'അതേടാ, ഞാന്‍ പെണ്ണാണ് അതിനു നിനക്കെന്ത്?'

By Asha SusanFirst Published Jan 30, 2018, 8:40 PM IST
Highlights

എന്തുകൊണ്ട് കൊലപാതകവും പീഡനവും അനുകരിക്കുന്നില്ലെന്നു ചോദിച്ചാല്‍, മനുഷ്യന്റെ ധാര്‍മ്മിക ബോധത്തിന് തികച്ചും എതിരാണ് ഇവയൊക്കെയെന്നു പൂര്‍ണ്ണ ബോധ്യമുള്ളതു കൊണ്ടുതന്നെ അവയെയൊന്നും പൊതുവേയാരും ആനുകരിക്കാന്‍ ശ്രമിക്കാറില്ല.

ഒരു പീഡനത്തെ ഒരിക്കലും നന്മയുടെ കുപ്പായം ഇടീക്കാത്തതു പോലെത്തന്നെ പൊതുബോധത്തില്‍ ഗ്രേ ഷെയ്ഡില്‍ നില്‍ക്കുന്ന ഇത്തരം കാര്യങ്ങളെ നായകന് കൈയ്യടി കിട്ടാനായി മാസ് ഡയലോഗുകളുടെയും ബിജിഎമ്മിന്റെയും അകമ്പടിയോടെ മഹത്വവല്‍ക്കരിച്ചു കാണിക്കരുത്. സകലവിധ പ്രിവിലേജുകളും അനുഭവിച്ചു നില്‍ക്കുന്നവര്‍ക്ക് അതൊക്കെ നിസ്സാരമായി തോന്നിയാലും സമൂഹത്തില്‍ വിവേചനം അനുഭവിക്കുന്നവര്‍ക്ക് അതൊരു ബുദ്ധിമുട്ടാണ്.

ഓരോ കാലഘട്ടത്തിലും സാമൂഹ്യപ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടത് അതാത് കാലത്തെ കലാരൂപങ്ങളിലൂടെയായിരുന്നു. പണ്ട് ജനകീയമായി നിലനിന്ന കലാരൂപങ്ങളായിരുന്ന കഥകളി, ഓട്ടം തുള്ളല്‍, നാടകം, കഥാപ്രസംഗം എന്നിവ. നിരന്തര സഞ്ചാരത്തിലൂടെ ഇന്നതു സിനിമയില്‍ എത്തിനില്‍ക്കുന്നു.

സിനിമയെന്നത് ഒരു ജനകീയ കലയാണെന്നതില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. എന്നാല്‍ സിനിമയെ കേവലമൊരു ആസ്വാദനകല എന്ന രീതിയില്‍ മാത്രം കാണുക, അതിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കൈവെക്കുന്നത് എത്രത്തോളം ശരിയാണ് എന്നതിലൊക്കെയാണ് അഭിപ്രായ വ്യത്യാസങ്ങളുള്ളത്. അതൊരു ജനകീയ കലയായതുകൊണ്ടു തന്നെയാണ് വിമര്‍ശങ്ങളും നിരൂപണങ്ങളും വിലയിരുത്തലുകളും തിരുത്തലുകളും ഉണ്ടാവുന്നതും കാലത്തിനനുസരിച്ച മാറ്റം വരുത്തേണ്ടി വരുന്നതും.

സിനിമ സമൂഹത്തിനു നേരെ തുറന്നു പിടിച്ച കണ്ണാടിയാണെന്ന ക്‌ളീഷേ വാദത്തിനു കുടപിടിക്കുകയല്ല, പക്ഷേ ഓരോ കാലഘട്ടത്തിലെ സിനിമകള്‍ പ്രതിപാദിക്കുന്നത് അതാതു കാലത്തിലെ മുഖ്യധാരാ വിഷയങ്ങളാണ്. 

