വയനാട്ടില്‍ 21,000ത്തിലധികം വീടുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാന്‍ സൗകര്യങ്ങളില്ല

By Web TeamFirst Published May 24, 2020, 1:29 PM IST
Highlights

പ്രാഥമിക സര്‍വേയില്‍ തന്നെ വയനാട്ടില്‍ 21,653 വീടുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ (വിദൂരക്ലാസുകള്‍) നല്‍കുന്നതിന് സൗകര്യമില്ലെന്നാണ് കണ്ടെത്തല്‍. ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കുകയെന്നത് അസാധ്യമാണ്.
 

കല്‍പ്പറ്റ: കൊവിഡ്-19 പ്രതിസന്ധി തുടരവെ വിദ്യാഭ്യാസ മേഖല നാള്‍ക്കുനാള്‍ താളം തെറ്റിയ അവസ്ഥയിലാണ്. എന്നാല്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ വൈകിയാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കാനുള്ള നടപടികളാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്. ടി.വി., ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ ലഭ്യതയ്ക്കനുസരിച്ച് ഓണ്‍ലൈന്‍ പാഠാവലിയുടെ രൂപരേഖയുണ്ടാക്കി ഓരോ വിഷയങ്ങള്‍ക്കും ഒണ്‍ലൈനില്‍ ക്ലാസുകള്‍ നല്‍കാനാണ് പദ്ധതി. 

ഇത് പ്രകാരം ക്ലാസ് അധ്യാപകര്‍ അതതു ക്ലാസിലെ കുട്ടികള്‍ക്ക് ലഭ്യമായ സൗകര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. പ്രാഥമിക സര്‍വേയില്‍ തന്നെ വയനാട്ടില്‍ 21,653 വീടുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ (വിദൂരക്ലാസുകള്‍) നല്‍കുന്നതിന് സൗകര്യമില്ലെന്നാണ് കണ്ടെത്തല്‍. ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കുകയെന്നത് അസാധ്യമാണ്.

അതേ സമയം അധ്യാപകര്‍ക്കായുള്ള ഓണ്‍ലൈന്‍ പരിശീലനം ആദ്യഘട്ടം പൂര്‍ത്തിയായി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിക്ടേഴ്സ് ചാനല്‍ വഴിയായിരുന്നു പരിശീലനപരിപാടി. മുന്‍കാലങ്ങളില്‍ വന്‍ തുക ചെലവഴിച്ചായിരുന്നു അവധിക്കാലപരിശീലനങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ അത്രയും തുകയൊന്നും സര്‍ക്കാരിന് ഓണ്‍ലൈന്‍ക്ലാസുകള്‍ക്ക് ചിലവഴിക്കേണ്ടി വന്നിട്ടില്ലെന്നാണ് നിഗമനം. മൂന്ന് തട്ടുകളായുള്ള പരിശീലനം പൂര്‍ത്തിയാവാന്‍ സമയവുമെടുക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വീട്ടിലിരുന്നാണ് അധ്യാപകര്‍ ക്ലാസുകളില്‍ പങ്കെടുത്തത്. എല്ലാവര്‍ഷവും ഏപ്രില്‍ ആദ്യവാരം സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാനതലത്തില്‍ അവധിക്കാല അധ്യാപക പരിശീലനത്തിനുള്ള മൊഡ്യൂള്‍ തയ്യാറാക്കും. 

അതുകഴിഞ്ഞ് എസ്  ആര്‍ ജി പരിശീലനം നടത്തും. തുടര്‍ന്ന് ജില്ലാതലത്തില്‍ റിസോഴ്സ് ഗ്രൂപ്പ് ഉണ്ടാക്കി ഉപജില്ലാതലത്തില്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ വഴിയാണ് ക്ലാസുകള്‍ ലഭ്യമാക്കിയിരുന്നത്. ഇതിനായി വന്‍തുകയും ചെലവഴിക്കേണ്ടിവന്നിരുന്നു. ഓണ്‍ലൈന്‍ ആയതോടെ ഈഘട്ടങ്ങളെയെല്ലാം ലഘൂകരിച്ച് നേരിട്ട് മികച്ച പരിശീലനം നേടാന്‍ ഇത്തവണ അധ്യാപകര്‍ക്കായി. മുമ്പ് പ്രതിദിനം 200 രൂപവരെ യാത്രാബത്ത ക്ലാസില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് നല്‍കേണ്ടിവന്നിരുന്നു. അവധിക്കാലം പരിശീലനത്തില്‍ പങ്കെടുത്തത് ഡ്യൂട്ടിയായി കണക്കാക്കി ലീവ് സറണ്ടര്‍ ആനുകൂല്യവും കൈപ്പറ്റാമായിരുന്നു. 

ഈയിനത്തില്‍ രണ്ടുലക്ഷത്തോളം അധ്യാപകര്‍ക്ക് നല്‍കേണ്ടിവന്ന തുകയും വളരെ വലുതായിരുന്നു. ഈ ചെലവുകളൊന്നുമില്ലാതെയാണ് കോവിഡ് കാലത്തെ പരിശീലനം പൂര്‍ത്തിയായത്. പ്രകൃതിദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്ത് പ്രകൃതിസുരക്ഷ, ക്ലാസ് മുറിയിലെ അധ്യാപകന്‍, ശുചിത്വം ആരോഗ്യം പ്രതിരോധം, വിവരവിനിമയ സാങ്കേതികവിദ്യ, ഭാഷാപഠനം, ശാസ്ത്രബോധം എന്നിങ്ങനെയുള്ള വിഷയങ്ങളിലായിരുന്നു പ്രധാനമായും ക്ലാസുകള്‍. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും അധ്യാപകര്‍ക്കായി ക്ലാസെടുത്തിരുന്നു.

click me!