പശുവിനെ വാങ്ങാന്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ: കേരള ഫീഡ്സ് എംഡി

By Web TeamFirst Published Oct 29, 2018, 10:06 PM IST
Highlights

പുതുതായി ഈ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്കും പശുവിനെ വാങ്ങുന്നതിന് എസ്ബിഐയുമായി ചേര്‍ന്ന് വായ്പ ലഭ്യമാക്കും. ഇതുകൂടാതെ ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണവകുപ്പ് പ്രതിനിധികള്‍  അടങ്ങുന്ന ജില്ലാ സമിതി തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് 100 ചാക്ക് കാലിത്തീറ്റ സൗജന്യമായി നല്‍കും. 

ഇടുക്കി: പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമാക്കി പശുവിനെ വാങ്ങുന്നതിന് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുമെന്ന് കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍. പ്രളയബാധിത ക്ഷീര കര്‍ഷര്‍ക്കായി കേരള ഫീഡ്സ് നടത്തുന്ന സ്നേഹസ്പര്‍ശം പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്‍റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 22 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 

എന്നാല്‍ പശുവിനെ വാങ്ങാന്‍ അര്‍ഹരായ എല്ലാവര്‍ക്കും ഈ തുക മതിയാവില്ലെന്ന് ഡോ. ശ്രീകുമാര്‍ പറഞ്ഞു. ആവശ്യമായി വരുന്ന അധിക തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച്  വായ്പയായി ലഭ്യമാക്കാന്‍ കേരള ഫീഡ്സ് മുന്‍കയ്യെടുക്കും. പുതുതായി ഈ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്കും പശുവിനെ വാങ്ങുന്നതിന് എസ്ബിഐയുമായി ചേര്‍ന്ന് വായ്പ ലഭ്യമാക്കും. ഈടു രഹിത വായ്പയായിരിക്കുമിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍ കേരള ഫീഡ്സിനെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണവകുപ്പ് പ്രതിനിധികള്‍  അടങ്ങുന്ന ജില്ലാ സമിതി തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് 100 ചാക്ക് കാലിത്തീറ്റ സൗജന്യമായി നല്‍കും. തൊടുപുഴയില്‍ സജ്ജമാകുന്ന കേരള ഫീഡ്സിന്‍റെ കാലിത്തീറ്റ പ്ലാന്‍റ് ഉത്പാദനം തുടങ്ങുന്നതോടെ ഇടുക്കി ജില്ലയിലെ വിതരണം കാര്യക്ഷമമാകും. തമിഴ്നാട്ടിലേക്കു കൂടി വിതരണം നടത്താന്‍ ഇതു വഴി സഹായിക്കുമെന്ന് അദ്ദേഹം  പറഞ്ഞു. കേരളത്തിലെ കാലിത്തീറ്റ വില പിടിച്ചു നിറുത്തുന്നതില്‍ കേരള ഫീഡ്സ് നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ഡോ ശ്രീകുമാര്‍ പറഞ്ഞു. നാല് ഘട്ടങ്ങളിലായാണ് കേരള ഫീഡ്സ് അസംസ്കൃത വസ്തുക്കളുടെ പരിശോധന നടത്തുന്നത്.

പ്രളയാനന്തരം ജില്ലയിലെ പാലുല്‍പാദനം ഗണ്യമായി കുറഞ്ഞുവെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ എസ് ശ്രീകുമാര്‍ പറഞ്ഞു. 1.81 ലക്ഷം ലിറ്ററില്‍ നിന്ന് ഉല്പാദനം 1.51 ലക്ഷം ലിറ്ററായി. എന്നാല്‍ കഴിഞ്ഞ രണ്ട് മാസം കൊണ്ട് പാലുല്‍പാദനം തിരികെ ലക്ഷം ലിറ്ററായിട്ടുണ്ട്. തകര്‍ച്ചയില്‍നിന്ന്  കരകയറാന്‍ ക്ഷീരോത്പാദക മേഖലയ്ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂവെന്നും ശ്രീകുമാര്‍ വ്യക്തമാക്കി. 
 

click me!