രോഗാതുരമായ ആണത്തത്തിന്റെ ഒഴിമുറി

By K P JayakumarFirst Published Jun 7, 2020, 3:15 PM IST
Highlights

മധുപാല്‍ സംവിധാനം ചെയ്ത 'ഒഴിമുറി' വീണ്ടും കാണുമ്പോള്‍. കെ. പി ജയകുമാര്‍ എഴുതുന്നു 
 

ആണ്‍കോയ്മയുടെ ഹിംസാത്മക ഭൂതകാലത്തില്‍ നിന്നാണ് അവര്‍ ഒഴിമുറി നേടുന്നത്. അവരുടെ വര്‍ത്തമാനകാലം അനുകമ്പയുടേതാണ്. പദവികള്‍ അഴിഞ്ഞുവീണ വേഷക്കാര്‍ മാത്രമാണ്  ഭര്‍ത്താവ്, അച്ഛന്‍, മകന്‍... എന്നിങ്ങനെ പകര്‍ന്നാടുന്ന പുരുഷാകാരങ്ങള്‍. ആണ്‍കോയ്മയുടെ നിരാലംബ വര്‍ത്തമാനത്തിലേക്കോ ഭാവിയിലേയ്‌ക്കോ തുറന്നു പിടിച്ച കുടുംബത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന ഒഴിമുറി നേടിയ, ഭര്‍തൃമതിയല്ലാത്ത ദീര്‍ഘ സുമംഗലങ്ങള്‍ ഉപേക്ഷിച്ച മീനാക്ഷി പിള്ളയാണ് സിനിമയുടെ അവസാന ദൃശ്യം. ദുര്‍ബലവും  ഏകാന്തവും രോഗാതുരവുമായ ആണത്തത്തിന് നേരെ തുറന്നു വച്ച അനുകമ്പയുടെ വാതില്‍.

 

 

സ്‌ത്രൈണ ലൈംഗികതയുടെ പ്രതിരോധ സന്ദര്‍ഭങ്ങളെ കൊളോണിയല്‍ ആധുനികത വരുതിയിലാക്കുന്നുണ്ട്.  സ്ത്രീയുടെ സാമൂഹിക കര്‍തൃത്വത്തെ സംബന്ധിക്കുന്ന തര്‍ക്കവും അധിനിവേശ ആധുനികതയുടെ കാലത്ത് ആരംഭിക്കുന്നു. സ്ത്രീയുടെ വ്യക്തിത്വം, പൗരത്വം, സ്വാതന്ത്ര്യം എന്നിവ വ്യക്തി നിയമത്തിന്റെ പരിധിയിലേയ്ക്ക് വന്നുചേരുന്നതും ഈ ഘട്ടത്തിലാണ്. സ്വതന്ത്രയും ബുദ്ധിമതിയുമായ 'ഇന്ദുലേഖ'യില്‍ ഈ ആശയമാണ് പ്രവര്‍ത്തിക്കുന്നത്. നോവലിന്റെ രണ്ടാം അധ്യായത്തില്‍ നായര്‍ സംബന്ധത്തെക്കുറിച്ച് ഇന്ദുലേഖയും മാധവനും സംവാദത്തിലേര്‍പ്പെടുന്നുണ്ട്. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തിന്റെ അംഗീകാരമായാണ് സംബന്ധത്തെ ഇന്ദുലേഖ വ്യാഖ്യാനിക്കുന്നത്. മരുമക്കത്തായത്തിലെ സ്ത്രീ സ്വാതന്ത്ര്യത്തെ ആദര്‍ശവല്‍ക്കരിക്കുന്നതിലൂടെ പാരമ്പര്യ മൂല്യങ്ങളെ നിലനിര്‍ത്തിക്കൊണ്ട് ആധുനികതയെ ഉള്‍ക്കൊള്ളുക എന്ന ആശയമാണ് ഇന്ദുലേഖ മുന്നോട്ടുവയ്ക്കുന്നത്. കൊളോണിയല്‍ വ്യവസ്ഥയും സാംസ്‌കാരിക തനിമയും സമന്വയിക്കുന്ന ദാമ്പത്യസ്ഥാപനം വിഭാവന ചെയ്യപ്പെടുന്നു. പിതൃകേന്ദ്രീകൃതമായ പുതിയ ഗാര്‍ഹിക വ്യവസ്ഥയാണ് ഇതിന്റെ ഫലമായുണ്ടായത്. ഇത് സ്‌ത്രൈണ സത്തയെ ഗാര്‍ഹിക ലോകത്തിന്റെയും ആത്മീയതയുടെയും മേഖലയില്‍ പ്രതിഷ്ഠിച്ചു. പാരമ്പര്യം, വിധേയത്വം ത്യാഗമനോഭാവം എന്നിവയില്‍ അധിഷ്ഠിതമായ ആദര്‍ശവനിതാ സങ്കല്‍പ്പങ്ങള്‍ നിലവില്‍ വന്നു. കുടുംബം, വിവാഹം തുടങ്ങിയ സാമൂഹ്യസ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് സ്ത്രീയുടെ സ്വകാര്യ ബാഹ്യലോകങ്ങള്‍ ക്രമപ്പെടുത്തുന്നു. പുരുഷ ലോകം കുടുംബം എന്ന സ്വകാര്യ ഇടവും സമൂഹം എന്ന പൊതുണ്ഡലവുമായി വിഭജിച്ച് നിലകൊണ്ടു. 

സമൂഹത്തെ കുടുംബത്തില്‍ കയറ്റാത്ത പുരുഷന്‍ ആദര്‍ശവാനായ ഗൃഹനാഥനായി. 'അദ്ദേഹം / അച്ഛന്‍/ ജ്യേഷ്ഠന്‍ വീട്ടില്‍ രാഷ്ട്രീയം പറയാറേയില്ല' എന്നത് ഒരു രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകന്റെ ഗൃഹനാഥ പട്ടത്തെ മഹത്തരമാക്കുന്നു. അങ്ങനെ കുടുംബങ്ങള്‍ 'ഇടിപ്പടം കാണുന്ന, തമാശ സിനിമയ്ക്ക് കയ്യടിക്കുന്ന 'സ്‌നേഹ' മയനായ  ആണിന്റെ അധോലോകമായി. 
ഈ അകംപുറം സംഘര്‍ഷങ്ങളുടെ സവിശേഷമായ ചരിത്ര സന്ദര്‍ഭമാണ് ഒഴിമുറി (മധുപാല്‍, 2012). ഒഴിമുറിയുടെ സ്ഥല കാലം സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട ഭൂപടത്തിനകത്തും പുറത്തുമായി തുളുമ്പിനില്‍ക്കുന്നു. ഫ്യൂഡല്‍ ആണധികാരത്തിന്റെയും ജനാധിപത്യ കാര്‍ഷിക വ്യവസ്ഥയുടെയും ജാതി-ദേശ സ്വത്വങ്ങളുടെയും സംഘര്‍ഷ സ്ഥലമാണത്.  തറവാടിന്റെ വാതില്‍ അടച്ചു പൂട്ടി മകനോടൊപ്പം തിടുക്കത്തില്‍ പുറപ്പെടുന്നിടത്താണ് കാളിപ്പിള്ള മകള്‍ മീനാക്ഷി പിള്ളയെ ആദ്യം കണ്ടുമുട്ടുന്നത്. അമ്പത്തി അഞ്ചാം വയസില്‍ ഭര്‍ത്താവില്‍ നിന്ന് ഒഴിമുറി വാങ്ങാന്‍ ഒരു സ്ത്രീ സിവില്‍ കോടതിയിലേയ്ക്ക് പുറപെടുന്നു. അടഞ്ഞ വീടും ഉണര്‍ന്ന തെരുവും തുറന്ന കോടതിയും നിയമ വ്യവസ്ഥയും കുടുംബത്തിന് പുറത്ത് സ്ത്രീയ്ക്ക് മറ്റൊരു വ്യവഹാര മണ്ഡലം സാധ്യമാക്കുന്നു. 'എനിക്ക് ഒഴിമുറി വേണം' എന്ന അവളുടെ നില്‍പ്പും പറച്ചിലും ഒരാത്മ കഥയുടെ അനവധി ആത്മകഥനങ്ങളുടെ ശരീര നിലയാണ്. 
സ്ത്രീ തഴുതിട്ട കുടുംബവും അവള്‍ അന്യായം ബോധിപ്പിച്ച കോടതിയും ആണധികാരത്തിന്റെ ഭിന്ന രൂപകങ്ങളാണ്. നിയമം അനുഷ്ഠാനം പോലെ ഉറഞ്ഞുകൂടിയ ഇടങ്ങള്‍. മീനാക്ഷി പിള്ളയുടെ ഒഴുക്ക് ഈ രണ്ടിടങ്ങളെയും കടന്നു പോകുന്ന ജൈവ രേഖയാണ്. അപാരമായ ഭൂകമ്പ സാധ്യതകള്‍ അമര്‍ന്നു കിടക്കുന്ന സ്‌ത്രൈണ ഭൂപ്രദേശം. 

ഫ്യൂഡല്‍ കാര്‍ഷിക മേഖലയില്‍ നിന്ന് സേവന മേഖലാ തൊഴില്‍ പദവിയിലേയ്ക്കുള്ള പുരുഷന്റെ പ്രവേശനം സാമ്പത്തിക സ്വയാധികാരത്തിലേക്കുള്ള പ്രവേശനം കൂടിയായിരുന്നു. അണുകുടുംബങ്ങളുടെ രൂപീകരണത്തിന്റെ മൂലധനമായി പ്രവര്‍ത്തിച്ചതും ഈ തൊഴില്‍- സാമ്പത്തിക സ്വാശ്രയത്വമാണ്. അണുകുടുംബ നാഥന്‍ അഥവാ ഭര്‍ത്താവ് കൂട്ടുകുടുംബങ്ങളിലെ കാരണവര്‍ എന്ന ഏകാധികാരിയുടെ പല ചെറു പകര്‍പ്പുകളായിരുന്നു. മരുമക്കത്തായ തറവാട്ടിലെ അധികാരമോ പദവിയോ ഇല്ലാത്ത ഭര്‍ത്താക്കന്‍മാരില്‍ നിന്ന് ഗൃഹനാഥന്‍മാരിലേയ്ക്കുള്ള ആണത്ത പരിണാമത്തിന്റെ സമുദായ ചരിത്രം കൂടിയാണ് ഒഴിമുറി.

ശിവന്‍ പിള്ള ചട്ടമ്പിയുടെയും കാളിപ്പിള്ളയുടെയും മകനായ താണു പിള്ള ഒരു സൂചകമാണ്. പല തരം പദവികള്‍ ആലേഖനം ചെയ്ത പുരുഷ ശരീരം. പണ്ഡിതനും കലാകാരനുമായ സംബന്ധക്കാരനെ ലഭിച്ചപ്പോള്‍ ശിവന്‍ പിള്ളച്ചട്ടമ്പിയെ കാളിപ്പിള്ള ഒഴിവാക്കി. മരുമക്കത്തായ വ്യവസ്ഥയില്‍ കുടുംബനാഥന്‍ എന്ന ആധികാരികസ്ഥാനം നേടാന്‍ കഴിയാതെപോയ നിരാലംബ ജീവിതവും മരണവുമായിരുന്നു ശിവന്‍ പിള്ളയുടേത്. വീണുടഞ്ഞ പിതൃ-നായക ബിംബത്തോടുള്ള അനുതാപം കാളിപ്പിള്ള എന്ന സര്‍വാധികാര രൂപത്തോടുള്ള എതിര്‍പ്പായാണ് താണുപിള്ളയില്‍ തിടംവയ്ക്കുന്നത്. സമ്പത്തും അധികാരവും കുടുംബവുമില്ലാതെ നിസ്സഹായനായി മരിച്ച പിതാവ് എന്ന ഭ്രഷ്ട സ്വത്വത്തോടുള്ള അനുകമ്പയില്‍ നിന്നാണ് താണുപിള്ള രൂപം കൊള്ളുന്നത്. 

മക്കത്തായ കുടുംബത്തില്‍ നിന്നുള്ള വിവാഹത്തിലൂടെ ഗൃഹനാഥ സ്ഥാനവും പിതൃത്വാധികാരവും മാത്രമല്ല താണുപിള്ള നേടിയെടുക്കുന്നത്.  ഭാര്യയുടെ ഭൂമി എഴുതി വാങ്ങി സ്ത്രീക്കും ഭൂമിക്കും മേല്‍ ആധിപത്യം നേടുന്നു. തിരുവിതാംകൂര്‍ നായര്‍ എന്ന സാംസ്‌കാരിക മൂലധനവും സര്‍ക്കാര്‍ ഉദ്യോഗം നല്‍കുന്ന സാമൂഹികാധികാരവും കൈയ്യാളുന്ന സുരക്ഷിത പുരുഷനാണ് താണുപിള്ള. അച്ഛന്റെ അനുഭവം വരാതിരിക്കാനുള്ള യത്‌നമാണ് താണുപിള്ളയുടെ ജീവിതം. 

