പതിനൊന്നുകാരിയേയും അമ്മയേയും കെട്ടിയിട്ട്‌, വിവസ്‌ത്രരാക്കി മര്‍ദ്ദിച്ചു; ആള്‍ക്കൂട്ട മനശാസ്‌ത്രത്തെ കുറിച്ച്‌ രണ്ടുവാക്ക്‌...

By Web TeamFirst Published Feb 27, 2019, 1:33 PM IST
Highlights

ആള്‍ക്കൂട്ട വിചാരണ, അടിസ്ഥാനപരമായി ഒന്നോ രണ്ടോ വ്യക്തികളുടെ മാനസികാവസ്ഥയെ തന്നെയാണ്‌ കാണിക്കുന്നത്‌. ആ വ്യക്തികളുടെ താല്‍പര്യത്തിലേക്ക്‌ കൂടെയുള്ള മറ്റുള്ളവരും പതിയെ എത്തുകയാണ്‌. 'മോബ്‌ സൈക്കോളജി' അല്ലെങ്കില്‍ ആള്‍ക്കൂട്ട മനശാസ്‌ത്രമാണ്‌ ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌

ഭൂമിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമായിരുന്നു ദാരുണമായ സംഭവത്തിന്‌ തുടക്കം കുറിച്ചത്‌. തര്‍ക്കം മുറുകിയതിനെ തുടര്‍ന്ന്‌ ഒരു വിഭാഗം പേര്‍ ചേര്‍ന്ന്‌ അമ്മയേയും കൂടെയുണ്ടായിരുന്ന പതിനൊന്നുകാരിയേയും പിടിച്ചുകെട്ടി. തുടര്‍ന്ന്‌ ഇരുവരെയും വിവസ്‌ത്രരാക്കി അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തു.

സംഭവം ഉടനീളം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അത്‌ പിന്നീട്‌ പ്രചരിപ്പിക്കുകയും ചെയ്‌തു. വീഡിയോ വൈറലായതോടെയാണ്‌ സംഭവം പുറംലോകമറിയുന്നത്‌. വസ്‌ത്രമില്ലാതെ, കെട്ടിയിട്ട നിലയില്‍ അമ്മയും മകളും. രക്ഷപ്പെടുത്തണേയെന്ന്‌ യാചിച്ച്‌ ഉറക്കെ കരയുന്ന അവരെ നോക്കി നിസ്സഹായരായി നില്‍ക്കുന്ന ഏതാനും പേര്‍. വീഡിയോയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. കണ്ടാലറിയാവുന്ന ചിലരെയാണ്‌ പ്രാഥമികമായ അന്വേഷണത്തില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌.

ആന്ധ്ര പ്രദേശിലെ ഈസ്റ്റ്‌ ഗോദാവരി ജില്ലയില്‍ നടന്ന ഈ സംഭവം നമ്മള്‍ നിത്യേന കണ്ടുകൊണ്ടിരിക്കുന്ന നിരവധി ആള്‍ക്കൂട്ട അതിക്രമങ്ങളില്‍ ഒന്നുമാത്രമാണ്‌. എന്നാല്‍ ഓരോ ആള്‍ക്കൂട്ട അതിക്രമങ്ങളും തകര്‍ക്കുന്നത്‌ എത്ര ജീവിതങ്ങളെയാണ്‌ എന്നത്‌ നമ്മള്‍ തിരിച്ചറിയുന്നുണ്ടോ? എത്രമാത്രം വലിയ വിപത്താണ്‌ ഈ ആള്‍ക്കൂട്ട വിചാരണയെന്ന്‌ നമ്മള്‍ അറിയുന്നുണ്ടോ?

എങ്ങനെയാണ്‌ ആള്‍ക്കൂട്ട വിചാരണ നടക്കുന്നത്‌?

ആള്‍ക്കൂട്ട വിചാരണ, അടിസ്ഥാനപരമായി ഒന്നോ രണ്ടോ വ്യക്തികളുടെ മാനസികാവസ്ഥയെ തന്നെയാണ്‌ കാണിക്കുന്നത്‌. ആ വ്യക്തികളുടെ താല്‍പര്യത്തിലേക്ക്‌ കൂടെയുള്ള മറ്റുള്ളവരും പതിയെ എത്തുകയാണ്‌. 'മോബ്‌ സൈക്കോളജി' അല്ലെങ്കില്‍ ആള്‍ക്കൂട്ട മനശാസ്‌ത്രമാണ്‌ ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌.

