പ്രണയംപോലെ പെയ്ത മഴ പ്രളയമായി മാറിയത് എങ്ങനെയാണ്, മഴപ്പേടിയുടെ മുനമ്പില്‍ കേരളം!

By Biju SFirst Published Sep 2, 2022, 4:59 PM IST
Highlights

ഇപ്പോള്‍ മഴക്ക് പലപ്പോഴും രൗദ്രഭാവമാണ്. മേഘവിസ്‌ഫോടനവും കൂമ്പാരമേഘങ്ങളും  പതിവായിരിക്കുന്നു. എസ് ബിജു എഴുതുന്നു

കേരളത്തിലെ മഴക്കാലത്തിന് അടുത്ത കാലം വരെ കാല്‍പ്പനിക ഭാവമായിരുന്നു. നാട്ടുവഴികളിലെ  മഴ നനഞ്ഞ് മതിക്കുന്ന തോട്ടു വക്കിലൂടെയുള്ള നടത്തം നമ്മുടെ ഗൃഹാതുര സ്മരണയാണ്. പ്രവാസികളുടെ കൊതിയൂറും സ്മരണയാണിത്. കേരളം ടൂറിസം വിനോദ സഞ്ചാരികളെ ആകര്‍ഷച്ചിരുന്നതും ഇത് പറഞ്ഞാണ്. എന്നാല്‍ ഇപ്പോള്‍ മഴക്ക് പലപ്പോഴും രൗദ്രഭാവമാണ്. മേഘവിസ്‌ഫോടനവും കൂമ്പാരമേഘങ്ങളും  പതിവായിരിക്കുന്നു. എറണാകുളം നഗരം പേരിനെ അന്വര്‍ത്ഥമാക്കി, ഒറ്റമഴ കൊണ്ട് പോലും വെള്ളക്കെട്ടിലായ അവസ്ഥയിലാണ്. 
  

എന്താണീ മേഘവിസ്‌ഫോടനം?

20-30 ചതുരശ്ര കിലോമീറ്ററില്‍ പൊടുന്നനെ ഒരു മണിക്കൂറില്‍ വലിയ മഴ പെയ്യുന്നതിനെയാണ് മേഘ വിസ്‌ഫോടനമെന്ന് പറയുന്നത്. ഒരു മണിക്കൂറില്‍ ഒരു പ്രദേശത്ത്  10 സെന്റിമീറ്റില്‍ അധികം മഴ പെയ്യുന്ന അവസ്ഥ. 

നമ്മുടെ രാജ്യത്ത്, കഴിഞ്ഞ 50 വര്‍ഷത്തെ കണക്കെടുത്താല്‍   സാധാരണ മണ്‍സൂണ്‍ കാലത്ത് 88 സെന്റീമീറ്റര്‍ മഴയാണ്   ശരാശരി കിട്ടുന്നത്. കേരളത്തില്‍ ഇതിന്റെ എതാണ്ട് മൂന്നിരട്ടി  മഴ കിട്ടും, ഏതാണ്ട് 310 സെന്റീമീറ്ററാണ് നമ്മുടെ വാര്‍ഷിക വര്‍ഷം. വേനലില്‍ ഉള്‍പ്പെടെ എല്ലാ മാസവും നമുക്ക് പലപ്പോഴു മഴ ലഭിക്കാറുണ്ട്. 

ഇതെങ്ങനെ സംഭവിക്കുന്നു?

നീരാവി ബാഷ്പീകരിച്ച് മുകളിലോട്ട് പോകുമ്പോഴാണല്ലോ മഴമേഘങ്ങള്‍ രൂപം കൊള്ളുന്നത്.  അന്തരീക്ഷത്തിലെ തണുപ്പിലാണ് അത്  മഴയായി പെയ്തിറങ്ങുന്നത്. എന്നാല്‍ താഴെ നിന്ന് ചൂട് വായു മുകളിലേക്ക് പ്രവഹിച്ചു കൊണ്ടേയിരിക്കുന്ന ചില സാഹചര്യങ്ങളില്‍ ഇവ പെട്ടെന്ന് മഴയാകില്ല. അങ്ങനെ മേഘത്തിന് വല്ലാതെ കനം വയ്ക്കും. ഒരു പരിധി കഴിഞ്ഞാല്‍ കൂമ്പാരമാകുന്ന ഘനീഭവിച്ച മേഘങ്ങള്‍ പെട്ടെന്ന് പെയ്തിറങ്ങും. മേഘ വിസ്‌ഫോടനം നടക്കണമെന്നില്ല, പക്ഷേ പെട്ടെന്ന് വലിയ തോതിലുള്ള പെയ്ത്ത് ആ പ്രതീതി  സൃഷ്ടിക്കുന്നു. 