പഴയകാല സൂപ്പര്‍ഹിറ്റ് സിനിമയുടെ പിറവിക്ക് കാരണമായ ഇതിവൃത്തങ്ങളായിരുന്നു കൂട്ടുകുടുംബവ്യവസ്ഥിതിയും അമ്മായിഅമ്മ പോരും സര്‍വ്വംസഹയായ ഭാര്യയും ദാരിദ്ര്യവും അവിഹിതവും ജാരനും ഭക്തി കഥകളുമെല്ലാം. അന്നത്തെ പൊതുബോധത്തില്‍ അതൊക്കെ പ്രാധാന്യമുള്ളതും അംഗീകാരമുള്ളതുമായ വിഷയങ്ങളായിരുന്നെങ്കില്‍ വര്‍ത്തമാന കാലത്തില്‍ ഇത്തരം വിഷയങ്ങളെ അണിയിച്ചൊരുക്കിയാല്‍ മലയാളികള്‍ അവരുടെ സ്വതസിദ്ധമായ പുച്ഛം അവയ്ക്കു മേലെ വാരി വിതറുമെന്നതില്‍ സംശയം ലവലേശം വേണ്ട.

സിനിമ പൊതുബോധത്തെ സ്വാധീനിക്കാന്‍ ശക്തിയുള്ള കലയാണെന്ന് പറയുമ്പോള്‍ ചിലര്‍ ഉന്നയിക്കുന്ന വാദമാണ് എങ്കില്‍ എന്തുകൊണ്ട് ജീസസ് കണ്ടാരും ക്രിസ്ത്യാനിയോ ഗാന്ധിയുടെ ജീവചരിത്രം കണ്ടാരും ഗാന്ധിയോ ആവാന്‍ ശ്രമിക്കാത്തതെന്ത്? എന്തുകൊണ്ട് ആളുകള്‍ സിനിമയിലെ കൊലപാതകങ്ങളും പീഡനം, മോഷണം എന്നിങ്ങനെയുള്ള ക്രിമിനല്‍ സ്വഭാവങ്ങളും അനുകരിക്കുന്നില്ല?

എന്തുകൊണ്ട് കൊലപാതകവും പീഡനവും അനുകരിക്കുന്നില്ല
ഈ വാദങ്ങളെയൊക്കെ ശരിവെക്കുമ്പോഴും ഒരു പോലീസിന്റെയോ പട്ടാളക്കാരന്റെയോ സഖാവിന്റെയോ നര്‍ത്തകന്റെയോ, സിനിമാ നടന്റെയോ ഒക്കെ ജീവിതം വരച്ചിടുന്ന സിനിമകള്‍ കണ്ടിട്ട് അതുപോലെയാവാന്‍ ആഗ്രഹിച്ചവരും അതിലേക്ക് എത്തിപ്പെട്ടവരും നമുക്ക് ചുറ്റും കാണുമെന്നതും വിസ്മരിക്കരുത്. അതായത് പൊതുവേ നായകകഥാപാത്രത്തോടൊപ്പം സഞ്ചരിക്കാനാണ് ജനങ്ങള്‍ക്കിഷ്ടം. നായകന്‍ നീതിയുടെ പക്ഷത്താണെങ്കില്‍ ജനങ്ങളും അതെ പക്ഷത്തായിരിക്കും. എന്നാല്‍ നായകന്‍ അനീതിയെ പിന്തുടര്‍ന്നാല്‍ അയാളെ ന്യായീകരിക്കാനായി സമൂഹം അയാളെ അങ്ങനെയാക്കിയതാണെന്നും കുറ്റം സമൂഹത്തിന്റെയും നിയമത്തിന്റെയുമാണെന്നൊക്കെ നമ്മള്‍ വാദിക്കും.

എന്തുകൊണ്ട് കൊലപാതകവും പീഡനവും അനുകരിക്കുന്നില്ലെന്നു ചോദിച്ചാല്‍, മനുഷ്യന്റെ ധാര്‍മ്മിക ബോധത്തിന് തികച്ചും എതിരാണ് ഇവയൊക്കെയെന്നു പൂര്‍ണ്ണ ബോധ്യമുള്ളതു കൊണ്ടുതന്നെ അവയെയൊന്നും പൊതുവേയാരും ആനുകരിക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ ധാര്‍മികതക്ക് അകത്തോ പുറത്തോ എന്ന് ഒരു സാധാരണക്കാരന് ഇന്നും വേര്‍തിരിച്ചെടുക്കാനാവാത്ത ചില മേഖലകളാണ് അന്ധവിശ്വാസം, ദളിത് വിരുദ്ധത, ന്യൂനപക്ഷ ലൈംഗികതയോടുള്ള വെറുപ്പ്, സവര്‍ണ്ണ ബിംബാരാധന, അധീശത്വ മനോഭാവം, സ്ത്രീവിരുദ്ധത, അശ്ലീല തമാശകള്‍ തുടങ്ങിയവ.

