വിരലടയാളമില്ലാത്ത അപൂര്‍വരോഗം, പാസ്‌പോർട്ടും, ലൈസൻസുമടക്കം നിഷേധിക്കപ്പെട്ട ഒരു കുടുംബം

By Web TeamFirst Published Dec 28, 2020, 1:47 PM IST
Highlights

ഡ്രൈവിംഗ് ടെസ്റ്റുകളിൽ വിജയിച്ചെങ്കിലും, വിരലടയാളം ഇല്ലാത്തതിനാൽ 22 വയസ്സുകാരനായ അപ്പുവിന് ലൈസൻസ് ഇതുവരെ ലഭിച്ചിട്ടില്ല.

നമുക്കെല്ലാം കൈയിൽ വിരലടയാളങ്ങളുണ്ട്. മിക്ക രാജ്യങ്ങളിലും വിരലടയാള പരിശോധന നിർബന്ധമാണ്. ആളുകളെ തിരിച്ചറിയാനുള്ള ഒരു മാർ​ഗമായി ഇത് ഉപയോഗിക്കുന്നു. പാസ്‌പോർട്ട്, സിം കാർഡുകൾ, ദേശീയ ഐഡികൾ എന്നിവ ലഭിക്കാൻ ഇത് അതാവശ്യമാണ്. എന്നാൽ, ഈ വിരലടയാളം ഇല്ലാത്തതിന്റെ പേരിൽ സർക്കർ കുടുംബത്തിലെ പുരുഷന്മാർ കുറച്ചൊന്നുമല്ല വെള്ളം കുടിച്ചത്.  

ബംഗ്ലാദേശിലെ വടക്കൻ ജില്ലയായ രാജ്‌ഷാഹിയിലെ ഒരു ഗ്രാമത്തിലാണ് ഈ കുടുംബമുള്ളത്. സർക്കർ കടുംബത്തിലെ അമൽ സർക്കർ, അപു സർക്കാർ, അനു സർക്കർ എന്നിവരാണ് കൈകളിൽ വിരലടയാളം ഇല്ലാത്തതിന്റെ പേരിൽ പുലിവാല് പിടിച്ചത്. അവരുടെ കൈകൾ പരിശോധിച്ചാൽ വിരൽത്തുമ്പിലെ മിനുസമാർന്ന പ്രതലങ്ങൾ മാത്രമാണ് നമുക്ക് കാണാൻ കഴിയുക. സർക്കർ കുടുംബത്തിലെ പുരുഷന്മാർക്ക് ഉണ്ടായ ഒരു ജനിതകമാറ്റത്തിന്റെ ഫലമാണ് ഇത്. വിരലടയാളം ഇല്ലാത്തത് മുൻപത്തെ തലമുറയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നമല്ലായിരുന്നു.  

 

എന്നാൽ, ഇപ്പോൾ വിരൽത്തുമ്പിലെ നേർത്ത വരകളായ ഡെർമറ്റോഗ്ലിഫ്സ് ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ ശേഖരിക്കുന്ന ബയോമെട്രിക് ഡാറ്റ. വിമാനത്താവളങ്ങളിൽ മുതൽ വോട്ടിംഗ്, സ്മാർട്ട്ഫോണുകൾ എടുക്കാൻ വരെ എല്ലാത്തിനും നമ്മൾ ഇപ്പോൾ വിരലടയാളമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അതില്ലാത്തതിന്റെ പേരിൽ അവർക്ക് ഡ്രൈവിംഗ് ലൈസൻസും മൊബൈൽ സിം കാർഡുകളും നിഷേധിക്കപ്പെട്ടു. വളരെ ബുദ്ധിമുട്ടി സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങിയാണ് ഒടുവിൽ അവർ പാസ്‌പോർട്ടുകളും ദേശീയ ഐഡികളും നേടിയെടുത്തത്.  

