ഭര്‍ത്താക്കന്‍മാര്‍ ആവശ്യപ്പെടുന്ന  'നന്ദി' ഡയലോഗുകളുടെ അര്‍ത്ഥം!

By Speak UpFirst Published Jan 22, 2021, 4:05 PM IST
Highlights

എനിക്കും ചിലത് പറയാനുണ്ട്. ഡോ. എന്‍.എം. ഫസീന എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

 

തമാശയായും അല്ലാതെയും സ്ഥാനത്തും അസ്ഥാനത്തുമെല്ലാം ലോകത്തെ എല്ലാ ഭാര്യമാരും കേള്‍ക്കാനിടയുള്ള ഒരു ഡയലോഗുണ്ട്- 'നന്ദി വേണം, നന്ദി!.' പറയുന്നത് കെട്ട്യോന്‍ ആണേലും കേട്ട് കേട്ട് മടുത്ത ഭാര്യമാരുടെ എണ്ണം ഒട്ടും കുറവാകില്ല. 

അര്‍ഹിക്കാത്തതോ മറ്റോ ലഭ്യമാക്കിത്തന്ന ചിന്തയില്‍ നിന്നാണ് ഈ 'നന്ദി വേണം' ഡയലോഗിന്റെപിറവി. അതു പറയുമ്പോള്‍ ചന്ദ്രനെ പോലെ തിളങ്ങും 'മന്നവേന്ദ്രന്‍മാരുടെ' മുഖം. ഇനി ഭാവം അല്‍പ്പമൊന്ന് മാറിയാണ് ആ ഡയലോഗ് ഉരുവിടുന്നതെങ്കില്‍ ആ മുഖം ഒരൊന്നൊന്നര നയന സുഖമാണ് പ്രിയപ്പെട്ട ഞങ്ങള്‍ക്ക് സമ്മാനിക്കുക.

ഈ കിടുക്കന്‍ ഡയലോഗ് മുഴങ്ങാത്ത വീട്ടകങ്ങള്‍ വളരെ കുറവാകും. 'ഹേയ് ഞങ്ങളുടെ ഭര്‍ത്താവ് അങ്ങനെ പറയാറില്ലെ'ന്ന് പറയുന്നവരോട് തര്‍ക്കിക്കാനൊന്നും നേരമില്ലാത്തതിനാല്‍ കാര്യത്തിലേക്ക് കടക്കാം.

മഹത്തായ ഭാരതീയ അടുക്കളയിലാണല്ലോ നമ്മുടെ വെപ്പും തീനും. അടുക്കളയില്‍ കയറി സെറാമിക് കപ്പില്‍ ഒഴിച്ചു വെച്ച കാപ്പി കുടിച്ച് അബദ്ധത്തില്‍ ആ കപ്പ് ഒന്ന് കഴുകിപ്പോയാല്‍ കേള്‍ക്കാം 'കപ്പ് ഞാന്‍ കഴുകിയിട്ടുണ്ടേ' എന്ന്. കപ്പിനൊപ്പം പ്ലേറ്റും കൂടി കഴുകിയാല്‍ പിന്നെ പറയേണ്ട വിശേഷം. 'ഞാന്‍ അടുക്കളപ്പണിയില്‍ നിന്നെ സഹായിച്ചിട്ടുണ്ടേ' എന്നാവുമതിന്റെ സാരം.

തക്കാളിയും പച്ചമുളകും കൊണ്ടുവന്ന കവര്‍ അതേ പടി ഫ്രിഡ്ജിലെ താഴത്തെ നിലയില്‍ കമിഴ്ത്തിയാല്‍ ഉടന്‍ കിട്ടണം ഒരു ചായ.  'എന്റെ കയ്യില്‍ സോപ്പാണ്. കുറച്ച് കഴിഞ്ഞ് ചായ ഉണ്ടാക്കാം' എന്നു പറഞ്ഞാല്‍ ഉടന്‍ വരും നമ്മുടെ 'നന്ദി' ഡയലോഗ്. 