കൂട്ടത്തില്‍ ഒന്നോ രണ്ടോ പേര്‍ ഉയര്‍ത്തുന്ന ഒരു വാദത്തിലേക്ക്‌ മറ്റുള്ളവരെല്ലാം എത്തുന്ന അവസ്ഥ. 'സമൂഹ മനശാസ്‌ത്രം' എന്ന വിശാലമായ പഠനശാഖയില്‍ ഉള്‍പ്പെടുന്നതാണ്‌ 'ആള്‍ക്കൂട്ട മനശാസ്‌ത്ര'വുമെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. ഫ്രോയിഡ്‌ ഉള്‍പ്പെടെ പല പ്രമുഖരായ മനശാസ്‌ത്രജ്ഞരും ആള്‍ക്കൂട്ട മനശാസ്‌ത്രത്തെ വിശദമായി പഠിച്ച്‌ അതിന്‌ നിര്‍വചനങ്ങള്‍ തന്നെ നല്‍കിയിട്ടുണ്ട്‌. തിയറികള്‍ക്കപ്പുറത്ത്‌ സാമൂഹികമായ വലിയ പരിക്കുകളാണ്‌ ഇത്‌ പലപ്പോഴും അവശേഷിപ്പിക്കുന്നത്‌.

ആസൂത്രണം ചെയ്യാതെ വലിയ കുറ്റകൃത്യങ്ങളിലേക്ക്‌ നമ്മളെയെത്തിക്കാന്‍ ഈ ആള്‍ക്കൂട്ട മനശാസ്‌ത്രത്തിനാകും. തിരിച്ചറിവെത്തുമ്പോഴേക്കും ഒരുപക്ഷേ രക്ഷപ്പെടാനാകാത്ത വിധം നിയമപരമായതോ വൈകാരികമായതോ ആയ കുരുക്കില്‍ നമ്മള്‍ അകപ്പെട്ടേക്കും.

ആള്‍ക്കൂട്ടം അക്രമിച്ചതിന്റെ പേരില്‍ നിരവധി പേര്‍ ആത്മഹത്യ ചെയ്‌തിട്ടുള്ളതായ വാര്‍ത്തകളെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്‌. ഇത്തരം സംഭവങ്ങളിലെല്ലാം അതിക്രമം നടത്തിയവരില്‍ പലരും പിന്നീട്‌ മാനസികപ്രശ്‌നങ്ങള്‍ക്ക്‌ ചികിത്സ തേടേണ്ട അവസ്ഥയുമുണ്ടാകാറുണ്ട്‌. ഞാന്‍ കാരണം ഒരാള്‍ മരിച്ചു, അല്ലെങ്കില്‍ കൊല്ലപ്പെട്ടു എന്ന കുറ്റബോധം വരുന്നത്‌... അതുപോലെ തന്നെ തരിമ്പും കുറ്റബോധമില്ലാതെ വീണ്ടും ഇതേ തെറ്റ്‌ ആവര്‍ത്തിക്കാന്‍ വെമ്പല്‍ കൊള്ളുന്നത്‌... രണ്ടും വ്യത്യസ്‌തമായ രീതിയില്‍ മാനിസകമായ അസന്തുലിതാവസ്ഥയെ തന്നെയാണ്‌ കാണിക്കുന്നതെന്ന്‌ സൈക്കോളജിസ്‌റ്റുകള്‍ വിലയിരുത്തുന്നു.

ആള്‍ക്കൂട്ട വിചാരണയ്‌ക്ക്‌ ശേഷം സംഭവിക്കുന്നത്‌...

ഇത്തരം ആള്‍ക്കൂട്ട വിചാരണകളും അക്രമങ്ങളും വലിയ രീതിയിലാണ്‌ ഇരകളുടെ മാനസികാവസ്ഥയെ ബാധിക്കുക. പ്രത്യേകിച്ച്‌ കുട്ടികളുടെ കാര്യത്തില്‍ ഇത്‌ കൂടുതല്‍ ഗൗരവമുള്ള വിഷയമായി വേണം കണക്കാക്കാന്‍. ചെറിയ കളവുകള്‍, ചെറിയ രീതിയിലുള്ള അടിപിടി എന്നിങ്ങനെയുള്ള സംഭവങ്ങളെ തുടര്‍ന്ന്‌ നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്യുന്ന ഒരു കുട്ടിയെ സംബന്ധിച്ച്‌ പോലും അവസ്ഥ മറിച്ചല്ല.

