'യാചകന്‍റെ മക്കള്‍ യാചകരാവും എന്നത് ശരിയല്ല, സ്വന്തം ജീവിതത്തിലൂടെ ഞാനത് തെളിയിക്കും'

By Web TeamFirst Published Feb 21, 2019, 7:28 PM IST
Highlights

അനുവിന്‍റെ അച്ഛന്‍ തന്‍വയുടെ രണ്ട് കൈകളിലും കാലിനുമാണ് അസുഖം ബാധിച്ചത്. അമ്മ ബേബിയുടെ ഇടത് കാലിനും. ഇളയ അനിയത്തിയേയും വെല്‍ഫെയര്‍ സൊസൈറ്റി പഠിപ്പിക്കുന്നുണ്ട്. അച്ഛനും അമ്മയും യാചിച്ച് കിട്ടുന്നത് നാലുപേര്‍ക്കും ജീവിക്കാന്‍ തികയില്ല. പക്ഷെ, തന്‍റെ പഠനവും കായികരംഗത്തെ മികവും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുവെന്ന് അനു പറയുന്നു. വീടും വീട്ടുകാരേയും അവള്‍ക്കെപ്പോഴും മിസ് ചെയ്യുന്നുണ്ട്. പക്ഷെ, തന്‍റെ വിദ്യാഭ്യാസം അവര്‍ക്ക് നല്ലൊരു ജീവിതം നല്‍കുമെന്നത് അവള്‍ക്ക് പ്രതീക്ഷിക്കുന്നു. 

'നമ്മുടെ ഭൂതകാലമല്ല നമ്മളെ നിര്‍വചിക്കുന്നത്, നമ്മുടെ സ്വപ്നങ്ങളാണ്' പതിനേഴുകാരിയായ ഒരു മിടുക്കിയുടെ വാക്കുകളാണ്. അവളത് തെളിയിച്ചു കൊടുക്കുന്നത് സ്വന്തം ജീവിതത്തിലൂടേയും. 'ഒരു ഡോക്ടറുടെ മകള്‍ ഡോക്ടറാകും, അപ്പോള്‍ ഒരു യാചകന്‍റെ മകള്‍ യാചകിയാകുമോ? ഇല്ലെന്ന് ഞാന്‍ തെളിയിക്കു'മെന്നാണ് അവള്‍ പറയുന്നത്. 

കുഷ്ഠരോഗികളായ അവളുടെ മാതാപിതാക്കള്‍ റാഞ്ചിയിലെ തെരുവില്‍ യാചിച്ചാണ് മകള്‍ അനുവിനെ വളര്‍ത്തുന്നത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനു. അവളുടെ വാക്കുകള്‍ വെറുതെയല്ല. ഝാര്‍ഖണ്ഡിലെ തന്നെ പ്രതീക്ഷയുള്ള ബാസ്ക്കറ്റ്ബോള്‍ പ്ലെയറാണ് അവള്‍. ഇച്ഛാശക്തിയും കഠിനപ്രയത്നവും കൈമുതലായുള്ള അനു ഇതിനകം തന്നെ നഗരത്തിലെ മികച്ച ബാസ്കറ്റ്ബോള്‍ പ്ലെയറായി അറിയപ്പെട്ടു തുടങ്ങി. 'വീട്ടുകാരുടെ അവസ്ഥ തന്നെ തളര്‍ത്തുന്നതിനു പകരം കൂടുതല്‍ കൂടുതല്‍ വലിയ സ്വപ്നങ്ങള്‍ കാണാന്‍ തന്നെ പ്രേരിപ്പിക്കുകയായിരുന്നു'വെന്ന് അനു പറയുന്നു. 

''ഒരുപാട് സാമ്പത്തിക-സാമൂഹ്യ പരിമിതികളിലാണ് ഞാന്‍ വളര്‍ന്നത്. പക്ഷെ, അതൊന്നും എന്‍റെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നില്ല. ഇതാണ് ഞാന്‍ എല്ലാ ദിവസവും എന്നോട് തന്നെ പറയുന്നത്. എന്‍റെ അധ്യാപകരുടെയും പരിശീലകരുടേയും പിന്തുണയുണ്ട്. അതിലൂടെ എന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് എനിക്കുറപ്പുണ്ട്. ഒരുനാള്‍, എന്‍റെ മാതാപിതാക്കളെ അഭിമാനമുള്ളവരാക്കും ഞാന്‍.'' അനു പറയുന്നു.

