വിഷാദരോഗം; പ്രധാനപ്പെട്ട 15 ലക്ഷണങ്ങൾ

By Priya VargheseFirst Published Jun 10, 2019, 4:50 PM IST
Highlights

പുരുഷന്മാരെക്കാള്‍ സ്ത്രീകളില്‍ വിഷാദരോഗത്തിനു സാധ്യതകൂടുതലാണ്. ജീവിത സാഹചര്യങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, പ്രിയപ്പെട്ടവരുടെ വിയോഗം, സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാതെ വരിക, പാരമ്പര്യം,‌ ചൂഷണത്തിന് ഇരയാകുക, ബന്ധംവേര്‍പിരിയുക, കുടുംബപ്രശ്നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, പരീക്ഷയില്‍ തോല്‍വി നേരിടുക- ഇങ്ങനെ നിരവധി കാര്യങ്ങള്‍ വിഷാദരോഗത്തിനു കാരണമായേക്കാം.

വിഷാദരോഗം ഏതു പ്രായക്കാരെയും, ഏതു സാമ്പത്തിക നിലയില്‍ ഉള്ളവരെയും, സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ലാതെ ആര്‍ക്കും വരാന്‍ സാധ്യതയുള്ള ഒരവസ്ഥയാണ്. വിഷാദരോഗം ആഗോളതലത്തില്‍ തന്നെ ബാധിക്കപ്പെട്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ്. ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്ന മാനസിക പ്രശ്നങ്ങളില്‍ ഒന്ന് വിഷാദരോഗമാണ്.

2015 – 2016 കാലയളവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 18 വയസ്സിനു മുകളിലുള്ള ആളുകളില്‍ ഇരുപതു പേരില്‍ ഒരാള്‍ക്ക് വിഷാദരോഗം ഉണ്ടെന്നാണ്. വിഷാദരോഗം ലോകം മുഴുവന്‍ എല്ലാ പ്രായക്കാരിലും കൂടിവരുന്നു എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ചെറുപ്പക്കാര്‍ മരണപ്പെടുന്നതിന്‍റെ ഒന്നാമത്തെ കാരണം അപ്രതീക്ഷിതമായ അപകടങ്ങളാണെങ്കില്‍ മരണങ്ങളുടെ രണ്ടാമത്തെ കാരണം നിരാശമൂലമുള്ള ആത്മഹത്യകളാണ്. 

പുരുഷന്മാരെക്കാള്‍ സ്ത്രീകളില്‍ വിഷാദരോഗത്തിനു സാധ്യതകൂടുതലാണ്. ജീവിത സാഹചര്യങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, പ്രിയപ്പെട്ടവരുടെ വിയോഗം, സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാതെ വരിക, പാരമ്പര്യം,‌ ചൂഷണത്തിന് ഇരയാകുക, ബന്ധംവേര്‍പിരിയുക, കുടുംബപ്രശ്നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, പരീക്ഷയില്‍ തോല്‍വി നേരിടുക- ഇങ്ങനെ നിരവധി കാര്യങ്ങള്‍ വിഷാദരോഗത്തിനു കാരണമായേക്കാം.

ഓരോ പ്രായക്കാരിലും വിഷാദരോഗത്തിന്‍റെ പുറമേയുള്ള പ്രകടനം വ്യത്യസ്ഥമായിരിക്കും. കുട്ടികളില്‍ പഠനത്തില്‍ പെട്ടെന്നുള്ള പിന്നോക്കാവസ്ഥ, ശ്രദ്ധക്കുറവ്, കൂട്ടുക്കാര്‍ക്കൊപ്പം കളിക്കാന്‍ താല്പര്യം നഷ്ടമായ അവസ്ഥ, ഉത്സാഹക്കുറവ്, ദേഷ്യം, സ്വയംമുറിവേല്‍പ്പിക്കുക എന്നിവയാകും ലക്ഷണങ്ങള്‍. ചെറുപ്പക്കാരില്‍ നിരാശ, ആത്മഹത്യാ പ്രവണത, ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥ, മടി എന്നിവ പ്രകടമാകും.