ഇത്തരമൊരു രോഗത്തെ കുറിച്ചും അധികമാർക്കും അറിയില്ല. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർ ഇത് തനിയെ സംഭവിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ആളുകളെ ബോധ്യപ്പെടുത്താൻ കുടുംബത്തിന് വളരെ പണിപ്പെടേണ്ടി വന്നു. ധാക്കയിലെ പാസ്‌പോർട്ട് ഓഫീസിൽ ഒരുപാട് തവണ പോയും, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയുമാണ് അമലിനും സഹോദരൻ ഗോപേഷിനും പാസ്‌പോർട്ട് ലഭിച്ചത്. ബയോമെട്രിക്സിനുപകരം, പഴയ സൈനിംഗ് രജിസ്ട്രി സംവിധാനം ഉപയോഗിക്കാൻ ഗോപേഷിന് ഉദ്യോഗസ്ഥനെ നിർബന്ധിക്കേണ്ടി വന്നു. വിരലടയാളം ഇല്ലാതെ റെറ്റിന സ്കാനുകളും മുഖം തിരിച്ചറിയൽ സംവിധാനവും വഴിയാണ് ഒടുവിൽ ബംഗ്ലാദേശ് സർക്കാർ അവർക്ക് ദേശീയ തിരിച്ചറിയൽ കാർഡുകൾ നൽകിയത്.

ഈ അവസ്ഥ ബംഗ്ലാദേശിലെ ഡോക്ടരെ ആദ്യം അമ്പരപ്പിച്ചു. രാജ്യത്ത് അറിയപ്പെടുന്ന ആദ്യത്തെ കേസാണ് ഇത്. ഈ രോഗാവസ്ഥയെ അഡെർമറ്റോഗ്ലിഫിയ എന്നാണ് വിളിക്കുന്നത്. ഇത് വരണ്ട ചർമ്മത്തിന് കാരണമാവുകയും കൈപ്പത്തിയിലും കാലിലും വിയർപ്പ് കുറയ്ക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. 2007 -ൽ ഒരു സ്വിസ് വനിത ഇതുപോലെ വിരലടയാളം ഇല്ലാത്തതിന്റെ പേരിൽ യുഎസിൽ പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അന്ന് അവരുടെ എട്ട് കുടുംബാംഗങ്ങൾക്കും വിരലടയാളം ഇല്ലെന്ന് മെഡിക്കൽ സംഘം കണ്ടെത്തിയിരുന്നു. അന്ന് ആ സ്ത്രീയുടെ കുടുംബത്തിലെ ഡി‌എൻ‌എ വിശകലനം ചെയ്തപ്പോൾ വിരലുകളിൽ, കാൽപാദങ്ങൾ, കൈപ്പത്തിയിലും വരകൾ ഇല്ലായിരുന്നു എന്ന് കണ്ടത്തുകയുണ്ടായി. ഈ അവസ്ഥ വളരെ അപൂർവമാണ്. ലോകമെമ്പാടുമുള്ള വളരെ കുറച്ച് കുടുംബങ്ങൾക്ക് മാത്രമാണ് ഈ അവസ്ഥയുള്ളത്. സർക്കർ കുടുംബം അതിലൊന്നാണ്. ഈ രോഗത്തെ "immigration delay disease" എന്നും വിളിക്കുന്നു. 

ഡ്രൈവിംഗ് ടെസ്റ്റുകളിൽ വിജയിച്ചെങ്കിലും, വിരലടയാളം ഇല്ലാത്തതിനാൽ 22 വയസ്സുകാരനായ അപ്പുവിന് ലൈസൻസ് ഇതുവരെ ലഭിച്ചിട്ടില്ല. വണ്ടിയുമായി പുറത്തിറങ്ങുമ്പോൾ പലപ്പോഴും ട്രാഫിക് പൊലീസുകാർ തടയുകയും ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പിഴ ചുമത്തുകയും ചെയ്യുന്നു. "ഇത് എന്റെ കൈയിലല്ല. ഇത് എനിക്ക് പാരമ്പര്യമായി ലഭിച്ച ഒന്നാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഇത് ശരിക്കും വേദനാജനകമാണ്" അദ്ദേഹം പറഞ്ഞു. ഇന്നും ഉദ്യോഗസ്ഥരുടെ കനിവിനായി കാത്തിരിക്കയാണ് അദ്ദേഹം. 

click me!