ഇതെവിടെയൊക്കെ സംഭവിക്കുന്നു. 

ഇതെവിടെയും സംഭവിക്കാം. എന്നാല്‍ ഭൂപ്രകൃതിയിലെ സവിശേഷതയും അന്തരീക്ഷ പ്രത്യേകതയും മൂലം  മലയോരങ്ങളിലാണ് ഇത് കൂടുതല്‍ കണ്ട്  വരുന്നത്. തീരത്തും പെയ്യാം.  2005 ജൂലൈ 24-ന് മുംബൈയില്‍, 94 സെന്റീമീറ്റര്‍ മഴയാണ് 24 മണിക്കൂറില്‍ പെയ്തിറങ്ങിയത്. 2010 ഓഗസ്റ്റ് 6-ന് അന്നത്തെ ജമ്മു  കശ്മീരിലെ  ലേയില്‍ ചുരുങ്ങിയ മണിക്കൂറില്‍ 25 സെന്റീമീറ്റര്‍ വരെ മഴ പെയ്തതായാണ് കണക്ക്. ഇതേ വര്‍ഷം ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ മേഘവിസ്‌ഫോടനം വലിയ നാശമാണ് ഉണ്ടാക്കിയത്. ബാള്‍ട്ട എന്ന ഗ്രാമത്തില്‍ ജിവനോടെ അവശേഷിച്ചത് ചുരുക്കം പേരാണ്. 2013 ജൂലൈ 18-ന് ഉത്തരാഖണ്ഡിലെ നൈനിത്താളിനടുത്ത്  ഹല്‍ധ്വാനില്‍ 28 സെന്റീമീറ്റല്‍ മഴ പെട്ടെന്ന് പെയ്തിറങ്ങിയപ്പോള്‍ ഛോരാബാരി തടാക കരയില്‍ വിള്ളല്‍ വീണ് കൊടിയ നാശം വിതച്ചിരുന്നു. ഈ വര്‍ഷമിതാ ജമ്മു കശ്മീരിലെ  അമര്‍നാഥിലുണ്ടായ തീവ്ര മഴയില്‍ 60-ല്‍പ്പരം തീര്‍ത്ഥാടകാണ് അപകടത്തില്‍പ്പെട്ടത്. 

എന്ത് കൊണ്ട് മഴ ഇത്ര തീവ്രമാകുന്നു?  

മേഘവിസ്‌ഫോടനം എന്ന് പറയാന്‍ കഴിയില്ലെങ്കിലും തീവ്ര രൂപത്തിലുള്ള മഴയാണ്  കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍ , കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ മഴയോര ഭാഗത്ത് പെയ്തിറങ്ങിയത്. പണ്ടൊക്കെ മലയോരത്തെ പാറയിടുക്കിലും വയലിലും കുളത്തിലും പുല്‍മേടിലുമൊക്കെ തങ്ങി  നിന്ന്  സമയമെടുത്താണ് അതിവര്‍ഷത്തിലെ ജലം താഴോട്ട് ഒഴുകുന്നത്. ഇന്നിപ്പോള്‍ വ്യാപകമായി കുന്നും മലയുമൊക്കെ ഇടിച്ചതോടെ ആ സ്ഥിതി മാറി. മാത്രമല്ല മണ്ണിനെയും വെള്ളത്തെയും പിടിച്ചു നിറുത്തിയിരുന്ന ആഴത്തില്‍  വേരുകളുള്ള വനവൃക്ഷങ്ങള്‍ വേരും പടര്‍പ്പും കുറഞ്ഞ കൃഷി മരങ്ങള്‍ക്ക് വഴി മാറിയതോടെ മഴവെള്ള പാച്ചിലിനെ താങ്ങാനുള്ള കരുത്ത് മണ്ണിനില്ലാതായി. പ്രത്യേകിച്ച് റബര്‍ പോലുള്ള മരങ്ങള്‍ വെട്ടിയ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാകാം അപകടം സംഭവിക്കുക. ഇവയുടെ  വേരുകള്‍ കാലക്രമേണ നശിക്കുമ്പോള്‍ ആ ഭാഗത്തെ ദുര്‍ബലമായ മണ്ണിലേക്ക് ഒത്തിരി  വെള്ളം ഇറങ്ങുമ്പോള്‍ അത് പെട്ടെന്ന് തെന്നി നീങ്ങാം. 