പിന്നീട്‌ ഒരു ജനക്കൂട്ടത്തെ സധൈര്യം നേരിടാന്‍ പോലും അവര്‍ക്ക്‌ വര്‍ഷങ്ങളെടുക്കേണ്ടി വന്നേക്കാം. കൗണ്‍സിലിംഗും സാമൂഹികമായ ബന്ധങ്ങളും തന്നെയാണ്‌ അവരെ സാധാരണജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ ഉപകരിക്കുക.

തിരിച്ച്‌ ആള്‍ക്കൂട്ട വിചാരണ നടത്തുന്നവരുടെ മാനസികാവസ്ഥയ്‌ക്കും ഇത്തരം സംഭവങ്ങള്‍ ഗുണകരമാവില്ല. തങ്ങള്‍ നടത്തുന്നത്‌ ഒരു ക്രിമിനല്‍ കുറ്റമാണെന്ന തിരിച്ചറിവില്ലാതെയാണ്‌ അവര്‍ ഈ രീതിയിലുള്ള വിചാരയ്‌ക്ക്‌ ഇറങ്ങിപ്പുറപ്പെടുന്നത്‌. ഓരോ സംഭവവും വീണ്ടും അടുത്ത കുറ്റകൃത്യത്തിലേക്ക്‌ നീങ്ങാനുള്ള ആവേശമാണ്‌ അവര്‍ക്ക്‌ നല്‍കുക. ഇരകളുടെ ദുഖത്തില്‍ ആനന്ദവും സുഖവും കണ്ടെത്തുന്ന 'സാഡിസ്‌റ്റ്‌' മനോഭാവത്തിന്‌ ഉടമകളാണ്‌ ഇത്തരക്കാര്‍ എന്ന്‌ നിസ്സംശയം ഉറപ്പിക്കാം. ഈ മാനസികാവസ്ഥയില്‍ തന്നെ തുടരുന്നത്‌ വ്യക്തിപരമായും സാമൂഹികമായുമൊക്കെ വലിയ രീതിയിലുള്ള തിരിച്ചടികള്‍ നേരിടാന്‍ കാരണമായേക്കും.

എങ്ങനെ പ്രതിരോധിക്കാം?

അക്രമിക്കാനൊരുങ്ങി വരുന്ന ഒരു ആള്‍ക്കൂട്ടത്തെ മനശാസ്‌ത്രപരമായി നേരിടുകയെന്നത്‌ സാധ്യമല്ല. പ്രത്യേകിച്ച്‌ ആയുധങ്ങളുമായി എതിരിടാന്‍ വരുന്നവരെ. എങ്കിലും ചെറിയൊരു സംഘത്തെ നേരിടാന്‍ ഒരുപക്ഷേ നമുക്ക്‌ കഴിഞ്ഞേക്കാം.

മിക്കവാറും സംസാരം തന്നെയാണ്‌ പതിയെ കയ്യേറ്റമായി മാറുന്നത്‌. സംസാരം നടക്കുന്ന ഘട്ടത്തില്‍ തന്നെ സംഘത്തെ കയ്യിലെടുക്കാന്‍ കഴിയണം. അവരുടെ 'ഈഗോ'യെ സമ്മതിച്ചുകൊടുക്കുകയും, അവരുടെ ശരിയെ ശരിവച്ചുകൊടുക്കുകയും ചെയ്യുന്നതിലൂടെ അവരുടെ വൈകാരിക ക്ഷോഭത്തെ തണുപ്പിക്കാനാകുമോയെന്ന്‌ ശ്രമിക്കാം. അതിവൈകാരികതയില്‍ നില്‍ക്കുന്ന വ്യക്തിയെ സംബന്ധിച്ച്‌ യുക്തിയെന്നത്‌ അകലെ നില്‍ക്കുന്ന ഒന്നാണ്‌. അതിവൈകാരികതയില്‍ നിന്ന്‌ മാറുമ്പോള്‍ മാത്രമേ അയാള്‍ക്ക്‌ യുക്തിയെ അറിയാനാവൂ.