സ്ത്രീവിരുദ്ധതയുടെ തിരക്കാഴ്ചകള്‍
ഒരു പുരോഗമന സമൂഹത്തിനു ചേരാത്തവയാണ് ഇവയൊക്കെയെന്നു നിസ്സംശയം പറയാനാവും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇവയൊക്കെ നമ്മുടെ സമൂഹത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ നിലനില്‍ക്കുന്നതിനാല്‍ ഇവിടെ നിന്നും ഉടലെടുക്കുന്ന സിനിമകളിലും ഇവയുടെ നിഴലുണ്ടാവുന്നതു സ്വാഭാവികം മാത്രം. ഇവയൊന്നും സിനിമയില്‍ ഉണ്ടാവരുതെന്നോ ആവിഷ്‌കാരസ്വാതന്ത്ര്യത്തില്‍ കത്രിക വെക്കണമെന്നോ അഭിപ്രായമില്ല. എന്നാല്‍
ഒരു പീഡനത്തെ ഒരിക്കലും നന്മയുടെ കുപ്പായം ഇടീക്കാത്തതു പോലെത്തന്നെ പൊതുബോധത്തില്‍ ഗ്രേ ഷെയ്ഡില്‍ നില്‍ക്കുന്ന ഇത്തരം കാര്യങ്ങളെ നായകന് കൈയ്യടി കിട്ടാനായി മാസ് ഡയലോഗുകളുടെയും ബിജിഎമ്മിന്റെയും അകമ്പടിയോടെ മഹത്വവല്‍ക്കരിച്ചു കാണിക്കരുത്. സകലവിധ പ്രിവിലേജുകളും അനുഭവിച്ചു നില്‍ക്കുന്നവര്‍ക്ക് അതൊക്കെ നിസ്സാരമായി തോന്നിയാലും സമൂഹത്തില്‍ വിവേചനം അനുഭവിക്കുന്നവര്‍ക്ക് അതൊരു ബുദ്ധിമുട്ടാണ്.

വീട്, കുടുംബം, കുട്ടികള്‍ എന്നിവയില്‍ തങ്ങളുടെ ലോകം ചുരുക്കാതെ പെണ്‍കുട്ടികള്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നെയ്ത് ഉയരത്തില്‍ പറക്കാന്‍ ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തില്‍ അവരുടെ ചിറകുകളെ തളര്‍ത്തുന്ന രീതിയില്‍, 'നീയൊരു പെണ്ണാണ്, വെറും പെണ്ണ്' എന്നുള്ള ഡയലോഗ് പറഞ്ഞല്ല നായകന്‍ കൈയ്യടി വാങ്ങേണ്ടത്. അതിനുള്ള അവസരത്തെയല്ല അണിയിച്ചൊരുക്കേണ്ടതും. പുരുഷാധിപത്യത്തില്‍ ജനിച്ച് അതിന്റെ വായു ശ്വസിക്കുന്ന സമൂഹത്തില്‍ ഇത്തരം ഡയലോഗ് പറയുന്നവന്റെ  മുന്നില്‍ തലയര്‍ത്തിപ്പിടിച്ചു നട്ടെല്ല് നിവര്‍ത്തി നിന്നുകൊണ്ട് 'അതേടാ, ഞാന്‍ പെണ്ണാണ് അതിനു നിനക്കെന്ത്?' എന്നു നായികയെ കൊണ്ട് പറയിപ്പിക്കാനും അത് കേട്ട് കൈയ്യടിപ്പിക്കാനുമുള്ള സാഹചര്യമാണ് ഉണ്ടാവേണ്ടത്.