 വാര്‍ദ്ധക്യത്തില്‍ തുടര്‍ച്ചയായ ശാരീരിക അസ്വസ്ഥതകള്‍, കാരണം എന്തെന്നു കണ്ടെത്താനാവാത്ത ശരീര വേദന,വിശപ്പില്ലായ്മ, വ്യക്തി ശുചിത്വം പാലിക്കാന്‍ താല്പര്യം നഷ്ടപ്പെടുക എന്നിവയാണ് വിഷാദരോഗമാകാം എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍.

ഈ ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കൂ...

1.    തീവ്രമായ ദുഃഖം അനുഭവപ്പെടുന്നുണ്ടോ?
2.    നിരാശബോധവും ഭാവിയെപ്പറ്റി പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയും ഉണ്ടോ?
3.    ജീവിതം പൂര്‍ണ്ണ പരാജയമാണെന്ന തരത്തിലുള്ള തോന്നലുകള്‍ ഉണ്ടോ?
4.    എല്ലാകാര്യങ്ങളിലും അസംതൃപ്തിയാണോ അനുഭവപ്പെടുന്നത്?
5.    സ്വയം വിലയില്ലായ്മ തോന്നുന്നുണ്ടോ?
6.    സ്വന്തം വ്യക്തിത്വത്തെ വെറുക്കുന്ന ആളാണോ നിങ്ങള്‍?
7.    ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന തോന്നല്‍ ഉണ്ടോ?
8.    ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നുണ്ടോ?
9.    മുന്‍പ് സന്തോഷം നല്‍കിയിരുന്ന കാര്യങ്ങളിലെല്ലാം ഇപ്പോള്‍ താല്പര്യം നഷ്ടപ്പെട്ട അവസ്ഥയുണ്ടോ?
10.    ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നുണ്ടോ?
11.    എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ?
12.    നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലേ?
13.    വിശപ്പില്ലായ്മയും ക്രമാതീതമായി ശരീരഭാരം കുറയുകയും ചെയ്യുന്നുണ്ടോ?
14.    കുറ്റബോധം തോന്നുന്നുണ്ടോ?
15.    തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരുന്നുണ്ടോ?

(മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ അധികം നീണ്ടു നില്‍ക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക)
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിഷാദരോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒരു അവസ്ഥയാണെന്ന അവബോധം പലര്‍ക്കുമില്ല. 

ഇത്തരം മാനസിക വ്യഥ അനുഭവിക്കുന്നവരെ അവര്‍ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ മനസ്സിലാക്കി സഹായിക്കാനാവുക അവരുടെ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ആയിരിക്കും. മറ്റുള്ളവര്‍ അറിഞ്ഞാലുണ്ടാകുന്ന നാണക്കേടിനെ ഭയന്ന് പലരും ചികിത്സയ്ക്കായി മുന്നോട്ടു വരാന്‍ മടിക്കുന്നു. വിഷാദം ചികിത്സിച്ചു മാറ്റിയാലേ ആത്മഹത്യാ പ്രതിരോധം സാധ്യമാകൂ.

അടുത്തകാലത്തായി പല പ്രശസ്ത വ്യക്തികളും തങ്ങള്‍ വിഷാദരോഗത്തിലൂടെ കടന്നു പോയവരാണെന്ന വെളിപ്പെടുത്തല്‍ നടത്താന്‍ ധൈര്യം കാണിച്ചു മുന്നോട്ടു വരുന്നതായി കാണാന്‍ കഴിയും. ഇതുരോഗത്തെപ്പറ്റി സമൂഹത്തിന്‍റെ മനോഭാവത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ സഹായകരമാകും. വരും കാലങ്ങളില്‍ മറ്റുരോഗങ്ങള്‍ക്കു കിട്ടുന്ന അതേ സ്വീകാര്യത മാനസിക പ്രശ്നങ്ങള്‍ക്കും ലഭിക്കും എന്നു പ്രത്യാശിക്കാം.

എഴുതിയത്:

പ്രിയ വര്‍ഗീസ് 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com, ഫോൺ നമ്പർ: 8281933323


 

click me!