ആർക്കും വേണ്ടി സ്വയം മാറരുത്, ഉള്ളുതുറന്നു ചിരിക്കാം, അവനവനെ തന്നെ സ്നേഹിക്കാം...

By Speak UpFirst Published Jun 30, 2019, 12:54 PM IST
Highlights

രൂപം കൊണ്ടും ജീവിതസാഹചര്യം കൊണ്ടുമൊക്കെ മറ്റുള്ളവരുടെ മുന്നിൽ ചൂളി നിൽക്കേണ്ടി വരുമ്പോൾ,  കാലക്രമേണ അത് ചിലരെ ആത്മഹത്യയിലേക്ക് പോലും നയിക്കാറുണ്ട്. എങ്ങനെ തരണം ചെയ്യാമിത്? എനിക്ക് തോന്നിയ കുറച്ച് കുഞ്ഞുകാര്യങ്ങള്‍ പറയാം. 

തമാശ എന്ന സിനിമ വളരെയധികം സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.ചിന്നു കടന്നു പോയിടങ്ങളിലൂടെ വർഷങ്ങൾക്ക് മുൻപ് കുറച്ചു നാൾ ഞാനും കടന്നു പോയിരുന്നു.

 

സ്കൂളിലാണ്... 
സുന്ദരികളും സുന്ദരന്മാരും സുലഭമായി വിലസുന്ന എറണാകുളത്തെ കോൺവെന്‍റ് സ്കൂൾ.. 
യൂത്ത് ഫെസ്റ്റിവലിൽ സകല ഡാൻസിനും പങ്കെടുത്തും, സ്കൗട്ട് ആൻഡ് ഗൈഡ്സ് പട്രോൾ ലീഡർ ആയി ക്യാമ്പുകൾ അലഞ്ഞു തിരിഞ്ഞും, ഒരു വിധം പഠിച്ചുമൊക്കെ കാലം തള്ളുന്ന കാലം!!

അന്നേ ശകലം ഗുണ്ടുമണിയായിരുന്നു, പോരാത്തേന് കളറൂല്ല..! പക്ഷെ അപകർഷതാബോധിക്കാൻ ടൈമില്ലാഞ്ഞത്  കൊണ്ടും ആരും കളിയാക്കലും  കൊണ്ട് വരാഞ്ഞത് കൊണ്ടും ഞാൻ ആ ഒഴുക്കിലങ്ങനെ നീങ്ങി. 

അങ്ങനെയിരിക്കെ സുന്ദരികളിൽ രണ്ടു പേരുമായി ചെറുതായൊന്ന് തെറ്റി... അന്ന് മുതൽ ' body shaming'എന്ന ക്രൂരതയെ ഞാൻ ചെറുതായറിഞ്ഞു തുടങ്ങി... എന്നെയൊരിക്കലും വലയ്ക്കാതിരുന്ന തടി എന്റെ ആത്മവിശ്വാസം തകർക്കുന്ന അവസ്ഥ.  ഞാൻ കേൾക്കെ എന്റെ ശരീരത്തെപറ്റി കൂട്ടം ചേർന്ന് പറയുന്ന  'നിർദോഷമായ' തമാശകൾ കൂരമ്പുകൾ പോലെ  എന്നെ വീട്ടിലെത്തിയിട്ടും അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. കണ്ണാടിയിൽ എന്റെ തടിയും നിറവും എന്നെ നോക്കി ചിരിക്കുന്നത് പോലെ! സ്കൂളിൽ പോകാതിരിക്കാൻ കാരണങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതും, ജീവിതത്തിലാദ്യമായി പ്രോഗ്രസ്സ് കാർഡിൽ ചുവന്ന മഷി വീണതും എന്ത് കൊണ്ടാണെന്ന് എന്റെ ഏറ്റവുമടുത്ത സുഹൃത്തിനു പോലും മനസിലായിട്ടില്ല... അന്നും, ഇന്നും...

ആയിടയ്ക്ക് യൂത്ത് ഫെസ്റ്റിവലിലേക്ക് പോകേണ്ട ടാബ്ലോക്ക്‌ സെലക്ഷൻ നടന്നു. സ്ഥിരം ഡാൻസ് ടീമുകളിൽ ഉണ്ടായിരുന്നത് കൊണ്ട് എന്നെയും സെലക്ഷനു വേണ്ടി വിളിച്ചു... ക്ലാസ്സിൽ നിന്നിറങ്ങുന്ന വഴിക്ക് നമ്മുടെ സുന്ദരീമണികൾ ഒരു ചിരി ചിരിച്ചു... ഒന്നും പറയാതെ തന്നെ ആ ചിരി എനിക്ക് നല്ലത് പോലെ കൊണ്ടു.

സെലക്ഷനു നിരന്നു നിന്നപ്പോൾ സിസ്റ്റർ എന്നെ നോക്കി പറഞ്ഞു... "ഈ കുട്ടിയുടെ കണ്ണുകൾ വലുതാണ്...  ടാബ്ലോയ്ക്ക് സെന്‍റർ കാറക്ടറിന്റെ കണ്ണുകൾ ദൂരെ നിന്ന് കാണുന്നവർക്കും തെളിയണം. ആശ്ചര്യത്തോടെ നോക്കി നിൽക്കുന്ന ഒരു പെൺകുട്ടിയാണ് പ്രധാന കഥാപാത്രം... അതിന്  ഇയാൾ മതി..."