നായകന് കൈയ്യടി നേടാനായി തിന്മയെ നന്മയുടെ പരിവേഷം കെട്ടിക്കുന്നിടത്താണ് വിമര്‍ശങ്ങള്‍ ഉയരുന്നത്. കാരണം നമ്മള്‍ ആരാധിക്കുന്ന നായകനെ മറ്റുള്ളവര്‍ വിമര്‍ശിച്ചാല്‍ തീരാവുന്നതേയുള്ളു മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യം. നായകന്‍ പീഡനക്കേസില്‍ അകപ്പെട്ടാല്‍ അന്ന് വരെ ഉയര്‍ത്തിപ്പിടിച്ച സ്ത്രീ സമത്വവും സ്ത്രീപക്ഷവാദവും തകര്‍ന്നടിയും. അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടുന്ന ഇവള്‍ക്കൊക്കെ നാണമില്ലേ പരാതിപ്പെടാന്‍ എന്നു തുടങ്ങി കേട്ടാലറയ്ക്കുന്ന തെറി വിളികളുടെ പൂരമായിരിക്കും പിന്നീട്. എന്നാലീ ഫാനരന്മാര്‍ അറിയുന്നുണ്ടോ പണത്തിനു വേണ്ടി ശരീരം പങ്കുവെക്കുന്ന ലൈംഗിക തൊഴിലാളിയായ ഒരു സ്ത്രീയെ പോലും അവളുടെ അനുവാദമില്ലാതെ പ്രാപിക്കാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണെന്ന്?

സിനിമ വിതറുന്ന പൊതുബോധങ്ങള്‍
പീഡനം പീഡനമായും സ്ത്രീവിരുദ്ധത അതായും തന്നെ ജനങ്ങളിലേക്ക് എത്തണം. ഒന്നിനെ വലുതാക്കി കാണിക്കാന്‍ മറ്റൊന്നിനെ ചെറുതാക്കി അവതരിപ്പിക്കരുത്. ഉദാഹരണത്തിന് സെറ്റും മുണ്ടും ഉടുത്തു പൊട്ടും കുറിയും മുല്ലപ്പൂവും ചൂടി നടക്കുന്ന ഗ്രാമീണ പെണ്‍കൊടിയാണ് ഇന്നും ഭൂരിപക്ഷം വരുന്ന മലയാളി പുരുഷന്റെ കാമുകീ സങ്കല്പം. അത്തരം ക്ളീഷേ ഭാവനകള്‍ക്ക് തിളങ്ങാനായി ജീന്‍സും ടോപ്പും അണിയുന്ന നഗരത്തിലെ പെണ്‍കുട്ടിയെ മോശമായി ചിത്രീകരിക്കേണ്ടതില്ല.

ചില പൊതുബോധങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് സിനിമയിലൂടെയാണ്. അതിനു ഉദാഹരമാണ് ഫെമിനിസ്റ്റ് കൊച്ചമ്മയും, ചാന്തുപൊട്ടും , പീഡകനായ ബംഗാളിയും, ഇസ്ലാമിക തീവ്രവാദിയുമെല്ലാം. പുരുഷനൊന്ന് അടക്കിപ്പിടിച്ചു അമര്‍ത്തി ചുംബിച്ചാല്‍ തീരാവുന്നതേയൊള്ളു ഏതൊരു പെണ്ണിന്റെയും ശൗര്യമെന്നു മലയാള സിനിമ നമ്മെ ഓര്‍മ്മിപ്പിക്കുമ്പോള്‍ ഈ അടുത്ത കാലത്തിറങ്ങിയ 'പിങ്ക്' എന്ന ഹിന്ദി സിനിമ സമൂഹത്തിനു നേരെ തുറന്നു വിടുന്ന അനേകം ചോദ്യങ്ങളുണ്ട്. ഒരു പെണ്‍കുട്ടിയുടെ വസ്ത്രത്തിന്റെ  അളവ് എങ്ങനെയാണ് ലൈംഗികതയ്ക്കുള്ള ക്ഷണമാവുന്നത്? മദ്യപിക്കുന്നതും പുകവലിക്കുന്നതും ആണ്‍സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുന്നതും രാത്രിയില്‍ ഇറങ്ങി നടക്കുന്നതും എങ്ങനെയാണ് മാന്യതയില്ലയ്മയുടെ അളവ് കോലാവുന്നത്?

