
ആലപ്പുഴ: അദ്ധ്വാനം കൈമുതലാക്കിയ കുടുംബശ്രീ വീട്ടമ്മമാര്‍ കുടുംബശ്രീ സിഡിഎസ് ജെഎല്‍ജി സംഘങ്ങളിലൂടെ പാട്ടകൃഷിയില്‍ വിജയം കൊയ്യുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഓരോ ഗ്രൂപ്പുകളും അവരവരുടെ പ്രവൃത്തിയുടെ വൈവിധ്യം കൊണ്ട് വ്യത്യസ്ഥമാണ്. 10 പേരടങ്ങുന്ന ഈ ഗ്രൂപ്പിലെ വീട്ടമ്മമാര്‍ നൂതനമായ ഇടപെടലുകളിലൂടെയാണ് കൃഷി മെച്ചപ്പെടുത്തി അധിക വരുമാനം നേടുന്നത്.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് 8 -ാം വാര്‍ഡിലെ കര്‍ഷകശ്രീ ജെഎല്‍ജി ഗ്രൂപ്പ് പ്രധാന വിളയോടൊപ്പം ഇടവിളകൂടി ചെയ്ത് വ്യത്യസ്ത പരീക്ഷണത്തില്‍ വിജയം നേടുകയാണ്. 10 പേരടങ്ങുന്ന ഈ ഗ്രൂപ്പ് 2 സെക്ഷനായി തിരിഞ്ഞ് ഇതില്‍ പച്ചക്കറിയും വാഴകൃഷിയും പൂകൃഷിയും ചെയ്യുന്നുണ്ട്. എന്നാല്‍ വാഴകൃഷിയില്‍ നിന്നാണ് ഇവര്‍ക്ക് അധികമാരുമാനം ലഭിക്കുന്നത്. പാട്ടത്തിനെടുത്ത 2 ഏക്കറില്‍ രണ്ടായിരത്തിലധികം ഞാലിപ്പൂവനുകളാണ് ഇവര്‍ കൃഷി ചെയ്തിരിക്കുന്നത്.
വാഴ കൃഷി ചെയ്തത് 2 മാസം ആകുമ്പോള്‍ തന്നെ വാഴയില വില്‍ക്കുവാന്‍ സാധിക്കും. തൂശനിലയ്ക്ക് 5 രൂപയും കാപ്പിയിലയ്ക്കും കീറിലയ്ക്കും 3 രൂപ വരെയും ലഭിക്കുന്നുണ്ട്. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ 200 ഇലവരെ വില്‍ക്കുവാന്‍ സാധിക്കുന്നു. പ്ലാസ്റ്റിക്ക് മുക്തമായ പഞ്ചായത്തായതിനാല്‍ ഹോട്ടലുകളില്‍ നിന്നും വാഴയിലയ്ക്ക് ആവശ്യക്കാരെത്തുന്നു. കൂടാതെ അടിയന്തിരം, കല്യാണം എന്നീ ആവശ്യങ്ങള്‍ക്കും ഇവിടെ നിന്ന് വാഴയില വില്‍ക്കുന്നുണ്ടെന്ന് കര്‍ഷകശ്രീ അംഗങ്ങള്‍ പറഞ്ഞു.
7 മാസം ആകുമ്പോള്‍ ഒരു വാഴയില്‍ നിന്ന് വിത്തും ഇലയുമായി 1000 രൂപയുടെ വരുമാനം ഇവര്‍ക്ക് ലഭിക്കുന്നു. ഇവിടെ നിന്നും ലഭിക്കുന്ന വാഴക്കുലകള്‍ കുറഞ്ഞത് 12 കിലോയോളം വരും. 7 മാസം കൊണ്ട് 80 ഓളം തൂശനിലകളും 30 ഓളം കീറിലകളും വാഴക്കുലയും വിത്തുകളും ഒരു വാഴയില്‍ നിന്ന് ഇവര്‍ക്ക് വില്‍ക്കുവാന്‍ സാധിക്കുന്നു.
'വാഴ നനച്ചാല്‍ ചീരയും നനക്കാം' എന്ന പഴഞ്ചൊല്ലിനെ അടിസ്ഥാനമാക്കിയാണ് ഈ ഗ്രൂപ്പിന്റെ വാഴകൃഷി. വാഴയുടെ തടത്തില്‍ ഇവര്‍ ബന്ദിപ്പൂക്കള്‍ കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ നിന്നും വീട്ടമ്മമാര്‍ക്ക് മികച്ച ആദായമാണ് ലഭിക്കുന്നത്. വാഴയ്ക്ക് നനയ്ക്കുന്നതോടൊപ്പം ബന്ദിച്ചെടികളുടെ പരിപാലനവും നടക്കും. ഇവിടെ നിന്നും ലഭിക്കുന്ന ബന്ദിപ്പൂക്കള്‍ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ മാലയാക്കി ക്ഷേത്രങ്ങളില്‍ വില്‍ക്കുന്നു. കാര്‍ഷിക വൃത്തിയിലൂടെ മികച്ചവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാവുകയാണ് ഈ കുടുംബശ്രീ വീട്ടമ്മമാര്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam