മാതൃഭാഷ: ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ പില്‍ക്കാലത്ത് വെട്ടിമാറ്റിയത് ഇങ്ങനെയാണ്

By Vishnuraj ThuvayoorFirst Published Oct 2, 2019, 4:03 PM IST
Highlights

ഗാന്ധിജിയുടെ രാഷ്ട്രീയ അജന്‍ഡകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മാതൃഭാഷയെ കേന്ദ്രീകരിച്ച വികസന, സമൂഹ, ജനാധിപത്യ സങ്കല്പം.

അഞ്ചുദിവസങ്ങള്‍ക്കു ശേഷം ഗാന്ധിജിയെ ഹിന്ദുത്വ തീവ്രവാദി വെടിവെച്ചുകൊന്നു. ഭാഷാടിസ്ഥാനത്തില്‍ ഭൂപടം മാറ്റിവരയ്ക്കപ്പെടാന്‍ പിന്നെയും കാലങ്ങളെടുത്തു. ആന്ധ്രാ സംസ്ഥാനത്തിനായി നിരാഹാരസമരം നടത്തി പോറ്റി ശ്രീരാമലു രക്തസാക്ഷിയായി. കേരളത്തിലും പലവിധ ഇടപെടലുകള്‍ നടന്നു. ഒടുവില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിച്ചു. പക്ഷേ, ഗാന്ധിജിയെ കൊന്നൊഴിവാക്കിയതുപോലെ അദ്ദേഹത്തിന്റെ മാതൃഭാഷാ, വിദ്യാഭ്യാസ സങ്കല്പത്തെ ജനാധിപത്യ ഇന്ത്യ ഒഴിവാക്കി. തദ്ദേശീയ ഭാഷകളെ ശക്തിപ്പെടുത്തുകയെന്ന ഗാന്ധിയന്‍ പരിഹാരമാര്‍ഗം ഇന്ത്യ ഒരിക്കലും പരീക്ഷിച്ചില്ല.

 

നൂറ്റമ്പതാം ജന്മദിനത്തിലും മഹാത്മാഗാന്ധി അവഗണിക്കാനാകാത്ത രാഷ്ട്രീയസാന്നിധ്യമായി നമുക്കിടയിലുണ്ട്. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍, ഗാന്ധിയന്‍ നിലപാടുകളോടുള്ള വിമര്‍ശനം, അദ്ദേഹത്തെ കൊന്നുകളഞ്ഞ സംഘപരിവാര്‍ പ്രത്യയശാസ്ത്രം സമീപകാലത്ത് പുലര്‍ത്തുന്ന ഗാന്ധിസ്‌നേഹം, ഗാന്ധി ജീവിതത്തിലുടനീളം സൂക്ഷിച്ച സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍, അദ്ദേഹത്തിന്റെ പരിസ്ഥിതിചിന്തകള്‍ തുടങ്ങി ഗാന്ധിയെ പലവിധത്തില്‍ വായിക്കാനും വിമര്‍ശിക്കാനും അടയാളപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഏറെയുണ്ടാകുന്നുണ്ട്. അത്തരം ആലോചനകളില്‍ അധികം സ്ഥാനം കണ്ടെത്താത്ത, ബോധപൂര്‍വമോ അല്ലാതെയോ നമ്മള്‍ വിട്ടുകളയുന്ന, എന്നാല്‍, ഗാന്ധിജിയുടെ രാഷ്ട്രീയ അജന്‍ഡകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മാതൃഭാഷയെ കേന്ദ്രീകരിച്ച വികസന, സമൂഹ, ജനാധിപത്യ സങ്കല്പം. ആ മേഖലയെ സാമാന്യമായി പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. 

മാതൃഭാഷയില്‍ സംസാരിച്ചാല്‍ അധ്യാപകരില്‍നിന്ന് ചെകിട്ടത്തടി വാങ്ങേണ്ടിവരുന്ന വിദ്യാര്‍ഥികളുള്ള, മാതൃഭാഷയില്‍ക്കൂടി മത്സരപ്പരീക്ഷകളെഴുതാന്‍ തെരുവില്‍ നിരാഹാരസമരം കിടക്കേണ്ടിവരുന്ന, മാതൃഭാഷാവകാശം മനുഷ്യാവകാശമാണെന്ന ജനാധിപത്യ മുദ്രാവാക്യത്തെ ഭാഷാഭ്രാന്തായി പരിഗണിക്കുന്ന വിമര്‍ശകരുള്ള ഒരു സംസ്ഥാനത്തിരുന്നും ഒറ്റ രാജ്യം, ഒറ്റഭാഷയെന്ന സങ്കുചിത മുദ്രാവാക്യം പങ്കുവെക്കുന്ന ഭരണകൂടമുള്ള ഒരു രാജ്യത്തിരുന്നും മഹാത്മാഗാന്ധിയെ അനുസ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാതൃഭാഷാ സങ്കല്‍പ്പത്തെയെപ്പറ്റി പറയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തെ സമഗ്രതകൊണ്ടും രാഷ്ട്രീയമാനം കൊണ്ടും സ്വാധീനിച്ചവരില്‍ ഗാന്ധിയോളം പോന്ന മറ്റൊരാളില്ല. അതില്‍ തന്നെ പ്രധാനപ്പെട്ടതാണ് അദ്ദേഹത്തിന്റെ മാതൃഭാഷാ, വിദ്യാഭ്യാസ സങ്കല്പങ്ങള്‍. 'നാട്ടുഭാഷയേയും നാട്ടുഭാഷാ പഠനത്തേയും ഒരു സമരായുധമാക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു. ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതിനെ സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഭാഗമായി അദ്ദേഹം വ്യവഹരിച്ചു' (പ്രകാശന്‍ പി.പി., 2014, 22). 

ഒരു വിദേശഭാഷ ഇന്ത്യക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ വ്യാപ്തി തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതാണ് ഗാന്ധിജിയുടെ രാഷ്ട്രീയ സവിശേഷത. 'മെക്കാളെ കെട്ടിപ്പടുത്ത ഇംഗ്ലീഷ് ഭാഷയുടെ അടിത്തറയില്‍നിന്ന് വിദ്യാഭ്യാസത്തെ വിമോചിപ്പിക്കേണ്ടതിന്റെ കാരണങ്ങള്‍ ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിന്റെ വിമോചനമൂല്യവുമായി ചേര്‍ത്തുവെച്ചുകൊണ്ടു വേണം വിശകലനം ചെയ്യാന്‍. സാധാരണ ജനങ്ങള്‍ക്ക് ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മറ്റൊരു ഭാഷയെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയെ 'വേദനാജനകമായ ദാസ്യം' എന്നാണ് ഗാന്ധിജി വിശേഷിപ്പിക്കുന്നത്. നീതിന്യായ ഭരണ സംവിധാനത്തിന്റെ മേഖലകളില്‍ ഒരു ഇന്ത്യാക്കാരന് വിദേശഭാഷയുടെ സഹായമില്ലാതെ പ്രവേശനമില്ലെന്ന യാഥാര്‍ത്ഥ്യം ഒരു തരത്തിലും നിസ്സാരവല്‍ക്കരിക്കാവുന്ന സംഗതിയല്ല' (പ്രകാശന്‍ പി.പി., 2014, 22).

ഭരണവും കോടതിയും വിദ്യാഭ്യാസവുമൊക്കെ മാതൃഭാഷാ മാധ്യമത്തിലാകണമെന്ന ഗാന്ധിയന്‍ ആദര്‍ശത്തിന്റെ അടിത്തറ സാധാരണ ജനങ്ങളുടെ ജീവിക്കാനും അറിയാനുമുള്ള അവകാശമെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയത്തെ സ്പര്‍ശിക്കുന്നതാണ്.  പെട്ടെന്ന് രൂപപ്പെടുത്തിയ ഒന്നല്ല എന്നര്‍ഥം. ഗാന്ധിജിയുടെ എഴുത്തുകള്‍ പരിശോധിച്ചാലത് വ്യക്തമാകും.1909-ല്‍ ലണ്ടനില്‍നിന്ന് തെക്കേ ആഫ്രിക്കയിലേക്കുള്ള കപ്പല്‍യാത്രയ്ക്കിടയില്‍ തന്റെ മാതൃഭാഷയായ ഗുജറാത്തിയില്‍ എഴുതിയ 'ഹിന്ദ്‌സ്വരാജ്' എന്ന ചോദ്യോത്തര ശൈലിയിലുള്ള ചെറുപുസ്തകത്തില്‍ ഗാന്ധിജി ഇത് വിശദമായി സൂചിപ്പിക്കുന്നുണ്ട്. 

ഹോംറൂള്‍ നേടാന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം വേണമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടിയിങ്ങനെയാണ്;

'പാശ്ചാത്യര്‍ വലിച്ചെറിഞ്ഞ സമ്പ്രദായങ്ങളാണ് നമുക്കിടയിലിപ്പോള്‍ പ്രചാരം നേടുന്നത്. അവരുടെ വിദഗ്ധന്‍മാര്‍ മാറ്റങ്ങള്‍ നിരന്തരം വരുത്തിക്കൊണ്ടിരിക്കുന്നു. അവിടെ കൊള്ളരുതാത്തതായി ഉപേക്ഷിച്ചത് ഇവിടെ നടപ്പിലാക്കാന്‍ വിവരം കെട്ട നാം കൊണ്ടുപിടിച്ചുത്സാഹിക്കുന്നു. അവരവിടെ ശ്രമിക്കുന്നത് ഓരോ ദേശവിഭാഗത്തിനും തനതായ ഉന്നതിയുണ്ടാക്കാനാണ്. ഇംഗ്ലണ്ടിന്റെ ഒരു ചെറിയ ഭാഗമാണ് വെയില്‍സ്. വെല്‍ഷ് ഭാഷയുടെ പുനരുദ്ധാരണത്തിനും വികസനത്തിനും വേണ്ടി വന്‍ സംരംഭങ്ങളാണവിടെ നടക്കുന്നത്. വെയില്‍സിലെ കുട്ടികള്‍ വെല്‍ഷ് ഭാഷ സംസാരിക്കണമെന്ന പ്രസ്ഥാനത്തിന്റെ മുഖ്യ ഉല്‍സാഹി ഇംഗ്ലീഷ് ചാന്‍സലര്‍ ലോയിഡ് ജോര്‍ജാണ്. നമ്മുടെ സ്ഥിതിയോ?...

ഇംഗ്ലീഷു വിദ്യാഭ്യാസം സ്വീകരിക്കുക വഴി നാം രാഷ്ട്രത്തെ അടിമപ്പെടുത്തി. നമ്മില്‍ കപടനാട്യവും അധികാരഗര്‍വും വര്‍ധിച്ചിരിക്കുന്നു... സംഗതിയുടെ കിടപ്പെങ്ങനെയെന്ന് നോക്കുക. കോടതിയില്‍ പോകണമെങ്കില്‍ ഇംഗ്ലീഷു മാധ്യമമായുപയോഗിക്കണം. കേസുവാദിക്കാന്‍ നിയമക്കോടതിയിലെത്തുന്ന ബാരിസ്റ്ററായ ഞാന്‍ മാതൃഭാഷയിലല്ല, ഇംഗ്ലീഷിലാണു സംസാരിക്കേണ്ടത്. മാതൃഭാഷയില്‍ പറയുന്നത് മറ്റാരെങ്കിലുമെനിക്ക് പരിഭാഷപ്പെടുത്തി തരികയും വേണം. ഇതില്‍പ്പരം അസംബന്ധം മറ്റെന്തുണ്ട്. ഇതിനു ഞാനിംഗ്ലീഷുകാരെ പഴിക്കണോ അതോ സ്വയം പഴിക്കണോ? ഇന്ത്യയെ അടിമപ്പെടുത്തിയത് നാമാണ്. ഇംഗ്ലീഷറിയുന്ന ഇന്ത്യാക്കാര്‍. രാഷ്ട്രത്തിന്റെ ശാപം പതിക്കുക, നമുക്കുമേലാണ്, ഇംഗ്ലീഷുകാരിലല്ല (ഹിന്ദ്‌സ്വരാജ്, പുറം- 57).

ജനതയെ ഉണര്‍ത്താനും ചലിപ്പിക്കാനും മാതൃഭാഷയ്ക്കുള്ള ശക്തിയെക്കുറിച്ച് ഗാന്ധിജിയെപ്പോലെ തന്നെ അക്കാലത്തെ ദേശീയനേതാക്കള്‍ക്കും അറിവുണ്ടായിരുന്നു. പല ഭാഷകള്‍ സംസാരിക്കുന്ന നാട്, ഓരോന്നിനും തനതുലിപി, വ്യാകരണം, പദാവലി, സാഹിത്യപാരമ്പര്യം. ഈ വൈവിധ്യത്തെ നിരാകരിക്കുന്നതിനു പകരം ജനാധിപത്യപരമായ ഇടം കൊടുക്കുക എന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. 1917-ല്‍ കോണ്‍ഗ്രസ് ഇന്ത്യ സ്വതന്ത്രയായാല്‍ ഭാഷാടിസ്ഥാനത്തില്‍ പ്രവിശ്യകള്‍ രൂപവത്കരിക്കും എന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വര്‍ഷം ഒരു പ്രത്യേക ആന്ധ്രാ മണ്ഡലം രൂപവത്കരിച്ചു, അടുത്ത വര്‍ഷം പ്രത്യേക സിന്ധ് മണ്ഡലവും. 1920-ല്‍ നാഗ്പുര്‍ കോണ്‍ഗ്രസിനുശേഷം ഈ തത്ത്വം വ്യാപിക്കുകയും പ്രവിശ്യാ കോണ്‍ഗ്രസ് സമിതികള്‍ (പി.സി.സി.) രൂപവത്കരിക്കപ്പെടുകയും ചെയ്തു. പലപ്പോഴും ഇവയൊന്നും ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണപരമായ വിഭജനവുമായി ഒത്തുപോയില്ല; പലപ്പോഴും അതിന് വിരുദ്ധവുമായിരുന്നു (ഇന്ത്യ ഗാന്ധിക്കുശേഷം, 2010, 243).

കോണ്‍ഗ്രസിന്റെ ഭാഷാടിസ്ഥാനത്തിലുള്ള പുന:സംഘാടനത്തെ മഹാത്മാഗാന്ധി പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒടുവില്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ പുതിയ രാഷ്ട്രത്തിലെ സംസ്ഥാനങ്ങള്‍ ഭാഷാടിസ്ഥാനത്തിലാകണം രൂപവത്കരിക്കപ്പെടേണ്ടത് എന്ന് ഗാന്ധി ഓര്‍മിപ്പിച്ചു. ഭാരതീയ ഭാഷകളെ ശക്തിപ്പെടുത്തുകയും അതുവഴി ജനാധിപത്യത്തെ കൂടുതല്‍ ക്രിയാത്മകമാക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഇതിനായി എക്കാലവും അദ്ദേഹം വാദിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ വൈകരുത് എന്ന നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
കൊല്ലപ്പെടുന്നതിന് അഞ്ചു ദിവസം മുമ്പ് 1948 ജനുവരി 25-ന് നടന്ന ഒരു പ്രാര്‍ത്ഥനായോഗത്തില്‍ ഗാന്ധിജി ഈ വിഷയത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്.

 

..................................................................................

ഭരണവും കോടതിയും വിദ്യാഭ്യാസവുമൊക്കെ മാതൃഭാഷാ മാധ്യമത്തിലാകണമെന്ന ഗാന്ധിയന്‍ ആദര്‍ശത്തിന്റെ അടിത്തറ സാധാരണ ജനങ്ങളുടെ ജീവിക്കാനും അറിയാനുമുള്ള അവകാശമെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയത്തെ സ്പര്‍ശിക്കുന്നതാണ്.  

 

 

'ഏകദേശം 20 വര്‍ഷംമുമ്പ് രാജ്യത്ത് എത്ര മുഖ്യഭാഷകളുണ്ടോ അത്രയും പ്രവിശ്യകളും ഉണ്ടാകണം എന്ന് കോണ്‍ഗ്രസ് നിശ്ചയിച്ചിരുന്നു. ഇപ്പോള്‍ പാര്‍ട്ടി അധികാരത്തിലാണ്; ആ വാഗ്ദാനം നിറവേറ്റാന്‍ കഴിയുന്ന അവസ്ഥയിലാണ്. ഭാഷയുടെ അടിസ്ഥാനത്തില്‍ പുതിയ പ്രവിശ്യകള്‍ രൂപവത്കരിച്ച് അവയെ എല്ലാം ദില്ലിയുടെ അധികാരത്തിന്‍ കീഴിലാക്കിയാല്‍ അപകടമൊന്നുമില്ല. പക്ഷേ, അവയെല്ലാം സ്വാതന്ത്ര്യം തേടുകയും കേന്ദ്രാധികാരത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്താല്‍ സ്ഥിതി മോശമാകും. അങ്ങനെയായാല്‍ ബോംബെയ്ക്ക് മഹാരാഷ്ട്രയുമായോ മഹാരാഷ്ട്രയ്ക്ക് കര്‍ണാടയുമായോ കര്‍ണാടകയ്ക്ക് ആന്ധ്രയുമായോ യാതൊരു ബന്ധവും ഇല്ലെന്നുവരുന്ന അവസ്ഥ വരും. എല്ലാവരും സഹോദരന്മാരായി ജീവിക്കട്ടെ. മാത്രമല്ല, ഭാഷാപ്രവിശ്യകള്‍ രൂപവത്കരിക്കപ്പെട്ടാല്‍ അത് മേഖലാ ഭാഷകള്‍ക്കു പ്രോത്സാഹനമാകും. എല്ലാ മേഖലകളിലും ബോധനമാധ്യമം ഹിന്ദുസ്ഥാനിയാകുന്നത് അസംബന്ധമായിരിക്കും; അത് ഇംഗ്ലീഷാകുന്നത് അതിലും വലിയ അസംബന്ധവും (ഇന്ത്യ ഗാന്ധിക്കു ശേഷം, പുറം 245-246). 

അഞ്ചുദിവസങ്ങള്‍ക്കു ശേഷം ഗാന്ധിജിയെ ഹിന്ദുത്വ തീവ്രവാദി വെടിവെച്ചുകൊന്നു. ഭാഷാടിസ്ഥാനത്തില്‍ ഭൂപടം മാറ്റിവരയ്ക്കപ്പെടാന്‍ പിന്നെയും കാലങ്ങളെടുത്തു. ആന്ധ്രാ സംസ്ഥാനത്തിനായി നിരാഹാരസമരം നടത്തി പോറ്റി ശ്രീരാമലു രക്തസാക്ഷിയായി. കേരളത്തിലും പലവിധ ഇടപെടലുകള്‍ നടന്നു. ഒടുവില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിച്ചു. പക്ഷേ, ഗാന്ധിജിയെ കൊന്നൊഴിവാക്കിയതുപോലെ അദ്ദേഹത്തിന്റെ മാതൃഭാഷാ, വിദ്യാഭ്യാസ സങ്കല്പത്തെ ജനാധിപത്യ ഇന്ത്യ ഒഴിവാക്കി. തദ്ദേശീയ ഭാഷകളെ ശക്തിപ്പെടുത്തുകയെന്ന ഗാന്ധിയന്‍ പരിഹാരമാര്‍ഗം ഇന്ത്യ ഒരിക്കലും പരീക്ഷിച്ചില്ല.

കെ. സേതുരാമന്‍ 2011-ല്‍ പ്രസിദ്ധീകരിച്ച 'മലയാളത്തിന്റെ ഭാവി: ഭാഷാ ആസൂത്രണവും മാനവവികസനവും' എന്ന പുസ്തകത്തില്‍ തദ്ദേശഭാഷാ രാജ്യങ്ങളെയും അധിനിവേശ ഭാഷാരാജ്യങ്ങളെയും താരതമ്യപ്പെടുത്തി ഗാന്ധിയന്‍ മാതൃഭാഷാ സങ്കല്പത്തിന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്.

'ഇന്ത്യയില്‍ ഒരു ബംഗാളി പ്രൊഫസര്‍ ബംഗാളി വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് ഇംഗ്ലീഷില്‍ പഠിപ്പിക്കുകയും അവര്‍ അത് മനപ്പാഠമാക്കുവാന്‍ നോട്ടുകളെയും ഗൈഡുകളെയും ആശ്രയിക്കുകയും ചെയ്യുന്നു. ഒരു തമിഴ് അഭിഭാഷകന്‍ തമിഴ് സാക്ഷികളുടെ സാന്നിധ്യത്തില്‍ വാദിക്കോ പ്രതിക്കോ മനസ്സിലാകാത്ത ഇംഗ്ലീഷ് ഭാഷയില്‍ തമിഴ് ജഡ്ജിമാരുടെ മുന്‍പില്‍ വാദിക്കുന്നു. ഒരു മലയാളി ചീഫ് സെക്രട്ടറി മിക്ക ഫയലുകളും റിപ്പോര്‍ട്ടുകളും ഇംഗ്ലീഷില്‍ സമര്‍പ്പിച്ച് ഒരു മലയാളി മുഖ്യമന്ത്രിയെ പരിഹസിക്കുന്നു. മുംബൈയില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ലഭിക്കുവാനായി ഒരു മറാത്തി പെണ്‍കുട്ടി ഇംഗ്ലീഷ് സംസാരഭാഷയില്‍ പ്രാവീണ്യം കാണിക്കേണ്ടിയിരിക്കുന്നു. ഹിന്ദി മേഖലയിലെ ജനങ്ങളെ സേവിക്കുവാനുള്ള ഒരു കേന്ദ്രസര്‍ക്കാര്‍ ജോലി ലഭിക്കുവാന്‍ ഹിന്ദി സംസാരിക്കുന്ന ഒരു ഗ്രാമീണ ചെറുപ്പക്കാരന്‍ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കണ്ടിയിരിക്കുന്നു. പഞ്ചാബില്‍ കഠിനാധ്വാനിയായ പഞ്ചാബി മാത്രമറിയുന്ന ഒരു ലോറി ഡ്രൈവര്‍ക്ക് ഗതാഗത സുരക്ഷിതത്വത്തെപ്പറ്റിയുള്ള ബോധവത്കരണം നല്‍കുന്നത് ഇംഗ്ലീഷിലാണ്. അധിനിവേശ ഉദ്യോഗസ്ഥമേധാവിത്വവും കഴിവുകെട്ട ഭരണകര്‍ത്താക്കളും തെക്കന്‍ ഏഷ്യയെ ഒരു 'അനുകരണക്കാരുടെ വര്‍ഗം' ആയി തരംതാഴ്ത്തിയിരിക്കുകയാണ് (മലയാളത്തിന്റെ ഭാവി, പുറം-14). 

