ഈ സഹനങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും നിങ്ങള്‍  കുഞ്ഞുങ്ങളുടെ കണ്ണുകളിലേയ്ക്ക് നോക്കിയിട്ടുണ്ടോ?

By Speak UpFirst Published Apr 22, 2019, 5:51 PM IST
Highlights

എനിക്കും പറയാനുണ്ട്: അഞ്ജലീ രാജന്‍ എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

വിഗതനായ ഭര്‍ത്താവിനോട് കൂടിയവളാണ് വിധവ. അതായത് ഭര്‍ത്താവ് ജീവിച്ചിരിപ്പില്ലാത്തവള്‍. ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവയായവളാണ് വിവാഹമോചിതയായ സ്ത്രീ. ഇനിയും ഒരു കൂട്ടരുണ്ട് ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ട്, വിവാഹമോചിതയുമല്ല, മറിച്ച് ഭര്‍ത്താവിന്റെ ദ്രോഹം നിശ്ശബ്ദം സഹിക്കുന്നവര്‍. ഫലത്തില്‍, അവരും വിധവകള്‍ തന്നെ..

സ്ത്രീകള്‍ പലപ്പോഴും തലച്ചോറിനേക്കാള്‍ ഹൃദയം കൊണ്ടാണ് ചിന്തിക്കുക. അതാണ്, സ്ത്രീ പലതും നിശ്ശബ്ദം സഹിക്കുന്നതും,കേടുവന്നിട്ടും മുറിച്ചു മാറ്റാനാവാത്ത ശരീരാവയവം പോലെ ഭര്‍ത്താവിനെ ചുമക്കുന്നതും.

തുഷാര എന്ന ഇരുപത്തിയേഴുകാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ വാര്‍ത്തയറിഞ്ഞ നമ്മള്‍ ആദ്യം ചോദിച്ചത്,തുഷാര എന്തിനാണ് ഇങ്ങനെയൊരുത്തനെ സഹിച്ച് ജീവിതം കളഞ്ഞതെന്നും, തുഷാരയ്ക്ക് മക്കളെയും കൂട്ടി രക്ഷപ്പെട്ടുകൂടായിരുന്നോ എന്നുമാണ്.  അതിനു ശേഷം ഉയര്‍ന്ന ചോദ്യങ്ങളാണ്, തുഷാരയുടെ മാതാപിതാക്കള്‍ എന്തുകൊണ്ട് തുഷാരയെ കൂട്ടികൊണ്ടു പോയില്ലാ, കല്യാണം കഴിച്ചയച്ചതോടെ മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങള്‍ തീര്‍ന്നോ എന്നൊക്കെ.

പെണ്‍മക്കളെ ഭര്‍ത്തൃവീട്ടില്‍ സര്‍വ്വംസഹയായിരിക്കാനല്ല, മറിച്ച് പീഡങ്ങളെ എതിര്‍ക്കാനാണ് പഠിപ്പിക്കേണ്ടതെന്നും, സ്ത്രീധനം കൊടുക്കരുതെന്നും, ഭര്‍ത്താവിന്റെ ദ്രോഹമേറ്റ് പെണ്‍മക്കള്‍  ഇല്ലാതാവുന്നതിലും ഭേദം അവര്‍ വീട്ടില്‍ വന്നു നില്‍ക്കുന്നതാണ് നല്ലതെന്ന് മാതാപിതാക്കള്‍ ചിന്തിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു. പൂര്‍ണ്ണമായും യോജിക്കുന്നു.

എനിയ്ക്ക് പറയാനുള്ളത്, ഇപ്പോഴും ഉപദ്രവങ്ങള്‍ ഏറ്റുവാങ്ങി അടിമയെ പോലെ ഭര്‍ത്തൃഗൃഹത്തില്‍ കഴിയുന്ന സ്ത്രീകളോടാണ്. 

നിങ്ങളുടെ മനസ്സിനോ ശരീരത്തിനോ യാതൊരു വിലയും കല്‍പിക്കാത്ത, ഒരാളോട് എന്തിനാണിത്ര വിധേയത്വം?

ചിലരുടെ മറുപടി കുഞ്ഞുങ്ങളെയോര്‍ത്ത് എല്ലാം സഹിക്കുന്നുവെന്നാണ്. പക്ഷേ ഈ സഹനങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ കണ്ണുകളിലേയ്ക്ക് നോക്കിയിട്ടുണ്ടോ, അവരുടെ മനസ്സ് കേള്‍ക്കാറുണ്ടോ? കേള്‍ക്കണം, ആ കുഞ്ഞു കണ്ണുകള്‍ ഭയചകിതമായിരിക്കും. നിങ്ങളുടെ സഹനം കണ്ട് അവരും മനസ്സിലാക്കുക, പുരുഷന് എന്തുമാവാം. സ്ത്രീ എല്ലാം സഹിക്കേണ്ടവളാണ് എന്നാവും. സന്തോഷരഹിതമായ തരിശുനിലമായി മാറിയിട്ടുണ്ടാവും ആ കുഞ്ഞ് മനസ്സുകള്‍. അവിടെങ്ങനാണ് നാളെ പൂക്കള്‍ വിരിയുക?

