അമിതവേഗത ഒഴിവാക്കാന്‍ മാര്‍ഗങ്ങളേറെ, വിദേശത്തുനിന്നും സര്‍ക്കാര്‍ അതുകൂടി പഠിക്കണം

By Biju SFirst Published Oct 7, 2022, 3:17 PM IST
Highlights

പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടത്തും ഇതിനെ നിയന്ത്രിക്കാന്‍ സംവിധാനങ്ങളുണ്ട്. അതിലൊന്നാണ് ടാകോഗ്രാഫ് സംവിധാനം. 

നമ്മുടെ നാട്ടിലെ ഗതാഗത അധികാരികള്‍ക്ക് ഇതൊക്കെ അറിയാതിരിക്കാന്‍ വഴിയില്ല. എന്നാല്‍ ഇവിടെ  നിയമലംഘനം അധികാരികള്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. പരിഹാരത്തിന് കൈക്കുലി വീഴും. രാഷ്ട്രീയ പിന്‍ ബലമുണ്ടെങ്കില്‍ പരിഹാരം എളുപ്പമാണ്. അതിനാല്‍ ആര്‍ക്കും ഇത്തരം സംവിധാനങ്ങളോട് താല്‍പര്യമുണ്ടാകില്ല.

 

 

മറ്റൊരു ദാരുണ അപകടത്തിന്റെ വാര്‍ത്തയുമായാണ് ഇന്നലെ നാം കണ്ണ് തുറന്നത്. പുതുതായി സജ്ജമാക്കിയ തൃശൂര്‍-പാലക്കാട് അതിവേഗപാതയില്‍, വടക്കഞ്ചേരിയില്‍, ഒരേ വശത്ത് സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് ഏറെയും കുട്ടികളും ചെറുപ്പക്കാരുമെന്നതാണ് വിഷമകരം. എത് മരണവും ദു:ഖകരമാണെങ്കിലും ജീവിതത്തില്‍ ഇനിയും എത്രയോ സഞ്ചരിക്കേണ്ടവരുടെ വിയോഗം സങ്കടം കൂട്ടുന്നു.   

ട്രിപ്പോടുന്ന ബസ്സുകള്‍ക്കും  ടാക്‌സികള്‍ക്കും  വലിയ വാഹനങ്ങള്‍ക്കുമൊക്കെ ഓട്ടം എപ്പോഴും കിട്ടണമെന്നില്ല. കിട്ടുമ്പോള്‍ ചിലപ്പോള്‍ തുടര്‍ച്ചയായി കിട്ടും. ചിലപ്പോള്‍ ദിവസങ്ങളോളം ഓട്ടം ഉണ്ടാകില്ല. അതിനാല്‍ നമ്മുടെ ഡ്രൈവര്‍മാരില്‍ പലരും മറ്റ് പണികള്‍ക്ക് പോകുന്നവരായിരിക്കും. അതിനാല്‍ വ്യവസ്ഥയില്ലാത്ത രീതിയിലുള്ള, വിശ്രമമില്ലാത്ത ഓട്ടമാണ് അപകടത്തിന് പലപ്പോഴും ഇടയാകുന്നത്. 

പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടത്തും ഇതിനെ നിയന്ത്രിക്കാന്‍ സംവിധാനങ്ങളുണ്ട്. അതിലൊന്നാണ് ടാകോഗ്രാഫ് സംവിധാനം. ഒരു ദിവസം പരമാവധി എത്ര നേരം ഓടിക്കാം. അതില്‍ തന്നെ എത്ര നേരം ഇടവേളകള്‍ വേണം, ഒരാഴ്ച എത്ര നേരം ഓടിക്കാം, അതില്‍ തന്നെ സമ്പൂര്‍ണ്ണ വിശ്രമം ആവശ്യമായ ദിനങ്ങള്‍ എത്രയൊക്കെ എന്നതിന് വ്യക്തമായ നിയമങ്ങളുണ്ട്. യൂറോപ്പില്‍  ശരാശരി ഒരു ദിവസം 9 മണിക്കൂര്‍, ഒരാഴ്ച 40 മണിക്കൂര്‍ എന്നതാണ് വ്യവസ്ഥ. ഓരോ നാലര മണിക്കൂറിലും 45 മിനുട്ട് വിശ്രമം വേണം എന്നതാണ് യുറോപ്യന്‍ യുണിയന്‍  നിയമം.  ഓരോ രാജ്യങ്ങളിലും വ്യത്യസ്ത നിയമങ്ങളാകും.   ഒരേ രാജ്യത്ത് തന്നെ വ്യത്യസ്ത പ്രതലങ്ങളില്‍ നിയമം വ്യത്യാസമാകാം. സുഗമമായി ഒഴുകുന്ന  വലിയ എകസ്പ്രസ്സ് ഹൈവേകളില്‍ നിന്ന് വ്യത്യസ്തമാകും മലമ്പ്രദേശങ്ങളിലൂടെയുള്ള പാതകള്‍. അപ്പോള്‍ അതിന് വ്യത്യസ്ഥ നിയമങ്ങളും വ്യവസ്ഥകളുമുണ്ടാകും.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളിലേക്ക് പോകുന്ന വാഹനത്തില്‍ സഞ്ചരിച്ച സുഹൃത്ത് പറഞ്ഞ കഥ ഓര്‍മ്മ വരുന്നു. അവരുടെ  ഡ്രൈവര്‍ക്ക് അയാളുടെ സമയപരിധി കഴിഞ്ഞതിനാല്‍ യാത്ര തുടരാനാകാത്ത സാഹചര്യം വന്നതിനാല്‍ ഇടവേള എടുക്കാന്‍ നിര്‍ബന്ധിതരായി. അതിനായി കുറഞ്ഞ ചെലവില്‍ വഴിയില്‍ തങ്ങാനാണ് മോട്ടലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിലും വിനോദ സഞ്ചാര കോര്‍പ്പറേഷന് മോട്ടല്‍ ആരാമുണ്ട്. പക്ഷേ നാം അത് എത്ര കണ്ട് ഉപയോഗിക്കുന്നു എന്ന് സംശയമുണ്ട്. നമ്മുടെ ശീലങ്ങളുടെ പ്രശ്‌നമാണ്. തളര്‍ന്നാലും രാത്രിയില്‍ എങ്ങനെയെങ്കിലും വീട് പറ്റാനുള്ള ഓട്ടമാണ് പല അപകടങ്ങള്‍ക്കും ഇടയാക്കുന്നത്. 

റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാനുള്ള നിയമങ്ങള്‍ക്ക് നമ്മുടെ നാട്ടിലും പഞ്ഞമില്ല. പക്ഷേ അത് നടപ്പാക്കുന്ന സംവിധാനങ്ങളിലാണ് അപാകമുള്ളത്. നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മനുഷ്യ ഇടപെടല്‍ കുറയ്ക്കുന്ന സംവിധാനമാണ് വികസിത രാജ്യങ്ങളില്‍ പലയിടത്തുമുള്ളത്. അതിലൊന്നാണ്  ടാകോഗ്രാഫ്. അടിസ്ഥാനപരമായി  വാഹനങ്ങളുടെ വേഗവും ദൂരവും രേഖപ്പെടുത്തുന്ന സംവിധാനവമാണ് ടാകോഗ്രാഫ്. ജി.പി.എസില്‍ നിന്ന് ഇതിനെ വ്യതാസമാക്കുന്ന ഒരു ഘടകം ടാകോഗ്രാഫ് വ്യക്തി നിഷ്ഠമെന്നതാണ്.   ജി.പി.എസ് വാഹനങ്ങളെയാണ് നിരീക്ഷിക്കുന്നത്. ടാകോഗ്രാഫ് ഡ്രൈവര്‍മാരെയാണ് രേഖപ്പെടുത്തുന്നത്. ഡ്രൈവര്‍മാര്‍ക്ക് ടാകോഗ്രാഫ് കാര്‍ഡുണ്ടാകും. ആ കാര്‍ഡുകളില്‍  അവരുടെ ഡ്യൂട്ടി സമയവും, വിശ്രമ സമയവും പോയ  വേഗതയുമൊക്കെ രേഖപ്പെടുത്തും. ഇതൊരു താക്കോലും കൂടിയാണ്. വണ്ടി സ്റ്റാര്‍ട്ടാക്കാന്‍  ഈ  കാര്‍ഡ് അനിവാര്യമാണ്. സമയ പരിധി കഴിഞ്ഞാല്‍ പിന്നെ ആ ഡ്രൈവര്‍മാര്‍ക്ക് വണ്ടി ഓടിക്കാന്‍ കഴിയില്ല.ടാക്കോഗ്രാഫ് അനുവദിക്കില്ല. അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ അത് ലംഘിക്കണമെങ്കില്‍ അതിനും നടപടി ക്രമങ്ങളുണ്ട്. എല്ലാം രേഖപ്പെടുത്തുന്നതിനാല്‍ അതിന്  ബന്ധപ്പെട്ട അധികാരികള്‍ക്ക് മുമ്പില്‍  വിശദീകരണം നല്‍കണം. അത് ലംഘിച്ചാല്‍ നടപടികള്‍ നേരിടേണ്ടി വരും. 

