ലക്ഷ്യബോധം ഉണ്ടാകാൻ ഈ 7 ചോദ്യങ്ങൾ നിങ്ങൾക്ക് സ്വയം ചോദിക്കാം

By Priya VargheseFirst Published May 15, 2019, 5:32 PM IST
Highlights

ചിലര്‍ക്ക് ലക്ഷ്യം അവരുടെ ജോലിയില്‍ വിജയം കൈവരിക്കുക എന്നതാണ്. മറ്റു ചിലർക്ക് കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമ്പോഴാണ് ജീവിതം അര്‍ത്ഥവത്തായി തോന്നുന്നത്. എപ്പോഴും അശുഭചിന്തകളിലായിരിക്കാന്‍ മനസ്സിനെ അനുവദിച്ചാല്‍ ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയാകും അതുണ്ടാക്കുക. ജീവിതത്തിന്‍റെ ലക്ഷ്യം എന്താണ് എന്ന് നമുക്ക് കണ്ടെത്താനായാൽ അനാവശ്യ കാര്യങ്ങളെപ്പറ്റി ചിന്തിച്ച് ദു:ഖിക്കുന്ന രീതി അവസാനിപ്പിക്കാന്‍ നമുക്കാവും. 

രാവിലെ ഉറക്കമുണരുമ്പോള്‍ ഉറക്കം മതിയായില്ല എന്ന തോന്നലും ഉന്മേഷമില്ലായ്മയും അനുഭവപ്പെടാറുണ്ടോ? ജോലിയിലും ജീവിതത്തിലും സന്തോഷം തോന്നാത്ത അവസ്ഥയുണ്ടോ? ഞാന്‍ എന്തിന് വേണ്ടിയാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് എന്ന ചിന്തമനസ്സിലേക്ക് വരാറുണ്ടോ?.

എങ്കില്‍ ജീവിതത്തില്‍ ലക്ഷ്യബോധം ഇല്ലാത്തതാവാം നിങ്ങളുടെ പ്രശ്നം. പലപ്പോഴും നമ്മള്‍ ചെയ്യുന്ന ജോലി, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന തീരുമാനം, അങ്ങനെ ജീവിതത്തില്‍ പല കാര്യങ്ങളും മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസൃതമായി ചെയ്യാന്‍ നാം നിര്‍ബന്ധിതരാവാറുണ്ട്. എന്നാല്‍ നമ്മുടെ സ്വപ്നങ്ങള്‍ ഒന്നും സഫലമാക്കാനാവാതെ ജീവിതം ആരുടെയോക്കെയോ നിയന്ത്രണത്തിലായി നമ്മുടെ വ്യക്തിത്വവും ഇഷ്ടങ്ങളും പരിഗണിക്കപ്പെടാതെ പോകുന്ന അവസ്ഥ നമ്മെ വിഷാദത്തിലാഴ്ത്തും. 

മറ്റുള്ളവരെ പരിഗണിക്കുകയോ അവരുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുകയോ വേണ്ട എന്നല്ല. ഓരോ വ്യക്തിക്കും ജീവിതത്തില്‍ ലക്ഷ്യം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ലക്ഷ്യമില്ലായ്മ ആളുകളില്‍ മാനസിക സമ്മര്‍ദ്ദത്തിനും വിഷാദരോഗത്തിനും കാരണമാകും. ഇതുണ്ടാക്കുന്ന മാനസികമായ അസ്വസ്ഥത ഒഴിവാക്കാന്‍ മദ്യം-മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തിരിയുന്നവരുമുണ്ട്. 

ലഹരി മോചന ചികിത്സയ്ക്കായി എത്തുന്ന വ്യക്തികളില്‍ എല്ലാവരിലും തന്നെ ലക്ഷ്യബോധം ഇല്ലാത്ത അവസ്ഥ കാണാനാവും. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം, കോളേജ് വിദ്യാഭ്യാസസമയം, ജോലിയില്‍ പ്രവേശിച്ചതിനു ശേഷം- ഇങ്ങനെ എപ്പോള്‍ വേണമെങ്കിലും അര്‍ത്ഥശൂന്യത നമുക്കനുഭാവപ്പെടാം. 

