കലുഷിത കലാലയങ്ങള്‍, രാജ്യംവിടുന്ന കുട്ടികള്‍, ഉന്നത വിദ്യാഭ്യാസ മേഖല അപകടത്തിലാണ്!

By Biju SFirst Published Oct 28, 2022, 7:26 PM IST
Highlights

അടുത്ത പ്രാവശ്യം വിദേശത്ത് പോകുമ്പോള്‍ ദയവായി നല്ല ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍  പ്രവര്‍ത്തനം കണ്ട് മനസ്സിലാക്കാന്‍ സമയം കണ്ടെത്തണം. നമ്മുടെ കലാലയങ്ങളിലെ പോലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ബീ ടീമായല്ല അവരുടെ പ്രവര്‍ത്തനം.   

കേന്ദ്ര എമിഗ്രേഷന്‍  ഓഫീസ് കണക്കനുസരിച്ച്  2016-ല്‍ 18,428  മലയാളികളാണ് പഠിക്കാന്‍ വിദേശത്ത്  പോയത്.  2019-ല്‍ അത് 30,948 ആയി. കോവിഡ് കാരണം 2020-ല്‍ ഇത് 15,277 ആയി കുറഞ്ഞെങ്കിലും ഇപ്പോള്‍ കുതിക്കുകയാണ്. 2025 -ഓടെ പ്രതിവര്‍ഷം ഒരു ലക്ഷം പേര്‍ പുറത്തുപോകുമെന്നാണ് അനുമാനം.

 

 

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പുറമേ നിന്ന് വിദ്യാര്‍ത്ഥികള്‍ എത്തുന്ന ചുരുക്കം ക്യാമ്പസുകളിലൊന്നാണ് എറണാകുളത്തെ കുസാറ്റ്. അവിടെ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുടെ  ചേരിരിഞ്ഞുള്ള സംഘര്‍ഷം ഹോസ്റ്റല്‍ മുറിക്ക് തീവയ്ക്കുന്ന രീതിയിലേക്ക് വളര്‍ന്നു. കുറച്ചു ദിവസമായി അവിടെ കലുഷിതമായിരുന്നു. പുക തീയായി പടര്‍ന്നുവെന്ന് മാത്രം. ഒരു വശത്ത് എസ്.എഫ്.ഐ. മറുവശത്ത് ഹോസ്റ്റല്‍ യുണിയന്‍ അസോസിയേഷന്‍.  വര്‍ഗ്ഗീയ ശക്തികള്‍ പുരോഗമന മേലങ്കി അണിയുന്നു എന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. സംഭവദിവസം രാവിലെ നടന്ന ഒരു പ്രതിഷേധ പരിപാടിയിലേക്ക് സഹാറ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ പോകാത്തതിന്റെ പേരില്‍  എസ്.എഫ്.ഐക്കാര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഹോസ്റ്റല്‍ യൂണിയന്റെ ആരോപണം. വിവിധ ഹോസ്റ്റലുകള്‍ നിയന്ത്രിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക നയിച്ചത്. ഇത് നമ്മുടെ  കലാലയങ്ങളിലെ രണ്ട് മൗലിക പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. 

 

 

ഒന്ന്, കാമ്പസുകളിലെ സമഗ്രാധിപത്യത്തിന് ചില സംഘടനകള്‍ ശ്രമിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന എസ്. എഫ്. ഐയാണ് പല ക്യാമ്പസുകളിലും കെ.എസ്.യു പോയിട്ട് ഘടകമുന്നണിയിലുള്ള എ. ഐ. എസ്. എഫിനെ പോലും പ്രവര്‍ത്തിക്കാന്‍ എസ്.എഫ്.ഐക്കാര്‍ അനുവദിക്കാറില്ല. ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. 

