മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി; ബേഡ്‌മെട്ട് കോളനിയിലെ തെരുവ് വിളക്കുകള്‍ ഇനി പ്രകാശിക്കും

By Web TeamFirst Published Feb 8, 2019, 10:11 PM IST
Highlights

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശുചിത്വമിഷനാണ് ഐആര്‍ടിസി മേല്‍നോട്ടത്തോടെ  പദ്ധതി നടപ്പാക്കുന്നത്. പത്ത് ലക്ഷം രൂപ മുതല്‍മുടക്ക് വരുന്ന വൈദ്യുത പദ്ധതിയാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുവാന്‍ പോകുന്നത്.

ഇടുക്കി: മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. ബേഡ്‌മെട്ടില്‍ നിര്‍മ്മിക്കുന്ന 35 എം ക്യുബ് ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. 

അറവ് മാലിന്യങ്ങള്‍, മത്സ്യ-കോഴി വേസ്റ്റ്, ചാണകം, ഭക്ഷണാഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ ബേഡ് മെട്ടിലെ പ്രത്യേക പ്ലാന്റില്‍ സംസ്‌കരിക്കും. ഇതില്‍ നിന്നും ലഭിക്കുന്ന ഗ്യാസ് ഉപയോഗിച്ചാണ് വൈദ്യുതി നിര്‍മ്മിക്കുന്നത്. ബേഡ്‌മെട്ട് കോളനിയിലെ തെരുവ് വിളക്കുകള്‍ തെളിയിക്കുന്നതിനാണ് ഈ വൈദ്യുതി ഉപയോഗിക്കുന്നത്.  

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശുചിത്വമിഷനാണ് ഐആര്‍ടിസി മേല്‍നോട്ടത്തോടെ  പദ്ധതി നടപ്പാക്കുന്നത്. പത്ത് ലക്ഷം രൂപ മുതല്‍മുടക്ക് വരുന്ന വൈദ്യുത പദ്ധതിയാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുവാന്‍ പോകുന്നത്. കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ ഗോവര്‍ധന്‍ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയായ വൈദ്യുത ഉത്‍പാദന യൂണിറ്റില്‍ അടുത്ത മാസം മുതല്‍ വൈദ്യുതി ഉത്പാദനം ആരംഭിക്കും.

മാലിന്യമുക്ത നെടുങ്കണ്ടം പദ്ധതിയുടെ ഭാഗമായി ഓരോ വാര്‍ഡിലെയും ഹരിത കര്‍മ്മസേനാംഗങ്ങള്‍ വീടുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ച് പ്ലാസ്റ്റിക്- ഖര-ജൈവ മാലിന്യങ്ങള്‍  വേര്‍തിരിച്ച്  ബേഡ്‍മെട്ടിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കുകയാണ്. മാത്സ്യ-മാംസാഹരങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ അടക്കമുള്ള വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കും. 

സംസ്‌കരിച്ചെടുക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ടാറിംഗിനായി ക്ലീന്‍ കേരള കമ്പനി വഴി ടാറിങ് കമ്പനികള്‍ക്ക് വില്‍പന നടത്തുന്നുണ്ട്. പ്രതിദിനം ഒരു ടണ്‍ മാലിന്യമാണ് സംസ്‌കരിക്കുന്നത്.  കഴിഞ്ഞ ആറ് മാസം കൊണ്ട് തന്നെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് മാത്രം ഒരു ലക്ഷം രൂപ വരുമാനം ലഭിച്ചതായും, വരുമാനത്തിലുപരി മാലിന്യ സംസ്‌കരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും പഞ്ചായത്ത് സെക്രട്ടറി പി.വി ബിജു പറഞ്ഞു. 

ജൈവമാലിന്യത്തില്‍ നിന്ന് ജൈവവളം നിര്‍മിച്ച് മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണവും ചെയ്യുന്നുണ്ട്. നിലവില്‍ 8000 കിലോ ജൈവവളം, 10,000 കിലോ പ്ലാസ്റ്റിക് മാലിന്യവും വില്പനക്കായി സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം ബോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യം കൂടി ബേഡ്‍മെട്ടില്‍ സംസ്‌കരിക്കുന്നുണ്ട്. 

click me!