നഷ്ടപ്പെട്ട പാദസരം തിരികെ കിട്ടാന്‍ 'നോക്കുകൂലി' 4000 രൂപ; കെഎസ്ആര്‍ടിസിയുടെ ന്യായീകരണം ഇങ്ങനെ

By Web TeamFirst Published Jul 5, 2019, 11:51 AM IST
Highlights

 ബസിനുള്ളില്‍ നിന്നും നഷ്ടപ്പെട്ട പാദസരം ലഭിച്ച സഹയാത്രക്കാരി ഇത് കെ എസ് ആര്‍ ടി സി കണിയാപുരം ഡിപ്പോയില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഇവര്‍ സ്വര്‍ണാഭരണം ഡിപ്പോയില്‍ ഏല്‍പ്പിച്ച വിവരം ഫേസ്ബുക്കിലും വാട്സാപ്പിലും പങ്കുവെച്ചു.

തിരുവനന്തപുരം: കളഞ്ഞുകിട്ടിയ ഒന്നരപ്പവന്‍റെ പാദസരം ഉടമയ്ക്ക് തിരികെ നല്‍കിയപ്പോള്‍ നോക്കുകൂലിയായി കെ എസ് ആര്‍ ടി സി ഈടാക്കിയത് 4000 രൂപ. സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് തിരുവനന്തപുരത്ത് എത്തിയ വിദ്യാര്‍ത്ഥിയുടെ   പാദസരം തിരികെ നല്‍കിയപ്പോഴാണ് നോക്കുകൂലിയായി കെ എസ് ആര്‍ ടി സി പണം ഈടാക്കിയത്. 

പാദസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം സ്വദേശിയായ പെണ്‍കുട്ടി മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബസിനുള്ളില്‍ നിന്നും നഷ്ടപ്പെട്ട പാദസരം ലഭിച്ച സഹയാത്രക്കാരി ഇത് കെ എസ് ആര്‍ ടി സി കണിയാപുരം ഡിപ്പോയില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഇവര്‍ സ്വര്‍ണാഭരണം ഡിപ്പോയില്‍ ഏല്‍പ്പിച്ച വിവരം ഫേസ്ബുക്കിലും വാട്സാപ്പിലും പങ്കുവെച്ചു.

യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മ്യൂസിയം പൊലീസാണ് ഉടമയെ വിവരം അറിയിച്ചത്. പൊലീസിന്‍റെ അറിയിപ്പ് പ്രകാരം പെൺകുട്ടി ഡിപ്പോയിലെത്തി പാദസരം ഏറ്റുവാങ്ങി. ഒരു ദിവസമാണ് പാദസരം ഡിപ്പോയില്‍ സൂക്ഷിച്ചത്. എന്നാല്‍ പാദസരം തിരികെ വാങ്ങാനെത്തിയ പെണ്‍കുട്ടിയില്‍ നിന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ 4000 രൂപ ഈടാക്കി. നോക്കുകൂലിയായി വാങ്ങിയ പണത്തിന് പുറമെ 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവങ്മൂലവും രണ്ടുപേരുടെ ആള്‍ജാമ്യവും കെ എസ് ആര്‍ ടി സി ആവശ്യപ്പെട്ടു. കൈവശം പണമില്ലാതിരുന്ന പെണ്‍കുട്ടി സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയാണ് പണമടച്ചത്.

സംഭവത്തില്‍ കെ എസ് ആര്‍ ടി സിയുടെ വിശദീകരണം ഇങ്ങനെ; 

ബസില്‍ നിന്ന് കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ കണ്ടക്ടറാണ് ഏറ്റെടുക്കുന്നത്. നഷ്ടപ്പെട്ട വസ്തു ഉടമയ്ക്ക് തിരികെ നല്‍കുമ്പോള്‍ നോക്കുകൂലിയായി നഷ്ടമായ വസ്തുവിന്‍റെ മൂല്യത്തിന്‍റെ 10 ശതമാനം പണം ഈടാക്കണം എന്നതാണ് കെ എസ് ആര്‍ ടി സിയുടെ നിയമം. ഇത്തരത്തില്‍ പരമാവധി 10,000 രൂപ വരെ ഉടമയില്‍ നിന്ന് ഈടാക്കാം. വസ്തുവിന്‍റെ വിപണിമൂല്യം കണക്കാക്കിയാണ് പണം ഈടാക്കുന്നത്. ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി പ്രാബല്യത്തിലുള്ള നിയമമാണിതെന്നും ഒന്നരപ്പവന്‍റെ പാദസരം ആയതിനാലാണ് 4000 രൂപ ഈടാക്കിയതെന്നും കെ എസ് ആര്‍ ടി സി കണിയാപുരം എടിഒ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറ‍ഞ്ഞു. 

ഡിപ്പോയിലെത്തുന്ന വസ്തുക്കളുടെ മൂല്യം കണക്കാക്കി രേഖകള്‍ തയ്യാറാക്കുകയും ഇത് തിരികെ ഉടമയ്ക്ക് നല്‍കുന്നതിന് മുദ്രപത്രത്തില്‍ സത്യവാങ്മൂലവും ഉടമയാണെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. എങ്ങനെ നഷ്ടമായെന്നും ഉടമ വ്യക്തമാക്കണം. ഇതുപ്രകാരം മാത്രമെ ഉടമയ്ക്ക് വസ്തു തിരികെ നല്‍കുകയുള്ളൂ. സര്‍വ്വീസ് ചാര്‍ജായി 10 ശതമാനം ഈടാക്കണം എന്നതാണ് കെ എസ് ആര്‍ ടി സിയുടെ നിയമം. 

 

click me!