രണ്ട് കൊല്ലം തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജിലും അഞ്ച് വര്‍ഷം തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളേജിലും പഠിച്ച അനുഭവത്തില്‍ നിന്നു കൂടിയാണിത് പറയുന്നത്. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശം നല്‍കാന്‍ പോലും അവര്‍ പലപ്പോഴും അനുവദിക്കാറില്ല. തിരുവനന്തപുരത്തെ എം.ജി, ധനുവച്ചപുരം പോലുള്ള  കോളേജുകളില്‍ എ.ബി.വി.പിയും ഇതു തന്നെയായിരുന്നു ചെയ്തിരുന്നത്. ഇതിനെ ചൊല്ലിയുള്ള  നിരവധി വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ കഴിഞ്ഞ 25 കൊല്ലത്തിലേറെ കാലമായി ഏഷ്യാനെറ്റ് ന്യൂസ് കവര്‍ ചെയ്തിട്ടുണ്ട്.  ഇന്നീ രീതികളിലേക്ക് എം.എസ്.എഫും അതിലും തീവ്ര വര്‍ഗ്ഗീയ നിലപാടുകളുള്ള ഫ്രറ്റേണിറ്റി പോലുള്ള  സംഘടനകളും കടന്നു വന്നിരിക്കുന്നു. എറണാകുളം മഹാരാജാസില്‍ അഭിമന്യു ഇത്തരം വര്‍ഗ്ഗീയ വിദ്യാര്‍ത്ഥി സംഘടനകളുടെ കൊലക്കത്തിക്കിരയായത് ഇതിന്റെ ഒടുവിലത്തെ  പൈശാചിക രൂപം. എല്ലാ കൊലപാതകങ്ങളും അപലനീയവും പൊറുക്കാനാകാത്തതും തന്നെ. പക്ഷേ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്നത്  -അതും -വര്‍ഗ്ഗീയ സംഘടനകളാല്‍ സംഭവിക്കുന്നത് ഏറ്റവും ഭയാനകം. നിര്‍ഭാഗ്യവശാല്‍  നാല് വോട്ട് കിട്ടാന്‍ വേണ്ടി ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഇത്തരം വര്‍ഗ്ഗീയ ശക്തികളുമായി ബാന്ധവം ഉണ്ടാക്കുന്നു. 

 ഇതേ പോലെ ഗൗരവതരമായ വിഷയമാണ് പൊതു വിദ്യാലയങ്ങളില്‍ സംഘര്‍ഷം പടര്‍ത്തുക എന്നത്. ഞങ്ങളൊക്കെ അച്ഛനമ്മമാര്‍ പഠിച്ച കോളേജ്  കാമ്പസുകളില്‍ പഠിക്കാന്‍ സാധിച്ചതില്‍  അഭിമാനം   കൊണ്ടവരാണ്. എന്നാല്‍ നമ്മുടെ മക്കളുടെ കാര്യത്തില്‍ ആ തുടര്‍ച്ച സംഭവിക്കുന്നില്ല. ഇന്നിപ്പോള്‍ കേരളത്തിലെ കുട്ടികള്‍ കൂട്ടത്തോടെ അന്യനാടുകളിലേക്ക് വിദ്യാഭ്യാസത്തിനായി പലായനം ചെയ്യുകയാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യസ മേഖല സമഗ്രമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ശ്രദ്ധേയമാണ. നമ്മുടെ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പോയി അവിടത്തെ സര്‍വ്വകലാശാലകളുമായുള്ള പങ്കാളിത്ത പഠനം സാധ്യമാകണം. അതു പോലെ വിദേശ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നമ്മുടെ കലാലയങ്ങളിലേക്കും വരാനുള്ള സാഹചര്യമൊരുക്കണന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും തിരക്കിട്ട് യൂറോപ്പിലേക്ക് പോയത് ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ അവരുടെ അതീവ താത്പര്യം കൊണ്ട് മാത്രമാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ പാര്‍ട്ടി വളര്‍ത്താന്‍ നടത്തുന്ന കലാലയങ്ങളിലല്ല  നമ്മളെ പോലെ അദ്ദേഹത്തിന്റെ മക്കള്‍ പഠിച്ചത്. സ്വാശ്രയ, വിദേശ കലാലയങ്ങളുടെ ഗുണം അദ്ദേഹത്തിന് നന്നായി അറിയാം. പാര്‍ട്ടിക്കും ഇക്കാര്യം നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്.  സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കൂത്തുപറമ്പില്‍ നടത്തിയ  സമരത്തിനു നേരെയുണ്ടായ വെടിവയ്പില്‍ 5 സഖാക്കള്‍ മരിച്ചത് 1994-ല്‍ ഏഷ്യാനെറ്റിനായി ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്ന് പ്രകോപനം സൃഷ്ടിച്ച വെടിവയ്പിലേക്ക് നയിച്ചുവെന്ന സി.പി.എം ആരോപണം നേരിട്ട  മന്ത്രി എം.വി. രാഘവന്റെ മകന്  അവിടെ തന്നെ സീറ്റ് നല്‍കുകയും ചെയ്തു, പാര്‍ട്ടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ നല്ലൊരു പങ്കും മക്കളെ കേരളത്തിന് പുറത്തേക്ക് അയച്ച് പഠിപ്പിച്ചവരാണ്. പലരുടെയും മക്കള്‍ വിദേശത്ത് പഠിച്ച് വിദേശ  പൗരത്വം നേടി ജീവിക്കുന്നവരുമാണ്. 