ഒരു കിലോ തക്കാളിയും 250 പച്ചമുളകും ഫ്രിഡ്ജില്‍ വെച്ച ക്ഷീണമാണ് പാവം നമ്മുടെ കെട്ടിയോന്...

ആ തക്കാളിക്കവറെന്ന ക്വിന്റല്‍ചാക്ക്  കാറിന്റെ ബാക്ക് സീറ്റില്‍ 'ചുമന്നതിന്റെ' പ്രയാസം നമ്മള്‍ എങ്ങനെ മനസിലാക്കും. ഒരു സംശയവുമില്ല നന്ദി ഒട്ടും ഇല്ലാത്തവര്‍ തന്നെ ഭാര്യമാര്‍! 

കിടന്നെണീറ്റ ബെഡ്ഷീറ്റ് ഒന്നു മടക്കി വെച്ചാലും പുരുഷ മനസിലെ ജോലിഭാരം അറിയാതെ പുറത്തുവരും. 'പിന്നേയ് ബെഡ്ഷീറ്റ് ഞാന്‍ മടക്കി വെച്ചിട്ടുണ്ടേയ്'. ഇനി ഗ്രാനൈറ്റിട്ട നിലമൊന്ന് തൂത്തുവാരിയാലോ. പിന്നെ പറയേണ്ടതില്ല. ഒരാഴ്ച അതിന്റെ ഹാങ്ഓവര്‍ വീട്ടിലുള്ളില്‍ അല്ല, രണ്ടാം നിലവരെ തളം കെട്ടി നില്‍ക്കും. 

നമ്മുടെ പാവം ഭര്‍ത്താക്കന്‍മാര്‍ പറയുന്നതിന്റെ അര്‍ത്ഥം എന്താണെന്നോ: ''ഇന്നിനി നിനക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. ചായ കപ്പ് ഞാന്‍ കഴുകി, ബെഡ്ഷീറ്റ് മടക്കി വെച്ചു, പിന്നെ തറയും തുടച്ചു.

പിന്നെ പറയേണ്ടതില്ല പൂരം. ആഹാ, ഞാനും കൂടി പങ്കാളിയായാണ് അടുക്കളയും വീടും ഇങ്ങനെ മുന്നോട്ടുപോവുന്നത്' എന്നാണ് ലോകമഹായുദ്ധം ജയിച്ച ഭാവത്തിലുള്ള ആ പ്രസ്താവന. 

പൊന്നു ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ സഹായിച്ചു എന്നത് നേരാണ്. ഒന്നും ചെയ്യാത്ത മരങ്ങോടന്‍മാരേക്കാള്‍ എത്രയോ ഭേദവുമാണ് നിങ്ങള്‍. 

പക്ഷേ, ഒരു കാര്യം. നിങ്ങള്‍ ആരെയാണ് സഹായിച്ചത്? ആരുടെ സഹായിയാണ് നിങ്ങള്‍ പരിണമിച്ചത്? സഹായി അല്ലേല്‍ ഹെല്‍പ്പര്‍ നിങ്ങള്‍ ആവുമ്പോ ഒരു മെയിന്‍ പണിക്കാരന്‍ ഉണ്ടാവുമല്ലോ. അതാരാണ്. അവിടെയാണ് നമ്മുടെ മഹത്തായ അടുക്കള പാരമ്പര്യത്തിലെ എച്ചില്‍ കുന്നുകൂടി നില്‍ക്കുന്നത്.

എത്ര ലെയ്‌സോള്‍ ഇട്ട് കഴുകിയാലും ആ പാരമ്പര്യം തുടച്ചെടുക്കാന്‍ പ്രയാസമാണ്.

