുറ്റബോധം, നിരാശ, സ്വയം-കുറ്റപ്പെടുത്തല്‍ എന്നിവ നേരിടുകയാണോ നിങ്ങള്‍?.

മറ്റൊരു നല്ല അവസരം ഉണ്ടായിരുന്നിട്ടുകൂടി അതു വേണ്ട എന്നു തീരുമാനിച്ചു എന്നതാകാം കുറ്റബോധം ഉണ്ടാകാനുള്ള പ്രധാന കാരണം. ശരിയായ തീരുമാനത്തിലേക്ക് എത്തുന്നതുവരെ ചിലപ്പോള്‍ നെഗറ്റീവ് ചിന്തകള്‍ മനസ്സിനെ അലട്ടാം. തെറ്റു തിരുത്താന്‍ മറ്റൊരവസരം ഇല്ല എന്ന ചിന്തയുംവല്ലാതെമനസ്സിനെ വിഷമിപ്പിച്ചേക്കാം.ഓരോ പ്രായത്തിലും അവസരങ്ങള്‍ അല്ലെങ്കില്‍ എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നത് വ്യത്യസ്തമാണ് എന്നതാവാം നിരാശയുടെ മറ്റൊരു കാരണം. 

എല്ലാ കാര്യങ്ങളിലും അമിത കൃത്യത ആഗ്രഹിക്കുന്ന ആളുകളെ ഇത്തരം പിഴവുകള്‍ വലിയ അളവില്‍ ബാധിക്കും. ചിലരില്‍ ചില തെറ്റായ തീരുമാനങ്ങൾക്ക്  ശേഷമാകാം അമിത കൃത്യത വേണമെന്ന നിർബന്ധം ആരംഭിക്കുക. എല്ലാ കാര്യങ്ങളിലും കൃത്യത പാലിക്കുക എന്നത് വളരെ നല്ല കാര്യമാണ് എങ്കിലും അതൊരു വ്യക്തിയില്‍ അമിതമായ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന നിലയിലേക്കു പോകുന്നത് ദോഷകരമാണ്.

എങ്ങനെ പരിഹരിക്കാം?

ജീവിതത്തില്‍ സംതൃപ്തി ഇല്ലാതെയാകാൻ കഴിഞ്ഞകാലങ്ങളിലെ വീഴ്ചകളെപറ്റിയുള്ള ചിന്തകള്‍ കാരണമായേക്കാം. എന്നാല്‍ ഈ ചിന്തകളെ പോസിറ്റീവ് ആക്കി മാറ്റാന്‍ കഴിഞ്ഞാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും. 

അമിതമായി ചിന്തിച്ചു വിഷമിക്കാതെ എന്തുകൊണ്ടാണ് അന്നങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണമായത് എന്നു സ്വയം കണ്ടെത്താന്‍ ശ്രമിക്കാം. അങ്ങനെയെങ്കില്‍അത്തരം അനുഭവങ്ങള്‍ തുടര്ന്നു ള്ള ജീവിതത്തില്‍ എങ്ങനെ തീരുമാനങ്ങള്‍ എടുക്കണം എന്ന അറിവ് നേടാന്‍ എത്രമാത്രം സഹായിച്ചു എന്നു തിരിച്ചറിയാന്‍സഹായിക്കും. 

ചിന്തകളിലും പ്രവൃത്തികളിലും വരുത്തേണ്ട മാറ്റങ്ങള്‍ എന്തെല്ലാമാണ് എന്നു കണ്ടെത്താനും ഇതിലൂടെ കഴിയും. എടുത്തുചാടി തീരുമാനം എടുക്കുന്ന പ്രവണതയാണ് മുമ്പുണ്ടായിരുന്നത് എന്നു കണ്ടെത്തിയാല്‍ ഇനിയങ്ങോട്ട് ആലോചിച്ചു തീരുമാനങ്ങള്‍ എടുക്കണം എന്ന പാഠം ഉള്‍കൊള്ളാം.

എല്ലായ്പ്പോഴും കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല എന്നു വരാം. അതു മനുഷ്യസഹജമാണ്. അതിനാല്‍ കഴിഞ്ഞ കാര്യങ്ങളെ അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തുക. എപ്പോഴും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ ഫലം എന്തെല്ലാമായിരിക്കും എന്നുകൂടി ചിന്തിക്കാം. പരാജയം സംഭവിച്ചാല്‍ അതിനെ അംഗീകരിക്കാനുള്ള മനസ്സുണ്ടാക്കി എടുക്കാം.

മുന്നോട്ടുള്ള ജീവിതത്തില്‍ മുൻപ് ഉണ്ടായ പരാജയത്തെ വിജയത്തിലേക്കെത്താനുള്ള വലിയ കാരണമാക്കി മാറ്റം. ചിന്തകളിലും പ്രവര്‍ത്തികളിലും നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ അതിലൂടെ കഴിയും എന്നു മനസ്സിലാക്കുക. മറ്റുള്ള ആളുകളുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്തു വിഷമിക്കുന്ന രീതി അവസാനിപ്പിച്ച്‌ എന്താണോ നാം ജീവിതത്തില്‍ നേടണം എന്ന് ആഗ്രഹിക്കുന്നത് അതിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാം. 

കഴിഞ്ഞകാല അനുഭവങ്ങള്‍ വീണ്ടും വീണ്ടും ചിന്തിച്ചു മനസ്സിന്റെ സമാധാനം നഷ്ടപ്പെടുത്തി മുന്നോട്ടു പോകുന്നതില്‍ അർത്ഥമില്ല.. നെഗറ്റീവ് ചിന്തകളെ അതിജീവിക്കാന്‍ Cognitive Behaviour Therapy യിലൂടെ സാധ്യമാണ്. നെഗറ്റീവ് ചിന്തകള്‍ കുറയുന്നതോടുകൂടി ആത്മവിശ്വാസം നേടിയെടുക്കാനും കഴിയും. ജീവിതത്തിൽ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ എല്ലാവർക്കും കഴിയട്ടെ.

എഴുതിയത്: 
പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(RCI Registered)
For telephone consultation
Call: 8281933323 (10am to 2pm)
(Fees applicable)

click me!