വലിയ ദൂരമോടുന്ന ബസ്സുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കുമൊക്കെ രണ്ടാമതൊരു  ഡ്രൈവറുടെ സേവനം പ്രയോജനപ്പെടുത്താം. അവര്‍ക്ക്  മാറി മാറി വണ്ടി ഓടിക്കാം. എന്നാല്‍ അതിലും നിശ്ചിത സമയ പരിധിയുണ്ട്. അത്തരം വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് സുഖമായി ഉറങ്ങാനും മറ്റുമുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കണം. നമ്മളാണെങ്കില്‍ ഇതിലൊക്കെ എന്ത് തരികിട നടത്താമെന്നാണ് ആലോചിക്കുക. യുറോപ്പിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ഇതേ പ്രശ്‌നം ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഡിജിറ്റല്‍ ടാകോഗ്രാഫില്‍ ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ ഏകോപിത സംവിധാനങ്ങളുണ്ട്. വീഡീയോ നിരീക്ഷണവും സെന്‍സറുകളുമെല്ലാം ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ ആള്‍മാറാട്ടവും തട്ടിപ്പും നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നുണ്ട്. മാത്രമല്ല ഇപ്പോള്‍ ഡ്രൈവര്‍മാര്‍ അമിത വേഗേേമാ അധിക ദൂരമോ, കൂടുതല്‍ സമയമോ എടുത്താല്‍ അത് തല്‍സമയം നിരീക്ഷിക്കും. അപ്പപ്പോള്‍ തന്നെ  വണ്ടി ഓടിക്കുന്നവരെയും ഉടമകളെയും, അധികാരികളെയും പൊലീസിനെയുമൊക്കെ ഇക്കാര്യം അറിയിക്കാനും സംവിധാനങ്ങള്‍ ആയി തുടങ്ങിയിട്ടുണ്ട്. മാത്രമല്ല നമ്മള്‍ വണ്ടി ഓടിക്കുമ്പോള്‍ ഉറക്കം തുങ്ങുകയാണെങ്കില്‍ പോലും നമ്മുടെ കണ്ണിന്റെയും വായിന്റയുമൊക്കെ ചലനം നിരീക്ഷിച്ച് അലര്‍ട്ടുകള്‍ വരും. 

 

 

ഇതൊക്കെ കാലങ്ങളായി യൂറോപ്പില്‍ നടപ്പാക്കുന്നുണ്ട്. അടിസ്ഥാനപരമായി ട്രയിനുകളിലും ജലയാനങ്ങളിലും ഉപയോഗിച്ചു തുടങ്ങിയ സംവിധാനമാണ് ഇത്.  1844-ല്‍ തന്നെ ജര്‍മ്മനിയില്‍ ഡാനിയല്‍  ടാക്കോമീറ്റര്‍ ട്രയിനുകളില്‍ ഉപയോഗിക്കുന്നുണ്ട്.  1950-കളില്‍ തന്നെ ടാക്കോഗ്രാഫ് റോഡിലെ വാഹനങ്ങളിലും  ഉപയോഗിക്കുന്നുണ്ട്. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങിലും എണ്‍പതുകള്‍ മുതല്‍ ഈ സംവിധാനമുണ്ട്. 2006 മുതല്‍, പുറത്തിറക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ടാക്കോഗ്രാഫ് സംവിധാനം അവിടെ നിര്‍ബന്ധമാണ്. അവിടെ വലിയ വണ്ടി     ഓടിക്കുന്ന മലയാളികള്‍ ഇതൊക്കെ പങ്കിടാറുമുള്ളതാണ്. അവിടെ നിശ്ചിത സമയങ്ങളില്‍  ടാക്കോഗ്രാഫ് റെക്കോഡുകള്‍ കാര്‍ഡില്‍ നിന്നും ഉപകരണത്തില്‍ നിന്നും പകര്‍പ്പെടുത്ത് സൂക്ഷിക്കാന്‍ ഡ്രൈവര്‍മാരും ഉടമകളും ബാധ്യസ്ഥരാണ്. യൂറോപ്പിലുള്ള നമ്മുടെ മുഖ്യമന്ത്രിയും സംഘവും, മറ്റ് തിരക്കുകള്‍ ഒഴിഞ്ഞ് സമയം കിട്ടിയാല്‍ ഇക്കാര്യങ്ങള്‍ കൂടി ഒന്ന് പരിശോധിച്ച് വന്നാല്‍ നന്നായിരിക്കും.