കേരളത്തിലെ സാധാരണ കോളേജുകളും സര്‍വ്വകലാശാലകളും വിട്ട് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പുറത്തേക്ക് ഒഴുകുകയാണ്. ഇങ്ങനെ പോയ കുട്ടികള്‍ യുക്രൈന്‍ യുദ്ധത്തിലും ചൈനയിലേ കൊവിഡിലുമൊക്കെ പെട്ട് അനുഭവിച്ച യാതനക്ക്  നമ്മള്‍ ദൃക്‌സാക്ഷികളാണ്.  മുന്‍പൊക്കെ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് കൂടുതലും കുട്ടികള്‍ പഠിക്കാന്‍ പോയിരുന്നത്. അതും മെഡിസിന്‍, എന്‍ജിനീയറിങ്ങ്, നഴ്‌സിങ്ങ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കായിരുന്നു പ്രവാസം. ഈയടുത്ത വര്‍ഷങ്ങളില്‍  എല്ലാ തരം കോഴ്‌സുകള്‍ക്കുമായി  കുട്ടികള്‍ പുറത്ത് പോവുകയാണ്. കലുഷിതമായ അന്തരീക്ഷവും കാലാനുസൃത മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ക്ക് കഴിയാത്തതുമാണ് ഇതിന് കാരണം. ഈയിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് 29. 56 ശതമാനം പേര്‍ കേരളം വിട്ടു പഠിക്കാന്‍ പോകാന്‍ കാരണം നമ്മുടെ വിദ്യാഭ്യാസ ഗുണനിലവാരമില്ലായ്മ മൂലമാണ എന്നാണ്. കേരളത്തില്‍ നല്ല ജോലി കിട്ടാത്തതിനാലാണ് മറ്റൊരു 33.5 ശതമാനം പേര്‍ പോകുന്നത്.    

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയാണ് ഈ പ്രവണത വര്‍ദ്ധിച്ചത്. കേന്ദ്ര എമിഗ്രേഷന്‍  ഓഫീസ് കണക്കനുസരിച്ച്  2016-ല്‍ 18,428  മലയാളികളാണ് പഠിക്കാന്‍ വിദേശത്ത്  പോയത്.  2019-ല്‍ അത് 30,948 ആയി. കോവിഡ് കാരണം 2020-ല്‍ ഇത് 15,277 ആയി കുറഞ്ഞെങ്കിലും ഇപ്പോള്‍ കുതിക്കുകയാണ്. 2025 -ഓടെ പ്രതിവര്‍ഷം ഒരു ലക്ഷം പേര്‍ പുറത്തുപോകുമെന്നാണ് അനുമാനം. ഭൂരിഭാഗം പേരും കാനഡ, യുകെ, ഓസ്‌ട്രേലിയ,ന്യുസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ഇതിന് വഴി ഒരുക്കാന്‍ ധാരാളം വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ എല്ലായിടത്തും പ്രവര്‍ത്തിക്കുന്നു.