ഹിന്ദ്‌സ്വരാജിലെ ഗാന്ധിയുടെ വാചകങ്ങള്‍ ഒന്നുകൂടി വായിച്ചുനോക്കൂ. 100 വര്‍ഷങ്ങള്‍ക്കിപ്പുറത്തും ആ വാക്കുകള്‍ക്കുള്ള പ്രവചനശേഷി അദ്ഭുതപ്പെടുത്തുന്നില്ലേ.
സ്വാതന്ത്ര്യം നേടിയിട്ട് ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകൃതമായിട്ട് ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അടിസ്ഥാന ജനവിഭാഗത്തെ സ്വാതന്ത്ര്യം അതിന്റെ വിശാലാര്‍ഥത്തില്‍ ആശ്ലേഷിച്ചില്ല എന്ന് ഉറപ്പായും പറയാം. മൂന്നാംലോക രാജ്യങ്ങളില്‍ ഭാഷാശ്രേണി സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തെ സ്വാധീനിക്കുന്നു. ഭാരതീയ സാഹചര്യത്തില്‍, അര്‍ഹതപ്പെട്ട സംസ്ഥാന ഔദ്യോഗിക ഭാഷകളെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും അധിനിവേശഭാഷ വലയം ചെയ്യുന്നു. ഉന്നത ഉദ്യോഗസ്ഥ ഭരണകൂടത്തിന്റെ തിരഞ്ഞെടുപ്പു രീതിയും കേന്ദ്രീകൃത നിയന്ത്രണവും സംസ്ഥാനങ്ങള്‍ക്ക് അവരുടെ ഭാഷാവികസനത്തിനു സാഹചര്യം നല്കുന്നില്ല.

ടി.കെ. ഉമ്മനെ ഉദ്ധരിച്ച് കൊണ്ട് കെ. സേതുരാമന്‍ എഴുതുന്നു; 'നയനിര്‍മാണ പ്രക്രിയയില്‍ ജനങ്ങള്‍ പങ്കാളിത്തം വഹിച്ചാല്‍ മാത്രമേ ഒരു ജനാധിപത്യ രാഷ്ട്രം രൂപീകരിക്കാന്‍ കഴിയുകയുള്ളൂ. അതിനുവേണ്ടി അവരുടെ മാതൃഭാഷയെ പരിപോഷിപ്പിക്കണം. നയരൂപീകരണ പ്രക്രിയയുടെ പരിഗണനീയമായ വികേന്ദ്രീകരണം ഫലവത്താക്കുവാന്‍ ഭാഷാധിഷ്ഠിത ഭരണ യൂണിറ്റ് സംഘടിപ്പിച്ചാല്‍ മാത്രമേ ഒരു ബഹുഭാഷാരാഷ്ട്രത്തിന് നിലനില്ക്കുവാന്‍ കഴിയൂ. ഒരു രാഷ്ട്രം സ്വന്തം നിലയില്‍ പരമാധികാര രാജ്യമാകുവാനാഗ്രഹിക്കണെമെന്നില്ല. തെക്കന്‍ ഏഷ്യയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ബഹുഭാഷാ ഫെഡറല്‍ രാജ്യങ്ങള്‍ സാധ്യമാണെന്നു മാത്രമല്ല അഭിലഷണീയവുമാണ് (മലയാളത്തിന്റെ ഭാവി,186-187). 

എന്നാല്‍, മാതൃഭാഷകളുമായി ബന്ധപ്പെട്ട നമ്മുടെ കാഴ്ചപ്പാട് ഇപ്പോഴും ജനാധിപത്യവത്കരിക്കപ്പെട്ടിട്ടില്ല. ഇംഗ്ലീഷിനെ പൂര്‍ണമായി സ്വീകരിച്ച് മാതൃഭാഷകളെ സമ്പൂര്‍ണമായി ഒഴിവാക്കുന്ന നയം എന്ന് തിരുത്താനാണ്? നമ്മുടെ കോടതികള്‍ ഇനിയെന്നാകും മാതൃഭാഷകളില്‍കൂടി സംസാരിക്കുക? ഇതിന്റെയര്‍ഥം ഇംഗ്ലീഷ് പഠിക്കരുതെന്ന തീവ്രയുക്തികളോട് യോജിക്കുന്നു എന്നല്ല. ഭാഷയെന്നനിലയില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തന്നെ ഇംഗ്ലീഷ് പഠിക്കേണ്ടതാണ്. 

നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ജാതിവ്യവസ്ഥ ഫ്യൂഡല്‍ കാലഘട്ടത്തില്‍ സമൂഹത്തിലെ അടിസ്ഥാനവിഭാഗങ്ങളെ ഉയര്‍ന്നതരം തൊഴിലുകളില്‍നിന്ന് അകറ്റിനിര്‍ത്തിക്കൊണ്ടേയിരുന്നെങ്കില്‍ കൊളോണിയല്‍ ഭരണം നാട്ടുകാരെ പൊതുവേ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തിക്കൊണ്ട് ബ്രിട്ടീഷ് മേധാവിത്തം ഉറപ്പിക്കുകയാണ് ചെയ്തത്. അത്തരം മേധാവിത്തമാണ് മേല്‍പ്പറഞ്ഞതുപോലെ ആറുപതിറ്റാണ്ടിനിപ്പുറത്തും തുടരുന്നത്. 

അതിനെതിരേയാണ് ഐക്യമലയാളപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍പ്പരീക്ഷകള്‍ മാതൃഭാഷകളിലും എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.എസ്.സി. ഓഫീസിന് മുന്നില്‍ 19 ദിവസം നിരാഹാരസമരം നടത്തിയത്. കേരളം മലയാളത്തെ സൃഷ്ടിക്കുകയായിരുന്നില്ല, മലയാളം കേരളത്തെ സൃഷ്ടിക്കുകയായിരുന്നു എന്നാണ്, ഗാന്ധിയന്‍ സമരമാര്‍ഗം പിന്തുടര്‍ന്ന, രാഷ്ട്രീയകേരളം കണ്ട പ്രധാനപ്പെട്ട സമരങ്ങളില്‍ ഒന്നായ ആ സമരം നമ്മോട് പറഞ്ഞത്. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ക്ക് ഇത്തരം  രാഷ്ട്രീയത്തുടര്‍ച്ചകളാണുണ്ടാകേണ്ടത്. ഗാന്ധിജി നൂറ്റന്‍പതാം ജന്മദിനത്തിലും ജീവിതം തുടരുന്നതിങ്ങനെയാണ്. യോജിക്കാനും വിയോജിക്കാനുമുള്ള വലിയ ഇടങ്ങള്‍ സാധ്യമായ ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മാതൃഭാഷയുമായി ബന്ധപ്പെട്ടത് എന്ന് പറഞ്ഞതും അതിനാലാണ്.


ഗ്രന്ഥസൂചി

1. പ്രകാശന്‍ പി.പി., 2014, മലയാള ഭാഷാ സാഹിത്യ പഠനം -സാംസ്‌കാരികവും രാഷ്ട്രീയവുമായ വിശകലനം (PhD പ്രബന്ധം), മലയാള വിഭാഗം, ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല, കാലടി.

2. മഹാത്മാഗാന്ധി, 2001, ഹിന്ദ്‌സ്വരാജ്, പൂര്‍ണോദയ, ബുക്ട്രസ്റ്റ്, കൊച്ചി.

3. മഹാത്മാഗാന്ധി (സമ്പാദകന്‍: ഭരതന്‍ കുമരപ്പ), 2011, നവീന വിദ്യാഭ്യാസം, പൂര്‍ണോദയ ബുക്ട്രസ്റ്റ്, കൊച്ചി.

4. രാമചന്ദ്ര ഗുഹ, 2010, ഇന്ത്യ ഗാന്ധിക്കു ശേഷം, ഡി.സി. ബുക്‌സ്, കോട്ടയം.

5. സേതുരാമന്‍ കെ.,2011, മലയാളത്തിന്റെ ഭാവി, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്.

click me!