കൂടുതല്‍ തിമിംഗലങ്ങള്‍ വലയിലാവുന്നതും കാലാവസ്ഥാ വ്യതിയാനവും തമ്മിലെന്ത്?

By Gopika SureshFirst Published Jan 31, 2020, 3:39 PM IST
Highlights

കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്ര ഉഷ്ണതരംഗങ്ങളുടെ ആവൃത്തിയും കാഠിന്യവും വര്‍ദ്ധിക്കുന്നതിനാല്‍ മത്സ്യബന്ധന വലകളില്‍ കുടുങ്ങുന്ന തിമിംഗലങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.

കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്ര ഉഷ്ണതരംഗങ്ങളുടെ ആവൃത്തിയും കാഠിന്യവും വര്‍ദ്ധിക്കുന്നതിനാല്‍ മത്സ്യബന്ധന വലകളില്‍ കുടുങ്ങുന്ന തിമിംഗലങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.  നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2014 മുതല്‍ 2016 വരെയുള്ള സമുദ്ര ഉഷ്ണതരംഗങ്ങള്‍ അമേരിക്കയുടെ  പടിഞ്ഞാറന്‍ തീരങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഉയര്‍ത്തിയ വെല്ലുവിളികളെക്കുറിച്ച് ഡോ. ജെരോള്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രജലത്തിന് ചൂടുകൂടുന്നത് സമുദ്ര ആവാസവ്യവസ്ഥയെ വലിയരീതിയില്‍ ബാധിക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന സമുദ്ര ഉഷ്ണതരംഗങ്ങള്‍ മത്സ്യബന്ധന പരിപാലനത്തിനും സമുദ്ര സംരക്ഷണത്തിനും മത്സ്യ ബന്ധനത്തിനുമെല്ലാം വലിയ രീതിയില്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 

കാലാവസ്ഥ വ്യതിയാനം തീരദേശ ആവാസവ്യവസ്ഥയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ മത്സ്യങ്ങള്‍ക്കും മറ്റും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നതില്‍  വ്യത്യാസങ്ങള്‍ വന്നു. ഇതിന്റെ ഭാഗമായി മുമ്പൊക്കെ ഉള്‍ക്കടലുകളില്‍ കാണപ്പെട്ടിരുന്ന തിമിംഗലങ്ങള്‍ ഉള്‍പ്പെടെ പല മത്സ്യങ്ങള്‍ക്കും ഇരപിടിക്കാനായി തീരങ്ങളിലേക്ക് നീങ്ങേണ്ടി വന്നു. ഇതുമൂലം കൂടുതല്‍ തിമിംഗലങ്ങള്‍ മല്‍സ്യബന്ധന വലകളില്‍ കുടുങ്ങാനും കാരണമാകുന്നു. 2014-നു മുമ്പ് വരെ പ്രതിവര്‍ഷം ശരാശരി 10ഓളം തിമിംഗലങ്ങള്‍ മാത്രമേ ഇതുപോലെ വലകളില്‍ അകപ്പെടാറുണ്ടായിരുന്നുള്ളൂ. എന്നാല്‍, 2014 -ല്‍ ഈ സംഖ്യ 53-ഉം 2015 -ല്‍ 55 -ഉം ആയി. 

വര്‍ദ്ധിച്ചുവരുന്ന മനുഷ്യനിര്‍മ്മിത ആഗോളതാപനത്തെ പരിഗണിക്കുമ്പോള്‍ വരും വര്‍ഷങ്ങളിലും സമുദ്ര ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന സാഹചര്യമാണ് ഉണ്ടാവുന്നതെന്നാണ് ഈ പഠനം വെളിപ്പെടുത്തുന്നത്. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഒരു മേഖലയിലും മാറിനില്‍ക്കുന്നില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

click me!