പങ്കാളിയുടെ ഫോണ്‍ പരിശോധിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയുക!

By Web TeamFirst Published Oct 30, 2019, 6:06 PM IST
Highlights

സാധാരണഗതിയില്‍ സ്വന്തം ഫോണ്‍ മറ്റൊരാള്‍ എടുത്ത് പരിശോധിക്കുന്നത് ആര്‍ക്കും അത്രത്തോളം സന്തോഷമുണ്ടാക്കുന്ന വിഷയമല്ല. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് മാത്രമല്ല, അത് വിശ്വാസമില്ലായ്മയെ കൂടി പ്രതിഫലിപ്പിക്കുന്നതാണല്ലോ. എങ്കിലും അതിനെ കണ്ടില്ലെന്ന് നടിക്കുന്നവരും. അതിന്റെ പേരില്‍ വഴക്ക് കൂടാത്തവരും ഉണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ പങ്കാളിയുടെ ഫോണ്‍ ആകാംക്ഷാപൂര്‍വ്വം പരിശോധിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? 

പ്രണയത്തിലായാലും ദാമ്പത്യത്തിലായാലും പങ്കാളികള്‍ ഒരു നിശ്ചിത അളവില്‍ പരസ്പരം ഒരു അധികാരമെടുക്കാറുണ്ട്. എന്നാല്‍ ഈ അളവ് കടന്ന് അധികാരമെടുക്കുന്നത് പലപ്പോഴും ആ ബന്ധം അവസാനിക്കുന്നതില്‍ വരെ കൊണ്ടെത്തിക്കാറുണ്ട്.

ഇതിന്റെ അനുബന്ധമായി പറയാവുന്ന ഒന്നാണ് പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്ന ശീലം. അത് കാമുകന്‍ കാമുകിയുടേതോ തിരിച്ച് കാമുകി കാമുകന്റേതോ ആകാം. അതുപോലെ തന്നെ ഭാര്യാഭര്‍ത്താക്കന്മാരുടെ കാര്യവും. സാധാരണഗതിയില്‍ സ്വന്തം ഫോണ്‍ മറ്റൊരാള്‍ എടുത്ത് പരിശോധിക്കുന്നത് ആര്‍ക്കും അത്രത്തോളം സന്തോഷമുണ്ടാക്കുന്ന വിഷയമല്ല. 

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് മാത്രമല്ല, അത് വിശ്വാസമില്ലായ്മയെ കൂടി പ്രതിഫലിപ്പിക്കുന്നതാണല്ലോ. എങ്കിലും അതിനെ കണ്ടില്ലെന്ന് നടിക്കുന്നവരും. അതിന്റെ പേരില്‍ വഴക്ക് കൂടാത്തവരും ഉണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ പങ്കാളിയുടെ ഫോണ്‍ ആകാംക്ഷാപൂര്‍വ്വം പരിശോധിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? 

ബ്രിട്ടീഷ് കൊളബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലിസ്ബണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള ഒരുകൂട്ടം ഗവേഷകര്‍ ഇതിന് പിന്നിലെ മനശാസ്ത്രം തിരഞ്ഞുകൊണ്ട് ഒരു പഠനമൊരുക്കി. എന്തുകൊണ്ട് പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്നു എന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങളാണ് പഠനം കണ്ടെത്തിയത്. 

 

 

ഒന്ന്- പങ്കാളിയോടുള്ള അസൂയ, രണ്ട്- പങ്കാളിക്ക് മറ്റ് വ്യക്തികളുമായുള്ള ബന്ധങ്ങളെ നിയന്ത്രിക്കാന്‍. വിവാഹം കഴിഞ്ഞവരേയും അല്ലാത്തവരേയും ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍ പങ്കാളി നിരന്തരം ഫോണ്‍ പരിശോധിക്കുന്നതിന്റെ പേരില്‍ 45 ശതമാനം പേര്‍ ബന്ധത്തില്‍ നിന്ന് പിന്മാറിയതായും, 55 ശതമാനം പേര്‍ അതില്‍ തുടര്‍ന്നതായും ഗവേഷകര്‍ കണ്ടെത്തി. 

പങ്കാളിയുമായി വിശ്വാസ്യതയില്‍ പ്രശ്‌നമുള്ള വ്യക്തികളാണ് ഫോണ്‍ പരിശോധിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളിലേക്കെത്തുന്നതെന്ന് പ്രമുഖ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ ശ്വേത സിംഗ് പറയുന്നു.

'പങ്കാളിയുടെ അസാന്നിധ്യത്തിലോ അയാളുടെ അനുവാദമില്ലാതെയോ ഫോണ്‍ പരിശോധിക്കുന്നത് ചാരപ്പണി പോലുള്ള ഒരു പ്രവര്‍ത്തിയാണ്. ഇത് തമാശയ്ക്ക് വേണ്ടി പോലും ഒരിക്കല്‍ ചെയ്താല്‍ പിന്നീട് വിനോദത്തിന് വേണ്ടിയുള്ള പതിവായി മാറിയേക്കാം. ക്രമേണ ഇത് ചെയ്യാതെ തുടരാനാകില്ലെന്ന ഒബ്‌സഷനും വന്നേക്കാം. പിന്നീട് ഇത് നിയന്ത്രിക്കാനാകാത്ത ഒരു ആകാംക്ഷയായി വളരും. നല്ല ശീലമല്ലെന്ന് യുക്തിക്ക് തോന്നിയാല്‍ പോലും അത് ഒഴിവാക്കാനാകാത്ത വണ്ണം അതില്‍ അഡിക്ഷന്‍ കണ്ടെത്തുന്നത് പോലെ...'- ശ്വേത സിംഗ് പറയുന്നു. 

 

 

കുടുംബത്തിലായാലും ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും സൗഹൃദത്തിലായാലും സ്വകാര്യത ഹനിക്കപ്പെടുന്നത് അടിസ്ഥാനപരമായി വ്യക്തികള്‍ താല്‍പര്യപ്പെടുന്നില്ല. അത് വിവിധ തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് അവരെ ക്രമേണ നയിക്കും. സംശയരോഗം, പൊസസീവ്‌നെസ്- ഇങ്ങനെ പല വിധത്തിലാകാം ഇതിന്റെ ഫലങ്ങള്‍. 

ഇതിനെല്ലാം പകരം, വ്യക്തിക്ക് അയാളുടേതായ സമയവും ഇടവും അനുവദിക്കുന്നതോടെ ബന്ധങ്ങള്‍ കൂടുതല്‍ വിശാലമാവുകയും കെട്ടുറപ്പുള്ളതാവുകയും ചെയ്യുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

click me!