സ്ഥാനാര്‍ത്ഥികള്‍ക്ക് തങ്ങളെ വേണ്ടെങ്കില്‍ വോട്ട് ചെയ്യാനില്ലെന്ന് കാണിക്കാര്‍

By Web TeamFirst Published Apr 1, 2019, 10:19 PM IST
Highlights

രാജഭരണ കാലത്ത് കാണിക്കാർക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ സ്വാതന്ത്രാനന്തരം നഷ്ടമായി. മാർത്താണ്ഡ വർമ്മ കാണിക്കാർക്ക് ചെമ്പ് പട്ടയമായി പതിച്ചു നൽകിയ കോട്ടൂർ മുതൽ വെള്ളറട വരെയും അവിടെ നിന്നും അഗസ്ത്യാർ കൂടം വരെയുള്ള 36,000 ഏക്കർ കാണിപ്പറ്റ് ഭൂമി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ കൈയ്യേറ്റക്കാർക്ക് പതിച്ചു നൽകി. 

തിരുവനന്തപുരം: കാണിക്കാർ പ്രതിഷേധത്തിലാണ്. തങ്ങളെ ഗൗനിക്കാത്തവരെ കാണണ്ടതില്ലെന്ന നിലപാടിലാണ് അഗസ്ത്യര്‍കൂട വനമേഖലയിലെ കാണിക്കാർ.  അതുകൊണ്ട് ഇക്കുറി വോട്ടു ചെയ്യില്ലെന്നും ഇവർ തീര്‍ത്തു പറയുന്നു. കുറ്റിച്ചൽ പഞ്ചായത്തിലെ ഗോത്രവർഗ്ഗക്കാരായ കാണിക്കാരാണ് തങ്ങളോടുള്ള അവഗണനയിൽ കടുത്ത പ്രതിഷേധം അറിയിക്കുന്നത്. പഞ്ചായത്തിലെ 27 സെറ്റിൽമെന്‍റുകളിലായി 400 ൽ പരം കുടുംബങ്ങളാണുള്ളത്. തീർത്തും ഒറ്റപ്പെട്ടും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടും കഴിയുന്ന ഇവർ, ഇന്നും പുറമെ നിന്നുള്ളവരിൽ നിന്നും പലതരം തട്ടിപ്പിനും ഭീഷണിക്കും ഇരയായിക്കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.

രാജഭരണ കാലത്ത് കാണിക്കാർക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ സ്വാതന്ത്രാനന്തരം നഷ്ടമായി. മാർത്താണ്ഡ വർമ്മ കാണിക്കാർക്ക് ചെമ്പ് പട്ടയമായി പതിച്ചു നൽകിയ കോട്ടൂർ മുതൽ വെള്ളറട വരെയും അവിടെ നിന്നും അഗസ്ത്യാർ കൂടം വരെയുള്ള 36,000 ഏക്കർ കാണിപ്പറ്റ് ഭൂമി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ കൈയ്യേറ്റക്കാർക്ക് പതിച്ചു നൽകി. അവശേഷിച്ച ഭൂമി വനത്തിനോട് ചേർക്കുകയും ചെയ്തതോടെ ആദിവാസികൾ ഭൂമി ഇല്ലാത്തവരായി തീർന്നു. ഇപ്പോൾ ഒരേക്കർ ഭൂമിക്ക് താഴെ വരുന്ന കുടുംബങ്ങളുടെ കൈവശമുള്ള സ്ഥലങ്ങളും വനം വകുപ്പ് ഭീഷണിപ്പെടുത്തി ജണ്ടകൾ സ്ഥാപിച്ച് പിടിച്ചെടുക്കുകയാണന്നും ആദിവാസികൾ ആരോപിക്കുന്നു. 