 

 

വിദ്യാര്‍ത്ഥികള്‍ പലരും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ചെയ്യാനാണ് മുമ്പൊക്കെ വിദേശത്ത് പോയിരുന്നത്, അതും സ്‌കോളഷിപ്പോടെ. ഇപ്പോള്‍ ബിരുദതലത്തിലേ പലരും പോകുന്നു.  ഉപരിപഠനത്തിനായി കൂടുതല്‍ വിദ്യാര്‍ത്ഥികളും തെരഞ്ഞെടുക്കുന്നത് കാനഡയാണ്. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലികള്‍ ചെയ്യാനും മൂന്ന് വര്‍ഷം വരെ മുഴുവന്‍ രാജ്യത്ത് തുടരാനുള്ള അവസരവുമാണ് കാനഡയോടും, യു.കെയോടും പ്രിയം വരാന്‍ കാരണം. 

കേരളത്തില്‍ നിന്നുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ വിദേശ വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്പയെ ആണ് ആശ്രയിക്കുന്നത്. 8 മുതല്‍ 40 ലക്ഷം രൂപ വരെയാണ് സാധാരണയായി വായ്പ എടുക്കുന്നത്. ഇത് വലിയ തോതില്‍ നമ്മുടെ സമ്പത്തിന്റെ ചോര്‍ച്ചക്കും കൂടി ഇടയാക്കുന്നു. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കോണ്‍ഫറന്‍സിന്റെ (SLBC)  കണക്കുകള്‍ പ്രകാരം, 2019 മാര്‍ച്ചു വരെയുള്ള കേരളത്തിലെ ബാങ്കുകളിലെ മൊത്തം വിദ്യാഭ്യാസ വായ്പ 9,841 കോടി രൂപയായിരുന്നു. 2022 മാര്‍ച്ചില്‍ ഇത് 11,061 കോടി രൂപയായി ഉയര്‍ന്നു.

ഇപ്പോള്‍ ഗവര്‍ണ്ണറും മന്ത്രിസഭയുമായുള്ള തര്‍ക്കത്തിന്റെ  പോര്‍മുഖം തുറന്നിരിക്കുന്നത് സര്‍വ്വകലാശാലയെ ചൊല്ലിയാണ്. മറ്റ് കക്ഷികളും ഈ ചക്കളത്തി പോരില്‍ പങ്കാളികളാണ്. താഴേ തട്ട് മുതല്‍ വൈസ് ചാന്‍സലര്‍ വരെയുള്ളവരുടെ നിയമനം ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ രാഷ്ട്രീയ -ജാതി -മത പരിഗണന   വച്ചാണ്. ഇഷ്ടക്കാരെ നിയമിക്കുന്നത് ചോദ്യം ചെയ്യപ്പെടുന്നത് അപൂര്‍വ്വമാണ്. അങ്ങനെ നിയമാനുസൃതം ചോദ്യം ചെയ്തതിനാലാണ് സാങ്കേതിക സര്‍വ്വകലാശാലയിലെ വി.സി നിയമനം സുപ്രീം കോടതി അസാധുവാക്കിയത്.  ഇത് കേരളത്തിലെ മാത്രം കാര്യമല്ല . പക്ഷേ മുഖ്യമന്തി  ആഗ്രഹിക്കും പോലെ   കേരളത്തിലെ കലാലയങ്ങളിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി എത്തണമെന്നുണ്ടെങ്കില്‍ നാം ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി പരിഷ്‌കരിച്ച മതിയാകൂ. അതിലെ ആദ്യപടി, അവിടെ വരുന്ന അദ്ധ്യാപകരും  മേല്‍നോട്ടക്കാരായ സെനറ്റും സിന്‍ഡിക്കേറ്റും  മെരിറ്റ് അടിസ്ഥാനത്തില്‍ മാത്രമാണന്ന്  ഉറപ്പാക്കുക എന്നതാണ്. രണ്ടാമത് യഥാര്‍ത്ഥ സ്റ്റുഡന്‍സ് യൂണിയന്‍ പ്രവര്‍ത്തനം കാമ്പസുകളില്‍ ഉറപ്പാക്കുക എന്നതുമാണ്. അടുത്ത പ്രാവശ്യം വിദേശത്ത് പോകുമ്പോള്‍ ദയവായി നല്ല ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍  പ്രവര്‍ത്തനം കണ്ട് മനസ്സിലാക്കാന്‍ സമയം കണ്ടെത്തണം. നമ്മുടെ കലാലയങ്ങളിലെ പോലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ബീ ടീമായല്ല അവരുടെ പ്രവര്‍ത്തനം.   

click me!