ഈ പിതൃബാധ തലമുറകളിലേക്ക് സംക്രമിക്കുന്നു. താണുപിള്ളയെന്ന പിതൃ രൂപത്തോടുള്ള പകയും നിസ്സഹായായ അമ്മയോടുള്ള അനുകമ്പയുമാണ് മകന്‍ ശരത്ചന്ദ്രന്റെ ജീവിതത്തെ നയിക്കുന്നത്. അച്ഛനെപ്പോലെയാകാതിരിക്കാനാണ് ശരത്ചന്ദ്രന്‍ ആഗ്രഹിക്കുന്നത്. രണ്ടുപേരും അവരുടെ പിതൃരൂപങ്ങളെ നിഷേധിക്കുന്നുവെന്ന തോന്നലാണ് ഉളവാക്കുന്നത്.  ആത്യന്തികമായി അവര്‍ പിതൃസത്തയെ സ്വാംശീകരിക്കുകയാണ് ചെയ്യുന്നത്. സ്വത്വ നിര്‍മ്മിതികളുടെ അസംസ്‌കൃത ഭൂതമായി പിതൃസ്വത്വം അവരില്‍ ലീനമായിരിക്കുന്നു. തലമുറകളുടെ കര്‍തൃത്വത്തിന്റെ വേരുകള്‍ ആണ്ടിരിക്കുന്നത് ഈ പൈതൃക വംശാവലിയിലാണ്. 

ഒഴിമുറിയില്‍ സമുദായ സദാചാരം പ്രവര്‍ത്തിക്കുന്നത് അനവധി വൈരുധ്യങ്ങളോടെയാണ്. സമുദായത്തിനുള്ളിലോ കുടുംബത്തിനുള്ളില്‍ തന്നെയോ വിമോചനത്തിന്റെ സാധ്യതയും സമരമുഖവും തുറക്കാന്‍ ഒഴിമുറിയിലെ നായികയ്ക്ക് കഴിയുന്നുണ്ടോ? സ്വന്തം പണ്ടങ്ങളും സ്വത്തും എഴുതി നല്‍കി സാമ്പത്തിക സ്വാതന്ത്ര്യത്തിലേയ്ക്ക് മരുമകളെ (സ്ത്രീയെ) ഉയര്‍ത്തുന്ന കാളിപ്പിള്ളയും അമ്പത്തിയഞ്ചാം വയസ്സില്‍ ഒഴിമുറി വാങ്ങി സ്വയം വിമോചിപ്പിക്കുന്ന മീനാക്ഷി പിള്ളയും മരുമക്കത്തായ മാതൃദായ വ്യവസ്ഥയിലെ ഭദ്രമല്ലാത്ത രണ്ട് ജീവിതങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. 

പദവിയും സമ്പത്തും ആരോഗ്യവും ക്ഷയിച്ച് മകന്റെ ആശ്രിതത്വത്തിലേയ്ക്ക് വന്നടിയുകയും വഴിയോരത്ത് നിരാലംബയായി മരിയ്ക്കുകയും ചെയ്യുന്ന കാളിപ്പിള്ള പെണ്‍കോയ്മയുടെ ദുരന്ത പര്യവസാനമാണ്. ഈ ദുരന്തത്തിനുള്ള പ്രതിവിധി മീനാക്ഷി പിള്ളയുടെ ജീവിതത്തിലുണ്ട്. അച്ചടക്കമുള്ള ആണ്‍കോയ്മ, പെണ്‍വാഴ്ചയേക്കാള്‍ സ്വീകാര്യമാക്കുന്ന കോമ്പ്രമൈസിംഗ് പോയിന്റോ സാന്ത്വന സന്ദര്‍ഭമോ ആയിരുന്നില്ല മീനാക്ഷി പിള്ള.

