ഹോ, എന്തൊരു മാറ്റം; 20 വര്‍ഷം തുടര്‍ച്ചയായി എടുത്ത സെല്‍ഫികള്‍ ഒരൊറ്റ വീഡിയോയില്‍...

By Web TeamFirst Published Jan 18, 2020, 4:33 PM IST
Highlights

20 വർഷം പൂർത്തിയായ ദിവസം അദ്ദേഹം ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ലോകം ആ വീഡിയോ ഏറ്റെടുത്തു.

ലോകമെമ്പാടും എക്സിബിഷനുകൾ നടത്തിയിട്ടുള്ള, പ്രശസ്തമായ കമ്പനികളിലും,  പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചിട്ടുള്ള  മികവുറ്റ ഫോട്ടോഗ്രാഫറാണ് നോഹ കലിന. സെൽഫികളുടെ കാലമായ ഇന്ന് ന്യൂയോർക്ക് ഫോട്ടോഗ്രാഫറായ നോഹയും എല്ലാ ദിവസവും മുടങ്ങാതെ അദ്ദേഹത്തിൻ്റെ ഒരു ഫോട്ടോ വീതം എടുക്കുമായിരുന്നു. അദ്ദേഹം ഈ ശീലം 20 വർഷമായി തുടരുന്നു. 20 വർഷം പൂർത്തിയായ ദിവസം അദ്ദേഹം ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ലോകം ആ വീഡിയോ ഏറ്റെടുത്തു. അങ്ങനെ ഫോട്ടോ എടുക്കുന്ന അദ്ദേഹത്തിൻ്റെ ആ ശീലം അദ്ദേഹത്തിനെ ലോക പ്രശസ്‌തനാക്കി മാറ്റി. 

2000 ജനുവരി 11 നാണ് അദ്ദേഹത്തിന് 19 വയസ്സ് തികഞ്ഞത്. ആ ദിവസം മുതൽ എന്നും മുടങ്ങാതെ ക്യാമറ ഉപയോഗിച്ച് തൻ്റെ ഫോട്ടോയെടുക്കാൻ അദ്ദേഹം ആരംഭിച്ചു. 2006 ലാണ് 'എവരിഡേ' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോജക്റ്റ് ആദ്യമായി വൈറലാകുന്നത്. ഇത് ആനിമേറ്റഡ് ടിവി പരിപാടിയായ സിംപ്‌സണിൽ അടക്കം പ്രസിദ്ധമായി. അതിനെ തുടർന്ന് പ്രധാന കമ്പനികൾ അദ്ദേഹത്തെ സമീപിക്കുകയുണ്ടായി. അതിന് ശേഷവും അദ്ദേഹം തൻ്റെ ശീലം തുടർന്ന് കൊണ്ടിരുന്നു. അങ്ങനെ ഒരു നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ ആഴ്ച, അവിശ്വസനീയമായ 20 വർഷത്തെ ദൈനംദിന ഫോട്ടോകൾ അദ്ദേഹം ലോകവുമായി പങ്കിട്ടു. 

 

 

കാലം അദ്ദേഹത്തിൻ്റെ മുഖത്ത് വരുത്തുന്ന മാറ്റങ്ങളും, മുടി വളരുന്നതും, അത് ട്രിം ചെയ്യപ്പെടുന്നതും, ചെറിയ, ഇരുണ്ട അപ്പാർട്ടുമെന്റിൽ നിന്ന് വിശാലമായ സ്റ്റുഡിയോയിലേക്ക് മാറുന്നതും എല്ലാം അതിൽ കാണാം. ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന പരിവർത്തന കാലഘട്ടങ്ങൾ അതിമനോഹാരവും, ലളിതവുമായി അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു.  വാക്കുകളെക്കാൾ വാചാലമാണ് ചിത്രങ്ങൾ. നിമിഷങ്ങൾക്കുള്ളിലാണ് അത് നമ്മെ ഭൂതകാലത്തേക്ക് കൊണ്ടുപോകുന്നത്. അദ്ദേഹത്തിൻ്റെ നീണ്ട ഇരുപത് വർഷങ്ങൾ, വളരെ ചുരുങ്ങിയ സമയത്തിൽ അദ്ദേഹത്തിന് കാണിക്കാൻ സാധിച്ചു എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ സവിശേഷത.   

കലിനയുടെ 'എല്ലാ ദിവസവും ഫോട്ടോ' എന്ന ഈ ശീലം വിജയിച്ചതിനെ തുടർന്ന്, പലരും ഇപ്പോൾ അദ്ദേഹത്തിൻ്റെ പാത പിന്തുടരുകയാണ്. അങ്ങനെ സെൽഫി പ്രേമികളുടെ ഇടയിൽ ഒരു പുതിയ സെൽഫി സംസ്കാരം തന്നെ ഇതുമൂലം ഉടലെടുക്കുകയാണ്. ഇന്നത്തെ കാലത്തെ കുട്ടികൾ ചെറുപ്രായത്തിൽ തന്നെ സെൽഫി എടുക്കുന്നവരാണ്. കൗമാരപ്രായം മുതൽ പ്രായപൂർത്തിയാകുന്നതുവരെ അവർ എങ്ങനെ പക്വത പ്രാപിച്ചുവെന്ന് ആ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. അടുത്തകാലത്തായി ഹോർമോൺ മാറ്റിവയ്ക്കുന്ന തെറാപ്പിയിലൂടെ കടന്ന് പോയ ഒരു ട്രാൻസ്‌ജെൻഡർ എടുത്ത സെൽഫികളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.  

തുടർച്ചയായി 20 വർഷം തളരാതെ അർപ്പണബുദ്ധിയോടെ ചിത്രങ്ങളെടുത്ത അപൂർവം സെൽഫി ആർട്ടിസ്റ്റുകളിൽ ഒരാളാണ് കലിന. "ഓരോ ദിവസവും നിങ്ങളുടേതായ ഒരു ഫോട്ടോ എടുക്കുന്ന ശീലമുണ്ടെങ്കിൽ, എന്തിനത് നിർത്തണം? “ കലിന പറഞ്ഞു. താൻ മരിക്കുന്ന ദിവസം വരെ സ്വയം ഫോട്ടോയെടുക്കുന്നത് തുടരാൻ  ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ജീവിത നിമിഷങ്ങളെ അനശ്വരമാക്കാൻ ചിത്രങ്ങൾക്ക് കഴിയും. അത്കൊണ്ട് തന്നെയാണ് നമ്മുടെ സന്തോഷ നിമിഷങ്ങളെ ചിത്രങ്ങളിലാക്കി സൂക്ഷിക്കാൻ നമ്മൾ ശ്രമിക്കുന്നതും. ഒരു ആത്മപരിശോധന നടത്താനും, കടന്നു പോയ വഴിത്താരകളെ ഓർമച്ചെപ്പിൽ സൂക്ഷിക്കാനും സെൽഫികൾ സഹായിക്കുന്നു. അത് കൊണ്ട് തന്നെയാണ് അവയിത്രത്തോളം പ്രചാരം നേടിയതും. എന്നാ പിന്നെ ഒരു സെൽഫി എടുക്കല്ലേ? 
 

click me!