സ്വാഭാവിക വനത്തില്‍ നിന്ന് വ്യത്യസ്തമായി ഏക വിളകള്‍ കൃഷി ചെയ്യുന്ന ചരിവുള്ള മലമ്പ്രദേശങ്ങളില്‍ ഇത് രൂക്ഷമായ പ്രത്യാഘാതമുണ്ടാക്കാം.   മനുഷ്യര്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയതോടെ ഭുവിനിയോഗവും മാറി. റോഡും വീടും പുതുതായി വരുകയും തോടും പുഴയും കൈയേറുകയും ചെയ്തു. ഒഴിഞ്ഞു പോകാനുള്ള വഴികള്‍ തടസ്സപ്പെട്ടപ്പോള്‍ വെള്ളം പുതു വഴികള്‍ തേടി.  ഇതിനാലാണ് മുമ്പൊക്കെ പ്രളയകാലത്ത് പോലും പ്രശ്‌നമല്ലാതിരുന്ന പ്രദേശങ്ങളില്‍ പോലും ഇപ്പോള്‍ മിന്നല്‍ പ്രളയങ്ങളുണ്ടായത്. 2018-ലെ മഹാപ്രളയത്തില്‍ പോലും വെള്ളം കയറാതിരുന്ന പല സ്ഥലങ്ങളിലും ശീത പ്രളയം ഇപ്പോഴുണ്ടായത് ഇതിനാലാണ്. 

പാറകള്‍ വ്യാപകമായി  പൊട്ടിച്ചുണ്ടാക്കിയ മടകളും ചെക്ക് ഡാമുകളും ഫലത്തില്‍ ജലബോംബുകളാണ് . ചുറ്റുമുള്ള സ്ഥലത്തെ ഇവ കാലാകാലമായി ദുര്‍ബലമാക്കി വച്ചിട്ടുണ്ടാകാം.  ഫലമോ  തീവ്ര മഴ പെയ്യുമ്പോള്‍  ഉരുള്‍ പൊട്ടലുകള്‍ വ്യാപകമായി. ഇങ്ങനെ കുത്തി ഒലിച്ചു വരുന്ന വെള്ളവും ചെളിയും ഞൊടിയിടയിലാണ് ഇടനാടിലും താഴ്‌വാരങ്ങളിലും തീരത്തുമെത്തുന്നത്. കഴിഞ്ഞ ദിവസം എറണാകുളം നഗരത്തില്‍ പെയ്ത മഴ വെള്ളകയറ്റവും ഗതാഗതക്കുരുക്കുമുണ്ടാക്കിയത് കിഴക്കു നിന്നുള്ള പെയ്തതു വെള്ളം കൂടി പെട്ടെന്ന് എത്തിയതിനാലാണ്. ആലപ്പുഴ മുതല്‍ എറണാകുളം വരെ നീണ്ടു കിടക്കുന്ന വേമ്പനാട് കായലിനെ  പെരുക്കുന്നത് കിഴക്കന്‍ മല വെള്ളവും കൂടിയാണ്. കടല്‍കയറ്റം രൂക്ഷമായതിനാല്‍  എറണാകുളത്തുള്ള വെള്ളം കടലിലേക്ക് ഒഴിയാത്തതാണ് ഇപ്പോള്‍ പ്രശ്‌നം വഷളാക്കിയത്. 

