കുഞ്ഞുങ്ങളുടെ നിശ്ശബ്ദ വിലാപങ്ങള്‍  കേള്‍ക്കാന്‍ കേരളം ഇനിയെന്ന് പഠിക്കും?

By Raselath LatheefFirst Published Apr 7, 2019, 1:26 PM IST
Highlights

എനിക്കും പറയാനുണ്ട്: റെസിലത്ത് ലത്തീഫ് എഴുതുന്നു

 

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

തൊടുപുഴയിലെ ആ ഏഴുവയസ്സുകാരന്‍ ഊഞ്ഞാലില്‍ നിന്ന് വീണ് തലയോട് പൊട്ടിയതല്ല. കൂട്ടുകാര്‍ കൂടി ഓടിക്കളിച്ചപ്പോള്‍ കിട്ടിയ മുറിവിന്റെ വടുക്കളല്ല ഡോക്ടര്‍മാര്‍ എണ്ണിത്തീര്‍ത്തത്. അച്ഛന്റെ സ്ഥാനത്തു 'വന്നുകേറിയവന്‍' കണ്ണുപൊത്തി കളിച്ചെന്നല്ല അവന്റെ കുഞ്ഞനിയന്‍ പറഞ്ഞത്. വിങ്ങിക്കരഞ്ഞു കൊണ്ടൊരു പിഞ്ചുകുഞ്ഞ് സാക്ഷര കേരളത്തോട് വിളിച്ചു പറഞ്ഞത് അവന്റെ ഏട്ടനെ കൊല്ലാക്കൊല ചെയ്ത സംഭവമാണ്. എന്തിനും ഏതിനും സമരപ്രക്ഷോഭങ്ങള്‍ നടത്തുന്ന നമ്മളോടവന്‍ പറഞ്ഞത് അവനും സഹോദരനും അനുഭവിച്ച നരകയാതനയാണ് .

ഒരു പിടി ചാരമോ ഒരു മണ്‍ കൂനയോ  ആയി മാറാന്‍ പോകുന്ന ആ ഏഴു വയസ്സുകാരന്റെ ശരീരം തണുത്തുറഞ്ഞു കിടക്കുന്നുണ്ട് നമുക്ക് മുന്‍പില്‍. ഞാനടക്കമുള്ള നമ്മള്‍ മുഖചിത്രം  മാറ്റി കറുപ്പാക്കും; അവന്റെ ചിരിച്ച മുഖമുള്ളൊരു ചിത്രത്തിന് താഴെ കണ്ണീരില്‍ മുക്കിയൊരു നാലുവരി കുറിക്കും. അടുത്ത ദിവസം മറ്റൊരു കുഞ്ഞുടല്‍ ഇതുപോലെ കിടക്കുന്നതുവരെ നമ്മുടെ സ്വന്തം ആഘോഷങ്ങളിലേക്കു കൂടുമാറും. 

ചോദിക്കാനുണ്ട്, പലരോടും. പ്രിയപ്പെട്ട അധ്യാപകരേ, സ്വന്തം ക്‌ളാസിലെ ഒരു കുഞ്ഞുമകന്‍, അവനാരോടും മിണ്ടാതിരുന്നപ്പോള്‍, അച്ഛന്റെ വിയോഗത്തെക്കുറിച്ച് പറഞ്ഞു കരഞ്ഞപ്പോള്‍, ഒന്ന് ചേര്‍ത്ത് നിര്‍ത്താമായിരുന്നില്ലേ? ഒന്ന് സ്‌നേഹത്തോടെ ചോദിച്ചിരുന്നെങ്കില്‍  അവന്‍ പറയുമായിരുന്നില്ലേ എല്ലാം. അല്ലെങ്കില്‍ ഒന്ന് ആശ്വസിപ്പിക്കാമായിരുന്നില്ലേ? അധ്യാപകര്‍ അമ്മയും അച്ഛനുമൊക്കെയാണ്. കുഞ്ഞുങ്ങളുടെ രണ്ടാമത്തെ വീടാണ് വിദ്യാലയം. 