നമ്മുടെ നാട്ടിലെ ഗതാഗത അധികാരികള്‍ക്ക് ഇതൊക്കെ അറിയാതിരിക്കാന്‍ വഴിയില്ല. എന്നാല്‍ ഇവിടെ  നിയമലംഘനം അധികാരികള്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. പരിഹാരത്തിന് കൈക്കുലി വീഴും. രാഷ്ട്രീയ പിന്‍ ബലമുണ്ടെങ്കില്‍ പരിഹാരം എളുപ്പമാണ്. അതിനാല്‍ ആര്‍ക്കും ഇത്തരം സംവിധാനങ്ങളോട് താല്‍പര്യമുണ്ടാകില്ല. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന സ്പീഡോമീറ്ററിന്റെ കാര്യം തന്നെ എടുക്കും. വടക്കഞ്ചേരിയില്‍ അപകടം ഉണ്ടാക്കിയ അസുര ശകടം കുതിച്ചു പാഞ്ഞത് 97 കിലോമീറ്ററിലും വേഗത്തിലാണ്. വേളാങ്കണി യാത്രയൊക്കെ കഴിഞ്ഞ് വൈകിയെത്തി  നിശ്ചിത സമയത്തിന് 2 മണിക്കൂര്‍ വൈകി പുറപ്പെട്ട വണ്ടി ആ സമയ നഷ്ടം പിടിക്കാനുള്ള വ്യഗ്രതയിലായിരിക്കണം. 

നമ്മുടെ നാട്ടിലെ വണ്ടികളിലെ വേഗപ്പൂട്ടിന്റെ കാര്യം തന്നെയെടുക്കാം. ടെസ്റ്റ് സമയത്ത് വാഹനങ്ങളില്‍ ഇതുണ്ടാകും.   എന്നാല്‍ അത് കഴിഞ്ഞാല്‍ അത് പ്രവര്‍ത്തിക്കില്ല. ജി.പി.എസ് അധിഷ്ഠിതമായ പുതിയ വേഗപ്പൂട്ടുകളില്‍ നിന്നുള്ള വിവരം അപ്പപ്പോള്‍ തന്നെ ആര്‍.ടി.ഒ ഓഫീസുകളില്‍ അറിയേണ്ടതാണ്. ഇതൊക്കെ നിരീക്ഷിച്ച് നടപടിയെടുക്കേണ്ടത് അവരാണ്. എന്നാല്‍ അഴിമതി കൊടികുത്തി വാഴുന്ന ആര്‍.ടി.ഒ ഓഫീസുകളില്‍ ഇതൊക്കെ ആര് നോക്കാന്‍? അപകടത്തില്‍ പെട്ട ബസ്സില്‍ സ്പീഡ് ഗവര്‍ണ്ണറില്‍ തിരിമറി നടത്തിയും മറ്റ് നിരവധി ചട്ടലംഘനം നടത്തിയിട്ടും അധികാരികള്‍ അറിയാതെ പോകുന്നതിന്റെ കാരണം വ്യക്തമല്ലേ.   