2006 ലെ വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ഉറപ്പ് വരുത്താൻ തയ്യാറാകാത്തത് കൊണ്ട് ആദിവാസികൾക്ക് കൈവശ രേഖയും ലഭിച്ചിട്ടില്ല. അഗസ്ത്യ വനത്തിലെ വിവിധ സെറ്റിൽമെന്‍റുകളിൽ എത്തണമെങ്കിൽ 15 കിലോ മീറ്റർ ഗതാഗത സൗകര്യമില്ലാത്ത മൺ റോഡുകളിലൂടെ നടക്കുകയോ അല്ലെങ്കിൽ സ്വകാര്യ വാഹനങ്ങളിൽ 1500 രൂപ നൽകിയോ വേണം യാത്ര ചെയ്യാൻ. ഇവിടങ്ങളിലെ പാറ്റാൻപാറ, അണകാൽ, തൊണ്ടംകല്ല് തുടങ്ങിയ സെറ്റില്‍മെൻറുകളിൽ  നിന്ന് 15 കിലോമീറ്റർ യാത്ര ചെയ്ത ജീപ്പ് യാത്രയ്ക്ക് ശേഷം വീണ്ടും 5 കിലോമീറ്റർ കാൽനടയായി വേണം ഊരുകളിലെത്താന്‍. വിവിധ സെറ്റിൽമെന്‍റുകളിലേക്കുള്ള 11 ബൈ റോഡുകളും ഗതാഗത യോഗ്യമാക്കി നൽകണമെന്ന ആവശ്യം നാളിതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. 

2012-2013 സാമ്പത്തിക വർഷത്തിൽ അഗസ്ത്യ മേഖലയിലെ റോഡ്, വീട് എന്നിവയ്ക്കും കാർഷിക അഭിവൃത്തിക്കും കൊണ്ടുവന്ന 11 കോടി രൂപയുടെ പദ്ധതി പ്രവർത്തനവും ഇതുവരെ എങ്ങുമെത്തിയില്ല. റോഡിന് അനുവദിച്ച ഒന്നര കോടി രൂപ മാനദണ്ഡങ്ങൾ ലംഘിച്ച് പലരും തട്ടിയെടുത്തത്തായി ഊരുകാര്‍ ആരോപിക്കുന്നു.  വന്യ മൃഗങ്ങളുടെ ശല്യം കാരണം പൊറുതിമുട്ടി കഴിയുന്ന ജനങ്ങളുടെ വിള സംരക്ഷണത്തിനുള്ള പദ്ധതികൾ തട്ടിയെടുക്കുന്നതായും ആരോപണമുണ്ട്. കൂടാതെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ അനുവദിച്ചതിനെ തുടര്‍ന്ന് ഉണ്ടായിരുന്ന കുടിലുകൾ പൊളിച്ചു നീക്കി. ഇരട്ടി തുക ചിലവാക്കി ഉൾവനത്തിൽ അവശ്യ സാധനങ്ങൾ എത്തിച്ച് വീടിനായി പുതിയ തറ കെട്ടി. എന്നാല്‍ ബാക്കി തുക ഇതുവരെ അനുവദിക്കാത്തതിനാല്‍ വീടുകളുടെ പണി പാതിവഴിയിലായി.

ഇപ്പോഴും അഗസ്ത്യ വനമേഖലകളിൽ ഭൂരിപക്ഷം പേരും ഈറ കുടിലുകളിലും ശുദ്ധമായ കുടിവെള്ളമില്ലാതെയുമാണ് ജീവിക്കുന്നത്. പട്ടിക വർഗ്ഗ വകുപ്പോ സർക്കാരോ ജനപ്രതിനിധികളോ ഈ മേഖലകളിൽ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ മേഖലയിലെ ജനങ്ങൾ ഏറെ ആരോഗ്യ പ്രശ്‌നങ്ങളും സാമൂഹിക പ്രശ്‌നങ്ങളും നേരിടുന്നു. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാതെ തെരഞ്ഞെടുപ്പിന് മാത്രം വാഗ്ദാനങ്ങളുമായിയെത്തുന്ന രാഷ്ട്രീയ പാർട്ടിക്കാര്‍ക്ക് ഇക്കുറി വോട്ട് നൽകില്ലെന്നാണ് ഇവിടുത്തെ ആദിവാസികൾ പറയുന്നത്.

പട്ടിക വർഗ്ഗ - പട്ടികജാതി മേഖലകളെ വികസനങ്ങളിൽ നിന്ന് ഒഴിവാക്കി, ഭൂമിയും അവകാശങ്ങളും നിഷേധിച്ച് പൊതു സമൂഹത്തിൽ നിന്നും ഇവരെ ഒറ്റപ്പെടുത്തുന്ന ഒരു മുന്നണികൾക്കും പട്ടിക വിഭാഗങ്ങളോട് വോട്ട് ചോദിക്കാനുള്ള അർഹതയില്ലെന്ന് ആദിവാസി മഹാസഭാ നേതാക്കളും പറയുന്നു.

click me!