2006 ഒക്‌ടോബറില്‍ പ്രാബല്യത്തില്‍ വന്ന ഗാര്‍ഹിക പീഡന നിരോധനനിയമം അനുസരിച്ച്, പരാതിപ്പെടുന്ന സ്ത്രീകള്‍ക്ക് താമസവും സുരക്ഷയും സാമ്പത്തികാശ്വാസവും  ഉറപ്പു വരുത്തുന്നു. ശരീരത്തിനും മനസ്സിനും ഭര്‍ത്താവില്‍ നിന്നേറ്റ പീഡനങ്ങള്‍ക്കെതിരെ നിയമപരമായി പൊരുതി തുടങ്ങുമ്പോള്‍, അഹങ്കാരികള്‍, തന്നിഷ്ടക്കാരികള്‍ ഫെമിനിച്ചികള്‍ എന്ന വിളികള്‍ ചിലയിടങ്ങളില്‍ നിന്നുയര്‍ന്നേക്കാം.

ഈ പറച്ചിലുകാരോടൊക്കെ പോകാന്‍ പറയൂ. എന്നിട്ട് ധൈര്യപൂര്‍വ്വം മുന്നോട്ട് പോവൂ

കണ്ണിലെ കൃഷ്ണമണി പോലെ വളര്‍ത്തി കല്യാണം കഴിച്ചയച്ച പെണ്‍മക്കളെ കുറിച്ചന്വേഷിക്കുകയും, സുരക്ഷിതത്വവും സ്വസ്ഥതയും പെണ്‍മക്കള്‍ക്ക് കിട്ടുന്നില്ലന്നു മനസ്സിലാക്കി, അവളുടെ ഭര്‍ത്താവിനും അവന്റെ വീട്ടുകാര്‍ക്കും പിച്ചിചീന്താനെറിഞ്ഞു കൊടുക്കാതെ, പെണ്‍മക്കളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ 'പൊസസീവ്' ആണെന്നും ചിലര്‍ വിശേഷിപ്പിച്ചേക്കാം..

ഈ പറച്ചിലുകാരോടൊക്കെ പോകാന്‍ പറയൂ. എന്നിട്ട് ധൈര്യപൂര്‍വ്വം മുന്നോട്ട് പോവൂ. ആരുടെയെങ്കിലും നാവിന്‍തുമ്പിലെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ക്ക് എന്തിനാണ്?

കുടുംബ കോടതികളില്‍ തുടങ്ങുന്ന യുദ്ധങ്ങള്‍ക്കിടെ, മാറിമാറിയുളള കൗണ്‍സലിംഗുകള്‍, എതിര്‍ ഭാഗം വക്കീലിന്റെ അല്‍പ്പത്തം നിറഞ്ഞ ചോദ്യങ്ങള്‍, നീണ്ടു പോവുന്ന കോടതി നടപടികളുടെ ചിലവുകള്‍, അതിനിടയില്‍ ഭര്‍ത്താവ് പൊതുജന മധ്യേ അയാളുടെ മുഖം രക്ഷിക്കാനായി ചമച്ച കെട്ടുകഥകള്‍,ആ വാചക കസര്‍ത്ത് വിശ്വസിച്ച്, ആക്രോശിക്കുന്ന വേറെ ചിലര്‍. 

പലപ്പോഴും തളര്‍ച്ച തോന്നിയേക്കാം. അപ്പോഴൊക്കെ അനുഭവിച്ച മുറിവുകളുടെ ആഴങ്ങളിലേയ്ക്കു നോക്കുക.തളര്‍ച്ച മാറി പൊരുതാനുള്ള വീര്യം കൂടും.

വിവാഹം എന്നാല്‍ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുകയും അടുത്ത തലമുറ സൃഷ്ടിക്കുകയും മാത്രമല്ല, ജീവിതകാലം മുഴുവന്‍ ഏതവസ്ഥയിലും പരസ്പരം തുണവേണ്ട ഒരു ബന്ധമാണ്. 

നിത്യജീവിതത്തില്‍, നമ്മള്‍ സൗഹൃദങ്ങളെ  എങ്ങനെയാണ് മുന്നോട്ട് കൊണ്ടു പോവുക? 

നല്ല സൗഹൃദങ്ങള്‍ ജീവന്‍ കൊടുത്തും നിലനിര്‍ത്തും. പക്ഷേ, നമ്മുടെ ജീവന് അല്ലങ്കില്‍ ജീവിതത്തിന് ഹാനികരമാവുന്ന തരത്തിലുള്ള എന്തും നമ്മള്‍ വേണ്ടന്ന് വയ്ക്കും. ഇല്ലേ...?

അതു തന്നെയാണ് വിവാഹബന്ധത്തിന്റെ കാര്യത്തിലും ചെയ്യേണ്ടത്.. വിവാഹവും സൗഹൃദത്തിലടിസ്ഥാനമായ ബന്ധമാണ്. വിട്ടുവീഴ്ചകളും, ക്ഷമയും, തിരുത്താനുള്ള അവസരങ്ങള്‍ കൊടുക്കലുമാവാം. എന്നിട്ടും നമ്മുടെ ജീവനും ജീവിതത്തിനും,ഹാനികരമാണെന്നു തോന്നിയാല്‍ അവിടെ വച്ച് നിര്‍ത്തിയേക്കുക. 

കൂട്ടുത്തരവാദിത്തമായ രക്ഷകര്‍ത്തൃത്വത്തില്‍ താല്പര്യം കാണിക്കാതിരിക്കുകയും പ്രതിസന്ധികളില്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കാതിരിക്കുകയും, പീഡനങ്ങളും അവഗണനയും നിങ്ങള്‍ക്ക് മേല്‍ വാരി വിതറുകയും ചെയ്യുന്ന ചിലരുടെ കീഴില്‍ നിങ്ങളെന്തിനാണ് ചുരുണ്ട് കൂടുന്നത്?

നിങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു, പ്രാണനെപ്പോലെ സ്‌നേഹിക്കുമ്പോഴും, മനസ്സും ശരീരവും കുത്തിക്കീറി വേദനിപ്പിച്ചു രസിക്കുന്ന ഒരാളില്‍ നിന്ന് എന്ത് സംതൃപ്തിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്?

ജീവിക്കാനും, കുഞ്ഞുങ്ങളെ വളര്‍ത്താനും സ്ത്രീക്ക് സാമ്പത്തിക സുരക്ഷ അത്യാവശ്യമാണ്. വൈറ്റ്‌കോളര്‍ ജോലി തന്നെ ചെയ്യണമെന്നില്ല. നിങ്ങള്‍ക്കറിയാവുന്ന, സത്യവും നീതിയുമുള്ള ഏതു ജോലിയും ചെയ്യാം. ഭര്‍ത്തൃഗൃഹത്തില്‍ ചെയ്തിരുന്ന ജോലികളായ, മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള, പാചകം, തൂപ്പ് ,തുടപ്പ് , തുണി കഴുകല്‍, തുടങ്ങിയ കര്‍മ്മങ്ങള്‍ പുറത്തേതെങ്കിലും വീട്ടില്‍ ചെയ്താല്‍ എത്ര രൂപ ശമ്പളം കിട്ടുമെന്നറിയുമോ?

നമ്മുടെ മക്കളെ വളര്‍ത്തുക എന്നത് ജോലിയല്ല, നമ്മുടെ ഉത്തരവാദിത്തമാണ്, മറിച്ച്, അന്യരുടെ കുട്ടികളെ ഉത്തരവാദിത്തത്തോടെ വളര്‍ത്തുക എന്നത് ജോലിയാണ്. അതായത്, ഡേകെയര്‍, പ്‌ളേ സ്‌കൂള്‍ എന്നിവ നടത്തുന്നതും നല്ലൊരു വരുമാന മാര്‍ഗ്ഗമാണ്.  ഉള്‍ക്കണ്ണു തുറന്ന് ചുറ്റും നോക്കിയാല്‍, ഇനിയും കാണാന്‍ കഴിയും വരുമാന മാര്‍ഗ്ഗങ്ങള്‍. സ്ത്രീകളുടെ ഉന്നമനത്തിനും സ്വയംതൊഴില്‍ നടപ്പാക്കാനും സഹായിക്കുന്ന അനേകം സാമൂഹ്യക്ഷേമ പദ്ധതികള്‍ ഇന്നുണ്ട്..

അതു മാത്രമോ, 1987ലെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നിയമപ്രകാരം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൂര്‍ണ്ണമായ സൗജന്യ നിയമ പരിരക്ഷ കെല്‍സ (കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ) ഉറപ്പു വരുത്തുന്നു. ഇതിന്റെ പ്രവര്‍ത്തനം താലൂക്ക് ജില്ലാ സംസ്ഥാന തലത്തില്‍ ലഭ്യമാണ്. കേസ് നടത്തിപ്പില്‍ മാത്രമല്ല, ശാരീരിക പീഡനമേറ്റിട്ടുണ്ടങ്കില്‍ ചികിത്സാ ചിലവും സംരക്ഷണവും സര്‍ക്കാര്‍ വഹിക്കും. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാലും ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലേയ്ക്ക് കൈമാറ്റം ചെയ്യുന്നതാണ്.

എന്തെല്ലാം നിയമ പരിരക്ഷകള്‍ വന്നാലും രക്ഷപെടണമെങ്കില്‍ ഓരോ സ്ത്രീയും സ്വന്തം കുടുംബത്തെ സ്‌നേഹിക്കുന്നതിനൊപ്പം, സ്വയം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും കൂടി ചെയ്യണം.

എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളേ, വായും പൊത്തി, തല്ലും കൊണ്ടു ചുരുണ്ടുകൂടുന്ന കുലസ്ത്രീയായിരിക്കാതെ ഉണര്‍ന്നു, മക്കളോടും,മാതാപിതാക്കളോടും,
അവനവനോട് തന്നയുമുള്ള ഉത്തരവാദിത്തം നിറവേറ്റുന്ന ഇരട്ട ചങ്കത്തികളാവൂ.

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!