അന്ന് ജയിച്ചത് കളിയാക്കി രസിച്ചിരുന്നവരെ മാത്രമല്ല,  എന്റെ അപകർഷതാബോധത്തെ കൂടിയാണ്.  പത്താം ക്ലാസ്സിലെ റിസൾട്ട്‌ വന്നപ്പോൾ അതുവരെ കളിയാക്കിയിരുന്ന സുന്ദരീമണികൾ വന്നു "ഞെട്ടിച്ചല്ലോടി " എന്ന് കൂടി പറഞ്ഞപ്പോൾ അന്നാ സ്കൂൾ വരാന്തയിൽ ഞാനെന്‍റെ  അപകർഷതാബോധം ഉപേക്ഷിച്ചു.  

പിന്നീട് കോളേജിൽ രാഷ്ട്രീയവും, സമരങ്ങളും ഒക്കെ കളിച്ചു നടന്നപ്പോൾ എന്റെ ശരീരത്തെ കുറിച്ചാരും ചിന്തിച്ചില്ല. കാരണം അപ്പോഴേക്കും ഞാൻ പഠിച്ചിരുന്നു. എങ്ങനെ തരണം ചെയ്യണമെന്ന്...  ഞാനുണ്ടാക്കിയ സൗഹൃദങ്ങളും, ആത്മവിശ്വാസവും, ചിരിയും മാത്രമായിരുന്നു ആയുധം . 

ഇന്ന് ഞാൻ ജോലി ചെയ്തു സ്വന്തമായി വരുമാനമുണ്ടാക്കിയും,  സമൂഹത്തിലേക്കിറങ്ങി ആവുന്നിടത്തോളം പ്രവർത്തനങ്ങളിൽ ഇടപെട്ടും, പാട്ട് പാടിയും, ഓൺലൈൻ മീഡിയകൾക്ക് വേണ്ടി എഴുതിയും, ശരിയെന്നു തോന്നുന്നത് ചെയ്തും  തലയുയർത്തി  മുന്നോട്ട് നീങ്ങുന്നു. എന്റെ ചുറ്റുമുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ കഴിയുന്ന പൊസിറ്റീവ് എനർജിയിൽ എന്റെ രൂപമോ മറ്റു കുറവുകളോ അവരുടെ കണ്ണുകളിൽ മറയ്ക്കപ്പെടുന്നുണ്ട്.  

രൂപം കൊണ്ടും ജീവിതസാഹചര്യം കൊണ്ടുമൊക്കെ മറ്റുള്ളവരുടെ മുന്നിൽ ചൂളി നിൽക്കേണ്ടി വരുമ്പോൾ,  കാലക്രമേണ അത് ചിലരെ ആത്മഹത്യയിലേക്ക് പോലും നയിക്കാറുണ്ട്. എങ്ങനെ തരണം ചെയ്യാമിത്? എനിക്ക് തോന്നിയ കുറച്ച് കുഞ്ഞുകാര്യങ്ങള്‍ പറയാം. 

1.  നല്ലൊരു പുഞ്ചിരി പകരം നൽകുക. അപമാനിക്കാനോ ദ്വേഷിക്കാനോ  വന്നു നിൽക്കുന്ന ആൾക്ക് വിടർന്ന ഒരു പുഞ്ചിരി സമ്മാനിക്കാൻ നിങ്ങൾക്ക് കഴിയുമോ?  എങ്കിൽ  നിങ്ങൾ പാതി ജയിച്ചു.  സോഷ്യൽ മീഡിയയിലോ പൊതുവിടങ്ങളിലോ നമ്മുടെ  ആകാരം, നിറം എന്നിവയെ അപമാനിക്കുന്ന  രീതിയിൽ  ഒരു നോട്ടമോ സംസാരമോ ഉണ്ടായാൽ അതിനൊരു ലൈക്‌ കൊടുക്കുക. നല്ല പോലെ ആ തമാശ ആസ്വദിക്കുന്ന രീതിയിൽ  ഒന്ന് ചിരിച്ചു കൊടുത്തേക്കുക. ദേഷ്യത്തിന്റെ ഇമോജിക്ക്‌ പകരമാ ചിരിയുടെ ഇമോജിയമർത്തിക്കൊള്ളൂ... "അത് കലക്കി ചേട്ടാ" എന്നൊന്ന് കമന്റും ഇട്ടോളൂ... അവിടെ അപ്പുറത്തുള്ളയാൾ തോറ്റു കഴിഞ്ഞു എന്ന് മനസിലാക്കുക. പിന്നീട് നമ്മെ തളർത്താനായുധം കിട്ടാതെ അവർ കുഴയുന്നത് കാണാം... എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്‍റുകൾ വന്നാൽ ഒട്ടും താമസിക്കാതെ സൈബർ സെല്ലിൽ പരാതിയുമായി പോവുകയും വേണം. 