 

 

കേരളത്തിനിതെന്ത് പറ്റി?  

2017ലെ  ഓഖി ചുഴലിക്കാറ്റ് മുതല്‍ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍.  നവംബര്‍ 29 -ന് കടലില്‍ വിതച്ച  ദുരന്തത്തില്‍  മരണം 52. മറ്റൊരു 91 പേര്‍ തിരിച്ചുവന്നില്ലെന്നാണ് സര്‍ക്കാര്‍ കണക്ക്. 2018 ജൂലൈ  ഓഗസ്റ്റ് മാസങ്ങളിലായി  അഭിമുഖീകരിച്ച  മഹാപ്രളയത്തില്‍  483 പേരാണ് മരിച്ചത്. 2019 ഓഗസ്റ്റ് 8-ന് മലപ്പുറം നിലമ്പൂരിനടുത്ത് കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍  മരിച്ചത് 59 പേര്‍. അതേ ദിവസം കുന്നിന്റെ അങ്ങേ ചരുവില്‍  വയനാട് പുത്തുമല ഉരുള്‍പൊട്ടി അപകടത്തില്‍പ്പെട്ടത് 17 പേര്‍. 12 പേരുടെ മൃതദേഹം കണ്ടെത്തി. 5 പേരെ കണ്ടെത്തിയില്ല.  അടുത്ത വര്‍ഷവും ഓഗസ്റ്റ് ദുരന്തം വിതച്ചു.   2020 ഓഗസ്റ്റ് 6-ന് ഇടുക്കി പെട്ടിമുടിയില്‍ ഉരുള്‍ പൊട്ടിയുണ്ടായ മലയിടിച്ചില്‍ കവര്‍ന്നത്  70 പേരെ. 66 പേരുടെ മൃതദേഹങ്ങള്‍ കിട്ടി. 2021 ഒക്ടോബര്‍ 17 -ന് കോട്ടയത്തെ  കൂട്ടിക്കലില്‍  ഉരുള്‍പൊട്ടി 13 പേരാണ് മരിച്ചത്. അന്ന് തന്നെ ഇടുക്കി കൊക്കയാറില്‍  ഉരുള്‍പൊട്ടലില്‍ 7 മരണം. ഒടുവിലിതാ, ഇടുക്കി കുടയത്തൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ  ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ 5 പേരാണ് ജീവനോടെ കുഴിച്ചു മൂടപ്പെട്ടത്.    

എന്താണ് പരിഹാരം?