രോഗിയും വൃദ്ധനുമായ ഭര്‍ത്താവിനെ വിട്ടുപോയവള്‍, എന്ന സമുദായ അപവാദത്തെയല്ല, ദുര്‍ബലനായ പുരുഷനോട് രോഗിയോട് സ്ത്രീയ്ക്ക് തോന്നുന്ന, തോന്നോണ്ട അനുകമ്പയായാണ് മീനാക്ഷിയെ വ്യത്യസ്തയാക്കുന്നത്. ഈ അനുകമ്പ പെണ്‍കോയ്മയുടെ ദുരന്ത സ്ഥലത്തുനിന്ന് മീനാക്ഷിയെ വിമോചിപ്പിക്കുന്നു.

 

മധുപാല്‍

 

ആണ്‍കോയ്മ പരിചരിച്ച് സുഖപ്പെടുത്താവുന്ന രോഗാവസ്ഥയാണോ? മകനും അച്ഛനുമിടയില്‍ വൈകാരിക അടുപ്പത്തിന്റെ ഇഴ ചേര്‍ക്കുന്നതിലൂടെ മക്കള്‍ എന്ന ഇടനില ഉറപ്പിച്ചെടുക്കുന്ന മീനാക്ഷി പിള്ള കുടുംബത്തെ തിരികെ പിടിക്കുന്നുണ്ട്. ആണ്‍കോയ്മയുടെ രക്ഷാകര്‍തൃത്വം നിരാകരിക്കുന്ന മീനാക്ഷി സ്വയം കര്‍തൃത്വത്തിലേയ്ക്ക് വളരുകയാണോ? രണ്ട് ദുര്‍മരണങ്ങളുടെ (അച്ഛന്റയും അമ്മയുടെയും) പാരമ്പര്യത്തിലേയ്ക്ക് താണുപിള്ളയുടെ ജീവിതം (മരണവും) വിട്ടുകൊടുക്കാതെ സംരക്ഷിക്കുന്നതിലൂടെ  മീനാക്ഷിയുടെ കര്‍തൃത്വം ത്യാഗനിര്‍ഭരയായ ആദര്‍ശവനിത എന്ന വാര്‍പ്പുരൂപത്തെ സാക്ഷാത്കരിക്കുകയല്ല. ബന്ധങ്ങളില്‍ നിന്ന് വിടുതല്‍ നേടിയെന്ന് കരുതുമ്പോഴും കര്‍മ്മബന്ധങ്ങളുടെ കെട്ടിനുള്ളിലേയ്ക്ക് പിന്‍വലിയുന്ന സ്ത്രീ എന്ന ലളിതത്തിനു പുറത്താണ് അവര്‍. 

കുടുംബത്തിലേക്കുള്ള മടക്കം അനിവാര്യവും സ്വീകാര്യവുമാക്കുന്ന പുരുഷാധികാര ഘടനയെ കടന്ന് വളരുന്ന ഒരന്തര്‍ലോകം മീനാക്ഷി പിള്ളയിലുണ്ട്.

ആണ്‍കോയ്മയുടെ ഹിംസാത്മക ഭൂതകാലത്തില്‍ നിന്നാണ് അവര്‍ ഒഴിമുറി നേടുന്നത്. അവരുടെ വര്‍ത്തമാനകാലം അനുകമ്പയുടേതാണ്. പദവികള്‍ അഴിഞ്ഞുവീണ വേഷക്കാര്‍ മാത്രമാണ്  ഭര്‍ത്താവ്, അച്ഛന്‍, മകന്‍... എന്നിങ്ങനെ പകര്‍ന്നാടുന്ന പുരുഷാകാരങ്ങള്‍. ആണ്‍കോയ്മയുടെ നിരാലംബ വര്‍ത്തമാനത്തിലേക്കോ ഭാവിയിലേയ്‌ക്കോ തുറന്നു പിടിച്ച കുടുംബത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന ഒഴിമുറി നേടിയ, ഭര്‍തൃമതിയല്ലാത്ത ദീര്‍ഘ സുമംഗലങ്ങള്‍ ഉപേക്ഷിച്ച മീനാക്ഷി പിള്ളയാണ് സിനിമയുടെ അവസാന ദൃശ്യം. ദുര്‍ബലവും  ഏകാന്തവും രോഗാതുരവുമായ ആണത്തത്തിന് നേരെ തുറന്നു വച്ച അനുകമ്പയുടെ വാതില്‍.

 

click me!