ഈ സിനിമ തകര്‍ക്കുന്ന ചില ആണ്‍ ബോധങ്ങളുണ്ട്. ഒരു പെണ്ണിന്റെ ശരീരത്തിന്റെ അവകാശി അവള്‍ മാത്രമാണ്. അതിനി ഭാര്യയായാലും കാമുകിയായാലും നോ എന്നാല്‍ 'നോ' എന്നു തന്നെയാണ്. ആ സിനിമ കണ്ടിറങ്ങിയ എല്ലാവരുടെ ഉള്ളിലും ഇത്തരം കാര്യങ്ങള്‍ മായാതെ കിടക്കും. ഇത്തരം ചോദ്യങ്ങള്‍ മുഴുങ്ങി കേട്ടിട്ടുണ്ടാവുണെന്നും എനിക്കുറപ്പുണ്ട്. ഒരു നായകന് കയ്യടി കിട്ടാന്‍ വേണ്ടി മാത്രം നീ വെറും പെണ്ണാണ് എന്ന് പറയിപ്പിക്കുകയും അത്തരം അവസരങ്ങള്‍ സിനിമയെ ബാധിക്കില്ലെങ്കില്‍ പോലും സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ മറ്റൊന്നില്‍ കാലങ്ങളോളം നമ്മുടെ മനസ്സില്‍ അടിയുറപ്പിച്ച ചില ആണ്‍ മേല്‍കോയ്മയില്‍ നിന്നും രൂപപ്പെട്ട പൊതുബോധ ചങ്ങലയെ പൊട്ടിച്ചെറിയുന്നു. രണ്ടും സിനിമ എന്ന ഒറ്റ കലാരൂപത്തിന്റെ കഴിവും കഴിവു കേടുമാണ്. സിനിമ എന്ന ജനകീയ കലയ്ക്ക് പുരോഗമന ആശയയവും കാഴ്ചപ്പാടുമുള്ള ഒരു പൊതുബോധത്തെ മലയാളിക്ക് സമ്മാനിക്കാനാവണം.

ഇവയെല്ലാം സിനിമയില്‍ നിന്നാണോ ഉള്‍ക്കൊള്ളേണ്ടത് എന്ന് തോന്നിയേക്കാം. നൂറു ശതമാനം സാക്ഷരത നേടിയ നമ്മുടെയിടയില്‍ ഇന്നും യുക്തിക്ക് സ്ഥാനം എവിടെയെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്നേ രൂപപ്പെട്ട മതങ്ങള്‍ നിര്‍മ്മിച്ച് വെച്ചിരിക്കുന്ന അന്ധവിശ്വാസത്തിന്റെയും, ഗോത്രസംസ്‌കാരത്തിന്റെയും, സ്ത്രീ വിരുദ്ധതതയുടെയും മാറാലക്കെട്ടില്‍ പെട്ടു കാലത്തിനൊപ്പം രൂപമാറ്റം സംഭവിക്കുന്ന ആധുനിക സംസ്‌കാരത്തിനൊപ്പം ഓടിയെത്താന്‍ പാടുപെടുന്ന സാധാരണ മനുഷ്യരുടെ പൊതുബോധങ്ങളില്‍ പലതും സിനിമയെ ആശ്രയിച്ചു തന്നെയാണ് രൂപപ്പെടുന്നത്.

അതുകൊണ്ടു സിനിമയില്‍ നന്മ മരങ്ങള്‍ മാത്രമേ ഉണ്ടാവാവൂ എന്നല്ല. സാമൂഹ്യ വിരുദ്ധതയെ മഹത്വല്‍ക്കരിച്ചു പഴയ കുപ്പിയിലെ പുതിയ വീഞ്ഞായി വിളമ്പാതിരിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. തകര്‍ക്കേണ്ട വേലികെട്ടുകള്‍ തകര്‍ക്കാനും പുതിയത് നിര്‍മ്മിക്കാനും സിനിമയെന്ന കലാരൂപത്തിന് കഴിയട്ടെ.
 

click me!