നിങ്ങള്‍ സഹായിയും ഞങ്ങള്‍ ഭാര്യമാര്‍ മെയിന്‍ പണിക്കാരും ആണെന്ന തോന്നലില്‍ ആണ് ഇങ്ങനെ പറയാന്‍ കാരണം. അല്ലെങ്കില്‍ ഇത്തരമൊരു ചിന്തയുടെ പിറവിക്ക് കാരണം.

ഭര്‍ത്താവ് ജോലിക്കു പോവുന്നവനും ഭാര്യ വീട്ടുകാരിയുമെന്ന കാലത്തില്‍ നിന്നാവും ഇങ്ങനെയൊക്കെ സംഭവിച്ചത്. ചില പാരമ്പര്യങ്ങള്‍ ഭേദഗതി ചെയ്യാന്‍ പറ്റില്ല ആര്‍ക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാലും കുടുംബ ഭരണഘടന അങ്ങനെയങ്ങ് മാറ്റാന്‍ സമ്മതിക്കില്ല ആരും

ഭാര്യ ജോലിക്ക് പോവുന്നത് എങ്ങനെയോ അംഗീകരിച്ചു കിട്ടിയത് വലിയ കാര്യം. വൈകീട്ട് വീട്ടിലെത്തിയ ഭര്‍ത്താവിന് നേരം വൈകിയെത്തുന്ന ഭാര്യ തന്നെ ചായയിട്ട് കൊടുക്കേണ്ട പല വീടുകള്‍ ഇപ്പോഴുമുണ്ട്. കൈപ്പുണ്യം എന്ന പഞ്ചാരയില്‍ പൊതിഞ്ഞാണ് അതിനെ ന്യായീകരിക്കുക.

കുട്ടികളെ കുളിപ്പിക്കുന്നതിനും ഭക്ഷണം കൊടുക്കുന്നതിനുമൊക്കെ നിങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയണം എന്ന ഭാവമൊക്കെ എത്രമാത്രം അറുബോറാണ്. ഇതൊക്കെ ഭാര്യമാരുടെ ജോലിയും നിങ്ങള്‍ ഭര്‍ത്താക്കന്മാരുടെ സഹായവുമായി കാണുന്നത് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും.

ഭര്‍ത്താക്കന്മാര്‍ ഇതൊന്നും പറഞ്ഞില്ലെങ്കിലും കുട്ടിക്ക്  ഭക്ഷണം കൊടുത്തതിന്റെയും ബിസ്‌ക്കറ്റ് എടുത്തു കൊടുത്തതിന്റെയും ക്ഷീണം ഭാര്യമാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാറുണ്ട്.

എല്ലാ കാര്യത്തിലുമെന്നപോലെ അടുക്കളയിലും ഭര്‍ത്താക്കന്മാരെ നിങ്ങളങ്ങ് മെയിന്‍ ആയിക്കോളിന്‍.  ഞങ്ങള്‍ ഹെല്‍പ്പര്‍ ആവാം. 
ഇനി പറ്റില്ലെങ്കില്‍ നമുക്ക് തുല്യമായി വീതിച്ചെടുക്കാം.  ഒരു പാട്ണര്‍ഷിപ്പ് ആവുമ്പോ അങ്ങനെയല്ല വേണ്ടത്.

കാരണം നമ്മള്‍ രണ്ടു പേരും ജോലിക്ക് പോകുന്നവരാണ്. ഇനി ജോലിക്ക് പോവാത്തവരാണേലും നമുക്ക് കഴിക്കാനുള്ള ഭക്ഷണമാണ് തയാറാക്കുന്നതെന്ന ബോധം വേണം. 

അതാണ് നല്ലത്. അങ്ങനാവുമ്പോള്‍, നമുക്ക് രണ്ടു കൂട്ടര്‍ക്കും മുഖദാവില്‍ ഇരുന്ന് ഇങ്ങനെ പറയാല്ലോ, 'നന്ദി വേണം, നന്ദി' എന്ന്. 

click me!