അനുനയത്തിലൂടെയും തോറ്റുകൊടുക്കുന്നതിലൂടെയും മുന്നില്‍ നില്‍ക്കുന്ന സംഘത്തെ അടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ നിങ്ങള്‍ ചെയ്യുന്നത്‌ കുറ്റകൃത്യമാണെന്ന്‌ പറഞ്ഞ്‌ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാം. നിയമപരമായി ഇത്രയും പ്രശ്‌നങ്ങള്‍ നിങ്ങള്‍ നേരിട്ടേക്കാം. നിങ്ങളുടെ മാത്രം ജീവിതമല്ല, പ്രിയപ്പെട്ടവരെയും നാളെ ഇത്‌ വലിയ രീതിയില്‍ ബാധിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കാം. ഒരുതരത്തില്‍ ഭീഷണി ഉയര്‍ത്തുന്നതിന്‌ സമാനമാണ്‌ ഈ സംസാരം. എന്നാല്‍ പരമാവധി സംയമനത്തോടെ വേണം ഇത്‌ അവതരിപ്പിക്കാന്‍.

ഇത്തരം മനശാസ്‌ത്രപരമായ അടവുകളെല്ലാം ഒരു ചെറിയ പരിധി വരെ മാത്രമേ നടപ്പിലാക്കാനാകൂ. സ്‌ത്രീകള്‍, കുട്ടികള്‍, സാമ്പത്തികമായോ ജാതീയമായോ ദുര്‍ബലരായവര്‍ എന്നിങ്ങനെ അശക്തരായ വിഭാഗങ്ങള്‍ ഇരകളുടെ സ്ഥാനത്ത്‌ വരുമ്പോള്‍ അവര്‍ പരിപൂര്‍ണ്ണമായും അതിക്രമത്തിന്‌ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു.

നമുക്ക്‌ ചെയ്യാനാകുന്നത്‌...
 

വ്യക്തിത്വവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളാണ്‌ ആള്‍ക്കൂട്ട വിചാരണയ്‌ക്കൊപ്പം നില്‍ക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത്‌. ഞാന്‍ എന്താണ്‌? എനിക്ക്‌ വേണ്ടത്‌ എന്താണ്‌? എന്ന്‌ ഒരു തവണയെങ്കിലും ചിന്തിച്ചാല്‍ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവാതെ രക്ഷപ്പെടാമെന്നാണ്‌ മനശാസ്‌ത്ര വിദഗ്‌ധര്‍ തന്നെ പറയുന്നത്‌. ആള്‍ക്കൂട്ട വിചാരണയില്‍ ഇരയാക്കപ്പെടുന്നയാള്‍ക്ക്‌ അതിനെ അതിജീവിക്കാന്‍ മാര്‍ഗങ്ങള്‍ കുറവാണെന്നിരിക്കെ, അതിക്രമം ചെയ്യുന്ന സംഘത്തില്‍ പെടാതിരിക്കുക എന്നതാണ്‌ ഭൂരിപക്ഷം കരുതേണ്ട വിഷയം.

പരിഷ്‌കൃതമായ ഒരു സമൂഹമാണ്‌ നമ്മുടേത്‌. നമുക്കാവശ്യമായ ജീവിതസാഹചര്യങ്ങള്‍ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായി നമ്മള്‍ നീതിന്യായ വ്യവസ്ഥയും നിയമങ്ങളും അതെല്ലാം നടപ്പാക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്‌. തെറ്റ്‌ എന്ന്‌ തോന്നുന്നതിനെ വ്യക്തിപരമായി ചോദ്യം ചെയ്യുന്നത്‌ ഒഴിവാക്കി, അത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന സംവിധാനങ്ങളെ ആശ്രയിക്കാം. പരസ്‌പരം ഓരോരുത്തരും അവരവരുടെ ഇടങ്ങള്‍ ഉറപ്പിക്കുകയും അടുത്തുള്ളയാളുടെ ഇടം കയ്യേറാതെ ഇരിക്കുകയും ചെയ്യുന്നിടത്തോളം ആള്‍ക്കൂട്ട വിചാരണയുടെ ആവശ്യം ഉണ്ടാകുന്നതേയില്ല.

click me!