ചിലര്‍ക്ക് ലക്ഷ്യം അവരുടെ ജോലിയില്‍ വിജയം കൈവരിക്കുക എന്നതാണ്. മറ്റു ചിലർക്ക് കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമ്പോഴാണ് ജീവിതം അര്‍ത്ഥവത്തായി തോന്നുന്നത്. ജീവിതത്തില്‍ പലഘട്ടങ്ങളില്‍ ലക്ഷ്യങ്ങള്‍ വ്യത്യസ്ഥമായിരിക്കും. “ഞാന്‍ ആരായിത്തീരണം”, “എപ്പോഴാണ് എനിക്ക്‌ ജീവിതത്തിൽ എനിക്ക് സന്തോഷം ലഭിക്കുക”- എന്നെല്ലാമുള്ള ചോദ്യങ്ങള്‍ നമ്മുടെ മനസ്സിനെ അലട്ടുന്നെങ്കില്‍ ലക്ഷ്യ പ്രാപ്തിയിലെത്താന്‍ ഇതൊരു പ്രചോദനമായി എടുക്കാം. നമ്മുടെ ഓരോ പ്രവര്‍ത്തികളിലും നമ്മുടെ താല്പര്യങ്ങള്‍ പ്രകടമാകുന്നു. കോണ്‍ഫെറെന്‍സ് മുറിയില്‍ ആദ്യവരിയില്‍ഇരിക്കുന്നതും, നമ്മുടെ വേഷധാരണവും, യാത്ര പോകാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലവും എല്ലാം അതില്‍ ഉള്‍പ്പെടും. 

ലക്ഷ്യബോധം ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കും...

എപ്പോഴും അശുഭചിന്തകളിലായിരിക്കാന്‍ മനസ്സിനെ അനുവദിച്ചാല്‍ ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയാകും അതുണ്ടാക്കുക. ജീവിതത്തിന്‍റെ ലക്ഷ്യം എന്താണ് എന്ന് നമുക്ക് കണ്ടെത്താനായാൽ അനാവശ്യ കാര്യങ്ങളെപ്പറ്റി ചിന്തിച്ച് ദു:ഖിക്കുന്ന രീതി അവസാനിപ്പിക്കാന്‍ നമുക്കാവും. 

അപ്രധാനമായകാര്യങ്ങളെപ്പറ്റി അമിതമായി ചിന്തിച്ചു കളയുന്ന നമ്മുടെ മനസ്സിന്റെ ഊർജം നല്ല ചിന്തകള്‍ക്കായി ഉപയോഗിക്കാന്‍ ഇതു വഴി കഴിയും. അങ്ങനെ അശുഭചിന്തകള്‍ക്ക‌് പ്രാധാന്യം കൊടുക്കാതെ വരുമ്പോള്‍ മനസ്സിന്‍റെ സുസ്ഥിതി വീണ്ടെടുക്കാന്‍ നമുക്കാവും.

ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്ന ചിന്തയും അതിനായുള്ള ശ്രമവും സ്വയം വിലയുണ്ടാക്കിയെടുക്കാന്‍ സഹായിക്കും. പ്രതിബന്ധങ്ങളെ നേരിട്ട് ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. 

ഇപ്പോള്‍ ചെയ്യുന്നജോലിയിലും ജീവിതത്തില്‍ പലകാര്യങ്ങളിലും സംതൃപ്തരല്ലാതെ വര്‍ഷങ്ങളോളം മുന്‍പോട്ടു പോകുന്ന നിരവധി ആളുകളുണ്ട്. പരാജയഭീതിയും ആതമവിശ്വാസമില്ലയ്മയും ലക്ഷ്യം എന്തെന്നു തിരിച്ചറിയുന്നതിന് ഒരു തടസ്സമായി നിലനില്‍ക്കും. ലക്ഷ്യത്തിലേക്കെത്താന്‍പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കാനുള്ളമനസ്സ്, കാര്യങ്ങളേപ്പറ്റി വ്യക്തമായധാരണ, ആത്മപരിശോധന എന്നിവ നേടിയെടുക്കാനായാല്‍ ആത്മ സാക്ഷാത്കാരം സാധ്യമാക്കാം. 

ലക്ഷ്യം കണ്ടെത്താന്‍ സഹായകരമാകാവുന്ന 7 ചോദ്യങ്ങള്‍...

1.    എന്താണ് നിങ്ങൾക്ക് സന്തോഷം നല്‍കുന്നത്?
2.    നിങ്ങളുടെ ഇഷ്ടങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ എന്തെല്ലമാണ് മനസിലേക്ക് വരുന്നത്?
3.    നിങ്ങളുടെ കഴിവുകള്‍ എന്തെല്ലാമാണ്?
4.    മറ്റുള്ളവര്‍ക്ക് എന്തെല്ലാം നന്മകള്‍ ചെയ്യണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
5.    എന്താണ് നിങ്ങൾ മനസ് പറയുന്നത്? 
6.    നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ നേരിട്ട ഏറ്റവും വലിയ പ്രശ്നം എന്താണ്? 
     അതിനെ നേരിട്ടതിലൂടെ എന്തെല്ലാം കഴിവുകളാണ് നിങ്ങൾ നേടിയെടുത്തത്?
7.    മറ്റുള്ളവര്‍ നിങ്ങളെപ്പറ്റിഎന്തുപറയണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?

എഴുതിയത്:
പ്രിയ വര്‍ഗീസ് 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com

click me!