അവന്റെ അച്ഛന്‍ വീട്ടുകാരോട്: ദയവു ചെയ്തു നിങ്ങള്‍ ആ സ്ത്രീയെ ഇനിയും ന്യായീകരിക്കരുത്. അവരെ ഞാന്‍ അമ്മയെന്ന് വിളിക്കില്ല. പ്രസവിക്കുന്നത് കൊണ്ടുമാത്രം ഒരു പെണ്ണും അമ്മയാവില്ല. സ്വന്തം മക്കളെ ഉപദ്രവിക്കുന്ന ഒരുവനെ ഉപേക്ഷിക്കാന്‍ തടസ്സമാകുന്ന എന്ത് ന്യായീകരണങ്ങള്‍ ആണുള്ളത് പറയാന്‍? വിദ്യാസമ്പന്നയായ, ദരിദ്രമല്ലാത്ത കുടുംബപശ്ചാത്തലമുള്ള ആ സ്ത്രീ തന്റെ ഗതികേട് കൊണ്ട് അവനൊപ്പം ജീവിച്ചു എന്ന ന്യായീകരണം  ആര് വിശ്വസിക്കണം? പിതാവിന്റെ മരണശേഷം ആ കുഞ്ഞുമക്കളെ ഒരിക്കലെങ്കിലും ഒന്ന് സ്‌നേഹത്തോടെ വിളിക്കുകയോ ഒന്ന് പോയിനോക്കുകയോ ചെയ്‌തെങ്കില്‍, ഇന്ന് അവന്‍ ജീവിച്ചിരുന്നേനെ. മകന്റെ മരണത്തോടെ അവരെ നടതള്ളിയ മനോദുഃഖം ന്യായീകരിച്ചു തീര്‍ക്കുന്ന നിങ്ങളോടൊന്നും ആ കുഞ്ഞിന്റെ പിതാവിന്റെ ആത്മാവ് പോലും പൊറുക്കില്ല.

കുഞ്ഞുങ്ങളോടുള്ള ക്രൂരതകള്‍ക്കുള്ള ശിക്ഷാവിധി മരണമായിരിക്കണം

അയല്‍ക്കാരോട്: അയലത്തെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ ടിവിയുടെ ശബ്ദം ഉയര്‍ത്തിവെക്കണം. മതിലിനു പൊക്കം കൂട്ടണം. മരണമറിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരുടെ മൈക്കിന് മുന്‍പില്‍ ഗദ്ഗ്ദകണ്ഠരായി സംഭവം വിവരിക്കണം. അത്രയേ ഉള്ളൂ നിങ്ങളുടെ റോള്‍. അങ്ങനെ മാത്രം കരുതിയാല്‍ മതി നിങ്ങള്‍, ഇനിയും. 

ഇവിടെ ഒരു മാറ്റവുമുണ്ടാവില്ല. പേടിപ്പെടുത്താത്ത നിയമമുള്ളിടത്തോളം ആരും സുരക്ഷിതരല്ല. ഒരിടത്തും. കണ്ണുമൂടിയ നീതിദേവതയുടെ നിഷ്പക്ഷത പാഴ്‌വാക്കാകുന്നത് കണ്മുന്നില്‍ കാണുന്ന കാലമാണിത്. കാലഹരണപ്പെട്ട നിയമവ്യവസ്ഥകള്‍ മാറ്റുക തന്നെ വേണം. കുഞ്ഞുങ്ങളോടുള്ള ക്രൂരതകള്‍ക്ക് അറുതി വരുത്താന്‍ ഒരാളെയെങ്കിലും മാതൃകാപരമായി ശിക്ഷിച്ചു കൂടെ. കുഞ്ഞുങ്ങളോടുള്ള ക്രൂരതകള്‍ക്കുള്ള ശിക്ഷാവിധി മരണമായിരിക്കണം. അവന് വേണ്ടി വക്കാലത്തുമായി വരുന്നവനെ ഒറ്റപ്പെടുത്താന്‍ നമുക്കാകണം. 

ഒരായിരം മനുഷ്യര്‍ ലോകത്തിന്റെ ഏതൊക്കെയോ കോണുകളില്‍ ഇന്ന് അവനെയോര്‍ത്തു നെഞ്ച് നീറ്റുന്നുണ്ട്. ആ മുഖം കാണാനാകാതെ വിങ്ങുന്നുണ്ട്. അത്രപോലും നിന്റെ ഉറ്റവര്‍ക്ക് നോവുന്നില്ലെന്ന് പറയുന്നു കുഞ്ഞേ, നീ കിടന്ന ആശുപത്രിയില്‍നിന്നുള്ള  മാധ്യമറിപ്പോര്‍ട്ടുകള്‍. നിന്നെ നെഞ്ചോടു ചേര്‍ത്തുറക്കിയ കൈകളിലേക്ക് നീ പോയപ്പോള്‍ ഒറ്റക്കായിപ്പോയ ആ പാവം അനിയന്‍ കുരുന്നിനെ ഓര്‍ത്തു പ്രാര്‍ത്ഥിക്കാനേ കഴിയുന്നുള്ളൂ. ജീവിതം വഴിമാറിപ്പോയ ആ കുഞ്ഞ് ഇനിയെന്താവും എന്ന് മാത്രം ആലോചിച്ച് പൊള്ളുന്നു. 

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!