2. വല്ലാതെ തളർന്നു പോയ സമയത്തൊരു സുഹൃത്ത് പറഞ്ഞതാണ് "ഇങ്ങനെ തളർന്നിരിക്കാതെ ചുറ്റും നോക്കുക, നിനക്ക് ചെയ്യാവുന്ന ഒരുപാടുണ്ട് സമൂഹത്തിൽ..." അതേ, നമുക്ക് ചെയ്യാനാവുന്ന ചെറിയ നന്മകളിലേക്ക് ഇറങ്ങി ചെല്ലുക. അതിനാരും നമ്മളെ ക്ഷണിക്കണമെന്നില്ല.  സോഷ്യൽ സർവീസ് സംഘടനകളെ ബന്ധപ്പെട്ട്  പ്രവർത്തിക്കാനും പങ്കാളിയാവാനുമുള്ള നമ്മുടെ സമ്മതമറിയിച്ചാൽ മാത്രം മതി. വീട്ടിലിരുന്നു രൂപത്തെയോർത്ത് കരയുന്നതിന് പകരം നമ്മുടെ കൈകൊണ്ടൊരാൾക്ക് അല്പം വെള്ളം പകർന്നുകൊടുത്താൽ കിട്ടുന്ന ആത്മവിശ്വാസം ചില്ലറയല്ല!

3. സ്വന്തം കഴിവുകളെ ഒന്നുണർത്തുക. പഠിക്കാൻ കഴിവില്ലാത്ത  ചില കുട്ടികൾ സ്കൂളിലെ co curricular activities -ൽ തിളങ്ങുന്നത് കണ്ടിട്ടില്ലേ?  വരയ്ക്കാം, എഴുതാം, പാടാം,  നമ്മുടെയുള്ളിലുള്ള സർഗ്ഗവാസനയെ മനപൂർവ്വമായി പൊടി തട്ടിയെടുത്ത്  അവയെ ആത്മവിശ്വാസത്തോടെ ഉയർത്തിക്കാണിക്കാം. കിട്ടുന്ന ഓരോ കയ്യടിയും അപകർഷതാബോധത്തിൽ നിന്ന് കരകയറാനുള്ള ഏണിപ്പടിയാണ്. 

4. നല്ല സൗഹൃദങ്ങളുണ്ടാകുക... ചേർത്ത് പിടിക്കാൻ ഒരാൾ, ഒരൊറ്റ സുഹൃത്ത്‌ മതി നമുക്ക് പിടിച്ചു നിൽക്കാൻ. സൗഹൃദങ്ങൾ നമ്മളെ തേടി വരികയല്ല... നല്ലൊരു പുഞ്ചിരിയോട് കൂടി നമ്മൾ നേടിയെടുക്കുകയാണ് വേണ്ടത്. 

5. ഞാൻ, എന്റെ ശരീരം, എന്റെ മനസ്സ്... അതെന്റെ മാത്രം കാര്യമാണ്. മറ്റൊരാൾക്ക് അതിൽ യാതൊന്നും നൽകാനോ എടുക്കാനോ ഇല്ല.  സൗന്ദര്യത്തേക്കാൾ ആരോഗ്യത്തിനു പ്രാധാന്യം കൊടുക്കാം. കണ്ണാടിയിൽ നോക്കി "i am healthy, i am beautiful inside and outside" എന്നൊന്ന് ഉറക്കെ പറയാം.  ഓടി നടക്കാൻ ബലമുള്ള കാലുകളും മറ്റുള്ളവരെ സഹായിക്കാൻ ഉറപ്പുള്ള കൈകളും, അത് ചെയ്യാനുള്ള മനസും  മാത്രം മതി സുന്ദരിയാവാൻ എന്ന് ഉറച്ചു വിശ്വസിക്കുക.

6. ആർക്കു വേണ്ടി സ്വയം  മാറരുത്! തനിക്ക് ഏറ്റവും സൗകര്യപ്രദം എന്ന് തോന്നുന്ന വേഷവും മേക്കപ്പും ഉപയോഗിക്കുക.  ആത്മവിശ്വാസം നൽകുന്ന  വേഷമിട്ടു തല ഉയർത്തിപ്പിടിച്ചു ആളുകളുടെ കണ്ണിൽ നോക്കി സംസാരിക്കുക. ആത്മവിശ്വാസം അളക്കുക കണ്ണുകളിലൂടെയാണ്... കൈകൾ ശരീരത്തിന് കുറുകെ കെട്ടിയും കണ്ണുകളുറപ്പിക്കാതെയും സംസാരിക്കുന്നത് ആത്മവിശ്വാസക്കുറവിന്റെ ലക്ഷണങ്ങളാണ്.   മറ്റുള്ളവർക്ക് നാം ദുര്‍ബലരാണെന്ന തോന്നലുണ്ടാക്കുന്നത് വീണ്ടും നമ്മെ തളർത്താൻ നാം  അവർക്ക് നൽകുന്ന  വളമാണ്. 

ചിരിക്കൂ... ഉള്ളു  തുറന്ന്...
സ്നേഹിക്കൂ... അവനവനെ തന്നെ... 
 

click me!