അനു ജനിക്കുന്നതിന് മുമ്പ് തന്നെ അമ്മയ്ക്കും അച്ഛനും അസുഖമുണ്ടായിരുന്നു. അനുവിനെയും നാല് സഹോദരങ്ങളേയും നോക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് സോഷ്യല്‍ ഓര്‍ഗനൈസേഷനായ ഡാമിയന്‍ വെല്‍ഫെയര്‍ സൊസൈറ്റി അവളുടെ പഠനം ഏറ്റെടുക്കുന്നത്. അന്നവള്‍ക്ക് നാല് വയസ്സാണ്. 

അവര്‍ അവളെ ധാന്‍ബാദിലെ നിര്‍മ്മല സ്കൂളില്‍ ചേര്‍ത്തു. അവിടെ നിന്നുമാണ് അവള്‍ പത്താം തരം ജയിച്ചത്. സ്പോര്‍ട്സിലുള്ള അവളുടെ പ്രകടനം വിജയം കണ്ടു. സീനിയര്‍ സെക്കണ്ടറി എജുക്കേഷനില്‍ അവള്‍ക്ക് പഠന ചെലവ് മുഴുവന്‍ സ്കോളര്‍ഷിപ്പായി കിട്ടി.

അനുവിന്‍റെ അച്ഛന്‍ തന്‍വയുടെ രണ്ട് കൈകളിലും കാലിനുമാണ് അസുഖം ബാധിച്ചത്. അമ്മ ബേബിയുടെ ഇടത് കാലിനും. ഇളയ അനിയത്തിയേയും വെല്‍ഫെയര്‍ സൊസൈറ്റി പഠിപ്പിക്കുന്നുണ്ട്. അച്ഛനും അമ്മയും യാചിച്ച് കിട്ടുന്നത് നാലുപേര്‍ക്കും ജീവിക്കാന്‍ തികയില്ല. പക്ഷെ, തന്‍റെ പഠനവും കായികരംഗത്തെ മികവും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുവെന്ന് അനു പറയുന്നു. വീടും വീട്ടുകാരേയും അവള്‍ക്കെപ്പോഴും മിസ് ചെയ്യുന്നുണ്ട്. പക്ഷെ, തന്‍റെ വിദ്യാഭ്യാസം അവര്‍ക്ക് നല്ലൊരു ജീവിതം നല്‍കുമെന്നത് അവള്‍ക്ക് പ്രതീക്ഷിക്കുന്നു. 

''എന്‍റെ മാതാപിതാക്കള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ക്കൊരു നല്ല ജീവിതം കൊടുക്കണം. അതിനുവേണ്ടി എത്ര കഷ്ടപ്പാടും ഞാന്‍ സഹിക്കും. എനിക്ക് കഴിയുന്നതെല്ലാം ചെയ്യും'' എന്നും അനു പറയുന്നു. 

2018 -ല്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡിനെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുത്തതോടെയാണ് അവളുടെ കഴിവ് തിരിച്ചറിയപ്പെടുന്നത്. അതിനുശേഷം, ബംഗളൂരുവില്‍ ഝാര്‍ഖണ്ഡ് ബാസ്കറ്റ്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു മാസം നീണ്ടുനില്‍ക്കുന്ന അണ്ടര്‍ 18 ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. അതവളെ ബാസ്കറ്റ്ബോളിന്‍റെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു. 

അതിനുശേഷം വിജയങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇതിനെല്ലാം അവള്‍ നന്ദി പറയുന്നത് ഗുരു ഗോവിന്ദ് സിങ് പബ്ലിക് സ്കൂളിനോടാണ്. അവളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ കൂടെ നില്‍ക്കുന്നതിന്. ബാസ്കറ്റ് ബോള്‍ പരിശീലനം, പഠനത്തെ ബാധിക്കാതിരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വെളുപ്പിന് 4.30 -ന് എഴുന്നേല്‍ക്കും. 6.30 വരെ പഠിക്കും. ഒമ്പത് മണിയോടെ സ്കൂളിലെത്തും. നാല് മുതല്‍ 5.30-6 വരെ പരിശീലനം. ആഴ്ചാവസാനങ്ങളിലും രാവിലെയും പരിശീലനത്തിന് സമയം കണ്ടെത്താറുണ്ടെന്നും അനു പറയുന്നു. 

''വളരെ മിടുക്കിയായ കുട്ടിയാണവള്‍, ഈ സ്കൂളിന് മാത്രമല്ല, സംസ്ഥാനത്തിന് തന്നെ അഭിമാനമാണവള്‍. നമുക്ക് കഴിയും പോലെയെല്ലാം അവളെ ഉയരങ്ങളിലെത്താന്‍ സഹായിക്കു''മെന്ന് അനുവിന്‍റെ പരിശീലകന്‍ കരോള്‍ സാമന്തയും പറയുന്നു. 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)

click me!