 

 

സ്വകാര്യ ബസ്സുകളില്‍ മുമ്പേ പോകുന്ന വണ്ടി സമയക്രമം പാലിക്കുന്നോ എന്നറിയാന്‍ പുറകിലത്തെ വണ്ടിക്കാര്‍ ഒരു ചെക്കറെ ശമ്പളം കൊടുത്ത് വിടാറുണ്ട്. പൊതു യാത്രാ വാഹനങ്ങളിലെ   ജി.പി.എസ് വേഗപൂട്ട് വിവരം എല്ലാവര്‍ക്കുമായി ലഭ്യമാക്കിയാല്‍ അത്തരം ചെക്കര്‍മാരുടെ ആവശ്യമെന്തിന് ? ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഇതൊക്കെ പരിശോധിക്കാന്‍ എവിടെ സമയമെന്നായിരിക്കും ആര്‍.ടി.ഒ ജീവനക്കാര്‍ ചോദിക്കുക. ശരിയാണ്. സത്യമാണ്. എന്നാല്‍ അവര്‍ ഇക്കാര്യത്തില്‍ പ്രതിഷേധത്തിന് തയ്യാറൊന്നുമല്ല.പലരും വെളുപ്പാന്‍കാലം മുതല്‍ രാത്രി വൈകിയും പണിയെടുക്കാന്‍ തയ്യാറാണ്. കാരണം തിരക്കിന് ആനുപാതികമായി വരുമാനം കിട്ടുന്നതു കൊണ്ടു തന്നെ. 

ഏറ്റവും  അധികം വാഹന രജിസ്ട്രഷനും തിരക്കമുള്ള ഓഫീസുകളിലാണ് പലരും പാട് പെട്ട് പോസ്റ്റിങ്ങ് സംഘടിപ്പിക്കുന്നത്. ഇതിന്റെ വിഹിതം രാഷ്ടീയക്കാര്‍ക്കും അധികാരികള്‍ക്കുമൊക്കെ കൃത്യമായി പോകുന്നതിനാല്‍ അവര്‍ക്കും പരാതിയില്ല. വടക്കഞ്ചേരിയില്‍ അപകടത്തിനിടയാക്കിയ വാഹന ഡ്രൈവര്‍ ജോമോന്‍ പേരു മാറ്റി പറഞ്ഞാണ്  ആശുപത്രിയില്‍ ചികിത്സിച്ചത് എന്നാണറിയുന്നത്. ഉടമകള്‍ വന്ന് കൊണ്ടു പോയ അയാളെ  പിടിച്ചത് അകലെയുള്ള  കൊല്ലത്തു നിന്നാണ്  ഇതൊന്നും തങ്ങള്‍ അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. 

എങ്ങനെ അറിയാനാണ്! തിരുവനന്തപുരത്ത്  മ്യൂസിയം പൊലീസ് സ്‌റ്റേഷനടുത്ത് മദ്യലഹരിയിലായിരുന്നുവെന്ന് കരുതുന്ന ഐ.എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍  അമിത വേഗതയില്‍ കാറിടിച്ചു ഒരാള കൊന്നപ്പോള്‍ എല്ലാ തെളിവുകളും നശിപ്പിക്കാന്‍ ഒത്താശ ചെയ്തവരാണ് ഇവിടത്തെ ഉന്നത പൊലീസ്, ഉദ്യോഗസ്ഥ, രാഷ്ടീയ അച്ചുതണ്ട്. കളക്റ്ററായി പ്രമോട്ട് ചെയ്യലായിരുന്നു സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയ ശിക്ഷാ നടപടി. 

വടക്കാഞ്ചേരി അപകടത്തെ സംബന്ധിച്ച്, സ്‌കൂള്‍ അധികൃതര്‍ അറിയിക്കാത്തത് കൊണ്ടാണ് നിരവധി നിയമലംഘനം മുന്‍ നടത്തിയ അസുര ശകടം ഓടാനിടയായതെന്നാണ് ഗതാഗത മന്ത്രി പറഞ്ഞത്.  അപ്പോള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ക്കും ആര്‍.ടി.ഒക്കും എതിരെ നടപടി എടുക്കേണ്ടതല്ലെ?  എങ്ങനെ നടപടിയെടുക്കാന്‍!  മുന്‍പ് വക്കീലായിരിക്കേ മയക്കുമരുന്ന് കേസിലെ വിദേശിയുടെ അടിവസ്ത്രം കോടതിയില്‍ നിന്ന് കട്ടെടുത്ത് തെളിവ് നശിപ്പിച്ചെന്ന കേസുണ്ടായിട്ടും എത്രയോ വര്‍ഷങ്ങളായി വിചാരണ നീട്ടി കൊണ്ടു പോകുന്നയാളാണ് ഗതാഗത മന്ത്രി ആന്റണി രാജു. യഥാ രാജാ തഥാ പ്രജ. നമസ്‌കാരം,   


 

click me!