ഊഷരമായ വേനലിന് ശേഷം ഇടവപ്പാതിയോടെ കലിതുള്ളിയെത്തുന്ന മണ്‍സൂണാണ് നമുക്ക് ഏറ്റവും കൂടുതല്‍ മഴ നല്‍കിയിരുന്നത്. ജൂണില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ നമ്മെളെയെല്ലാം നനയിച്ചിരുന്നത് ഈ മഴയായിരുന്നു. ഇടവം കഴിഞ്ഞാല്‍ മിഥുനത്തില്‍ ചെറിയൊരാശ്വാസം. വീണ്ടും ജൂലൈ പകുതിയോടെ കര്‍ക്കിടകം പിറക്കുമ്പോള്‍ വരുന്ന പേമാരിയാണ് കൊടിയ നാശം വിതച്ച് പഞ്ഞമാസം ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പെരുമഴ ഓഗസ്റ്റിലേക്ക് മാറിയിരിക്കുന്നു. എന്നാല്‍ നമ്മുടെ കാലാവസ്ഥ വകുപ്പ് ഇപ്പോഴും ദശാബ്ദങ്ങള്‍ക്ക് പുറകിലാണ്. ഇത്തവണയും അവര്‍ പ്രവചിച്ചിരുന്നത് ജൂണില്‍ കനത്ത മഴയും ജുലൈയിലും ഓഗസ്റ്റിലും കമ്മിയുമായിരുന്നു. കേരളത്തില്‍  ഈ മണ്‍സൂണ്‍ കാലത്തില്‍  മഴക്കുറവാണ് നമ്മുടെ കാലാവസ്ഥ   വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാല്‍ 2018-നെ പോലെ  ഈ വര്‍ഷം ജൂലൈ ഒടുവിലും ഓഗസ്റ്റിലും പെരുമഴ പെയ്തു. പലപ്പോഴും ദിവസങ്ങള്‍ക്ക് മുന്‍പ്, അഥവാ അവസാനത്തെ എതാനും മണിക്കൂറുകളിലാണ് കാലാവസ്ഥ പ്രവചനം കൃത്യമായി സാധിക്കുക. ചില വിദേശ രാജ്യങ്ങളില്‍ ഇന്നയിടത്ത്, ഇത്ര മണി മുതല്‍ ഇത്ര മണി വരെ മഴ പെയ്യുമെന്ന് കൃത്യമായി പ്രവചനം നല്‍കാറുണ്ട്. ഉപഗ്രഹങ്ങളും അന്തരീക്ഷ  റഡാറുകളും വച്ചാണ് മഴ പ്രവചനം സാധ്യമാകുന്നത്. ഡോപ്‌ളര്‍ റഡാറുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ ചെറിയ പ്രദേശങ്ങളില്‍ മാത്രമായി ഉണ്ടാകുന്ന മേഘവിസ്‌ഫോടനങ്ങള്‍ കൃത്യമായി പ്രവചിക്കാനാകൂ. എന്നാല്‍ രാജ്യത്ത് ഇത്തരം 34 ഡോപ്‌ളര്‍ റഡാറുകള്‍ മാത്രമേയുള്ളു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ആഗോള താപനം മുലവും മറ്റുമായി മേഘവിസ്‌ഫോട്‌നങ്ങളും അതിവര്‍ഷവും  കൂടിയെങ്കിലം രാജ്യത്ത് പുതുതായി സ്ഥാപിച്ച ഡോപ്‌ളര്‍ റഡാറുകള്‍ ആറെണ്ണം മാത്രമാണ്.    . 

സ്‌കൈമെറ്റ്, എര്‍ത്ത് നെറ്റ് വര്‍ക്ക്, ഐ.ബി.എം ഗ്രാഫ് തുടങ്ങിയ വിദേശ ഏജന്‍സികള്‍ ജൂലൈ ഒടുവിലും ആഗസ്റ്റിലുമൊക്കെയുള്ള പെരുമഴ മെച്ചപ്പെട്ട രീതിയില്‍ പ്രവചിക്കുകയും ചെയ്തിരുന്നു. കേരളം ഈ ഏജന്‍സികളില്‍ നിന്ന് വിവരം വിലകൊടുത്ത് വാങ്ങിയിരുന്നു.  2018-ന് സമാനമായ മഴയാണ് പലയിടത്തും ഈ വര്‍ഷവും പെയ്തത്. എന്നാല്‍ മഴവിവരം മുന്‍കൂട്ടി മനസ്സിലാക്കി വൈദ്യുത, ജലസേചന  അണക്കെട്ടുകള്‍ ജലം ക്രമീകരിച്ചതു കൊണ്ടാണ് വലിയ വെള്ളപ്പൊക്കം ഒഴിവായത്. അണക്കെട്ടുകള്‍ നിറയാതിരിക്കാനും അതേ സമയം വെള്ളം പാഴാകാതിരിക്കാനുമുള്ള അപ്പര്‍ റൂള്‍ കര്‍വ് വൈദ്യുത ബോര്‍ഡ് ഒരു വിധം ഫലപ്രദമായി നടപ്പിലാക്കിയതിന്റെ വിജയം കൂടിയാണിത്. കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ച് നദികളിലെ ജല നിരപ്പ് കൃത്യമായി നിരീക്ഷിച്ചാണ് അണക്കെട്ടുകള്‍ തുറന്നു വിട്ടത്. അല്ലെങ്കില്‍ അണക്കെട്ടുകളില്‍ നിന്ന് വരുന്ന അധികജലവും അതാതിടങ്ങളിലെ പെയ്ത്തു വെള്ളവും ചേര്‍ന്ന് ആറ്റു വഴിയില്‍ പ്രളയം ഉണ്ടാകുമായിരുന്നു .

പരിഹാര മാര്‍ഗങ്ങള്‍ ഇത്ര മതിയോ?

അണക്കെട്ടുകള്‍ വഴിയുള്ള പ്രളയ നിയന്ത്രണത്തിന് ഇത് ഉത്തമം തന്നെ. എന്നാല്‍ ഇത്തവണ പ്രളയമുണ്ടായ പല സ്ഥലങ്ങളും മലയടിവാരങ്ങളായിരുന്നു. അവിടെ പ്രാദേശികമായി ഉണ്ടായ ലഘുമേഘവിസ്‌ഫോടനങ്ങള്‍ ഉണ്ടാക്കിയ ജലപ്പെരുപ്പത്തെ  ഈ വിധം നിയന്ത്രിക്കാനാകില്ല. പലയിടത്തും പ്രളയ ജലം ഒഴിഞ്ഞു പോകേണ്ട തോടുകളും, നദികളും, വയലുകളും കുളങ്ങളും ഇല്ലാതായതാണ് പ്രശ്‌നം രുക്ഷമാക്കിയത്. അശാസ്ത്രീമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ച ക്വാറികളും ഈ പ്രശ്‌നത്തെ രൂക്ഷമാക്കി.  മധ്യ കേരളത്തിലെ പല പ്രധാന നദികളിലും കൈയേറ്റം മൂലം വീതി കുറവായിരിക്കുന്നു. വെള്ളത്തിന് തങ്ങിനില്‍ക്കാന്‍ ഇടമില്ല. വാഹന പെരുപ്പം  കൂടുമ്പോള്‍ റോഡ് വീതി കൂട്ടും പോലെ ജലപ്പെരുപ്പം കൂടുമ്പോള്‍ തോടിന്റെയും ആറിന്റെയുമൊക്കെ വീതി കൂട്ടിയേ പറ്റു. കയ്യേറ്റം ഒഴിപ്പിച്ചേ പറ്റൂ. ഒപ്പം കവിയുന്ന വെള്ളത്തിന് തങ്ങി നില്‍ക്കാനുള്ള തണ്ണീര്‍തടങ്ങളും ഉറപ്പാക്കണം .വനത്തോട് ചേര്‍ന്ന് ബഫര്‍ സോണുകളും അനിവാര്യമാണ്. അവിടെ  നിര്‍മ്മാണം ഒഴിവാക്കി വനപ്രകൃതി നിലനിറുത്തിയില്ലെങ്കില്‍ അത് പ്രത്യാഘാതമുണ്ടാക്കും. 

ക്യവോസ് സിദ്ധാത്തില്‍ ബട്ടര്‍ഫ്‌ളൈ എഫക്റ്റ് എന്ന് പറയാറുണ്ട്. ഒരു പൂമ്പാറ്റയുടെ ചിറകടി മൂലം വായു പ്രവാഹത്തിലെ വ്യതിയാനം  അങ്ങകലെ ഒരു കൊടുങ്കാറ്റായി പരിണമിച്ചേക്കാം എന്ന ഈ സിദ്ധാന്തം അതിശയോക്തിയായിരിക്കാം. എന്നാല്‍  പലപ്പോഴും വളരെ അകലെയുള്ള ഉരുള്‍പൊട്ടലിനും അതിവര്‍ഷം കൊണ്ടുള്ള നാശത്തിനുമൊക്കെ ഇടയാക്കുന്നത് അവിടെ പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത ഒരു ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനമാകാം.  മാത്രമല്ല താഴ്‌വാരത്തും വനാതിര്‍ത്തിയിലും കൃഷി രീതി മാറുന്നത് മുലം പെട്ടെന്ന അവിടത്തെ അന്തരീക്ഷ താപനില ഉയരും.ഇടുക്കിയിലെ ലോവര്‍ഗാട്ടില്‍ കാട്ടു ഏലം മാറ്റി കൂടുതല്‍ വിള തരുന്ന സങ്കരഏലം കൃഷി ചെയ്യുന്നത് അവിടെനിന്ന് പുറംതള്ളുന്ന ചൂട് വര്‍ദ്ധിപ്പിച്ചതായി ഒരു പഠനം കണ്ടെത്തിയിരുന്നു.  അന്തരീക്ഷ വായുവില്‍ ഇത് വരുത്തുന്ന മാറ്റം മൂലം അവിടെ  അതിവര്‍ഷം ഉണ്ടാകാമെന്നും ആ പഠനം അനുമാനിച്ചിരുന്നു.


ഇന്ന് ഇടനാട്ടിലും തീരത്തും സ്ഥിതി കൂടുതല്‍ രൂക്ഷമാണ്. ഇടനാട്ടിലും കുട്ടനാടിലും വെള്ളപ്പൊക്കം സ്ഥിരം സംഭവമായിരിക്കുരയാണ്. ജലം ഒഴിഞ്ഞു പോകാന്‍ സ്ഥലമില്ലാതായതോടെ മദ്ധ്യ തിരുവിതാംകളിലെ പല സ്ഥലങ്ങളില്‍ നിന്ന് ധാരാളം പേര്‍ എറണാകുളം പട്ടണത്തിലേക്ക് താമസം തന്നെ മാറി. എന്നാല്‍ ഇപ്പോള്‍ എറണാകുളത്ത് കാര്യങ്ങള്‍ വല്ലാതെ രൂക്ഷമായിരിക്കുന്നു. കടല്‍ കയറ്റം വര്‍ദ്ധിക്കുന്നതിനാല്‍ ഇവിടത്തെ പല പ്രദേശങ്ങളില്‍ നിന്നും വെള്ളത്തിന്  സ്ഥിരമായി ഒഴിഞ്ഞു പോകാനാകുന്നില്ല. േനാര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റേറഷനുകളില്‍ പോലും പലപ്പോഴും മഴയത്ത് എത്തുക ദുഷ്‌കരമാണ്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് തുടങ്ങിയവ സ്ഥിരമായി വെള്ളത്തിലാണ്.  വൈറ്റില,  പാലാരിവട്ടം, കടവന്ത്ര പോലുള്ള പ്രധാനയിടങ്ങള്‍ വഴിയുള്ള യാത്ര പോലും പരിസരങ്ങളില്‍ നിന്നുള്ള ജലമൊഴിയല്‍ സുഗമമല്ലാത്തതിനാല്‍ ദുഷ്‌കരമാണ്. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവില്‍ തോടുകളിലെ ആഴം കൂട്ടി.  അടിയില്‍ നിന്ന് വെള്ളം ഊറി വരുന്ന ഒരു പ്രദേശത്ത് ഇത് വലിയ പ്രയോജനം ചെയ്യുന്നില്ല. വേണ്ടത് വീതി കൂട്ടലാണ്. പക്ഷേ എറണാകുളത്ത് അതിന് വലിയ കടമ്പകള്‍ കടക്കണം. സ്ഥായിയായ പരിഹാരമല്ലെങ്കിലും വലിയ പമ്പുകളും മറ്റ് സ്ഥാപിച്ച് അതിവര്‍ഷ കാലത്ത്  വെള്ളം അടിച്ചു കളയുന്ന കുട്ടനാടന്‍ മാതൃക എറണാകുളത്ത് സ്വീകരിക്കേണ്ടി വരുമെന്ന് വിദഗദ്ധര്‍ പറയുന്നു. വല്ലാര്‍പാടം റെയില്‍പാലം പോലുള്ള നിര്‍മ്മിതികള്‍ പോലും ഈ വെള്ളപൊക്കത്തിന് ആക്കം കൂട്ടുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്    മുമ്പുള്ള പരിസ്ഥിതി ആഘാത പഠനങ്ങള്‍ വെറും പ്രഹസനമാകുന്ന നമ്മുടെ നാട്ടില്‍ ഇനി ദുരന്തം പേറി നടക്കുകയേ നിര്‍വാഹമുള്ളു.  


 

click me!